Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

പാലായിൽ ജയിച്ച കാപ്പനെ മെരുക്കാൻ സിപിഎം വാഗ്ദാനം ചെയ്യുന്നത് ജോസ് കെ മാണി ഒഴിയുമ്പോൾ വരുന്ന രാജ്യസഭാ സീറ്റ്; തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജി വച്ച് പദവി ഒഴിഞ്ഞു തരണമെന്ന് കാപ്പൻ; എൽഡിഎഫിലേക്കുള്ള കേരളാ കോൺഗ്രസ് പ്രവേശനത്തിന് ചുക്കാൻ പിടിച്ച് കോടിയേരി ബാലകൃഷ്ണൻ; സിപിഐയുടെ എതിർപ്പ് കാര്യമാക്കില്ല; കെ എം മാണിയുടെ അതേ രീതിയിൽ പുറത്തൊന്നും പറയാതെയുള്ള നീക്കങ്ങളുമായി ജോസ് കെ മാണിയും

പാലായിൽ ജയിച്ച കാപ്പനെ മെരുക്കാൻ സിപിഎം വാഗ്ദാനം ചെയ്യുന്നത് ജോസ് കെ മാണി ഒഴിയുമ്പോൾ വരുന്ന രാജ്യസഭാ സീറ്റ്; തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജി വച്ച് പദവി ഒഴിഞ്ഞു തരണമെന്ന് കാപ്പൻ; എൽഡിഎഫിലേക്കുള്ള കേരളാ കോൺഗ്രസ് പ്രവേശനത്തിന് ചുക്കാൻ പിടിച്ച് കോടിയേരി ബാലകൃഷ്ണൻ; സിപിഐയുടെ എതിർപ്പ് കാര്യമാക്കില്ല; കെ എം മാണിയുടെ അതേ രീതിയിൽ പുറത്തൊന്നും പറയാതെയുള്ള നീക്കങ്ങളുമായി ജോസ് കെ മാണിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതു മുന്നണിയിൽ എടുക്കാൻ സിപിഎം തത്വത്തിൽ തീരുമാനിച്ചു. സിപിഐയുടെ എതിർപ്പ് കാര്യമാക്കില്ല. എന്നാൽ പാലായിലെ എംഎൽഎ മാണി സി കാപ്പനെ കൂടെ നിർത്തിയാകും ജോസ് കെ മാണിയെ മുന്നണിയിൽ എത്തിക്കുക. ഇതിനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. സിപിഐയുടെ എതിർപ്പിനെ മറികടന്നും ജോസ് കെ മാണിയെ മുന്നണിയിൽ എത്തിക്കാനാണ് നീക്കം.

അഭിപ്രായ ഐക്യമായില്ലെങ്കിലും ജോസ് കെ.മാണിക്ക് ഇടതുമുന്നണിയിലേക്ക് വഴിയൊരുക്കാൻ മാണി സി.കാപ്പന് രാജ്യസഭ സീറ്റ് വാഗ്ദാനവുമായി സിപിഎം. ജോസ് കെ. മാണിക്ക് പാലാ സീറ്റ് നൽകേണ്ടി വന്നാൽ ഇനി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് കാപ്പന് നൽകാമെന്നാണ് സിപിഎം നിർദ്ദേശം. പാലാ വിട്ടു നൽകില്ലെന്നാണ് മാണി സി. കാപ്പന്റെ പരസ്യപ്രതികരണമെങ്കിലും ദേശീയ തലത്തിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. പാലായിൽ ജയിച്ചാൽ ജോസ് കെ മാണി എംഎൽഎയാകും. ഇതോടെ രാജ്യസഭാ അംഗത്വം രാജിവയ്ക്കും. ഇത് കാപ്പന് വാങ്ങി നൽകാമെന്നാണ് നിർദ്ദേശം.

എന്നാൽ അതിന് മുമ്പ് തന്നെ തന്നെ രാജ്യസഭയിലേക്ക് അയക്കണമെന്നാണ് മാണി സി കാപ്പന്റെ ആവശ്യം. ഇതിന് വേണ്ടി ജോസ് കെ മാണിയെ രാജിവയ്‌പ്പിക്കണമെന്നും ആവശ്യപ്പെടുന്നു. രാജ്യസഭയിലെ കാലാവധി ആറു വർഷമാണ്. ജോസ് കെ മാണി രാജിവച്ചാൽ ഉപതെരഞ്ഞോടുപ്പ് വരും. അങ്ങനെ വന്നാൽ ജോസ് കെ മാണി രാജി വച്ചതിന് ശേഷമുള്ള ബാക്കി കാലവധി മാത്രമേ മാണി സി കാപ്പന് രാജ്യസഭാ എംപിയായി തുടരാൻ കഴിയൂ. അതുകൊണ്ട് ഇടതു പക്ഷത്തിന് അടുത്ത തവണ ഒഴിവു വരുന്ന ഫുൾ ടൈം സീറ്റ് തനിക്ക് വേണമെന്നാണ് മാണി സി കാപ്പന്റെ നിലപാട്. കേരളാ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് ജോസ് കെ മാണി എൻസിപിക്ക് കൊടുക്കില്ലെന്നും മാണി സി കാപ്പന് അറിയാം. അതു കൊണ്ട് കൂടിയാണ് ഇത്തരമൊരു ഫോർമുല മുമ്പോട്ട് വയ്ക്കുന്നത്.

കേരളാ കോൺഗ്രസ് ഇടതുപക്ഷത്ത് എത്തിയാൽ പാലാ അവർക്ക് നൽകേണ്ടി വരും. കെ എം മാണിയുടെ സ്വന്തം മണ്ഡലം ഉപേക്ഷിച്ച് വിട്ടു വീഴ്ചയ്ക്ക് ജോസ് കെ മാണി തയ്യാറാകില്ലെന്ന് ഇടതു പക്ഷത്തിനും അറിയാം. അതുകൊണ്ടാണ് മാണി സി കാപ്പനെ അനുനയിപ്പിക്കുന്നത്. ഇതിനിടെയാണ് സിപിഐയുടെ എതിർപ്പുയർത്തൽ. ഇതിനെ സിപിഎം കാര്യമായെടുക്കില്ല. ഇടതുപക്ഷത്തിന് കരുത്ത് പകരുന്ന എന്ത് തീരുമാനവും എടുക്കുമെന്ന നിലപാടിലാണ് സിപിഎം. മുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തെ തകർക്കാൻ ഘടകകക്ഷികളെ അനുവദിക്കില്ലെന്നും സിപിഎം പറയുന്നു.

എന്നാൽ കേരള കോൺഗ്രസിനെ പരാജയപ്പെടുത്തി താരമായ മാണി സി.കാപ്പനെയോ എൻസിപിയേയോ വിശ്വാസത്തിലെടുക്കാതെ സിപിഎമ്മിന് തുടർനീക്കം നടത്താനാവില്ല. ജോസ് കെ. മാണി വരുന്നതിന് സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും പാലാ വിട്ടുനൽകില്ലെന്നാണ് കാപ്പൻ നടത്തിയ പരസ്യപ്രതികരണം. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റുകളിൽ ചർച്ച. വിജയിച്ച സീറ്റ് വിട്ടുനൽകുന്നതിനു പകരമായി മാണി സി കാപ്പന് രാജ്യസഭാ സീറ്റ്. സിപിഎം, എൻസിപി ദേശീയ നേതൃത്വങ്ങൾ ഇതേപ്പറ്റി ധാരണയായതാണ് സൂചന. എന്നാൽ ഈ ചർച്ചകളോടൊന്നും പരസ്യമായ പ്രതികരണം ജോസ് കെ മാണി നടത്തുന്നുമില്ല.

കെ എം മാണിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് സമാനമായ മൗനത്തിലാണ് ജോസ് കെ മാണി. അതിനിടെ ബിജെപിയും ജോസ് കെ മാണിയെ നോട്ടമിടുന്നുണ്ട്. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് പോകൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.  ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാവുമെന്ന് ജോസ് കെ മാണി പറയുന്നു. മുമ്പും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. പി ജെ ജോസഫ് മൂന്ന് ദിവസം മുമ്പ് പറഞ്ഞതാണ് യുഡിഎഫ് ആവർത്തിച്ചത്. എൽഡിഎഫ് പ്രതികരണത്തിലും പ്രസ്താവനയിലും സന്തോഷമുണ്ട്. മുന്നണികളുമായി ചർച്ചയോ ആലോചനയോ നടന്നിട്ടില്ല. യുഡിഎഫിൽനിന്ന് പുറത്തുപോയാലും യുപിഎയുടെ ഭാഗമാണ്. ചെറിയൊരു ലോക്കൽ ബോഡിയുടെ പേരിൽ കെ എം മാണിയുടെ പാർട്ടിയെ പുറത്താക്കിയത് അനീതിയാണ്. പ്രശ്നം വീർപ്പിച്ച് വലുതാക്കി നീതികേട് കാട്ടുകയായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫിൽ ജനപിന്തുണയുള്ള പാർട്ടികളിലൊന്നാണു കേരള കോൺഗ്രസ്-ജോസ് കെ. മാണി വിഭാഗമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു കഴിഞ്ഞു. കേരള കോൺഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ടു പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടു. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും തകർന്നു. കേന്ദ്രീകൃതമായ ഒരു നേതൃത്വം ഇപ്പോൾ യുഡിഎഫിനില്ല. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. ഇതു യുഡിഎഫിന്റെ തകർച്ചയ്ക്കു വേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മുഖപത്രത്തിൽ എഴുതിയ പി.കെ.ചന്ദ്രാനന്ദൻ അനുസ്മരണത്തിലാണു ജോസ് കെ. മാണി വിഭാഗത്തെ അനുകൂലിച്ചുള്ള കോടിയേരിയുടെ നിലപാട്. ഇത് സിപിഐയ്ക്കുള്ള സൂചനയാണ്.

ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കോടിയേരിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയോടെയാണ് ഇത്. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. ഈ യോഗം ഔദ്യോഗികമായി ജോസ് കെ മാണിയുമായുള്ള സഹകരണത്തിൽ തീരുമാനം എടുക്കും. അതിന് ശേഷം ജോസ് കെ മാണിയുമായി അനൗദ്യോഗിക ചർച്ചകളിലേക്ക് കടക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ ജോസ് കെ മാണിയെ ഇടതു പക്ഷത്ത് എത്തിക്കാനാണ് കോടിയേരിയുടെ നീക്കം. ഇക്കാര്യത്തിൽ ജോസ് കെ മാണിയുടെ നിലപാട് നിർണ്ണായകമാകും. തദ്ദേശത്തിൽ ഇടതുമായി സഹകരണം മതിയെന്ന നിലപാടും കേരളാ കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു. ജോസ് കെ.മാണി വിഭാഗത്തിലെ നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന ഇവർ അണിയറ ചർച്ചകളുടെ ഭാഗമാണ്. സ്‌കറിയ തോമസും ജോസ് പക്ഷ നേതാക്കളെ ബന്ധപ്പെടുന്നു.

അതിനിടെ സിപിഐക്കു കണക്കിന്റെ രാഷ്ട്രീയത്തിൽ അല്ല വിശ്വാസമെന്നും രാഷ്ട്രീയത്തിന്റെ കണക്കിലാണെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫിലെ ഒരു പാർട്ടിയും കൂടെയില്ലെങ്കിലും സിപിഐ അഭിപ്രായം മാറ്റില്ലെന്നും കാനം വ്യക്തമാക്കി. ജോസ് വിഭാഗത്തിന്റെ ബഹുജനാടിത്തറ യുഡിഎഫ് ആണ്. നേതാക്കന്മാർ മുന്നണി വിട്ടതു കൊണ്ട് അണികൾ മാറണമെന്നില്ല. വലിയ ശക്തിയുള്ള കടലിലെ വെള്ളത്തെ ബക്കറ്റിൽ കോരിവച്ചാൽ അങ്ങനെ ഉണ്ടാവണമെന്നില്ല-മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസിദ്ധമായ പ്രയോഗം ഓർമിപ്പിച്ചു കാനം തിരിച്ചടിച്ചു. ക്രിസ്ത്യൻ വോട്ടുകൾ ആരുടെയും കുത്തകയല്ല. ഭരണത്തുടർച്ചയ്ക്കു സഹായം വേണ്ട. ആ സാധ്യത നശിപ്പിക്കാതിരുന്നാൽ മതി-കാനം പറയുന്നു.

പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം ജനപിന്തുണ തെളിയിച്ചതു മനസ്സിലാക്കിയതാണ്. സിപിഎം-സിപിഐ തർക്കമായി ഇതു വളരില്ല. ജോസ് കെ.മാണിയുടെ പാർട്ടിയെ ക്ലാസിൽ നിന്ന് ഇറക്കി വിട്ടിട്ടേയുള്ളൂ. സ്‌കൂളിൽ നിന്നു പറഞ്ഞു വിട്ടിട്ടില്ല. നിർബന്ധിത ടിസിയുമായി എൽഡിഎഫിലേക്കു വന്നാൽ ഇവിടെ പ്രവേശിപ്പിക്കണം എന്നില്ല. യുഡിഎഫിനകത്തെ പാർട്ടികളിൽ പിളർപ്പ് ഉണ്ടായി മത്സരം നടന്നാൽ ഗുണം എൽഡിഎഫിനാണ്. യുഡിഎഫിൽ തർക്കം വന്നാൽ മധ്യ തിരുവിതാംകൂറിൽ 20 സീറ്റ് എൽഡിഎഫ് ജയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരും. ക്രൈസ്തവ സഭാ വിഭാഗവുമായുള്ള ചർച്ചയ്ക്കു മധ്യസ്ഥന്റെ കാര്യമില്ല - കാനം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP