Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

വിവാദങ്ങൾക്ക് പുല്ലുവില; സാന്റിയാഗോ മാർട്ടിനും വേണ്ടി എംകെ ദാമോദരൻ വീണ്ടും എത്തിയത് വിമർശനങ്ങളെ അവഗണിച്ച്; മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി രാജിവയ്ക്കുമെന്നത് വെറും ഊഹാപോഹമായി ഒതുങ്ങി

വിവാദങ്ങൾക്ക് പുല്ലുവില; സാന്റിയാഗോ മാർട്ടിനും വേണ്ടി എംകെ ദാമോദരൻ വീണ്ടും എത്തിയത് വിമർശനങ്ങളെ അവഗണിച്ച്; മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി രാജിവയ്ക്കുമെന്നത് വെറും ഊഹാപോഹമായി ഒതുങ്ങി

കൊച്ചി : ആരു പറഞ്ഞാലും സാന്റിയാഗോ മാർട്ടിനെ കൈവിടാൻ എംകെ ദാമോദരൻ ഒരുക്കമല്ല. അതിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന പദവി ഒഴിയേണ്ടതില്ലെന്ന നിലപാടിലാണ് ദാമോദരൻ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന സ്ഥാനത്ത് നിന്നുള്ള രാജി വെറും വാർത്തയായി തുടരും. വിവാദങ്ങൾ അവഗണിച്ച് ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനു വേണ്ടി ദാമോദരൻ വീണ്ടും ഹൈക്കോടതിയിൽ ഹാജരായി.

കഴിഞ്ഞ തവണ ഹാജരായതിനെ തുടർന്നുള്ള വിവാദങ്ങളോട് അഡ്വ. ദാമോദരൻ പ്രതികരിച്ചിരുന്നില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്തു കണ്ടുകെട്ടൽ ഉത്തരവിനെതിരെ മാർട്ടിൻ നൽകിയ ഹർജി ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ 14നു പരിഗണിക്കാൻ മാറ്റി. അടുത്ത ദിവസവും ഹാജരാകും. സർക്കാരിൽ നിന്ന് പ്രതിഫലം പറ്റാത്തതിനാൽ ഇത്തരം കേസുകളിൽ പങ്കെടുക്കാമെന്നാണ് ദാമോദരന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാവശ്യപ്പെടാതെ സ്ഥാനം രാജിവയ്ക്കുകയുമില്ല. ലാവ്‌ലിൻ കേസിലെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ പിണറായിക്ക് തന്നെ പിണക്കാനാവില്ലെന്നാണ് ദാമോദരന്റെ വിലയിരുത്തൽ. ഈ സാഹചര്യമാണ് സാന്റിയാഗോ മാർട്ടിന് വേണ്ടി സമർത്ഥമായി ഉപയോഗിക്കുന്നത്.

സിക്കിം ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളുടെ ലോട്ടറി വിതരണക്കാരനായ മാർട്ടിൻ വ്യാജ ലോട്ടറി വിറ്റുവെന്ന് ആരോപിക്കുന്ന 32 കേസുകളിൽ ഏഴെണ്ണത്തിൽ സിബിഐ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2014 ഓഗസ്റ്റ് 19നു കേസ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, വിശ്വാസവഞ്ചന, ഗൂഢാലോചനക്കുറ്റങ്ങൾക്കാണു കേസ്. ഈ കേസിൽ കഴിഞ്ഞ ദിവസവും സാന്റിയാഗോ മാർട്ടിനായി വലിയ വാദമാണ് കോടതിയിൽ ദാമോദരൻ നടത്തിയത്.

ലോട്ടറി നിയന്ത്രണ നിയമം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും കണ്ടുകെട്ടൽ നടപടി നിലനിൽക്കില്ലെന്നും ഹർജിക്കാരനു വേണ്ടി എം.കെ.ദാമോദരൻ ബോധിപ്പിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ദക്ഷിണ മേഖലാ അഡീ. സോളിസിറ്റർ ജനറൽ കെ.എം.നടരാജിനു ഹാജരാകാൻ കേസ് മാറ്റണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. അപ്പീലിനുള്ള ബദൽമാർഗം തേടാതെ മാർട്ടിന്റെ ഹർജി നിലനിൽക്കില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. 2016 മാർച്ച് 31ലെ താൽക്കാലിക കണ്ടുകെട്ടൽ ഉത്തരവാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.

ഇതിന്റെ തുടർ നടപടിയിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള അഥോറിറ്റി മുൻപാകെ മാർട്ടിൻ ഹാജരായിരുന്നു. കള്ളപ്പണമുൾപ്പെട്ട സ്വത്തല്ലെന്നു കണ്ടാൽ അഥോറിറ്റിക്കു കണ്ടുകെട്ടൽ അസാധുവാക്കാം. അഥോറിറ്റിയുടെ ഉത്തരവിനെതിരെ അപ്പീലിനും വ്യവസ്ഥയുണ്ട്. ഇത്തരം മാർഗങ്ങൾ അവഗണിച്ചുള്ള ഹർജി നിലനിൽക്കില്ലെന്നും വിശദീകരിച്ചു. ഡെയ്‌സൺ ലാൻഡ് ആൻഡ് ഡവലപ്‌മെന്റ്, ചാൾസ് റിയൽറ്റേഴ്‌സ്, മാർട്ടിൻ മൾട്ടി പ്രോജക്ട്‌സ്, ഡെയ്‌സൺ ലക്ഷ്വറി വില്ലാസ് എന്നീ കമ്പനികളുടെ സ്വത്തു കണ്ടുകെട്ടാനാണ് ഉത്തരവെങ്കിലും കമ്പനികളല്ല ഹർജി നൽകിയത്.

ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ടു സിബിഐ ആരോപിക്കുന്ന ഗൂഢാലോചന, വിശ്വാസ വഞ്ചനാക്കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ വരും. ഈ കുറ്റങ്ങളൊന്നും നിലവിലെ ഹർജിയിൽ ചോദ്യം ചെയ്യുന്നില്ല. 2014 ഫെബ്രുവരിയിലെ സിബിഐ കുറ്റപത്രത്തിനെതിരെ 2016 ജൂണിൽ മാർട്ടിൻ വിടുതൽ ഹർജി നൽകിയതു സ്വത്തു കണ്ടുകെട്ടൽ ചെറുക്കാനാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP