Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം ഉറപ്പിക്കാൻ മോഹൻലാലിനെ എങ്ങനേയും ഇറക്കാനാവുമെന്ന മോഹം ഉപേക്ഷിക്കാതെ ബിജെപി; പ്രധാനമന്ത്രിയെ കൊണ്ടു വരെ സമ്മർദ്ദം തുടർന്ന് നേതൃത്വം; മത്സരിക്കാൻ ഇല്ലെന്ന് തീർത്ത് പറഞ്ഞ് സൂപ്പർതാരം; നിവർത്തിയില്ലെങ്കിൽ കുമ്മനത്തെ തന്നെ ഇറക്കണമെന്ന വാശിയോടെ പ്രവർത്തകർ; തന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് സൂചിപ്പിച്ച് സുരേഷ് ഗോപി; എൻഎസ് എസ് നിലപാടും നിർണ്ണായകം; തിരുവനന്തപുരം സീറ്റിന്റെ പേരിൽ തലപുകച്ച് ബിജെപി നേതൃത്വം

തിരുവനന്തപുരം ഉറപ്പിക്കാൻ മോഹൻലാലിനെ എങ്ങനേയും ഇറക്കാനാവുമെന്ന മോഹം ഉപേക്ഷിക്കാതെ ബിജെപി; പ്രധാനമന്ത്രിയെ കൊണ്ടു വരെ സമ്മർദ്ദം തുടർന്ന് നേതൃത്വം; മത്സരിക്കാൻ ഇല്ലെന്ന് തീർത്ത് പറഞ്ഞ് സൂപ്പർതാരം; നിവർത്തിയില്ലെങ്കിൽ കുമ്മനത്തെ തന്നെ ഇറക്കണമെന്ന വാശിയോടെ പ്രവർത്തകർ; തന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് സൂചിപ്പിച്ച് സുരേഷ് ഗോപി; എൻഎസ് എസ് നിലപാടും നിർണ്ണായകം; തിരുവനന്തപുരം സീറ്റിന്റെ പേരിൽ തലപുകച്ച് ബിജെപി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മോഹൻലാലിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം ബിജെപിയിൽ ശക്തം. ആർഎസ്എസ് നിലപാടും മോഹൻലാലിനൊപ്പമാണ്. എന്നാൽ ബിജെപി. സ്ഥാനാർത്ഥിയാകാൻ മോഹൻലാൽ ഇതുവരെ സമ്മതംമൂളിയിട്ടില്ല. പ്രധാനമന്ത്രി മോജിയെ കൊണ്ട് ലാലിൽ സമ്മർദ്ദം ചെലുത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. എല്ലാ വഴികളും അടഞ്ഞാൽ മാത്രമേ മറ്റൊരു സ്ഥാനാർത്ഥിയെ കുറിച്ച് ചിന്തിക്കൂ. എൻ എസ് എസിനും മോഹൻലാലിനോടുള്ള താൽപ്പര്യം തിരിച്ചറിഞ്ഞാണ് ഇത്. അതിനിടെ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ലാലോ കുമ്മനമോ അല്ലെങ്കിൽ എൻ എസ് എസ് നോമിനിയെ തിരുവനന്തപുരത്ത് സ്ഥ്ാനാർത്ഥിയാക്കേണ്ടി വരുമെന്ന ആശങ്ക ബിജെപിക്കുണ്ട്. പ്രയാർ ഗോപാലകൃഷ്ണന് വേണ്ടിയാണ് എൻ എസ് എസ് നിലപാട് എടുക്കുന്നത്.

അതിനിടെ തിരുവനന്തപരുത്ത് തന്നെ മത്സരിപ്പിക്കുമെന്ന കഥകളെപ്പറ്റി ഒന്നും അറിയില്ലെന്ന് രാജ്യസഭാംഗമായ സുരേഷ് ഗോപി പറഞ്ഞു. മോഹൻലാൽ ബിജെപി.യിലേക്കെന്ന, തുടക്കത്തിലേ പ്രചരിച്ച അഭ്യൂഹം അദ്ദേഹത്തിന്റെ പേര് സ്ഥാനാർത്ഥിപ്പട്ടികയിലേക്ക് എത്തിക്കുകയായിരുന്നു. മാസങ്ങൾക്കുമുമ്പ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ട്രസ്റ്റിന്റെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതുമുതലാണ് ലാൽ ബിജെപി.യുമായി അടുക്കുന്നെന്ന പ്രചാരണമുയർന്നത്. തിരുവനന്തപുരത്ത് മോഹൻലാൽ മത്സരിച്ചാൽ വിജയിക്കുമെന്നാണ് ബിജെപി.യുടെ വിലയിരുത്തലെങ്കിലും കുഞ്ഞാലി മരയ്ക്കാർ ഉൾപ്പെടെയുള്ള സിനിമകളുടെ തിരക്കിലാണ് അദ്ദേഹം. മത്സരത്തിനുള്ള വിസമ്മതം നേരിട്ടല്ലാതെ പാർട്ടിയെ അദ്ദേഹം അറിയിച്ചതായാണ് വിവരം. പ്രിയദർശനാണ് കുഞ്ഞാലിമരയ്ക്കാറിന്റെ സംവിധായകൻ. ആർഎസ്എസ് ചാനലായ ജനംടിവിയുടെ ചെയർമാനാണ് പ്രിയൻ. ലാലിന്റെ അടുത്ത കൂട്ടുകാരനായ പ്രിയനെ കൊണ്ടും പരിവാറുകാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

പ്രിയനോടും രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലെന്നു നേരത്തേതന്നെ ലാൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയിൽ പ്രധാനമന്ത്രി മുഖേന സമ്മർദം ചെലുത്തി മത്സരത്തിനിറക്കാനും നീക്കമുണ്ട്. സ്ഥാനാർത്ഥിയാകില്ലെങ്കിൽ രാജ്യസഭാംഗമാക്കണമെന്ന് പാർട്ടിയിലുയർന്ന ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. സിനിമാ മേഖലയിൽ നിന്ന് മോഹൻലാലിനെപ്പോലെ തിരുവനന്തപുരത്ത് സുരേഷ്ഗോപിയുടെ പേരും ചർച്ചയാകുന്നുണ്ട്. പലർക്കൊപ്പം തന്റെ പേരും പ്രചരിക്കുന്നു എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്തും സുരേഷ് ഗോപി സജീവ ചർച്ചയാണ്. എന്നാൽ തിരുവനന്തപുരത്തേക്ക് മോഹൻലാൽ കഴിഞ്ഞാൽ പരിവാറുകാർക്ക് താൽപ്പര്യം കുമ്മനത്തേയാണ്. കുമ്മനം നിലപാട് എടുത്തിട്ടുമില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് എല്ലാം വിട്ടിരിക്കുകയാണ് കുമ്മനം. ശബരിമല വിഷയം വോട്ടാക്കി മാറ്റാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥി കുമ്മനമാണെന്നാണ് പൊതു വിലയിരുത്തൽ.

കുമ്മനം രാജശേഖരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഗവർണർ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലേക്ക് തിരികെ എത്തുമെന്നാണ് ബിജിപി അണികളുടേയും പ്രതീക്ഷ. എന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തെ തള്ളാതെയും കൊള്ളാതെയും അയ്യപ്പനെ കൂട്ടു പിടിച്ച് സ്വാമി ശരണം പറഞ്ഞ് ഒഴിയുകയായിരുന്നു കുമ്മനം. എന്നാൽ നിലപാട് വ്യക്തമാക്കാതെ നയപരമായി ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ കുമ്മനം തിരികെ എത്തുമെന്ന് തന്നെയാണ് ബിജെപിയിൽ നിന്നുള്ള സൂചന. ഗവർണർ പദവിയിലിരിക്കുന്ന കുമ്മനത്തോടു രാഷ്ട്രീയത്തിൽ വരാൻ ആവശ്യപ്പെടാനാകില്ല. എന്നാൽ കുമ്മനം രാജശേഖരൻ വ്യക്തിപരമായ തീരുമാനമെടുത്താൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാം. കുമ്മനം അത്തരത്തിലൊരു തീരുമാനം എടുത്താൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള വിശദീകരിച്ചിട്ടുണ്ട്.

മിസോറാം ഗവർണറാണെങ്കിലും മനസ് മുഴുവൻ കേരളത്തിലാക്കി ജീവിക്കുന്ന നേതാവാണ് കുമ്മനം രാജശേഖരൻ. ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്ര സർക്കാരിന്റേയും ബിജെപി നേതൃത്വത്തിന്റെയും മനസ്സ് ഭക്തർക്കൊപ്പമാക്കിയത് ഗവർണ്ണർ കുമ്മനമായിരുന്നു. ശബരിമലയിലെ സമരനായകനായി മാറാൻ ആഗ്രഹിച്ചെങ്കിലും മിസോറാമിലെ തെരഞ്ഞെടുപ്പ് മൂലം അതിന് കഴിഞ്ഞില്ല. മിസോറാമിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. ഇനി വലിയ ഉത്തരവാദിത്തങ്ങൾ കുമ്മനത്തിന് മിസോറാമിൽ നിറവേറ്റാനില്ല. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് തിരിച്ചു മടങ്ങാൻ കാത്തിരിക്കുകയാണ് കുമ്മനം. കുമ്മനം തിരിച്ചെത്തുമെന്നും തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്നുമാണ് അണികളുടെ പ്രതീക്ഷ.

പാർട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കിവിളിക്കാൻ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എൻ.സീമയെപ്പോലെ തലയെടുപ്പുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മൽസരിച്ചതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിനുപുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. 1987ൽ തിരുവനന്തപുരം ഈസ്റ്റിൽ ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും കുമ്മനം രണ്ടാമത് എത്തിയിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിൽ അനുകൂല നിലപാടായിരുന്നു ആർ എസ് എസിനും ബിജെപിക്കും. പുരോഗമനപരമെന്നായിരുന്നു ബിജെപിയുടേയും പരിവാറുകാരുടേയും അദ്യ നിലപാട്. എന്നാൽ നാമജപയാത്രകൾ തുടങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ആർ എസ് എസും ബിജെപിയും വിശ്വാസികൾക്കൊപ്പമായി. പരസ്യ സമരത്തിനും ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലെത്തി. ഇതോടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായ സമരവും കത്തിക്കയറും. ഈ നിലപാട് മാറ്റത്തിലേക്ക് ബിജെപിയേയും ആർ എസ് എസിനേയും എത്തിച്ചത് മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനാണെന്ന് സൂചന. ഗവർണ്ണർ എന്നത് ഭരണഘടനാ പദവിയാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതി വിധിയെ എതിർക്കാനോ വിമർശിക്കാനോ ഗവർണ്ണർക്ക് കഴിയില്ല. എന്നാൽ ശബരിമലയിൽ പ്രത്യേക താൽപ്പര്യ പ്രകാരം കുമ്മനം രഹസ്യ ഇടപെടലുകൾ നടത്തുകയായിരുന്നു.

കുമ്മനം രാജി വച്ച് ലോക്‌സഭയിലേക്ക് മത്സരിക്കാനെത്തിയാലും ആർക്കും വിമർശനം ഉന്നയിക്കാനാവില്ലെന്ന ചരിത്ര പശ്ചാത്തലവും ഉണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് നിഖിൽ കുമാറായിരുന്നു കേരളാ ഗവർണ്ണർ. ബീഹാറിൽ നിന്നുള്ള നേതാവ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കേരളത്തിലെ ഗവർണ്ണർ പദവി രാജിവച്ചു. ബിഹാറിലെ ഔറംഗാബാദിൽ മൽസരിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഔറംഗബാദിൽഅദ്ദേഹം കഴിഞ്ഞ തവണ തോറ്റു. 2013 മാർച്ചിലാണ് നിഖിൽ കുമാർ കേരള ഗവർണറായി സ്ഥാനമേറ്റത്. ഒരു വർഷം തികയുമ്പോൾ രാജിയും വച്ച് മത്സരിച്ചു. അതുകൊണ്ട് തന്നെ ഗവർണ്ണറായാൽ സജീവ രാഷ്ട്രീയം പാടില്ലെന്ന വാദം ആർക്കും ഉയർത്താനാകില്ലെന്ന് ബിജെപി വിലയിരുത്തുന്നു. ഗവർണ്ണർമാരായിരുന്ന വക്കം പുരുഷേത്തമനും എംഎം ജേക്കബും ഇന്നും രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ മത്സരിച്ചാലും ആർക്കും കുമ്മനത്തെ കുറ്റപ്പെടുത്താനാകില്ലെന്നും ബിജെപി കരുതുന്നു.

മിസോറാം ഗവർണ്ണറായതോടെ കുമ്മനം നടത്തിയ ഇടപെടലുകൾ ഏറെ ചർച്ചയായി. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലും ജനങ്ങളുമായി സംവദിക്കുന്ന കുമ്മനത്തിന്റെ രീതി ഏവരേയും ഞെട്ടിച്ചു. വിവിധ ക്രൈസ്ത മതമേലധ്യക്ഷന്മാരു പോലും കുമ്മനത്തെ അംഗീകരിച്ചു. നല്ല ആർഎസ്എസ് നേതാക്കളുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടത് കുമ്മനത്തിലൂടെയാണെന്ന് ലത്തീൻ കത്തോലിക്കാ സഭ ബിഷപ്പ് സൂസപാക്യവും പറഞ്ഞു കഴിഞ്ഞു. ഇത്തരം അഭിനന്ദനങ്ങളും മറ്റും കുമ്മനത്തിന്റെ ജനപ്രിയത കൂട്ടുകയും ചെയ്തു. മറുനാടൻ നടത്തിയ ലീഡർഷിപ്പ് സർവ്വേയിലും കുമ്മനം പത്ത് ശതമാനം വോട്ടുമായി നാലാം സ്ഥാനത്ത് എത്തി.

ആദ്യമായിട്ടായിരുന്നു ഒരു ബിജെപി നേതാവ് കേരളത്തിൽ ജനപ്രിയതയുടെ കാര്യത്തിൽ വി എസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിക്കും പിണറായി വിജയനും പിന്നലെ സ്ഥാനത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ ആർ എസ് എസിന് കാര്യമായ അടിത്തറയുള്ള തിരുവനന്തപുരത്ത് കുമ്മനത്തിന് വലിയ സാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP