Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202218Tuesday

ഡിസിസിയുടെ അമരത്ത് 92ൽ സുധാകരനെത്തിയത് മമ്പറത്തിന്റെ പിന്തുണയിൽ; കെഎസ് പിടിമുറുക്കിയപ്പോൾ മമ്പറം ശത്രുവുമായി; സഹകരണ ആശുപത്രിയിൽ മുൻതൂക്കം പുറത്താക്കിയ നേതാവിന്; സജിത്തിനെ ഭരണ സമിതിയിൽ എടുക്കാത്തത് അച്ചടക്ക നടപടിയായി; കോൺഗ്രസുകാരനായി തുടരുമെന്ന് മമ്പറം ദിവാകരൻ; തലശ്ശേരിയിൽ സുധാകരൻ ജയിക്കുമോ?

ഡിസിസിയുടെ അമരത്ത് 92ൽ സുധാകരനെത്തിയത് മമ്പറത്തിന്റെ പിന്തുണയിൽ; കെഎസ് പിടിമുറുക്കിയപ്പോൾ മമ്പറം ശത്രുവുമായി; സഹകരണ ആശുപത്രിയിൽ മുൻതൂക്കം പുറത്താക്കിയ നേതാവിന്; സജിത്തിനെ ഭരണ സമിതിയിൽ എടുക്കാത്തത് അച്ചടക്ക നടപടിയായി; കോൺഗ്രസുകാരനായി തുടരുമെന്ന് മമ്പറം ദിവാകരൻ; തലശ്ശേരിയിൽ സുധാകരൻ ജയിക്കുമോ?

അനീഷ് കുമാർ

കണ്ണൂർ: തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ കഴിയില്ലെന്ന് മമ്പറം ദിവാകരൻ. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമംഗീകരിക്കാൻ കഴിയില്ലെന്നും ഇപ്പോഴും താൻ കോൺഗ്രസുകാരനാണെന്നും മമ്പറം ദിവാകരൻ വ്യക്തമാക്കി. പാർട്ടി വിട്ട് എങ്ങോട്ടും പോവില്ല. പാർട്ടിക്കു വേണ്ടി മർദ്ദനമേൽക്കുകയും ജയിൽവാസമനുഷ്ഠിക്കുകയുംചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധി ആശുപത്രിയെ ഈ നിലയിലത്തെിച്ചത് താനാണ്. താൻ മറ്റുള്ളവരെപ്പോലെ ഇതുവരെ പാർട്ടി വിട്ടുപോയിട്ടില്ല. എപ്പോഴും കോൺഗ്രസ് പ്രവർത്തകനായി തന്നെയാണ് ജീവിച്ചത്. ഇനിയും പാർട്ടി വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല-മമ്പറം പറയുന്നു.

തനിക്കെതിരെയുള്ള നടപടിക്ക് പിന്നിലെന്താണ് കാരണമെന്ന് പാർട്ടി പ്രവർത്തകർക്കറിയാം. പാർട്ടിയുടെ താഴെത്തട്ടിൽ പ്രവർത്തിച്ചയാളാണ് താനെന്നും മമ്പറം ദിവാകരൻ വ്യക്തമാക്കി. കെപിസിസി നിർവാഹക സമിതിയംഗംവരെയായി പ്രവർത്തിച്ച മമ്പറം ദിവാകരന്റെ പാനലിനെതിരെ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഡി.സി.സി സ്വന്തം പാനൽ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ മത്സരരംഗത്തു നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് മമ്പറം ദിവാകരൻ വിഭാഗം. ഇന്ദിരാഗാന്ധിസഹകരണ ആശുപത്രിയിലെ വോട്ടർമാരിൽ കൂടുതലും മമ്പറം ദിവാകരനെ അനുകൂലിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മമ്പറം പാനൽ തന്നെ വീണ്ടും അധികാരത്തിലേക്ക് വരാനാണ് സാധ്യത.

കഴിഞ്ഞ പത്തുവർഷക്കാലമായി കോൺഗ്രസിനുള്ളിൽ പുകയുന്ന പ്രശ്നങ്ങളാണ് മുതിർന്ന കോൺഗ്രസ് നേതാവാായ മമ്പറം ദിവാകരന്റെ പുറത്താകലിൽ കലാശിച്ചത്. തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി ഭരണസമിതിയിൽ ചിലരെ ഉൾപ്പെടുത്താൻ മമ്പറം ദിവാകരൻ വിസമ്മതിച്ചതോടെയാണ് പത്തുവർഷം മുൻപുള്ള അസ്വാരസ്യങ്ങൾ വീണ്ടും ആളിപ്പടർന്നത്. തലശേരി നഗരസഭാ കൗൺസിലറായിരുന്ന അഡ്വ.സി.ടി സജിത്തുൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തുന്നതിനാണ് മമ്പറം ദിവാകരൻ വിസമ്മതിച്ചത്.

ആശുപത്രിക്കു വേണ്ടി 22 കോടിരൂപ ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിനെതിരെ പരാതി കൊടുപ്പിച്ചതും തലശേരി നഗരസഭയുടെ കെട്ടിടാ അനുമതി ലഭിക്കാത്തതിനു പിന്നിലും സി.ടി സജിത്ത് ഉൾപ്പെടെയുള്ളവരാണെന്നാണ് മമ്പറം ദിവാകരന്റെ ആരോപണം. സംഘം ഭരണസമിതിയിലേക്ക് നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ ഭരണസമിതിയിൽ ഉൾക്കൊള്ളിക്കണമെന്ന പാർട്ടിയുടെ ആവശ്യം മമ്പറം ദിവാകരൻ തള്ളിക്കളയുകയായിരുന്നു.ഇത്തവണ കെപിസിസിയും ഡി.സി.സിയും നിലപാട് കടുപ്പിക്കുകയും പാർട്ടി ആദ്യമായി ഒരു പാനലിനെ രംഗത്തിറക്കുകയും ചെയ്തു

കെപിസിസി ജനറൽസെക്രട്ടറി സോണിസെബാസ്റ്റ്യൻ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ, കെ.മുരളീധരൻ എംപി എന്നിവരടങ്ങിയ സമിതി ഈ വിഷയത്തിൽ അനുരഞ്ജനത്തിന് ശ്രമിച്ചുവെങ്കിലും അഡ്വ.സി.ടി. സജിത്തിനെ പാനലിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നു മമ്പറം ദിവാകരൻ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് മമ്പറത്തെ അനുകൂലിച്ച മമ്പറം മണ്ഡലം സെക്രട്ടറി കെ.കെ പ്രസാദിനെ നീക്കം ചെയ്യാനും പാനലിൽ മത്സരിച്ച കെ.ജെ ശാന്തയെ പാർട്ടിയിൽ നിന്നും പുറത്താക്കാനും കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

തർക്കം ഇന്ദിരാഗാന്ധി ഭരണസമിതിയെ കുറിച്ചുള്ളതാണെങ്കിൽ കെ.സുധാകരനുമായി കഴിഞ്ഞ കുറെക്കാലമായിപൊരിഞ്ഞ പോരിലാണ് മമ്പറം ദിവാകരൻ. സുധാകരനെ കെപിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് നിയോഗിച്ചതിൽ ഏറ്റവും കൂടുതൽ എതിർപ്പുപ്രകടിപ്പിച്ച നേതാക്കളിലൊരാൾ മമ്പറം ദിവാകരനായിരുന്നു. സുധാകരൻ കോൺഗ്രസിന്റെ കടിഞ്ഞാൺ ഏന്തിയതുമുതൽ മമ്പറത്തിനെതിരെ പാർട്ടിതല നടപടി വരുമെന്ന സൂചനയുണ്ടായിരുന്നു.

1992- ൽ നടന്ന സംഘടനാതെരഞ്ഞെടുപ്പിൽ മമ്പറം ദിവാകരന്റെ പിൻതുണയോടെയാണ് കെ.സുധാകരൻ എൻ.രാമകൃഷ്ണൻ വിഭാഗത്തെ പരാജയപ്പെടുത്തി ഡി.സി.സി അധ്യക്ഷ പദവിയിലേക്ക് വരുന്നത്. എന്നാൽ പിന്നീട് ഇരു നേതാക്കളും അകലുകയായിരുന്നു. പിന്നീട് കെ.സുധാകരനെതിരെയുള്ള നീക്കങ്ങളുടെ അമരക്കാരനായി മമ്പറം ദിവാകരൻ മാറിയതോടെ സുധാകരന്റെ പാർട്ടിക്കുള്ളിലെ നിശിതവിമർശകനും നമ്പർവൺ ശത്രുവുമായി മമ്പറം മാറി.

കെ.കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ ഡ്രൈവർ പ്രശാന്ത് ബാബു ഉന്നയിച്ച ആരോപണങ്ങൾക്കു പിന്നിൽ മമ്പറം ദിവാകരനാണെന്നുവരെ സുധാകരൻ വിഭാഗം സംശയിക്കുന്നു.ധർമടം മണ്ഡലത്തിൽ നിന്നും കെ.കെ നാരായണൻ, പിണറായി വിജയൻ എന്നിവർക്കെതിരെ രണ്ടു ടേം മത്സരിച്ചുവെങ്കിലും തനിക്കെതിരെ ഹൈക്കമാൻഡിന് പരാതി നൽകുകയും സ്ഥാനാർത്ഥിത്വത്തിന് പാരവയ്ക്കുകയും ചെയ്തത് സുധാകര വിഭാഗമാണെന്നാണ് മമ്പറം ദിവാകരന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP