Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫാസിസത്തെ ചെറുക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടെന്ന് പോഷക സംഘടനകളുടെ വിമർശനം; പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം നൽകാത്തതും തിരിച്ചടിയായി: ലീഗ് നേതൃത്വത്തെ വിമർശിച്ച് എംഎസ്എഫും യൂത്ത് ലീഗും

ഫാസിസത്തെ ചെറുക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടെന്ന് പോഷക സംഘടനകളുടെ വിമർശനം; പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം നൽകാത്തതും തിരിച്ചടിയായി: ലീഗ് നേതൃത്വത്തെ വിമർശിച്ച് എംഎസ്എഫും യൂത്ത് ലീഗും

എം പി റാഫി

കോഴിക്കോട് : സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അവലോഗന യോഗത്തിനു പിന്നാലെ നഷ്ടമായ സീറ്റുകളിലും ചോർന്നു പോയ വോട്ടുകളെ സംബന്ധിച്ചും പോഷക ഘടകങ്ങളിലും വിമർശവും വിലയിരുത്തലും സജീവം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടു ചോർച്ചയും ചിലയിടത്തെ പരാജയങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി ചേർന്ന കോഴിക്കോട് , മലപ്പുറം ജില്ലകളിലെ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റി യോഗങ്ങളിൽ മുഖ്യ ചർച്ചാ വിഷയമായത്. നേതൃത്വത്തിനെതിരെയുള്ള വിമർശവും സ്വയം തിരുത്തിയുള്ള വിലയിരുത്തലുകളുമായിരുന്നു മിക്ക യോഗങ്ങളിലും നടന്നത്.

പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം കൊടുക്കാതെയുള്ള സ്ഥാനാർത്ഥി നിർണയം മുതൽ ഫാസിസത്തെ ചെറുക്കുന്നതിൽ നേതൃത്വത്തിന് പരാജയം സഭവിച്ചു എന്നത് വരെ കഴിഞ്ഞ ദിവസങ്ങളിലായി ചേർന്ന വിവിധ മണ്ഡലം ജില്ലാ കമ്മിറ്റികൾ വിലയിരുത്തി. മുൻകാലങ്ങളിലേതു പോലെ നേതൃത്വം സമുദായത്തിനു വേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞില്ലെന്നും ഇത് ലീഗിൽ പ്രതീക്ഷയർപ്പിച്ച സമുദായത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയെന്നുമായിരുന്നു മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നും നേതൃത്വത്തിനെതിരെ ഉയർന്നത്. കാന്തപുരം സുന്നികളുമായി കടുത്ത നിലപാട് സ്വീകരിക്കണമെന്നും പോഷക സംഘടനകൾ വിലയിരുത്തി.

എന്നാൽ പ്രതിപക്ഷത്തിരിക്കുമ്പോഴും ആശ്വാസകരമായ വിജയം നേടാൻ മുസ്ലിം ലീഗിന് സാധിച്ചുവെന്നാണ് വിലയിരുത്തൽ. മലപ്പുറത്തെ പാർട്ടി കോട്ടകൾക്ക് കുലുക്കം സംഭവിച്ചത് ഗൗരവമായിട്ടായിരുന്നു മലപ്പുറം ജില്ലാ ഘടകങ്ങൾ വിലയിരുത്തിയത്. യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി പ്രതനിധികൾ പങ്കെടുത്ത ജില്ലാ അവലോഗന യോഗത്തിലും മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം ഉയർന്നിരുന്നു. മുൻകാല നേതാക്കൾ സമുദായത്തിനു വേണ്ടി പലകാര്യങ്ങളും ചെയ്യുകയുണ്ടായി, എന്നാൽ ഇപ്പോഴുള്ള നേതൃ നിര പൊതു സ്വീകാര്യത മാത്രമാണ് ആഗ്രഹിക്കുന്നത്. ഈ സമീപനത്തിൽ മാറ്റം വരണം. പൊതു സ്വീകാര്യതയോടൊപ്പം സമുദായത്തിന്റെ വിശ്വാസ്യതയാണ് പ്രധാനം.

വിജയിച്ചയക്കുന്ന സമൂഹത്തിന്റെ വിശ്വാസ്യത ആർജിച്ചെടുക്കാൻ സാധിക്കണമെന്ന് യൂത്ത് ലീഗ് യോഗം ആവശ്യപ്പെട്ടു. വർഗീയതയെ ചെറുക്കുന്നതിലും സമുദായത്തിന് അവകാശപ്പെട്ട കാര്യങ്ങൾ നേടിയെടുക്കുന്നതിലും നേതാക്കൾ പലരെയും ഭയക്കുക്കയും ഇതോടെ, ആവശ്യങ്ങൾ പലരുടെ മുന്നിലും പത്തിമടക്കുകയുമാണ് ചെയ്യുന്നത്. ഈ സമീപനം മാറിയില്ലെങ്കിൽ മുസ്ലിം സമൂഹം ഇടതുപക്ഷത്തേക്ക് ആകർഷിക്കുമെന്നും നേതാക്കളുടെ സാന്നിധ്യത്തിൽ യൂത്ത് ലീഗ് തുറന്നടിച്ചു.

തെരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിക്കേണ്ടിയിരുന്ന പാർട്ടിയുടെ നയനിലപാടുകളും രാഷ്ട്രീയ കാഴ്പ്പാടുകളും ജനങ്ങളിലേക്ക് എത്തികക്കുന്നതിലെ പരാജയവും ആസൂത്രണത്തിലെ പിഴവുമാണ് താനൂരിലെ പരാജയ കാരണമെന്നാണ് യൂത്തിന്റെ വിലയിരുത്തൽ. പാർട്ടിയുടെ പരമ്പരാഗത വോട്ടിലെ ചോർച്ച തടയാൻ സാധിച്ചില്ലെന്നും സ്വയം വിമർശവും നടത്തി. താനൂരിലെ തോൽവിയും തിരൂരങ്ങാടിയിൽ സംഭവവിച്ച വൻ വോട്ടു ചോർച്ചയും എല്ലാ നേതാക്കൾക്കുമുള്ള പാഠമാണെന്നും എം.എസ്.എഫ്, യൂത്ത് ലീഗ് യോഗങ്ങളിൽ വിലയിരുത്തി.

അബ്ദുറബ്ബിനെ തിരൂരങ്ങാടിയിൽ വീണ്ടും മത്സരിപ്പിച്ചത് യുവാക്കൾക്കിടയൽ നേരത്തേ അമർഷമുണ്ടായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി മത്സരിച്ച ഗുരുവായൂർ മണ്ഡലത്തിൽ അടക്കം പാർട്ടിയിലെ ഒരു വിഭാഗം വോട്ടു മറിച്ചതായും ആക്ഷേപമുയർന്നു. ഇത് അന്വേഷണ വിധേയമാക്കണമെന്നാണ് ജില്ലാ സംസ്ഥാന യൂത്ത് ലീഗ് ഘടകങ്ങളുടെ ആവശ്യം.

കൊടുവള്ളി, തിരുവമ്പാടി സീറ്റ് നഷ്ടമായതോടെ നേതൃത്വത്തിനെതിരെ കോഴിക്കോട് ജില്ലയിലെ യൂത്ത് ലീഗ് ഘടകങ്ങൾ വിമർശവുമായി എത്തിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയം മുതൽ കോഴിക്കോട് ജില്ലയിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. ഇത് നിസാരമായി കാണുകയല്ലാതെ പ്രശ്‌നം പരിഹരിക്കാൻ നേതൃത്വം തയ്യാറായില്ലെന്നതാണ് പ്രധാന ആക്ഷേപം. കുന്ദമംഗലം സീറ്റ് കോൺഗ്രസിനു വച്ചു മാറിയതിൽ യൂത്ത് ലീഗ് മണ്ഡലം ജില്ലാ കമ്മിറ്റികൾക്ക് ഇപ്പോഴും അതൃപ്തിയുണ്ട്. കുന്നമംഗലം പി.കെ ഫിറോസിന് നൽകി ടി സിദ്ദീഖിന് തവനൂർ നൽകിയിരുന്നെങ്കിൽ രണ്ട് സീറ്റുകളും യു.ഡി.എഫിനു കിട്ടുമായിരുന്നെന്നാണ് പൊതുവലിലയിരുത്തൽ.

കുറ്റ്യാടിയിലെ അട്ടിമറി വിജയം സമുദായം പാർട്ടിയിൽ അർപ്പിച്ച വിശ്വാസ്യതകൊണ്ടുമാത്രമാണുണ്ടായത്. ഈ വിശ്വാശ്യത മുസ്ലിംലീഗ് നേതൃത്വത്തിന് പൊതുവെ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിമർശവും ഉയർന്നു . ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല. ഇത് പൊതുസമൂഹത്തെയും ന്യൂജനറേഷനേയും പാർട്ടിയിൽ നിന്നും അകറ്റാൻ ഇടയാക്കുമെന്നും മിക്ക അവലോഗന കമ്മിറ്റികളും നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. മലപ്പുറം ജില്ലാ ഘടകങ്ങളിൽ നിന്നും കാന്തപുരം സുന്നി വിഭാഗത്തിനെതിരെ നിലപാട് കടുപ്പിക്കണമെന്ന ആവശ്യം ശക്തമായെങ്കിലും മൃതുസമീപനമായിരുന്നു കോഴിക്കോട്ടെ ഘടകങ്ങളിൽ നിന്നും ഉയർന്നത്.

എന്നാൽ ഭൂരിപക്ഷം ഘടകങ്ങളും എപി സുന്നികളോടുള്ള നിലപാട് കടുപ്പിക്കണമെന്നുള്ള അഭിപ്രായത്തിൽ തന്നെയായിരുന്നു. എപി സുന്നികളുടെ സഹായമില്ലാതെയാണ് ഇത്തവണ 18 സീറ്റ് നേടാൻ സാധിച്ചതെന്നും എപി വിഭാഗത്തിനെതിരെ നിലപാട് കടുപ്പിച്ചാൽ മറ്റു മുസ്ലിം സംഘടനകളുടെ പിന്തുണയുണ്ടാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ കാന്തപുരം സുന്നികളോടുള്ള നിലപാട് ആലോചിച്ച് ചർച്ച ചെയ്ത ശേഷം അറിയിക്കാമെന്നായിരുന്നു നേതാക്കളുടെ മറുപടി.

ജനസേവന രംഗത്ത് പാർട്ട് ഉന്നൽ നൽകുമെന്നും പോരായ്മകൾ പഠിച്ച് പരിഹരിക്കുമെന്നും മുസ്ലിം ലീഗ് നേതാക്കൾ ഉറപ്പു നൽകി. ആഭ്യന്തര പ്രശ്‌നങ്ങളുള്ള മണ്ഡലങ്ങളിൽ പ്രത്യേക സമിതിയെ നിയോഗിച്ച് പ്രശ്‌ന പരിഹാരം തേടാനാണ് തീരുമാനം. പാർട്ടിയുടെ കരുത്ത് പോഷക ഘടകങ്ങൾ ആയതു കൊണ്ടു തന്നെ യുവജന വിദ്യാർത്ഥി സംഘടനകളുടെ നിർദേശങ്ങളും വിമർശങ്ങളും അംഗീഗരിച്ചും ഉൾക്കൊണ്ടും മുന്നോട്ടു പോകാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP