Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

പൊതുപ്രവർത്തകർ അഴിമതി ചെയ്തതായി തെളിഞ്ഞാൽ അവരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ലോകായുക്തയുടെ 14-ാം വകുപ്പ് എടുത്ത് കളയുന്നതിൽ ഇടതുപക്ഷത്ത് ചർച്ച; സിപിഐയെ അനുയിപ്പിക്കാൻ സിപിഎം; ലോകായുക്താ ഓർഡിനൻസിൽ കാനത്തിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കും; ഗവർണ്ണർ കനിഞ്ഞില്ലെങ്കിൽ ബിൽ നിയമമാകൻ വൈകും; ആശങ്കയിൽ പിണറായിയും കൂട്ടരും

പൊതുപ്രവർത്തകർ അഴിമതി ചെയ്തതായി തെളിഞ്ഞാൽ അവരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ലോകായുക്തയുടെ 14-ാം വകുപ്പ് എടുത്ത് കളയുന്നതിൽ ഇടതുപക്ഷത്ത് ചർച്ച; സിപിഐയെ അനുയിപ്പിക്കാൻ സിപിഎം; ലോകായുക്താ ഓർഡിനൻസിൽ കാനത്തിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കും; ഗവർണ്ണർ കനിഞ്ഞില്ലെങ്കിൽ ബിൽ നിയമമാകൻ വൈകും; ആശങ്കയിൽ പിണറായിയും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നും കാനം അറിയിച്ചു. ലോകായുക്തയുടെ അധികാരം കവരുന്ന ഓർഡിനൻസിനെതിരെ സിപിഐ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഓർഡിനൻസിന്റെ കാര്യത്തിൽ സിപിഎമ്മുമായി സമവായത്തിലെത്താൻ സിപിഐ പിന്നീട് തീരുമാനിച്ചു. സിപിഐയെ ധാരണയിൽ എത്തിച്ചാലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നിർണ്ണായകമാകും. ബില്ലിൽ ഗവർണ്ണർ പാസായ ഉടൻ ഒപ്പിടുമോ എന്നതും നിർണ്ണായകമാണ്.

നിയമസഭ ചേരുന്നതിനുമുമ്പ് ഇക്കാര്യം ചർച്ച ചെയ്ത് ധാരണയിലെത്താനാണ് നീക്കം. ഓർഡിനൻസിൽ ഭേദഗതി നിർദേശിക്കാനാണ് സിപിഐ നിലവിൽ ആലോചിക്കുന്നത്. പൊതുപ്രവർത്തകർ അഴിമതി ചെയ്തതായി തെളിഞ്ഞാൽ അവരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ലോകായുക്തയുടെ 14-ാം വകുപ്പ് എടുത്ത് കളയുന്നതാണ് സർക്കാർ ഓർഡിനൻസ്. ലോകായുക്തയുടെ തീർപ്പ് പരിശോധിക്കാൻ സർക്കാരിനു അധികാരം നൽകുന്നതാണ് ഓർഡിനൻസിലെ വ്യവസ്ഥ.

എന്നാൽ പൊതുപ്രവർത്തകരുടെ നിയമനാധികാരി ലോകായുക്ത വിധിക്കെതിരെയുള്ള അപ്പീൽ കേൾക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതിയെ ഇതിനായി നിയോഗിക്കാനാണ് സിപിഐ നിർദ്ദേശം. ചുരുക്കത്തിൽ സിപിഐ മുന്നോട്ടു വച്ച ഭേദഗതിയും ലോകായുക്തയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നാൽ സിപിഐ നിർദ്ദേശം സിപിഎം അംഗീകരിക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഉള്ളടക്കം പഠിക്കാതെ സർക്കാർ കൊണ്ടുവരുന്ന ബില്ലുകളിലൊന്നും ഒപ്പിടാനാവില്ലെന്ന് വ്യക്തമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂഴിക്കടകൻ പയറ്റുമെന്നുറപ്പായതോടെ, അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരം സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഉടൻ നിയമമാകുമെന്ന് ഉറപ്പില്ല. ഓർഡിനൻസുകൾ ബില്ലാക്കാൻ ഓഗസ്റ്റ് 22മുതൽ സെപ്റ്റംബർ 2വരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണ്. നിയമസഭ ബില്ലുകൾ പാസാക്കി ഗവർണർക്ക് അയച്ചാലും ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒപ്പിടാനിടയില്ല. ഗവർണർക്ക് അതിനുള്ള നിയമപരവും ഭരണഘടനാപരവുമായ ബാദ്ധ്യതയില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.

മതിയായ കാരണങ്ങളുണ്ടെങ്കിൽ ബിൽ തിരിച്ചയ്ക്കാനുള്ള അധികാരം ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദം അനുസരിച്ച് ഗവർണർക്കുണ്ട്. സർക്കാരിന്റെ നിയമ നിർദ്ദേശങ്ങൾ ഗവർണർക്ക് അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ, പുനഃപരിശോധിക്കാൻ തിരിച്ച് അയയ്ക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാം. മുൻപ് ഗവർണറായിരുന്ന ജസ്റ്റിസ് പി.സദാശിവം അടക്കം ഈ അധികാരം ഉപയോഗിച്ചിട്ടുമുണ്ട്. ഗവർണർ ബിൽ തിരിച്ചയച്ചാൽ ആറുമാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവർണർക്ക് അയയ്ക്കാം.

സാധാരണ ഗതിയിൽ ഗവർണർ ബിൽ അംഗീകരിക്കാറാണ് പതിവ്. എന്നാൽ തീരുമാനമെടുക്കാതെ ആറുമാസത്തിലേറെ പിടിച്ചുവച്ചാൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ല. ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ഭരണഘടന മൗനം പാലിക്കുന്നതായി നിയമവിദഗ്ദ്ധർ പറയുന്നു. ലോകായുക്തയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസുണ്ട്. ഈ കേസിൽ വിധി എന്താകുമെന്നതാണ് നിർണ്ണായകം. വിധി മുഖ്യമന്ത്രിക്ക് എതിരായാൽ രാജിവയ്ക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ലോകായുക്തയിൽ ഓർഡിനൻസ് കൊണ്ടു വന്നത്. അത് ഒരിക്കൽ ഗവർണ്ണർ അംഗീകരിച്ചതാണ്. എന്നാൽ പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് ബിൽ കൊണ്ടു വരുന്നത്.

ഓർഡിനൻസുകളിൽ പിശകുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അവ പുറപ്പെടുവിക്കാനുള്ള അടിയന്തര സാഹചര്യമെന്താണെന്ന് വാദമുന്നയിക്കുകയാണ് ചെയ്തതെന്നുമാണ് സർക്കാർ പറയുന്നത്. മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന സഹകരണ നിയമ ഭേദഗതി ഓർഡിനൻസിൽ മാത്രമാണ് ഗവർണർ സംശയമുന്നയിച്ചത്. അതിനാൽ ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ സഭയിൽ പാസാക്കി രാജ്ഭവനിലേക്കയച്ചാൽ ഗവർണർ ഒപ്പുവയ്ക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു. എന്നാൽ ഈ ബില്ലുകളിൽ ഗവർണർ കണ്ണടച്ച് ഒപ്പിടില്ലെന്ന് രാജ്ഭവൻ പറയുന്നു.

തൊട്ടതിനും പിടിച്ചതിനുമെല്ലാം ഓർഡിനൻസ് എന്നത് ശരിയായ ഭരണരീതിയല്ലെന്നാണ് ഗവർണർ വിലയിരുത്തുന്നത്. അതിന് സാധൂകരണമായി, തുടർച്ചയായി ഓർഡിനൻസിറക്കുന്നതിനെതിരേ സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി ഓർഡിനൻസുകളിറക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് 1986ൽ വാധ്വാ കേസിലും ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് 2017ൽ കൃഷ്ണസിങ് കേസിലും സുപ്രീംകോടതിയുടെ ഉത്തരവുകളുണ്ട്. ഇതെല്ലാമുള്ളപ്പോൾ സർക്കാർ പറയുന്നിടത്ത് കണ്ണുമടച്ച് ഒപ്പിടേണ്ട ആവശ്യമില്ലെന്നാണ് ഗവർണറുടെ വാദം.

കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ 2016-17ൽ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180വിദ്യാർത്ഥികളെ സംരക്ഷിക്കാൻ 2018ഏപ്രിലിൽ നിയമസഭയിൽ പാസാക്കിയ 'കേരളാ മെഡിക്കൽ കോളേജ് പ്രവേശനം സാധൂകരിക്കൽ ബില്ലിന്' ഗവർണർ ജസ്റ്റിസ് പി.സദാശിവം അംഗീകാരം നൽകിയിരുന്നില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി ഉത്തരവുകളടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സദാശിവം അന്ന് ആ തീരുമാനമെടുത്തത്.

അഴിമതി നിരോധനസംവിധാനമായ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. രണ്ടുതവണ പുതുക്കിയിറക്കിയ ഇതടക്കം പതിനൊന്ന് ഓർഡിനൻസുകളാണ് ഗവർണർ ഒപ്പിടാതിരുന്നതോടെ റദ്ദായത്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ്, കേരള മാരിടൈംബോർഡ് ഭേദഗതി, തദ്ദേശസ്വയംഭരണ പൊതുസർവീസ് ഭേദഗതി, പി.എസ്.സി. കമ്മിഷൻ ഭേദഗതി. കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും ഭേദഗഗതി, വ്യവസായവികസനവും വ്യവസായ ഏകജാലകബോർഡും, കേരള പൊതുമേഖലാ നിയമനബോർഡ്, കേരള ജൂവലറി വർക്കേഴ്സ് ക്ഷേമനിധിബോർഡ്, ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്റീ ഫീഡ് നിയമഭേദഗതി, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി എന്നിവയും നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള പൊതുജനാരോഗ്യബില്ലും സഭയിലെത്തിയേക്കും. ഇതിൽ ലോകായുക്തയാണ് സർക്കാരിന് വലിയ തലവേദന.

ലോകായുക്താ ഓർഡിനൻസ് അസാധുവാണിപ്പോൾ. അതുകൊണ്ടാണ് അടിയന്തര നിയമസഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കുന്നത്. തീയതിയും സമയവും എല്ലാം കുറിച്ചു കഴിഞ്ഞു. പുതുക്കൽ ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാനാണ് എല്ലാം ചെയ്തത്. ഇതിന് പിന്നാലെ പുതിയ ഇടപെടൽ കൂടി. ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഫയൽ ചെയ്ത കേസിൽ ലോകായുക്ത വിധി വൈകരുതെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കും.

ഗവർണർ ഒപ്പിടാത്തതിനേത്തുടർന്ന് അസാധുവായ 11 ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക സഭാസമ്മേളനം ചേരാനിരിക്കേ ഇടതുമുന്നണിക്കു തലവേദനയായി ലോകായുക്ത ഭേദഗതി ബിൽ മാറിയിട്ടുണ്ട്. ലോകായുക്തയിൽ പിണറായിക്കെതിരെ മാർച്ച് 18നു വാദം പൂർത്തിയായ കേസാണിത്. ഇതിനിടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ഓർഡിനൻസ് നിലവിൽ വന്നു. തുടർന്ന് ഇതുസംബന്ധിച്ച ഹർജി ഹൈക്കോടതിയിലെത്തി. ലോകായുക്തയുടെ തീർപ്പ് തങ്ങളുടെ വിധിക്കു വിധേയമായിരിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കിയതോടെ തുടർനടപടികൾ നിലച്ചു. എന്നാൽ, ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് റദ്ദായ സാഹചര്യത്തിൽ ഇനി തടസ്സമില്ല. ഈ സാഹചര്യത്തിലാണ് ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ കോടതിയെ സമീപിക്കുന്നത്.

അധികാര ദുർവിനിയോഗത്തിന്റെ പേരിൽ മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ് പൂന്തോട്ടം മുഖേനയാണ് ലോകായുക്തയിൽ ഹർജി നൽകിയത്. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായാൽ ലോകായുക്തയ്ക്കും കേസിൽ വിധി പറയാം. ഈ സാഹചര്യം മനസ്സിലാക്കിയാണ് ശശികുമാർ കോടതിയെ സമീപിക്കുന്നത്. സർക്കാരിനെതിരെ നിരന്തര പോരാട്ടം നടത്തുന്ന വ്യക്തിയാണ് ശശികുമാർ. സർവ്വകലാശാലകളിലേയും മറ്റും അഴിമതി പൊതു സമൂഹത്തിൽ ചർച്ചയാക്കുന്നതും ശശികുമാറും കൂട്ടരുമാണ്. അതുകൊണ്ട് തന്നെ സമ്മർദ്ദത്തിലൂടെ ആർക്കും ശശികുമാറിനെ സ്വാധീനിക്കാൻ കഴിയില്ല.

നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിർത്തിയാൽ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിർണ്ണായകമാകും. മുഖ്യമന്ത്രിക്ക് രാജി വയ്‌ക്കേണ്ടിയും വരും. അധികാരസ്ഥാനത്തുള്ളവർക്കെതിരേ കുറ്റം തെളിഞ്ഞാൽ അവരെ പുറത്താക്കാൻ ലോകായുക്തയ്ക്കുള്ള അധികാരത്തിൽ വെള്ളം ചേർക്കുന്ന വ്യവസ്ഥയോടാണു പൊതുവേ എതിർപ്പുയർന്നത്. ബന്ധുനിയമനക്കേസിൽ ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ് ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി. ജലീലിനു രാജിവയ്ക്കേണ്ടിവന്നത്. ലോകായുക്ത വിധിക്കെതിരേ അപ്പീൽ സാധ്യമല്ലെന്ന വ്യവസ്ഥയാണ് ഓർഡിനൻസിൽ ഭേദഗതി ചെയ്തത്. ഇത് ബില്ലായാലും പാസാകാൻ ഗവർണ്ണറുടെ അനുമതി അനിവാര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP