Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

ലോകായുക്ത വിധി തള്ളാനും കൊള്ളാനുമുള്ള അധികാരി മുഖ്യമന്ത്രിയാവേണ്ട; അപ്പീൽ അധികാരം ഹൈക്കോടതിക്ക് നൽകുന്ന വിധത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് സിപിഐയിൽ ഒരു വിഭാഗം; ആഭ്യന്തര അന്വേഷണ സമിതി മാതൃക മുന്നോട്ടുവച്ച് സമവായത്തിന് നീക്കം

ലോകായുക്ത വിധി തള്ളാനും കൊള്ളാനുമുള്ള അധികാരി മുഖ്യമന്ത്രിയാവേണ്ട; അപ്പീൽ അധികാരം ഹൈക്കോടതിക്ക് നൽകുന്ന വിധത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് സിപിഐയിൽ ഒരു വിഭാഗം; ആഭ്യന്തര അന്വേഷണ സമിതി മാതൃക മുന്നോട്ടുവച്ച് സമവായത്തിന് നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത വിധി തള്ളാനും കൊള്ളാനുമുള്ള അധികാരം മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥ മാറ്റി അപ്പീൽ അധികാരം ഹൈക്കോടതിക്ക് നൽകുന്ന വിധത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന നിർദ്ദേശം മുന്നോട്ട് വച്ച് സിപിഐയിൽ ഒരു വിഭാഗം.

എന്നാൽ സിപിഎമ്മിന് ഇതിനോട് യോജിപ്പില്ല. ഇതോടെ വിധി പരിശോധിക്കാനും ശിക്ഷിക്കപ്പെട്ടവരെ നേരിൽക്കേട്ടു തിരുത്താനും അധികാരം നൽകുന്ന സമിതി രൂപീകരിക്കുക എന്ന സമവായ നിർദ്ദേശം മുന്നോട്ട് വയ്ക്കാനാണ് സിപിഐ. നേതൃത്വം ആലോചിക്കുന്നത്.

സുപ്രീംകോടതിക്കും ഹൈക്കോടതിക്കുമില്ലാത്ത അധികാരമാണ് ഇപ്പോൾ ലോകായുക്തയ്ക്ക് നൽകിയിട്ടുള്ളത്. അത് വേണോയെന്നതാണ് അടിസ്ഥാനപരമായ പ്രശ്നം

ലോകായുക്ത ഭേദഗതിയിൽ രാഷ്ട്രീയ ഒത്തുതീർപ്പിനാണ് സിപിഐ ശ്രമം. നിലവിലെ വ്യവസ്ഥകളിൽ മാറ്റംവരുത്തണമെന്നതാണ് സിപിഐ. മുന്നോട്ടുവെക്കാൻ പോകുന്ന നിർദ്ദേശം.

ജഡ്ജിമാർക്കെതിരേ ഉയരുന്ന പരാതികൾ പരിശോധിക്കാൻ സുപ്രീംകോടതി സ്വീകരിക്കുന്ന ആഭ്യന്തര അന്വേഷണരീതി ലോകായുക്തയിലേക്ക് കൊണ്ടുവരാനുള്ള സമവായ നിർദേശമാണ് സിപിഐ. നേതാക്കൾ മുന്നോട്ട് വയ്ക്കാൻ ഉദ്ദേശിക്കുന്നത്.

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് വിധിപറഞ്ഞാൽ, അതു നടപ്പാക്കിയശേഷം മാത്രമേ കോടതിയെ സമീപിക്കാനാകൂവെന്ന പ്രശ്നമാണ് സർക്കാരിനെ അലട്ടിയത്. കെ.ടി. ജലീലിന്റെ കാര്യത്തിൽമാത്രമാണ് അത്തരമൊരു വിധി ലോകായുക്തയിൽനിന്നുണ്ടായത്.

അദ്ദേഹത്തിന് രാജിവെക്കേണ്ടിയുംവന്നു. ഈ വ്യവസ്ഥയാണ് സർക്കാർ ഭേദഗതിചെയ്തത്. ആർക്കെതിരേയാണോ വിധി അദ്ദേഹത്തിന്റെ മുകളിലുള്ള അധികാരിക്ക് വിധി തള്ളാനും കൊള്ളാനും അധികാരം നൽകുന്നതാണ് ഭേദഗതി.

ഈ രീതിയിൽ മന്ത്രിമാർക്കെതിരേയുള്ള വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരേയുള്ള വിധി ഗവർണർക്കും തീരുമാനിക്കാം. ഈ സംവിധാനത്തിന് പകരം അപ്പീൽ അധികാരം ഹൈക്കോടതിക്ക് നൽകുന്നവിധത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന നിർദേശമാണ് സിപിഐയിൽ ഒരു വിഭാഗം ഉന്നയിക്കുന്നത്.

ബില്ല് തയ്യാറാക്കുന്നതിനുമുമ്പ് സിപിഎം-സിപിഐ. നേതാക്കളുടെ ചർച്ചയുണ്ടാകും. ഇതിൽ സമവായം എന്ന നിലയിലായിരിക്കും സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണസമിതി മാതൃക സിപിഐ. നേതാക്കൾ നിർദേശിക്കാനിടയുള്ളത്. ഇത് സർക്കാരിന്റെ നിയന്ത്രണത്തിൽതന്നെയുള്ള സമിതിയാകുമെന്നതിനാൽ സിപിഎം എതിർക്കില്ലെന്ന വിശ്വാസത്തിലാണ് സിപിഐ നേതൃത്വം.

ലോകായുക്ത ഭേദഗതി സംബന്ധിച്ച് സിപിഐ.യുമായി ചർച്ചചെയ്യുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. ബില്ലുവരുമ്പോൾ വിശദമായ ചർച്ചയാകാമെന്ന് അന്ന് സിപിഐ.യെ അറിയിക്കുകയും ചെയ്തിരുന്നു. അവരുമായി ചർച്ചചെയ്താകും തുടർനടപടി. അവിടെ തെറ്റിന്റെ പ്രശ്‌നമില്ല.

പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ലോകായുക്ത നിയമ ഭേദഗതി ബില്ലിനെ സിപിഐ എതിർക്കുമോ എന്നുള്ളതാണ് ഇനിയുള്ള പ്രധാന രാഷ്ട്രീയ ആകാംക്ഷ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിണറായിയുടെ അടിമയായെന്ന് പാർട്ടി സമ്മേളനങ്ങളിൽ വിമർശനം ഉയരുമ്പോൾ ഭേദഗതിക്കെതിരായ എതിർപ്പിൽ നിന്നും പിന്നോട്ട് പോയാൽ വലിയ വിവാദമാകും. സർക്കാർ ബില്ലിനെ ഭരണ കക്ഷിയിലെ പാർട്ടി തന്നെ എതിർത്താലും അസാധാരണ സ്ഥിതിയാകും.

ലോകായുക്ത നിയമഭേദഗതിക്കെതിരെ സിപിഐ നേരത്തെ ഉയർത്തിയത് കടുത്ത വിമർശനം. ഓർഡിനൻസ് ആദ്യം മന്ത്രി സഭാ യോഗത്തിൽ വന്നപ്പോൾ പാർട്ടി മന്ത്രിമാർ മിണ്ടാതിരുന്നു. നേതൃത്വം വടിയെടുത്തതോടെ പിന്നീട് മന്ത്രി സഭാ യോഗത്തിൽ ഭിന്നാഭിപ്രായം മന്ത്രിമാർ പറഞ്ഞെങ്കിലും മുഖ്യമന്ത്രി അത് കാര്യമാക്കിയില്ല. ഗവർണ്ണർ ഉടക്കിട്ടതോടെ അസാധുവായ ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് ഇനി ബില്ലായി അവതരിപ്പിക്കുമ്പോൾ സഭയിലെ സിപിഐ അംഗങ്ങളുടെ നിലപാടാണ് പ്രധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP