Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം തേടി മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണൻ പാണക്കാട്ടെ വീട്ടിൽ; സർക്കാർ ഉദ്യോഗസ്ഥൻ രാഷ്ട്രീയ എതിരാളികളുടെ വീട്ടിൽ പോയി സഹായം ചോദിച്ചത് എന്തിനെന്ന് സിപിഎം; പാർട്ടിയെ അമ്പരിപ്പിച്ചത് 10 കോടിയുടെ സഹായം നൽകാമെന്ന ലീഗിന്റെ വാഗ്ദാനം; സഹായം വേണമെങ്കിൽ സർവകക്ഷിയോഗം വിളിക്കാമായിരുന്നുവെന്നും വിമർശനം; മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് ജില്ലാ നേതൃത്വം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം തേടി മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണൻ പാണക്കാട്ടെ വീട്ടിൽ; സർക്കാർ ഉദ്യോഗസ്ഥൻ രാഷ്ട്രീയ എതിരാളികളുടെ വീട്ടിൽ പോയി സഹായം ചോദിച്ചത് എന്തിനെന്ന് സിപിഎം; പാർട്ടിയെ അമ്പരിപ്പിച്ചത് 10 കോടിയുടെ സഹായം നൽകാമെന്ന ലീഗിന്റെ വാഗ്ദാനം; സഹായം വേണമെങ്കിൽ സർവകക്ഷിയോഗം വിളിക്കാമായിരുന്നുവെന്നും വിമർശനം; മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് ജില്ലാ നേതൃത്വം

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് പാണക്കാട് സാദിഖലി തങ്ങളുടെ വീട് സന്ദർശിച്ച മലപ്പുറം കലക്ടർ കെ ഗോപാലകൃഷ്ണനെതിരെ സിപിഎം. ഒരു സർക്കാർ ഉദ്യോഗസ്ഥൻ സ്വന്തംഇഷ്ടപ്രകാരം പാണക്കാട്ടെ വീട്ടിൽ പോയി സഹായം അഭ്യർത്ഥിച്ചതും തിരിച്ച് മുസ്ലിംലീഗ് അമ്പരപ്പിക്കുന്ന രീതിയിൽ 10 കോടി രൂപയുടെ സഹായം നൽകാമെന്നേറ്റതും രാഷ്ട്രീയപരമായി സിപിഎമ്മിനും സർക്കാറിന്റേയും പിടിപ്പുകേടായി ജനം ചിത്രീകരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തുന്നത്. സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെയും മുഖ്യമന്ത്രിയെയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയെയും അതൃപ്തി അറിയിച്ചതായാണ് സൂചന.

സംഭവത്തിൽ കലക്ടറോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയേക്കും. ഇത്തരത്തിൽ സഹായങ്ങൾ വേണമായിരുന്നെങ്കിൽ കലക്ടർക്ക് സർവ്വകക്ഷിയോഗം വിളിച്ച് അഭ്യർത്ഥിക്കാമായിരുന്നുവെന്നും അല്ലാതെ പാണക്കാട്ടെ വീട്ടിൽ പോയി സഹായം തേടേണ്ട കാര്യമില്ലായിരുന്നുവെന്നുമാണ് ജില്ലയിലെ സിപിഎം പ്രവർത്തകർ ഉന്നയിക്കുന്നത്.

നേരത്തെ തിരുവനന്തപുരം കളക്ടർ ആയിരിക്കെ മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റിയതെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ പുതിയ നടപടിയിലൂടെ മലപ്പുറത്തുനിന്നും കലക്ടർക്ക് സ്ഥാന ചലനമുണ്ടാകാനുള്ള സാധ്യയുണ്ടെന്നാണ് വിലയിരുത്തൽ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളെയും സന്ദർശിച്ചത്. അന്നേ ദിവസം ഉച്ചയ്ക്കാണ് കലക്ടർ പാണക്കാട്ടെത്തിയത്. തുടർന്ന് സാദിഖലി തങ്ങളുമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ജില്ലയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ചർച്ച ചെയ്തു.

ജില്ലയിൽ രോഗികളുടെ എണ്ണം ദിനം പ്രതി ഉയർന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസരത്തിൽ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടം ഊന്നൽ നൽകുന്നത്. വരും ദിവസങ്ങളിൽ സർക്കാർ ഒരുക്കിയിട്ടുള്ള പരിമിതമായ സൗകര്യം തികയാതെ വന്നേക്കും. ഈ സാഹചര്യത്തെ നേരിടുന്നതിനാണ് കലക്ടർ മുസ്ലിം ലീഗിന്റെസഹായം തേടിയത്. നിലവിൽ ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ 30 വെന്റിലേറ്ററുകൾ മാത്രമാണുള്ളത്. 100 എണ്ണമെങ്കിലും ജില്ലയിൽ ആവശ്യമുണ്ട്. കൂടാതെ മറ്റു ജീവൻരക്ഷാ ഉപകരണങ്ങളും സജ്ജമാക്കേണ്ട സാഹചര്യമാണുള്ളത്. ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിന് മുസ്ലിം ലീഗിന്റെ സഹകരണം പ്രതീക്ഷിച്ചാണ് കലക്ടർ പാണക്കാട്ടെത്തിയത്.
ജീവൻരക്ഷാ ഉപകരണങ്ങൾ ഒരുക്കാനും തുടർന്നുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കും മുസ്ലിം ലീഗ് പാർട്ടിയുടെയും പോഷകസംഘടനകളുടെയും എംഎ‍ൽഎമാരുടെയും സഹകരണബാങ്കുകളുടെയും സഹകരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉറപ്പ് നൽകി. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജു സന്നിഹിതനായിരുന്നു.

മലപ്പുറം കലക്ടറുടെ അഭ്യർത്ഥനയെ തുടർന്ന് മലപ്പുറം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മുസ്ലിം ലീഗ് 10 കോടിയുടെ ഉപകരണങ്ങൾ നൽകുമെന്ന് വ്യാഴാഴ്‌ച്ചയാണ് ലീഗ് നേതൃത്വം അറിയിച്ചത്. കോവിഡ് ചികിത്സാ കേന്ദങ്ങളിലേക്ക് 10 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിച്ച് നൽകൻ ഇന്നലെ ചേർന്ന അടിയന്തരി യോഗം തീരുമാനിച്ചത്. ആദ്യസഹായം അടുത്ത ദിവസം തന്നെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് കൈമാറുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി , ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ. എം. ഉമർ എംഎ‍ൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കുകയും ജില്ലയിലെ പാർട്ടിയുടെ എംപിമാർ, എംഎ‍ൽഎമാർ, വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികൾ, സഹകരണ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ ഓൺലൈൻ യോഗം ചേരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയുണ്ടായത്.

ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തന്നെ മുസ്ലിംലീഗ് എംപിമാരും, എംഎ‍ൽഎമാരും പാർട്ടിയുടെ നേതൃത്വത്തിൽ ഭരണം തുടരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവർക്ക് ലഭിക്കുന്ന വികസന ഫണ്ടിൽ നിന്നും സ്പോൺസർഷിപ്പിലൂടെയും വലിയ സഹായങ്ങൾ ഇതിനകം തന്നെ നൽകിയിരുന്നു. എംപിമാരും എംഎ‍ൽഎമാരും മാത്രം ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി 5.07 കോടിരൂപ നൽകുകയുണ്ടായി. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം.

നിലവിലുള്ള സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് 10 കോടിയോളം രൂപയുടെ ഉപകരണങ്ങൾ ആശുപത്രികളിലേക്കും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേക്കും വാങ്ങി നൽകുന്നതിനു വേണ്ടി 'അതിജീവനം- കോവിഡ് മോചനത്തിന്, മുസ്ലിംലീഗ് കൈത്താങ്ങ്' എന്ന പേരിൽ കാമ്പയിൽ സംഘടിപ്പിക്കും. എംപിമാർ, എംഎ‍ൽഎമാർ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, അവരുടെ വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ടുള്ള സ്പോൺസറിങ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, സർവീസ് സഹകരണ ബാങ്കുകളുടെ പൊതുനന്മ ഫണ്ട്, ഇത്തരം കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സഹകരണ ബാങ്കുകളുടെ മറ്റ് ഫണ്ടുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാർ അവരുടെ വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തുന്ന സ്പോൺസറിങ്, കെഎംസിസി അടക്കമുള്ള മുസ്ലിംലീഗിന്റെ പോഷക സംഘടനകളുടെ സ്പോൺസറിങ് എന്നിങ്ങനെയാണ് വിവിധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നത്. ഈ രീതിയിൽ കോവിഡ് ചികിത്സക്ക് സഹായം ലഭ്യമാക്കുന്നതിന് സർക്കാറിൽനിന്ന് ചില പ്രത്യേക ഉത്തരവുകളും അനുമതികളും ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP