Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

സഹകരണ മേഖലയെ കേന്ദ്രം തകർക്കുന്നേ എന്ന നിലവിളി ഒരുവശത്ത്; മറുവശത്ത് മിൽമ ഭരണം പിൻവാതിലിലൂടെ പിടിച്ചെടുത്ത ഫാസിസവും; കേരളത്തിന്റെ അഭിമാന സ്ഥാപനമായി കോൺഗ്രസുകാർ 38 വർഷം വളർത്തി വലുതാക്കിയ മിൽമയിൽ ഇടതുഭരണം എത്തുമ്പോൾ ആശങ്ക; കിറ്റെക്‌സിന്റെ ഗതി വരരുതേയെന്ന പ്രാർത്ഥനയിൽ ക്ഷീരകർഷർ

സഹകരണ മേഖലയെ കേന്ദ്രം തകർക്കുന്നേ എന്ന നിലവിളി ഒരുവശത്ത്; മറുവശത്ത് മിൽമ ഭരണം പിൻവാതിലിലൂടെ പിടിച്ചെടുത്ത ഫാസിസവും; കേരളത്തിന്റെ അഭിമാന സ്ഥാപനമായി കോൺഗ്രസുകാർ 38 വർഷം വളർത്തി വലുതാക്കിയ മിൽമയിൽ ഇടതുഭരണം എത്തുമ്പോൾ ആശങ്ക; കിറ്റെക്‌സിന്റെ ഗതി വരരുതേയെന്ന പ്രാർത്ഥനയിൽ ക്ഷീരകർഷർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ വ്യവസായം കൊണ്ടു വരിക എന്നു പറഞ്ഞാൽ അത് എത്രത്തോളം ശ്രമകരമായ കാര്യമാണ് എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇടതു മുന്നണിയുടെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കിറ്റ്ക്‌സിന്റെ പുതിയ നിക്ഷേപങ്ങൾ കേരളത്തിന് പുറത്തേക്ക് കൊണ്ടു പോകാൻ ഒരുങ്ങുകയാണ്. മറ്റ് പല വ്യവസായങ്ങളും മുന്നോട്ടു പോകാൻ തടസ്സമാകുന്നത് ഇവിടുത്തെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളാണ്.ഗുജറാത്തിൽ അമുൽ എന്നതു പോലെ കേരള ബ്രാൻഡിൽ വളർന്ന സ്ഥാപനമാണ് മിൽമ. കഴിഞ്ഞ 38 വർഷമായി മിൽമയിൽ ഭരണം നയിക്കുന്നത് കോൺഗ്രസായിരുന്നു. അവിടെ നിന്നുമാണ് ഇപ്പോൾ ഇടതു മുന്നണി അട്ടിമറിയോടെ ഭരണം പിടിച്ചിരിക്കുന്നത്.

ഒരു വശത്ത് സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ തുനിയുന്നു എന്നു നിലവിളിക്കുന്ന ഇടതു സർക്കാർ മിൽമയിൽ ഭരണം പിടിച്ചത് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിച്ചു കൊണ്ട് ഫാസിസ്റ്റ് രീതിയിലായിരുന്നു. തിരുവനന്തപുരം മേഖല പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചാണ് ഇടതുപക്ഷം ഭരണം പിടിച്ചത്. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളെ സർക്കാർ നിയോഗിക്കുന്നവർ ആയതിനാൽ തന്നെ ഇവർക്ക് വോട്ടവകാശം നൽകിയതാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്.

യുഡിഎഫിന്റെ കുത്തകയായ മിൽമയിൽ 38 വർഷത്തിന് ശേഷമാണ് ഇടതുമുന്നണി ഭരണം പിടിക്കുന്നത്. അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്ക് വോട്ടുകൾക്ക് മിൽമ ഭരണം പിടിച്ചപ്പോൾ അതിൽ നാലുവോട്ടുകൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേതായിട്ടുള്ളത്. മൂന്ന് വോട്ടുകൾ അഡ്‌മിസ്‌ട്രേറ്റീവ് കമ്മിറ്റിയിലേക്ക് സർക്കാർ നിയോഗിച്ച് മൂന്ന് അംഗങ്ങളുടേതാണ്. കോൺഗ്രസിൽ നിന്ന് ഭരണം പിടിക്കാനായി തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ ഭരണം ഏൽപ്പിക്കുകയായിരുന്നു.

മലബാർ മേഖലയിൽ നിന്നുള്ള കെ.എസ് മണിയാണ് മിൽമ ഫെഡറേഷന്റെ ചെയർമാനായി വിജയിച്ചത്. കോൺഗ്രസിൽ നിന്നുള്ള ജോൺ തെരുവത്തിനെയാണ് മണി പരാജയപ്പെടുത്തിയത്. 38 വർഷത്തിന് ശേഷം ചരിത്രം കുറിച്ച് ഭരണത്തിലെത്തിയത് പിൻവാതിലൂടെയാണെന്നത് വിജയത്തിന്റെ തിളക്കം കെടുത്തുന്നു. 2019 മുതൽ ചെയർമാനായിരുന്ന പി.എ ബാലന്മാസ്റ്ററുടെ നിര്യാണത്തോടെയാണ് മിൽമയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. എക്കാലവും അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെവച്ച് തിരുവനന്തപുരം യൂണിയൻ ഭരിക്കാനാവില്ലെന്നും ഉടൻ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നുമാണ് കോൺഗ്രസ് പ്രതീക്ഷ. സർക്കാർ നാമനിർദ്ദേശം ചെയ്ത മൂന്നുപേരുടെ വോട്ട് അംഗീകരിച്ചതിനെതിരെ ഹൈക്കോടതിയിൽ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണനക്ക് വരുന്നുണ്ട്.

മിൽമയിൽ ഇടതുഭരണം വരുമ്പോൾ ആശങ്കകൾ ഏറെയാണ്. സിപിഎം അംഗങ്ങളെ പിൻവാതിൽ വഴി നിയമിക്കലും മറ്റു തൊഴിലാളി കാര്യങ്ങളുമെല്ലാം നടപ്പിലാകുമ്പോൾ മിൽമ്മയുടെ ഭാവി എന്താകും എന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ ക്ഷീര കർഷകർകർക്ക് ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ഗുജറാത്തിലെ ആനന്ദ് മാതൃക കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ടുമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഉൾക്കൊള്ളിച്ച് അഞ്ചു വർഷ കാലാവധിയോട് കൂടി ഭരണ കാര്യ നിർവഹണ സമിതി രൂപീകരിക്കുകയാണ് ഓരോ യൂണിറ്റിലും മിൽമ പ്രവർത്തിക്കുന്നത്.

മിൽമ എന്ന സഹകരണ സ്ഥാപനം പരസ്പര സഹായത്തോടുകൂടി ഒരുമിച്ച് മുന്നേറ്റം നടത്തുക എന്ന ആശയത്തിൽ ഊന്നിയ പ്രവർത്തനം പാശ്ചാത്യ രാജ്യങ്ങളിലെ ഗവൺമെന്റ് സഹായത്തോടെ ഉദ്ധരിക്കുക എന്ന മാതൃകയ്ക്ക് ഏറ്റവും നല്ല ബദലാണ്. കൂടാതെ ലാഭം കർഷകരിലേക്ക് നേരിട്ട് എത്തിക്കുന്നത് മൂലം അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ഗവൺമെന്റോ മറ്റ് ഏജൻസികളോ ഇല്ലാതെ കർഷകരിലേക്ക് നേരിട്ട് ഇതിന്റെ പ്രയോജനങ്ങൾ എത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മിൽമയെ നയിച്ചിരുന്നത് കോൺഗ്രസ് നേതാക്കളായിരുന്നു. ഇപ്പോൾ ഭരണം ഇടതു മുന്നണിയിലേക്ക് വരുമ്പോൾ ആശങ്കകൾ പലവിധത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP