Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

കർണ്ണാടകയിലെ വിജയം കോൺഗ്രസിന്റെ തിരിച്ചു വരവാണെന്ന് പറയാനാവില്ല; ഭരണവിരുദ്ധ വികാരവും മതനിരപേക്ഷതയും കർണാടകയിൽ പ്രതിഫലിച്ചു; ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം; ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം: എം വി ഗോവിന്ദന്റെ താത്വിക അവലോകനം

കർണ്ണാടകയിലെ വിജയം കോൺഗ്രസിന്റെ തിരിച്ചു വരവാണെന്ന് പറയാനാവില്ല; ഭരണവിരുദ്ധ വികാരവും മതനിരപേക്ഷതയും കർണാടകയിൽ പ്രതിഫലിച്ചു; ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം; ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം: എം വി ഗോവിന്ദന്റെ താത്വിക അവലോകനം

അനീഷ് കുമാർ

കണ്ണൂർ: കർണാടകത്തിൽ കോൺഗ്രസ് വൻ വിജയം നേടിയിട്ടും അതിനെ പൂർണമായും അംഗീകരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കർണ്ണാടകയിലെ വിജയം ഇന്ത്യയിലെ കോൺഗ്രസിന്റെ തിരിച്ചുവരവാണെന്ന് പറയാനാവില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ ഓരോ സംസ്ഥാനങ്ങളിലും ഏകോപിക്കപ്പെടണം. ഭരണ വിരുദ്ധ വികാരവും മതനിരപേക്ഷതയും കർണാടകയിൽ പ്രതിഫലിച്ചുവെന്നും കണ്ണൂർ ജവഹർ ഓഡിറ്റോറിയം അങ്കണത്തിൽ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വർഗ്ഗീയതയോടുള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ലോക് സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വർഗീയ അജൻഡകൾ നടപ്പിലാകാനുള്ള നീക്കത്തിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നുണ്ടായതെന്നും എം.വി ഗോവിന്ദൻ ചൂണ്ടികാട്ടി.

അതേസമയം കർണാടകയിലെ ബാഗേപ്പള്ളി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയത്തിലേക്ക് നീങ്ങുകയാണ്. സിറ്റിങ് എംഎൽഎയും കോൺഗ്രസ് നേതാവുമായ എസ് എൻ സുബ്ബറെഡ്ഡിയാണ് മണ്ഡലത്തിൽ വിജയിച്ച്. ബിജെപിയുടെ മുനിരാജുവാണ് രണ്ടാമത്. സിപഎം സ്ഥാനാർത്ഥിയായ ഡോ. എ അനിൽ കുമാർ മൂന്നാമതാണ്. സിപിഎമ്മിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് ബാഗേപ്പള്ളി. നേരത്തെ മൂന്ന് തവണ സിപിഐ എം വിജയിച്ച മണ്ഡലമാണിത്. ഇവിടെയാണ് തോൽവി നേരിട്ടത്.

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ നാല് സീറ്റിൽ മത്സരിച്ചെങ്കിലും സിപിഎം വിജയം പ്രതീക്ഷിച്ച ഏക മണ്ഡലം ചിക്കബല്ലാപ്പൂർ ജില്ലയിലെ ബാഗേപ്പള്ളിയായിരുന്നു. ഇവിടെ ഇത്തവണ സിപിഎം മൂന്നാമതായി. ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വലിയ സ്വാധീനമുണ്ട്. മണ്ഡലത്തിന് കീഴിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും സിപിഎമ്മിനാണ് ഭരണം. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലേറെ വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്തിയ ജെഡിഎസ് ഇത്തവണ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതും സിപിഎമ്മിന്റെ പ്രതീക്ഷ വർധിപ്പിച്ചു. പക്ഷേ വോട്ടിൽ അത് പ്രതിഫലിച്ചില്ല. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ നേതൃത്വത്തിലായിരുന്നു ബാഗേപ്പള്ളിയിലെ പ്രചരണം.

കേരളത്തിലെ സിപിഎമ്മുകാരെല്ലാം കർണ്ണാടകയിലെ കോൺഗ്രസ് വിജയം ആഘോഷിക്കുന്നു. മതേതരത്വം ജയിച്ചുവെന്ന് പറയുന്നു. എന്നാൽ ജയിച്ചത് കോൺഗ്രസാണ്. കോൺഗ്രസിനെ സിപിഎം പിന്തുണച്ചില്ല. മറിച്ച് ജെഡിഎസിനൊപ്പം നിന്നു. കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിച്ച് ബിജെപിക്ക് ജയമൊരുക്കാനായിരുന്നു ജെഡിഎസിന്റെ ശ്രമമെന്ന വിമർശനം ഉയർന്നിരുന്നു. ഈ പാർട്ടിക്കൊപ്പമായിരുന്നു സിപിഎം. കോൺഗ്രസിന് നിരുപാധിക പിന്തുണ നൽകാതെ മതേതര പക്ഷത്ത് നിന്ന് മാറി നിന്ന സിപിഎം. ഈ രാഷ്ട്രീയ നയത്തിനേറ്റ തിരിച്ചടി കൂടിയാണ് ബാഗേപ്പള്ളിയിലെ സിപിഎമ്മിന്റെ മൂന്നാം സ്ഥാനം. ബിജെപി വലിയ തോതിൽ വോട്ടുയർത്തി. കോൺഗ്രസ് അവരുടെ വോട്ട് നിലനിർത്തി ജയിച്ചു. ഇതിൽ നിന്നും ജെഡിഎസ്-സിപിഎം വോട്ട് രണ്ടാമത് എത്തിയ ബിജെപിക്ക് ചോർന്നുവെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP