Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഗ്ഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ല; പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കും; പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ കരുതലോടെ പ്രതികരിച്ചു എം വി ഗോവിന്ദൻ; ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്റണിയും

വർഗ്ഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ല; പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കും; പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ കരുതലോടെ പ്രതികരിച്ചു എം വി ഗോവിന്ദൻ; ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്റണിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ കരുതലോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന നേതൃത്വം. പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു.വർഗ്ഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതികരണം ആലോചിച്ച ശേഷം മാത്രമെന്ന് പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ഡൽഹിയിൽ വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം സംസ്ഥാന സർക്കാർ അംഗീകരിക്കില്ലേ എന്ന ചോദ്യത്തിന്, കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നിലപാട് ഇവിടെ നടപ്പിലാക്കില്ലെന്ന് പറഞ്ഞാൽ സർക്കാരിന് നിലനിൽക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു എം പി ഗോവിന്ദന്റെ മറുപടി. ഇതിൽ സ്വാഭാവികമായും സർക്കാർ സർക്കാരിന്റേതായ നിലപാട് സ്വീകരിക്കും. അഭിമന്യു വധം അടക്കമുള്ള കാര്യങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതെല്ലാം ശരിയാണെന്നും ഗോവിന്ദൻ പറഞ്ഞു. നിരോധനം വർഗീയതയ്ക്ക് എതിരെങ്കിൽ ഒരു വിഭാഗത്തിന് മാത്രമാവരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അതേസമയം ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്റണി പറഞ്ഞു.അക്രമസംഭവങ്ങൾ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം.നിരോധിക്കുന്ന സംഘടനകൾ മറ്റു മാർഗത്തിൽ പ്രവർത്തിക്കും.നിരോധിക്കുകയാണെങ്കിൽ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകൾ ഉണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

പി എഫ് ഐ യെ നിരോധിച്ചത് അവർ സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടു തന്നെയാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. ആർ എസ് എസും സംഘപരിവാര സംഘടനകളും പി എഫ് ഐ നടത്തുന്ന അതേ വർഗീയ ധ്രുവീകരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അധികാരികൾക്ക് നീതിയോടെ കാര്യങ്ങളെ കാണാൻ കഴിയണം. തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങൾക്കും കടിഞ്ഞാണിടണം.അല്ലെങ്കിൽ നിരോധനം കൊണ്ടു ഫലം ഇല്ലാതെ വരും. തീവ്രചിന്തകൾക്ക് പ്രചോദനം നൽകുന്ന ഏതു നീക്കവും കരുതലോടെ കാണണമെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.

അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഐഎസ് ഉൾപ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നിരോധന ഉത്തരവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അരക്ഷിതാവസ്ഥയുണ്ടന്ന് പ്രചരിപ്പിച്ച് ഒരു സമുദായത്തെ തീവ്രവാദവത്കരിക്കുകയാണ്, പിഎഫ്ഐയും പോഷക സംഘടനകളും രഹസ്യമായി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിഎഫ്ഐയുടെ പ്രവർത്തനം. ഒരു വിഭാഗത്തെ രാജ്യത്തിനെതിരെ തിരിക്കുകയെന്നതാണ് അവർ പിന്തുടരുന്ന പ്രവർത്തന രീതി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും പിഎഫ്ഐയുടെ പ്രവർത്തനം ഭീഷണിയാണ്. പിഎഫ്ഐയുടെ പ്രവർത്തനത്തിനു വേണ്ടി ഫണ്ട് സമാഹരിക്കുന്നത് റിഹാബ് ഇന്ത്യ ഫൗണ്ടേഷനാണ്. റിഹാബ് ഇന്ത്യയ്ക്കു പുറമേ കാംപസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയും ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഇവയുടെ എല്ലാം പ്രവർത്തനം അഞ്ചു വർഷത്തേക്കു വിലക്കുകയാണെന്ന് ഉത്തരവിൽ പറയുന്നു.

സാമൂഹ്യ, വിദ്യാഭ്യാസ, രാഷ്ട്രീയ സംഘടനകൾ എന്ന നിലയ്ക്കാണ് ഈ സംഘടനകൾ പരസ്യമായി പ്രവർത്തിച്ചതെങ്കിലും അതു വെറും മറ മാത്രമായിരുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തെ തീവ്രവാദത്തിലേക്ക് എത്തിക്കുക എന്നതാണ് അവരുടെ രഹസ്യ അജൻഡ. ജനാധിപത്യത്തെ ഇകഴ്‌ത്തിക്കാണിക്കുകയും ഭരണഘടനയെ അവമതിക്കുകയുമാണ് അവർ ചെയ്തുകൊണ്ടിരുന്നത്. അട്ടിമറി പ്രവർത്തനങ്ങളിലാണ് പിഎഫ്ഐ അംഗങ്ങൾ ഏർപ്പെട്ടുകൊണ്ടിരുന്നത് എന്നതിന് ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

പിഎഫ്ഐയ്ക്കും അതിനോടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്കും എതിരെ സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് മറ്റൊരു വിജ്ഞാപനത്തിൽ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും വസ്തുവകകൾ പിടിച്ചെടുക്കുകയും വേണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP