Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളം സൊമാലിയ പോലെ എന്ന മോദിയുടെ പരാമർശത്തിൽ അടങ്ങിയിരിക്കുന്നതു വർണവെറിയും; ആദിവാസി കുട്ടികളെ ആക്ഷേപിച്ച ഉമ്മൻ ചാണ്ടിയും വംശീയ വിദ്വേഷത്തിന്റെ വക്താവ്: പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമർശിച്ച് എം എ ബേബി

കേരളം സൊമാലിയ പോലെ എന്ന മോദിയുടെ പരാമർശത്തിൽ അടങ്ങിയിരിക്കുന്നതു വർണവെറിയും; ആദിവാസി കുട്ടികളെ ആക്ഷേപിച്ച ഉമ്മൻ ചാണ്ടിയും വംശീയ വിദ്വേഷത്തിന്റെ വക്താവ്: പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം: കേരളത്തെ സൊമാലിയയുടെ കാര്യം പറഞ്ഞു കുറച്ചു കാട്ടിയ പ്രധാനമന്ത്രിയുടെ പരാമർശത്തിൽ അടങ്ങിയിരിക്കുന്നതു വർണവെറി കൂടിയാണെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഈ പരാമർശത്തെക്കുറിച്ചു പറഞ്ഞ് ആദിവാസിക്കുട്ടികളെ അപമാനിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വംശീയ വിദ്വേഷം പരത്തുകയാണെന്നും ബേബി കുറ്റപ്പെടുത്തി.

മോദിയുടെ സൊമാലിയ പരാമർശം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വിധേയമാകുന്നതിനിടെയാണ് വിമർശനവുമായി എം എ ബേബിയും രംഗത്തെത്തിയത്. ഫേസ്‌ബുക്കിലാണ് ബേബിയുടെ കുറിപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സൊമാലിയക്കാരെയും കേരളീയരെയും അപമാനിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പിലാണ് ഇരുവരെയും രൂക്ഷമായി വിമർശിക്കുന്നത്. 'കേരളം സൊമാലിയ പോലെ എന്ന് മോദി പറയുന്നതിൽ കേരളീയരെ ആക്ഷേപിക്കൽ മാത്രമല്ല ഉള്ളത്. സൊമാലിയയിലെ കറുത്ത മനുഷ്യരോടുള്ള വംശീയപുച്ഛവും വർണവെറിയും അവരുടെ ദാരിദ്ര്യത്തോടുള്ള അവഹേളനവുമാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞു നില്ക്കുന്നത്. മറ്റൊരു രാജ്യത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചേർന്നതല്ല, ലോകനേതാവാകാൻ പണം ചെലവാക്കി നടക്കുന്ന മോദിയുടെ തനിനിറം വെളിയിലാവുന്നത് ഇതുപോലുള്ള അവസരങ്ങളിലാണ്. വംശീയവിദ്വേഷമാണ് മോദിയുടെ അടിസ്ഥാന രാഷ്ട്രീയം. അതിങ്ങനെ പുറത്തുചാടുകയാണ്.'- ബേബി കുറിച്ചു.

'കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഇത് കേരളത്തോടുള്ള അപമാനമായേ തോന്നിയുള്ളു. വംശീയവിദ്വേഷം തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നിയില്ല. ജവഹർലാൽ നെഹ്‌റു പ്രവർത്തിച്ചിരുന്ന പാർട്ടിയുടെ നേതാവാണദ്ദേഹം എന്നു മാത്രം ഓർമിപ്പിക്കുന്നു.ഉമ്മൻ ചാണ്ടിയിൽ നിന്ന് ഒരു ലോകരാഷ്ട്രീയവീക്ഷണം പ്രതീക്ഷിക്കാനും വേണ്ടി മണ്ടനാണോ എന്ന് നിങ്ങൾ എന്നോട് ചോദിക്കരുത്, കേരള മുഖ്യമന്ത്രി ആണദ്ദേഹം. ഇത്തരം രാഷ്ട്രീയം മനസ്സിലാക്കാതെ സംസാരിച്ച് കേരളത്തിലെ മനുഷ്യരിലും വംശീയവിദ്വേഷത്തിന്റെ ആശയങ്ങൾ പടർത്താതിരിക്കാൻ അദ്ദേഹത്തിനുത്തരവാദിത്തമുണ്ട്. കേരളത്തിലെ സവർണ രാഷ്ട്രീയമുന്നണിയുടെ ഏർപ്പാടുകാരനാണ് എന്നും ഉമ്മൻ ചാണ്ടി. അതിങ്ങനെ പുറത്തുചാടുകയാണ്.

പക്ഷേ, മുഖ്യമന്ത്രി ഇന്നു ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം അതല്ല. കണ്ണൂര് പേരാവൂരിലെ എച്ചിൽക്കൂനയിൽ നിന്ന് ഭക്ഷണം എടുത്ത് കഴിക്കുന്ന ആദിവാസി കുട്ടികളുടെ ചിത്രത്തെക്കുറിച്ച് പറഞ്ഞാണ് പ്രധാനമന്ത്രി സൊമാലിയ പരാമർശം നടത്തിയത്. ആ കുട്ടികളുടെ സ്വഭാവം ശരിയല്ല എന്നു പറഞ്ഞ് തന്റെ സംസ്ഥാനത്തെ ആദിവാസി കുട്ടികളെ ആക്ഷേപിക്കുകയാണ് ഉമ്മൻ ചാണ്ടി ചെയ്തിരിക്കുന്നത്. ഈ കുട്ടികളെക്കുറിച്ച് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടി പറയുന്നു, 'സ്‌കൂളിൽ പോകാൻ മടിയുള്ളവരും സമീപവീടുകളിലും തോട്ടങ്ങളിലും മറ്റും അതിക്രമിച്ചു കയറി എന്ന പരാതി നേരിടുന്നവരുമാണ് ആ കുട്ടികൾ,' ദരിദ്രരായ ആദിവാസികബാലന്മാരെ മോഷ്ടാക്കളെന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ഉമ്മൻ ചാണ്ടി. ആദിവാസികളെ അധിക്ഷേപിക്കുന്നതിനെരായ നിയമപ്രകാരം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കേണ്ടതാണ്.ഉമ്മൻ ചാണ്ടിയുടെ വംശീയവിദ്വേഷം മുഴുവൻ പുറത്തുചാടുകയാണിവിടെ'യെന്നും ബേബി വിമർശിക്കുന്നു.

അതിനിടെ, മോദി കേരളത്തെ അപമാനിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുകയാണു ചെയ്തതെന്നും മോദി അനുകൂലികൾ പറയുന്നു. ആയിരത്തിൽ 98.39 ആണ് സൊമാലിയയിലെ ശിശുമരണ നിരക്ക്. അട്ടപ്പാടിയിൽ ഇത് 1000ൽ 41.47 ആണ്. സൊമാലിയയുടെ അത്രയും ഇല്ലെങ്കിലും നമ്മുടെ എണ്ണവും അത്ര അഭിമാനിക്കാൻ തക്കവണ്ണമില്ലെന്നാണ് വാദം.

എന്നാൽ, കേരളത്തിലെ ഏറ്റവും പിന്നോക്ക പ്രദേശത്തെ മാത്രമെടുത്ത് സോമാലിയയുടെ മൊത്തം നിരക്കുമായി താരതമ്യപ്പെടുത്തിയിട്ടും രക്ഷയില്ലെന്നാണ് മറുവാദം ഉയരുന്നത്. ഗുജറാത്തിന്റെ ആദിവാസി മേഖലയിൽ ഇപ്പറഞ്ഞ നിരക്ക് എത്രയാണെന്നും മറുവാദം ഉയരുന്നുണ്ട്.

കേരളം-ഗുജറാത്ത്- സൊമാലിയ എന്നിവിടങ്ങളുമായി ഒരു താരതമ്യവും മോദിയുടെ പരാമർശത്തിനെതിരായി ഉയർത്തുന്നുണ്ട്.
1) സാക്ഷരത
കേരളം 93.9 ശതമാനം,
ഗുജറാത്ത് 79.31 ശതമാനം,
സോമാലിയ - 37.8 ശതമാനം
2) ആയുർദൈർഘ്യം
കേരളം - 74വയസ്സ് ,
ഗുജറാത്ത് - 64.1വയസ്സ് ,
സോമാലിയ - 52.37വയസ്സ്
3) മാതൃമരണനിരക്ക്
കേരളം - 1,00,000പ്രസവത്തിന് 66 മരണം, ഗുജറാത്ത്1,00,000പ്രസവത്തിന് 148മരണം,
സോമാലിയ - 1,00,000പ്രസവത്തിന് 1600 മരണം
4) ശിശുമരണനിരക്ക്
കേരളം - 1000 ജനനത്തിന് 12 മരണം ,
ഗുജറാത്ത്- 1000 ജനനത്തിന് 41 മരണം, സോമാലിയ 1000 ജനനത്തിന് 132 മരണം

നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു പോ മോനെ മോദി എന്ന ഹാഷ് ടാഗിൽ സൈബർ ലോകം കത്തിക്കയറുമ്പോഴാണ് വിവിധ വാദങ്ങളുമായി നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP