Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ഒരേ മെയ്യും കരളും; ഇടതുമുന്നണിയിലും വമ്പന്മാരാകും; എൽജെഡി- ജെഡിഎസ് ലയനത്തിന് കളം ഒരുങ്ങി; മറ്റന്നാൾ കൊച്ചിയിൽ ലയനചർച്ച; സംസ്ഥാന അദ്ധ്യക്ഷനായി മാത്യു ടി തോമസ് തുടരും; ഇരുപാർട്ടികളും ഒന്നിക്കുന്നത് 13 വർഷത്തിന് ശേഷം

ഇനി ഒരേ മെയ്യും കരളും; ഇടതുമുന്നണിയിലും വമ്പന്മാരാകും; എൽജെഡി- ജെഡിഎസ് ലയനത്തിന് കളം ഒരുങ്ങി; മറ്റന്നാൾ കൊച്ചിയിൽ ലയനചർച്ച; സംസ്ഥാന അദ്ധ്യക്ഷനായി മാത്യു ടി തോമസ് തുടരും; ഇരുപാർട്ടികളും ഒന്നിക്കുന്നത് 13 വർഷത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംവി ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) കേരള ഘടകം ജെ ഡിഎസിൽ ലയിക്കാൻ ധാരണയായിരുന്നു. ഇരു പാർട്ടികളും ചേർന്ന് ജെഡിഎസ് എന്ന ഒറ്റ പാർട്ടിയായി മാറും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ലയനത്തിന്റെ പ്രാഥമിക ഫോർമുല തയ്യാറായി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ജനതാദൾ (എസ്) പ്രസിഡന്റ് ആയ മാത്യു ടി.തോമസ് തുടരും. സെക്രട്ടറി ജനറൽ പദവി ഉൾപ്പെടെ 3 താക്കോൽ സ്ഥാനങ്ങൾ എൽജെഡിക്ക് ലഭിക്കും. ഒരു ദേശീയ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് അല്ലെങ്കിൽ സീനിയർ വൈസ് പ്രസിഡന്റ് പദവിയും എൽജെഡിക്ക് ആവും.

ലയനത്തിന്റെ മറ്റുകാര്യങ്ങൾ തീരുമാനിക്കാൻ മറ്റന്നാൾ കൊച്ചിയിൽ യോഗം ചേരും. അടുത്ത മാസം ലയന സമ്മേളനം നടക്കണമെന്നാണ് ധാരണ. 27ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ 2 പാർട്ടികളായി തുടരാണ് ധാരണ. ജില്ലാ പ്രസിഡന്റ് പദവി 77 ആയി വീതം വയ്ക്കും. സംസ്ഥാന നിർവാഹകസമിതിയിലും ഇരു പാർട്ടികൾക്കും തുല്യ പങ്കാളിത്തം ഉണ്ടാകും. രണ്ടു പാർട്ടികളുടെയും നിലവിലെ സംസ്ഥാന നിർവാഹക സമിതികൾ അതേ പടി നിലനിർത്തുക എന്നതാണ് പരിഗണിക്കുന്ന ആശയം. തൽക്കാലം നിർവാഹകസമിതി വലിയ ഫോറമായി രൂപീകരിക്കാമെന്നാണ് ധാരണ.

സംസ്ഥാന നേതൃനിരയിൽ നിന്നു ചിലരെല്ലാം ഒഴിവാക്കപ്പെടുമ്പോഴത്തെ അതൃപ്തി അതുവഴി ഇല്ലാതാക്കാമെന്ന് ഇരു പാർട്ടികളുടെയും പ്രബല വിഭാഗങ്ങൾക്ക് അഭിപ്രായമുണ്ട്. എന്നാൽ ജംബോ സമിതി വേണ്ടെന്നും രണ്ടു പാർട്ടികളിൽ നിന്നും 30 പേരെ വീതം തിരഞ്ഞെടുത്ത് പുതിയ സമിതി രൂപീകരിക്കണമെന്നും മറുവാദവുമുണ്ട്.

വർഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്ചയില്ലെന്നും പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ടെന്നും ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കുമെന്നും എം വി ശ്രേയാംസ് കുമാർ നേരത്തെ പറഞ്ഞിരുന്നു. ലയനം ജെഡിഎസുമായോ അതോ ആർജെഡിയുമായോ എന്നായിരുന്നു മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തിൽ എൽജെഡിയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ജെഡിഎസ് കർണാടകയിൽ ബിജെപിക്കൊപ്പം ചേർന്നേക്കുമെന്നായിരുന്നു എതിർപ്പ് ഉയർത്തിയവരുടെ വാദം. എന്നാൽ കേരളത്തിൽ ആർജെഡിക്ക് കാര്യമായ സംഘടനാസംവിധാനമില്ലെന്നും ലയനം കൊണ്ട് ഗുണമുണ്ടാവില്ലെന്നും മറുപക്ഷം നിലപാടെടുത്തു.

ജെ ഡി എസുമായി ലയിച്ചാൽ എൽ ഡി എഫിലെ പ്രധാനഘടകകക്ഷിയാവാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. മാത്രമല്ല സംഘടനാസംവിധാനവും ശക്തമാക്കാൻ കഴിയും. ജെ ഡി എസിന് ലയനത്തോട് നേരത്തെ തന്നെ അനുകൂല നിലപാടാണ്. 13 വർഷത്തിന് ശേഷമാണ് ഇരുപാർട്ടികളും ഒന്നിക്കുന്നത്. ലയനത്തിനു മുന്നോടിയായി എൽ ജെ ഡി നേതാക്കൾ എൽ ഡി എഫ് നേതൃത്വവുമായി ചർച്ചനടത്തിയിരുന്നു. ജെ.ഡി.എസിൽ ലയിക്കുന്നതാവും നല്ലതെന്ന നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്നോട്ടുവെച്ചു.

എം വി. ശ്രേയാംസ്‌കുമാർ, ഡോ. വർഗീസ് ജോർജ്, കെ പി. മോഹനൻ എം എൽ എ, ചാരുപാറ രവി, വി. കുഞ്ഞാലി, എം കെ. ഭാസ്‌കരൻ, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ ഉപ സമിതിയാണ് ലയനകാര്യത്തിൽ എൽ ജെ ഡിക്കായി രൂപരേഖയുണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP