Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യമന്ത്രിയെ റോക്ക് സ്റ്റാറെന്നാണ് ഗാർഡിയൻ വിശേഷിപ്പിച്ചത്; കേരളത്തിലെ ആധുനിക നൃത്ത സംവിധാനത്തെക്കുറിച്ച് എനിക്കറിയില്ല; റോക്ക് സ്റ്റാർ എന്നാൽ റോക്ക് ഡാൻസർ; റോക്ക് ഡാൻസറായിട്ടുള്ള മന്ത്രി കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിച്ചെന്നാണ് ജേർണലുകൾ എഴുതിയിരിക്കുന്നത്; ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ പരിഹസിക്കാനിറങ്ങിയ മുല്ലപ്പള്ളിക്ക് വീണ്ടും നാക്ക്പിഴ

ആരോഗ്യമന്ത്രിയെ റോക്ക് സ്റ്റാറെന്നാണ് ഗാർഡിയൻ വിശേഷിപ്പിച്ചത്; കേരളത്തിലെ ആധുനിക നൃത്ത സംവിധാനത്തെക്കുറിച്ച് എനിക്കറിയില്ല; റോക്ക് സ്റ്റാർ എന്നാൽ റോക്ക് ഡാൻസർ;   റോക്ക് ഡാൻസറായിട്ടുള്ള മന്ത്രി കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിച്ചെന്നാണ് ജേർണലുകൾ എഴുതിയിരിക്കുന്നത്; ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ പരിഹസിക്കാനിറങ്ങിയ മുല്ലപ്പള്ളിക്ക് വീണ്ടും നാക്ക്പിഴ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോ​ഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിനെതിരായ പരാമർശങ്ങളിൽ സമനില തെറ്റി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ​ഗാർഡിയൻ പത്രം കേരളത്തിന്റെ ആരോ​ഗ്യ മന്ത്രിയെ വിശേഷിപ്പിച്ചത് റോക് ഡാൻസർ എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. നേരത്തേ മന്ത്രിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്ന എന്ന് പറഞ്ഞ് തന്റെ ഭാ​ഗം ന്യായീകരിക്കവെയാണ് മുല്ലപ്പള്ളി വീണ്ടും ശൈലജ ടീച്ചർക്കെതിരെ പരിഹാസത്തിന്റെ ഭാഷ പുറത്തെടുത്തത്. ​ഗാർഡിയൻ പത്രം ശൈലജ ടീച്ചറെ റോക് സ്റ്റാർ എന്ന് വിശേഷിപ്പിച്ചതിനെയാണ് മുല്ലപ്പള്ളി വിശദീകരിച്ചത്. എന്നാൽ റോക് സ്റ്റാർ എന്ന് വിശേഷിപ്പിച്ചത് മന്ത്രിയുടെ ചടുല നീക്കങ്ങളെ സൂചിപ്പിക്കാനാണ് എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടും മുല്ലപ്പള്ളി തിരുത്താൻ്‍ തയ്യാറായില്ല.

ലണ്ടൻ ഗാർഡിയൻ എന്ന ഓൺലൈൻ മാധ്യമം റോക്ക് സ്റ്റാർ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനർത്ഥം റോക്ക് ഡാൻസർ എന്നാണെന്ന് മുല്ലപ്പള്ളി തറപ്പിച്ച് പറഞ്ഞു. കോവിഡ് റാണിയെന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ച നടപടിയിൽ മാധ്യമങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു മുല്ലപ്പള്ളി. ആരോഗ്യമന്ത്രി കോവിഡ് പ്രതിരോധത്തിൽ ശ്ലാഘനീയമായ പ്രവർത്തനമാണ് നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘ലണ്ടൻ ഗാർഡിയൻ പറഞ്ഞത് ‘ The coronavirus slayer! How Kerala’s rock star health minister helped save it from Covid-19’ എന്നാണ്. മനസ്സിലാക്കണം കേരളത്തിലെ റോക്ക്‌സ്റ്റാറാണെന്നാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ആധുനിക നൃത്ത സംവിധാനത്തെക്കുറിച്ചെനിക്കറിയില്ല. റോക്ക് ഡാൻസറായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ റോക്ക് ഡാൻസറായിട്ടുള്ള മന്ത്രി കോവിഡ് മഹാമാരിയിൽ നിന്നും രക്ഷിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ 42 ജേണലുകളിൽ ഇതുകൊടുത്തിട്ടുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ് പ്രതിരോധ രംഗത്ത് സർക്കാരിന് വിജയിക്കാൻ സാധിച്ചില്ലെന്നും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണ്. ആർക്കും അത് നിഷേധിക്കാൻ സാധിക്കില്ല. ഞാൻ ഒരാളെക്കുറിച്ചും ഒരു പരാമർശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് താൻ മോശമായി സംസാരിക്കാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതിൽ എന്താണ് തെറ്റെന്നും മുല്ലപ്പള്ളി ചോദിച്ചു.

റോക്ക് സ്റ്റാർ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ചടുല നീക്കങ്ങൾ എന്നാണെന്ന തിരുത്തിയ മാധ്യമപ്രവർത്തകനോടും അക്രോശിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. റോക്ക് ഡാൻസർ എന്ന വാക്കിന്റെ അർത്ഥം ചടുലനീക്കങ്ങൾ എന്നാണോ എന്നായിരുന്നു മുല്ലപ്പള്ളി ചോദിച്ചത്. അങ്ങനെയെങ്കിൽ ഞാൻ രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് മുല്ലപ്പള്ളി ചോദിച്ചു. 'നിപ പ്രതിരോധ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് നഴ്‌സുമാരും ഡോക്ടർമാരുമാണ്. അവർക്കാണ് അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുള്ളത്. എംപിയെന്ന നിലയിൽ വടകര മണ്ഡലവുമായി ബന്ധപ്പെട്ട എന്റെ പ്രവർത്തനത്തിൽ സിപിഎമ്മുകാർക്ക് പോലും പരാതിയില്ല. നിപ രോഗം പിടിപ്പിട്ടപ്പോൾ തന്നെ ഞാൻ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനും യോഗത്തിൽ പങ്കെടുത്തിരുന്നു. തന്നെ കുറിച്ച് ലിനിയുടെ ഭർത്താവ് ആരോപിച്ചത് തെറ്റാണ്. ലിനിയുടെ ഭർത്താവ് സജീഷിനെ പ്രാദേശിക നേതാവിന്റെ ഫോണിൽനിന്ന് വിളിച്ചിരുന്നു. ആദ്യം വിളിച്ച പൊതുപ്രവർത്തകൻ താനാണെന്ന് അന്ന് സജീഷ് പറഞ്ഞിരുന്നു. ഇപ്പോൾ മാറ്റിപറയുന്നത് ശരിയല്ല.' മുല്ലപ്പള്ളി പറഞ്ഞു.

ലിനിക്ക് മരണാനന്തര ബഹുമതി നൽകണമെന്ന താനടക്കമുള്ള എംപിമാർ കത്തെഴുതിയിട്ടുണ്ട്. നിപയുടെ കാലത്തുടനീളം താൻ മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്നു. സാധാരണ കളക്ടർമാർ വിളിച്ച യോഗത്തിൽ പോകാറില്ല. അതെന്റെ നിലപാടിന്റെ ഭാഗമാണ്. കാരണം പ്രോട്ടോക്കോൾ പ്രകാരം എംപിമാരാണ് യോഗം വിളിക്കേണ്ടതെന്ന് വിശ്വസിക്കുന്നതുകൊണ്ടാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആരും ഇല്ലാത്ത മേനി നടിക്കേണ്ട. ആരോഗ്യമന്ത്രി അത്ര വലിയ പ്രവർത്തനം നടത്തിയിട്ടില്ല . ആരോഗ്യമന്ത്രിയെ ബ്രിട്ടിഷ് പത്രം ‘റോക് ഡാൻസർ’ എന്നു വിശേഷിപ്പിച്ചു. ഏതൊരു മന്ത്രിയും ചെയ്യുന്നതു പോലെ ഗസ്റ്റ്ഹൗസിൽ അവലോകനയോഗം മാത്രമേ നിപ്പ കാലത്തു നടത്തിയിട്ടുള്ളൂ. അതുകൊണ്ടാണ് ഗസ്റ്റ് ആർട്ടിസ്റ്റ് എന്നു താൻ വിശേഷിപ്പിച്ചത്. നിപ്പ കാലത്ത് മണ്ഡലത്തിൽ തന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. അതിനു തെളിവും ഉണ്ട്. നിപ്പയെ പ്രതിരോധിച്ചതിന്റെ അവകാശികൾ ആരോഗ്യപ്രവർത്തകരാണ്. ആ വിജയത്തിന്റെ കിരീടം ആരെങ്കിലും ധരിച്ചു പോകാൻ അനുവദിക്കില്ല.

ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് താൻ ആരോഗ്യമന്ത്രിയെ ‘രാജകുമാരി, റാണി’ എന്നീ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിച്ചത്. അതിൽ ഉറച്ചു നിൽക്കുന്നു. സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയല്ല താൻ. എന്നും അവരുടെ ഉന്നമനത്തിനായി മുന്നിൽ നിൽക്കുന്ന പൊതുപ്രവർത്തകനാണ് താൻ. ആരോപണം ഉന്നയിക്കുന്ന സിപിഎം നേതാക്കൾ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇത്രയും മ്ളേഛമായ പദങ്ങൾ ഉപയോഗിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ലതികാ സുഭാഷിനേയും രമ്യ ഹരിദാസിനേയും എത്ര മോശം പദങ്ങൾ ഉപയോഗിച്ചാണ് സിപിഎം വിശേഷിപ്പിച്ചത്. തനിക്കെതിെര കോൺഗ്രസിനുള്ളിൽ തനിക്കെതിരെ അഭിപ്രായങ്ങളുയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ ദിസവം പ്രതിപക്ഷ നേതാവിന്റെ ഉപവാസം ഉദ്ഘാടനം ചെയ്യവേയായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ പരിഹാസം പേറുന്ന വിമർശനം മുല്ലപ്പള്ളി ചൊരിഞ്ഞത്. അന്ന് നിപ്പ രാജകുമാരി, ഇപ്പോൾ കോവിഡ് റാണി പദവികൾക്കാണു മന്ത്രിയുടെ ശ്രമമെന്നായിരുന്നു വിമർശനം. നിപ്പ കാലത്ത് ഗെസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നു പോയതെന്നും കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു‍. ഒരു സ്ത്രീയുടെ നേതൃത്വത്തിൽ നടക്കുന്ന നല്ല പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് മുല്ലപ്പള്ളി പ്രകടിപ്പിക്കുന്നത്. എംപിയായിരുന്ന സമയത്ത് കോഴിക്കോട് നിപ ബാധയുണ്ടായപ്പോൾ തിരിഞ്ഞുനോക്കാത്ത നേതാവായിരുന്നു മുല്ലപ്പള്ളിയെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ പി.ജയരാജൻ കുറ്റപ്പെടുത്തി

ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രൂക്ഷമായി വിമർശിച്ച കെപിസിസി പ്രസിഡന്റിനെതിരെ നിപാ കാലത്ത് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷും രംഗത്തെത്തി. വടകര എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണിൽ പോലും വിളിച്ചില്ലെന്ന് സജീഷ് മനോരമ ന്യൂസിനോട് പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഭരണ പ്രതിപക്ഷ നേതാക്കൾ അന്ന് ആശ്വാസിപ്പിക്കാൻ എത്തിയിരുന്നുവെങ്കിലും അതിലൊന്നും മുല്ലപ്പള്ളിയെ കണ്ടിരുന്നില്ലെന്ന് സജീഷ് പറയുന്നു. അവസരം കിട്ടുമ്പോഴെല്ലാം വീട്ടിലെ അംഗത്തെ പോലെ ഫോൺ വിളിക്കാറുള്ള വ്യക്തിയാണ് ആരോഗ്യമന്ത്രി. ലിനിയുടെ കഴിഞ്ഞ ഓർമദിനത്തിൽപോലും ശൈലജ ടീച്ചർ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സജീഷ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP