Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

ജോസ് കെ മാണി ഇടതു മുന്നണിയിൽ എത്തിയാലും പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് മാണി സി കാപ്പൻ; ആരുടെയും ഔദാര്യത്തിൽ രാജ്യസഭയിലേക്ക് ഇല്ലെന്നും പ്രതികരണം; സീറ്റു ധാരണ പൂർത്തിയാകവേ ഉടക്കുമായി എൻസിപി; ജോസ് കെ മാണി എൽഡിഎഫിൽ വന്നിട്ട് എന്ത് പ്രയോജനമെന്നു ചോദിച്ചു എതിർപ്പു പരസ്യമാക്കി സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയും; യുഡിഎഫ് വിട്ടുപോരുന്നതിൽ കേരളാ കോൺഗ്രസ് അണികൾ അതൃപ്തരെന്നും വാദം

ജോസ് കെ മാണി ഇടതു മുന്നണിയിൽ എത്തിയാലും പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് മാണി സി കാപ്പൻ; ആരുടെയും ഔദാര്യത്തിൽ രാജ്യസഭയിലേക്ക് ഇല്ലെന്നും പ്രതികരണം; സീറ്റു ധാരണ പൂർത്തിയാകവേ ഉടക്കുമായി എൻസിപി; ജോസ് കെ മാണി എൽഡിഎഫിൽ വന്നിട്ട് എന്ത് പ്രയോജനമെന്നു ചോദിച്ചു എതിർപ്പു പരസ്യമാക്കി സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയും; യുഡിഎഫ് വിട്ടുപോരുന്നതിൽ കേരളാ കോൺഗ്രസ് അണികൾ അതൃപ്തരെന്നും വാദം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജോസ് കെ മാണി ഇടതു മുന്നണിയുടെ ഭാഗമാകാൻ വേണ്ടി സീറ്റു വിഭജന ചർച്ചകൾ അടക്കം പൂർത്തിയായിരിക്കവേ പാലാ സീറ്റിൽ ഉടക്കുവെച്ച് എൻസിപി രംഗത്ത്. പാലാ സീറ്റ് നൽകി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് എൻസിപി രംഗത്തുവന്നിരിക്കുന്ന്. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാർത്ത നിഷേധിച്ച മാണി സി കാപ്പൻ ആരുടെയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ലെന്നും പ്രതികരിച്ചു.

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങൾക്കകം ഉണ്ടാകുമെന്നാണ് സൂചന പുറത്തുവന്നതോടെയാണ് എൻസിപി ഉടക്കുമായി രംഗത്തുവന്നത്. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ഉൾപ്പെടെയുള്ളവരുമായുള്ള അന്തിമഘട്ട ചർച്ചകൾ ജോസ്. കെ മാണി പൂർത്തിയാക്കി. നിയമസഭ സീറ്റുകൾ സംബന്ധിച്ചും ഇതിൽ ഏകദേശ ധാരണയായി. കോട്ടയം ജില്ലയിൽ നാല് സീറ്റുകൾ ജോസ് ഉറപ്പിക്കുന്നു. പാലാ സീറ്റിലും കണ്ണുണ്ട്. രാജ്യസഭ സീറ്റ് മാണി സി കാപ്പന് വിട്ടു നൽകി പാലാ സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നതായും അഭ്യൂഹങ്ങൾ ഉയർന്നു. ഇത് പാടെ നിഷേധിക്കുകയാണ് എൻസിപിയും മാണി. സി കാപ്പനും. പൊരുതി നേടിയ പാലായെ കൈവിടില്ലെന്ന് അർഥശങ്കയ്ക്ക് ഇടനൽകാതെ മാണി സി കാപ്പൻ വ്യക്തമാക്കി.

ജോസ് വിഭാഗം മത്സരിച്ചിരുന്ന നിലവിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും, പേരാമ്പ്രയും സിപിഎം നിലനിർത്തും. കുട്ടനാട് സീറ്റിലും ജോസ് കെ. മാണി അവകാശം ഉന്നയിക്കില്ല. കാഞ്ഞിരപ്പള്ളി വിട്ടു നൽകുന്നതിൽ സിപിഐക്ക് ഇപ്പോളും എതിർപ്പുണ്ട്. സിപിഎമ്മിന്റെ കൈവശമുള്ള സീറ്റുകളിലൊന്ന് വിട്ടു നൽകി സിപിഐയെ അനുനയിപ്പിക്കാനാണ് നീക്കം. എൻസിപിയെ തൃപ്തിപ്പെടുത്തുന്ന ഫോർമുലയ്ക്കായുള്ള ആലോചനകളാണ് നടക്കുന്നത്.

അതേസമയം ജോസ് കെ. മാണി ഇടതുമുന്നണിയിൽ വരുന്നതുകൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്ന് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽ.ഡി.എഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. 'യു.ഡി.എഫ് വിട്ടുപോരുന്നതിൽ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം. മുൻകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വലിയ അത്ഭുതമൊന്നും അവർ വരുന്നതുകൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങൾക്കില്ല', സി.കെ.ശശിധരൻ പറഞ്ഞു.

ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയിൽ ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. സിപിഐയുടെ സീറ്റ് ആർക്കും വിട്ടുകൊടുക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് എംഎ‍ൽഎമാർ മാത്രമുള്ള പാർട്ടിയാണ് ജോസ് കെ. മാണിയുടേതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നത്. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ ഇപ്പോഴും അവർ തയ്യാറായിട്ടില്ലെന്നാണ് സൂചന. കേരള കോൺഗ്രസ് ജന്മദിനമായ വെള്ളിയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം ജോസ് കെ.മാണിയെ മുന്നണിയിലെടുക്കുന്നതിൽ അനുകൂല നിലപാടാണ് സിപിഐ.എം സ്വീകരിക്കുന്നത്. കോട്ടയം ജില്ലയിലെ മൂന്ന് സഹകരണസംഘങ്ങൾ സിപിഐ.എമ്മുമായി ചേർന്ന് ജോസ് കെ.മാണി പക്ഷം കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചെടുത്തിരുന്നു. പാലായും തൊടുപുഴയും അടക്കം 13 നിയമസഭാ സീറ്റുകൾ നൽകാൻ ഇടതു മുന്നണി സമ്മതം അറിയിച്ചതോടെയാണ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് നീങ്ങുന്നത്.

11ന് രണ്ടില കേസിലെ ഹൈക്കോടതി വിധിക്കു ശേഷം നിലപാട് പ്രഖ്യാപിക്കാനുമാണ് കേരള കോൺഗ്രസിലെ (എം) ആലോചന. ജന്മദിന സമ്മേളനത്തിൽ പാർട്ടിയുടെ സ്റ്റീയറിങ് കമ്മിറ്റി യോഗം ഓൺലൈനായി കൂടും. യുഡിഎഫ് വിടാനുള്ള സാഹചര്യം ചെയർമാൻ ജോസ് കെ. മാണി സ്റ്റീയറിങ് കമ്മിറ്റിയിൽ വിശദീകരിക്കും. അടുത്തയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. തുടർന്ന് എൽഡിഎഫ് കേരള കോൺഗ്രസിനെ സ്വാഗതം ചെയ്യും. കേരളാ കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ എൽഡിഎഫിൽ വലിയ എതിർപ്പില്ല. നേരത്തെ ഇടഞ്ഞു നിന്ന സിപിഐ ഇപ്പോൾ നിലപാട് അറിയിച്ചു കൊണ്ടു രംഗത്തു വന്നിട്ടുണ്ട്. ഭരണ തുടർച്ച നേരാൻ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജോസ് കെ മാണിക്ക് ഇടതു മുന്നണിയിൽ പ്രവേശനം നൽകാമെന്നാണ് സിപിഐ നിലപാട്. ആകെ നിലനിന്നിരുന്ന പ്രശ്നം സീറ്റുകളെ സംബന്ധിച്ചായിരുന്നു.

സീറ്റുകൾ സംബന്ധിച്ചുള്ള ഏകദേശ ധാരണ എൽഎഡിഎഫ് കൺവീനർ എ. വിജയരാഘവൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ നേതൃത്വത്തിൽ അന്തിമ ചർച്ച പൂർത്തിയായി. പാലായ്ക്കു പുറമേ കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകൾ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസിന് (എം) ലഭിക്കും. സുരേഷ് കുറുപ്പ് വിജയിച്ച ഏറ്റുമാനൂർ സീറ്റ് സിപിഎം വിട്ടുകൊടുക്കില്ല. പാല സീറ്റ് വിട്ടു കൊടുക്കുന്നതിൽ എൻസിപിക്ക് എതിർപ്പുണ്ടെങ്കിലും മാണി സി കാപ്പന് പകരം പദവി നൽകിയാൽ മതിയെന്നാണ് സിപിഎം നിലപാട്.

നേരത്തെ കേരളാ കോൺഗ്രസ് മത്സരിച്ച പേരാമ്പ്ര സീറ്റിന്് പകരം കേരളാ കോൺഗ്രസിന് കുറ്റ്യാടി സീറ്റ് നൽകാനാണ് ധാരണം. യുഡിഎഫിൽ കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്ന സീറ്റായിരുന്നു പേരാമ്പ്ര. ഇവിടെ കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി ശക്തമായി മത്സരമായിരുന്നു കാഴ്‌ച്ചവെച്ചത്. കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി ഇഖ്ബാൽ ടി പി രാമകൃഷ്ണനുമായി ശക്തമായ മത്സരം കാഴ്‌ച്ചവെച്ചു. കുറ്റ്യാടിയിൽ ആകട്ടെ ലീഗിലെ പാറക്കൽ അബ്ദള്ള ആയിരത്തോളം വോട്ടുകൾക്കാണ് വിജയിച്ചത്. കെ കെ ലതികയെയാണ് പരാജയപ്പെടുത്തിയത്. ഈ പേരാമ്പ്ര മണ്ഡലം ഇഖ്ബാലിനായി വിട്ടു നൽകാനാണ് സിപിഎം സമ്മതം അറിയിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുടയ്ക്കു പകരം മറ്റൊരു സീറ്റാണ് സിപിഎമ്മിന്റെ വാഗ്ദാനം. നിലവിൽ ഇരിങ്ങാലക്കുട സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. തൊടുപുഴയിൽ പി.ജെ. ജോസഫിനെതിരെ കേരള കോൺഗ്രസ് (എം) മത്സരിക്കണമെന്നാണ് സിപിഎമ്മിന്റെ നിർദ്ദേശം. റോഷി അഗസ്റ്റിൻ വിജയിച്ച ഇടുക്കി സീറ്റും ലഭിക്കും. അതേസമയം കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് വിട്ടുകൊടുക്കും. കുട്ടനാട്ടിൽ കേരളാ കോൺഗ്രസിന് നിർത്താൻ പാകത്തിന് സ്ഥാനാർത്ഥികളില്ല. പാലായ്ക്കു പുറമേ എൻസിപിയുടെ രണ്ടാമത്തെ സീറ്റും കേരള കോൺഗ്രസിനു നൽകാനാവില്ലെന്നാണ് സിപിഎം നിലപാട്.

പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓരോ സീറ്റു നൽകും. സീറ്റ് ഏതെന്ന് പിന്നീട് തീരുമാനിക്കും. തിരുവനന്തപുരം ജില്ലയിൽ നിലവിൽ സീറ്റിനെ കുറിച്ചു ധാരണ ആയില്ല. ഇവിടെ ആന്റണി രാജുവിനെ മാണി വിഭാഗത്തിനൊപ്പം ചേർന്നാൽ നൽകാൻ തിരുവനന്തപുരം സീറ്റ് വിട്ടു നൽകിയേക്കും. പാലാ സീറ്റ് കേരള കോൺഗ്രസിനു നൽകുമ്പോൾ ജോസ് കെ. മാണി രാജ്യസഭാ സീറ്റ് രാജിവയ്ക്കണമെന്നും ആ സീറ്റ് മാണി സി. കാപ്പൻ എംഎൽഎയ്ക്കു നൽകണമെന്നുമുള്ള ആവശ്യം ചർച്ചയായില്ല. പാലാ സീറ്റ് വിട്ടുനൽകാൻ എൻസിപിയും കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ സിപിഐയും ഒരുക്കമല്ല. എന്നാൽ ചർച്ചയിലൂടെ തർക്കം പരിഹരിക്കാമെന്നാണു സിപിഎം കേരള കോൺഗ്രസിന് (എം) നൽകുന്ന സൂചന. മുന്നണിയുടെ വിശാല താൽപ്പര്യം കരുതി സിപിഐയും വിട്ടുവീഴ്‌ച്ചക്ക് തയ്യാറായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP