Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രൂക്ഷമായ സൈബർ ആക്രമണം നടത്തി മുറിവേൽപ്പിച്ചിട്ടും മതിയാകുന്നില്ല; അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ പിതാവിനെയും ഭാര്യയെയും അപകീർത്തിപ്പെടുത്തി മണ്ഡലത്തിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നു; രോഗം ബാധിച്ച മകനുമായി ആശുപത്രിയിൽ ചികിൽസയ്ക്ക് പോയതാണോ താൻ ചെയ്ത കുറ്റമെന്ന് വികാരാധീനനായി കണ്ണനും

രൂക്ഷമായ സൈബർ ആക്രമണം നടത്തി മുറിവേൽപ്പിച്ചിട്ടും മതിയാകുന്നില്ല; അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ പിതാവിനെയും ഭാര്യയെയും അപകീർത്തിപ്പെടുത്തി മണ്ഡലത്തിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നു; രോഗം ബാധിച്ച മകനുമായി ആശുപത്രിയിൽ ചികിൽസയ്ക്ക് പോയതാണോ താൻ ചെയ്ത കുറ്റമെന്ന് വികാരാധീനനായി കണ്ണനും

ശ്രീലാൽ വാസുദേവൻ

അടൂർ: രക്താർബുദം ബാധിച്ച് ചികിൽസയിലുള്ള മകനുമായി ആർസിസിയിലേക്ക് ഞാൻ പോയത് ഇത്ര കൊടിയ അപരാധമാണോ? നിറകണ്ണുകളോടെ ചോദിക്കുകയാണ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണൻ. രോഗം ബാധിച്ച മകന്റെ നിർബന്ധത്തിന് മുന്നിൽ പിതാവായ എനിക്ക് എങ്ങനെ മുഖം തിരിക്കാനാകും.

ഞാൻ ഒരു മാധ്യമത്തെയും അവിടെ വിളിച്ചു വരുത്തിയിട്ടില്ല. അവരൊക്കെ അറിഞ്ഞു കേട്ടു വന്നു, വാർത്ത നൽകി. അത് എന്റെ കുറ്റമാണോ? നിങ്ങൾക്ക് വേണ്ടത് എന്റെ ചോരയല്ലേ, അതെടുത്തോളൂ...ദയവായി എന്റെ മകനെയും അച്ഛനെയും ഭാര്യയെയും വെറുതെ വിടുക...വിതുമ്പുകയാണ് കണ്ണൻ. ഇന്നലെ കണ്ണനും മകനുമെതിരേ സൈബർ ആക്രമണമായിരുന്നു. ഇന്ന് ലഘുലേഖ പ്രചരിപ്പിച്ചാണ് വ്യക്തി ഹത്യ. കണ്ണന്റെ പിതാവ് ഗോപിയെയും ഭാര്യ സജിത മോളെയും മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള ലഘുലേഖ ഈസ്റ്റർ ദിനത്തിൽ രാവിലെ മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

ഏപ്രിൽ ഒന്നിനാണ് പ്രചാരണങ്ങൾക്ക് അവധി നൽകി രക്താർബുദം ബാധിച്ച മൂത്തമകൻ ശിവകിരണിനെയും(9) തോളിലേറ്റി കണ്ണൻ പരിശോധനയ്ക്കായി ആർസിസിയിൽ എത്തിയത്. പ്രചാരണത്തിന് കണ്ണൻ ഇല്ലാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മകനുമായി ആർസിസിയിലാണെന്ന് മാധ്യമ പ്രവർത്തകർക്ക് വിവരം കിട്ടിയത്. തെരഞ്ഞെടുപ്പു കാലത്തെ നല്ലൊരു ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്ക് വകുപ്പു കിട്ടിയ ചാനൽ പ്രവർത്തകർ ഒന്നടങ്കം ആർസിസിയിൽ എത്തി കണ്ണന്റെ ദയനീയ ചിത്രം വാർത്തയാക്കി.

പിറ്റേന്ന് പത്രങ്ങളും ഈ വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കണ്ണന്റെ ദയനീയ അവസ്ഥ നാട്ടുകാർ അറിഞ്ഞതോടെ സഹതാപ തരംഗം ഉടലെടുക്കുമെന്ന് മനസിലാക്കിയ സൈബർ സഖാക്കൾ രൂക്ഷമായ ആക്രമണം ആരംഭിച്ചു. സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സൈബർ ക്വട്ടേഷന് നേതൃത്വം കൊടുത്തത്. പക്ഷേ, ഇവരുടെ സൈബർ ആക്രമണം ഫലിച്ചില്ലെന്ന് മാത്രമല്ല, തിരിച്ചടിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരും നിഷ്പക്ഷമതികളുമായിട്ടുള്ളവർ സൈബർ സഖാക്കളെ കണ്ടം വഴി ഓടിച്ചു.

നീചമായ പ്രചാരണം നടത്തിയവരുടെ ഫേസ് ബുക്ക് ഐഡികൾ മാസ് റിപ്പോർട്ടിങിന് വിധേയമായി. ആ ശ്രമവും പാളിയതോടെയാണ് ലഘുലേഖയുടെ രൂപത്തിൽ ഇന്ന് രാവിലെ കണ്ണനെതിരേ ആക്രമണം തുടങ്ങിയത്. എൽഡിഎഫ് പ്രവർത്തകർ വീടു തോറും കയറി ഇറങ്ങി ഈ ലഘുലേഖ വിതരണം ചെയ്യുകയാണ്.

കോൺഗ്രസ് ഇലന്തൂർ ബ്ലോക്ക് സെക്രട്ടറി മാത്തൂർ സ്നേഹതീരം വീട്ടിൽ മാത്യു ഫിലിപ്പിന്റെ പേരിലാണ് ലഘുലേഖ തയാറാക്കിയിരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. അടൂർകാരെ നിങ്ങളും വഞ്ചിതരാകരുത് എന്ന തലക്കെട്ടിലുള്ള ലഘുലേഖയിൽ കണ്ണൻ ജോലി തട്ടിപ്പ് നടത്തിയെന്നും ജില്ലാ പഞ്ചായത്തിലേക്ക് പിതാവ് ഗോപിയുടെ രോഗ വിവരം പറഞ്ഞ് സഹതാപം പിടിച്ചു പറ്റി വിജയിച്ചുവെന്നും ആരോപിക്കുന്നു.

പിതാവിനെ കച്ചവടം ചെയ്ത് കണ്ണൻ വിജയിച്ചുവെന്നും പിന്നീട് ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭാര്യ സജിത മോൾ അന്ധയാണെന്ന് പറഞ്ഞ് വോട്ട് തേടിയെന്നും ഇപ്പോൾ മകന്റെ രോഗം ഉപയോഗിച്ച് വോട്ട് തട്ടാനുള്ള ശ്രമം നടക്കുന്നുവെന്നുമാണ് നോട്ടീസിലെ ആരോപണം. മകന്റെ അസുഖം വാർത്തയായതിന് പിന്നാലെ വന്ന സൈബർ ആക്രമണം കണ്ണനെ മാനസികമായി തളർത്തിയിരുന്നു.അതിന് പിന്നാലെയാണ് ഇന്ന് ലഘുലേഖ ഇറക്കി തകർക്കാനുള്ള ശ്രമം നടന്നിരിക്കുന്നത്.

മണ്ഡലത്തിൽ യുഡിഎഫിനുണ്ടായ മുൻതൂക്കം എൽഡിഎഫ് കേന്ദ്രങ്ങളെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ പറഞ്ഞു. കണ്ണനെതിരായ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP