Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202306Monday

ചന്ദ്രിക പത്രത്തിന് ഇ കെ വിഭാഗം കൊടുത്ത പണി അതേ നാണയത്തിൽ തിരിച്ചുകൊടുത്ത് ലീഗ്; മലപ്പുറത്ത് 'ചന്ദ്രിക' സ്പെഷൽ കാമ്പയിനുമായി യൂത്ത് ലീഗ്; സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കാമ്പയിൻ കാലത്തെ ലീഗ് പ്രചാരണം തങ്ങളെ തകർക്കാനാണെന്ന് സമസ്ത നേതാക്കൾ; ഇരുവിഭാഗവും തമ്മിലുള്ള അകലം വീണ്ടും കൂടുന്നു

ചന്ദ്രിക പത്രത്തിന് ഇ കെ വിഭാഗം കൊടുത്ത പണി അതേ നാണയത്തിൽ തിരിച്ചുകൊടുത്ത് ലീഗ്; മലപ്പുറത്ത് 'ചന്ദ്രിക' സ്പെഷൽ കാമ്പയിനുമായി യൂത്ത് ലീഗ്; സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കാമ്പയിൻ കാലത്തെ ലീഗ് പ്രചാരണം തങ്ങളെ തകർക്കാനാണെന്ന് സമസ്ത നേതാക്കൾ; ഇരുവിഭാഗവും തമ്മിലുള്ള അകലം വീണ്ടും കൂടുന്നു

എം എ എ റഹ്മാൻ

കോഴിക്കോട്: മലപ്പുറത്ത് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ വരിക്കാരെ കൂട്ടാൻ സ്പെഷൽ കാമ്പയിനുമായി യൂത്ത് ലീഗ് രംഗത്ത് എത്തിയത് അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുന്നത് സമസ്ത നേതാക്കളെയാണ്. അവർ കടുത്ത സംശയത്തോടെയാണ് യൂത്ത്ലീഗ് കാമ്പയിനെ നോക്കി കാണുന്നത്. സംഗതി മറ്റൊന്നും കൊണ്ടല്ല, സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിനായി എല്ലാവർഷവും കാമ്പയിൻ നടത്തുന്ന കാലം തന്നെ എന്തിനാണ് ലീഗുകാർ തെരഞ്ഞെടുത്തിരിക്കുന്നതെന്നതാണ് സംശയത്തിന് കാരണം.

ഓഗസ്റ്റ് ഒന്നുമുതൽ 15 വരെയാണ് സുപ്രഭാതം കാമ്പയിൻ നടക്കുന്നത്. കാമ്പയിന്റെ കൊട്ടിക്കലാശ ദിനത്തിൽ തന്നെ ഇത്തരം ഒരു മാസ് കാമ്പയിൻ യൂത്ത് ലീഗ് സംഘടിപ്പിക്കുന്നതിനെ സമസ്ത സംശയിക്കുന്നതിൽ കുറ്റപ്പെടുത്താനും തരമില്ല. ചന്ദ്രികയുടെ പ്രചാരണാർഥം ഇക്കാലത്ത് കാമ്പയിൻ നടത്തുന്ന പതിവ് മുൻപൊന്നുമുണ്ടായിട്ടില്ല. ലീഗിനും ഇ കെ വിഭാഗം സുന്നികളായ സമസ്തക്കാർക്കുമെല്ലാം ഏറ്റവും അധികം വരിക്കാരുള്ള ജില്ലയാണ് മലപ്പുറം. അതായത് ഇരു പത്രങ്ങളെയും നിലനിർത്തുന്നതിൽ ഏറെ നിർണായകമായ ജില്ല.

മുസ് ലിം ലീഗിന്റെ ഭരണസിരാകേന്ദ്രമായ ലീഗ് ഹൗസ് കോഴിക്കോട് നഗരമധ്യത്തിലാണെങ്കിലും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയോരത്തുള്ള പാണക്കാട് തങ്ങന്മാരുടെ വീട്ടിലാണെന്നത് ഏവർക്കും അറിയാം. സമസ്തയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രഗൽഭരായ മതനേതാക്കളുടെയും ആദ്യത്തെ സുപ്രഭാതം ചെയർമാനായിരുന്ന ബാപ്പു മുസലിയാരുടെയുമെല്ലാം ജന്മദേശം കൂടിയാണ് മലപ്പുറം. സമസ്തയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതും മലപ്പുറത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള ചേളാരിയിലാണ്. അതിനാൽതന്നെ എതിർ വിഭാഗമായ എ പി സുന്നികൾക്കിടയിൽ ചേളാരി സമസ്തയെന്ന ഒരു വിളിപ്പേരും നിലനിൽക്കുന്നുണ്ട്. അവരുടെ കണ്ണിൽ യഥാർഥ സമസ്തയെന്നത് അവരാണ്.

കാന്തപുരം നേതൃത്വം നൽകുന്ന എ പി സുന്നികളും ലീഗും ഭിന്നതകൾ മറന്ന് ജെൻട്രൽ ന്യൂട്രാലിറ്റി യൂണിഫോം വിഷയത്തിൽ ലീഗ് മുൻകൈയെടുത്ത് വിളിച്ചുചേർത്ത യോഗത്തിൽ കഴിഞ്ഞ ദിവസം പങ്കാളികളായതും യാഥാസ്ഥിതികരായ സുന്നികളുടെ പണ്ഡിതസഭയായ സമസ്തയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. പതിറ്റാണ്ടുകളായി ലീഗുമായി അകന്ന് അരിവാൾ സുന്നിയെന്നും വത്തക്കലീഗെന്നുമെല്ലാമുള്ള ഇ കെ വിഭാഗം സുന്നികളുടെയും മുസ് ലിം ലീഗിന്റെയുമെല്ലാം പരിഹാസങ്ങളും പേറി ജീവിച്ചിരുന്ന കാന്തപുരം സുന്നികൾ ലീഗുമായി അടുക്കുന്നത് ഒരു തരത്തിലും അവർക്ക് ഉൾക്കൊള്ളാവുന്ന കാര്യവുമല്ല. അത്തരം ഒന്ന് ഈ അടുത്തകാലത്തൊന്നും സംഭവിക്കുമെന്ന് ആ സംഘടനയോ, അതിന് നേതൃത്വം നൽകുന്ന സമസ്ത അധ്യക്ഷൻ ജിഫ്രി മുഹമ്മദ് മുത്തുക്കോയ തങ്ങളോ, അദ്ദേഹത്തിനൊപ്പമുള്ള മറ്റ് നേതാക്കളോ ഒരിക്കലും പ്രതീക്ഷിച്ചതുമല്ല.

ലീഗുമായി സമസ്തക്കുള്ള ബന്ധം ഉലയാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതിന് ആക്കംകൂട്ടിയത് എട്ടു വർഷം മുൻപ് സുപ്രഭാതമെന്ന സ്വന്തം മുഖപത്രവുമായി ഇ കെ വിഭാഗം രംഗത്തെത്തിയതോടെയായിരുന്നു. ലീഗിന്റെ ആലയിൽ നാൾക്കുനാൾ ഒന്നുമില്ലാത്തവരായി ആട്ടുതുപ്പും കേട്ട് അപ്രമാദിത്വങ്ങളെ മനസാശപിച്ച് എല്ലാം സഹിച്ച് സ്വന്തം അസ്തിത്വം ഇനിയും പണയവസ്തുവാക്കേണ്ടതുണ്ടോയെന്ന ആത്മപരിശോധനകളുടെ ആകെത്തുകയായിരുന്നു സ്വന്തം പത്രമെന്ന തീരുമാനം. സമസ്തക്കു നേതൃത്വം നൽകുന്നവർക്ക് ഒരു പത്രം നടത്തിക്കൊണ്ടുപോകാൻ ഒരിക്കലും ആവില്ലെന്നും ലീഗ് നേതൃത്വം ഇമാൻ കാര്യവും ഇസ്ലാം കാര്യ (ഇസ്ലാമിക മതവിശ്വാസത്തിന്റെ അന്തസത്ത) വും പോലെ അടിയുറച്ചു വിശ്വസിച്ചുപോയിരുന്നു. ആ വിശ്വാസമാണ് പത്രം യാഥാർഥ്യമായതോടെ ഒരൊറ്റനിമിഷത്തിൽ ആവിയായത്.

തങ്ങൾക്കായി സ്വന്തം ശബ്ദമെന്ന തീരുമാനത്തിൽ ലീഗ് നേതൃത്വത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ച് പുതിയൊരു ദിനപത്രവും പുത്തൻ ഒരു പത്രസംസ്‌കാരവുമായി സമസ്തയും ഇ കെ വിഭാഗവും രംഗത്തുവന്നതോടെ അവരുടെ കണക്കുകൂട്ടലുകളെല്ലാം തകിടംമറിയുകയായിരുന്നു.
മുസ്‌ലിം ലീഗിന്റെ നാളിതുവരെയുള്ള വോട്ട് ബാങ്ക് മാത്രമായിരുന്നില്ല ഇ കെ വിഭാഗം സുന്നികൾ. ചന്ദ്രികയെന്ന മുഖപത്രത്തെ എന്നും നെഞ്ചേറ്റുകയും അതിന്റെ പ്രചാരണത്തിനായി മണ്ഡല തലത്തിലും എന്തിന് വാർഡ് തലത്തിലും അയൽപക്ക കൂട്ടായ്മയിലുമെല്ലാം മെയ്മറന്നു പണിയെടുത്തവരുമായിരുന്നു ഇ കെ വിഭാഗം. പ്രത്യേകിച്ച് സമസ്തയെന്ന മഹാ പ്രസ്ഥാനം. എ പി വിഭാഗമെന്നും ഇ കെ വിഭാഗമെന്നും രണ്ടായി ചേരിപിരിഞ്ഞതിന് ശേഷം. ചന്ദ്രികയ്ക്കും ലീഗിന്റെ ഹരിതപതാക്കക്കും കീഴിൽ തങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം നൽകിയവാരായിരുന്നു ഇ കെ വിഭാഗം. ഈ വിഭാഗത്തിലെ തൊണ്ണൂറു ശതമാനവും ചന്ദ്രികയെ ഉപേക്ഷിച്ച് സുപ്രഭാതത്തിന്റെയും വരിക്കാരായെന്നത് ചെറിയ മാറ്റമല്ല, മാറ്റത്തിന്റെ കൊടുങ്കാറ്റുതന്നെയായിരുന്നു ലീഗിന് മേൽ തുറന്നുവിട്ടത്.

മുഖ്യധാരാ പത്ര സംസ്‌കാരത്തിൽ സ്വന്തം രാഷ്ട്രീയമെന്നതിൽ കവിഞ്ഞ് വലുതായൊരു സംഭാവനയും നൽകാൻ സാധിക്കാതെപോയ ദിനപത്രത്തിന് ഇ കെ സുന്നികൾ സ്വന്തം പത്രവുമായി എത്തിയത് ചെറിയ തിരിച്ചടിയൊന്നുമല്ല സെർക്കുലേഷൻ രംഗത്ത് ഉണ്ടാക്കിയതെന്നു ചുരുക്കം. തങ്ങളുടെ ബദ്ധവൈരികളായ എ പി വിഭാഗവും ലീഗും സാമൂദായിക വിഷയങ്ങളിലും രാഷ്ട്രീയമായ നിലപാടുകളിലും നാളിതുവരെ സ്വീകരിച്ച വിരുദ്ധ സമീപനങ്ങൾക്കു പകരം ഇരുവരും ഒരേപാതയിൽ ചരിക്കാൻ തുടങ്ങിയാൽ അത് തങ്ങളുടെ സാമൂഹികമായ നിലനിൽപ്പിനുണ്ടാക്കുന്ന കനത്ത പ്രത്യാഘാതത്തെക്കുറിച്ചും സമസ്ത നേതാക്കൾ ബോധവാന്മാരാണെങ്കിലും അവയെ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇതുവരെയും ഉണ്ടായിട്ടില്ല.

പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ ആദ്യ ദിനങ്ങളിൽ മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടിയ സമസ്ത നേതാക്കൾ ദിവസങ്ങൾക്ക് ശേഷം സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും അത് വലിയൊരു തമാശയായാണ് അവസാനിച്ചത്. സ്വന്തം അസ്തിത്വം വെല്ലുവിളി നേരിടുന്ന അവസരങ്ങളിൽ ആദ്യം ഒട്ടകപക്ഷിയുടെ നയം സ്വീകരിക്കുന്ന സമസ്തക്ക് ഇതിനെയെല്ലാം എങ്ങനെ നേരിടാനാവുമെന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP