Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയോദ്ധ്യ വിഷയത്തിൽ ആർജ്ജവമുണ്ടെങ്കിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുന്നണിയിൽ നിന്ന് പുറത്ത് പോരണം; പാണക്കാട് നാളത്തെ യോഗവും തീരുമാനവും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രം; മൃദുഹിന്ദുത്വ നിലപാട് തുടരുന്ന കോൺഗ്രസിനെ പിന്തുണക്കാനാണ് ഇനിയും തീരുമാനമെങ്കിൽ സമസ്ത മുസ്ലിംലീഗ് നേതൃത്വത്തെ ചവറ്റുകൊട്ടയിലെറിയും; ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടൻ മലയാളിയോട്

അയോദ്ധ്യ വിഷയത്തിൽ ആർജ്ജവമുണ്ടെങ്കിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുന്നണിയിൽ നിന്ന് പുറത്ത് പോരണം; പാണക്കാട്  നാളത്തെ യോഗവും തീരുമാനവും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രം; മൃദുഹിന്ദുത്വ നിലപാട് തുടരുന്ന കോൺഗ്രസിനെ പിന്തുണക്കാനാണ് ഇനിയും തീരുമാനമെങ്കിൽ സമസ്ത മുസ്ലിംലീഗ് നേതൃത്വത്തെ ചവറ്റുകൊട്ടയിലെറിയും; ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടൻ മലയാളിയോട്

ജാസിം മൊയ്തീൻ

കോഴിക്കോട്: രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്ന കോൺഗ്രസ് നേതൃത്വത്തെ
ഇതുവരെയും പരസ്യമായി തള്ളിപ്പറയാൻ തയ്യാറാകാത്ത മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ആർജ്ജവമുണ്ടെങ്കിൽ മുസ്ലിം ലീഗ് നേതൃതം മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുന്നണിയിൽ നിന്ന് പുറത്ത് വരണമെന്ന് കാസിം ഇരിക്കൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

അയോദ്ധ്യയിൽ പണിയുന്നത് രാമക്ഷേത്രമല്ല, രാഷ്ട്രീയ ക്ഷേത്രമാണ്

അയോദ്ധ്യയിൽ രാമഭക്തന്മാർക്കുള്ള രാമക്ഷേത്രമല്ല മോദി പണിയുന്നത്.ഇതൊരു രാഷ്ട്രീയ ക്ഷേത്രമാണ്. ഇത് തിരിച്ചറിയാനുള്ള കഴിവ് കോൺഗ്രസുകാർക്കില്ല. 1984ൽ തുടങ്ങിയ രാമജന്മഭൂമി പ്രക്ഷോഭം അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. വർഗ്ഗീയത പ്രയോഗിക്കുന്ന കാര്യത്തിൽ അന്നു മുതൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള മത്സരം നടക്കുന്നുണ്ട്. ആർഎസ്എസിന്റെ നേതൃത്വത്തിൽ ബിജെപി തീവ്ര വർഗ്ഗീയത പരീക്ഷിച്ചപ്പോൾ അതിനോട് മത്സരിക്കാനായി കോൺഗ്രസ് മൃദുഹിന്ദുത്വവും പ്രയോഗിക്കുന്നു. എല്ലായിപ്പോഴും തീവ്ര വർഗ്ഗീയ വാദികൾക്കായിരുന്നു വിജയം. 1986ൽ ബാബരി മസ്ജിദ് പൂജക്കായി തുറന്ന് കൊടുത്തത് രാജിവ് ഗാന്ധിയാണ്. അന്ന് വിഎച്ച്പി ആയിരുന്നു പ്രക്ഷോഭം നടത്തിയിരുന്നതെങ്കിലും കീഴ്‌ക്കോടതിയിൽ പോയതും കീഴ്‌കോടതി അപേക്ഷ തള്ളിയപ്പോൾ അപ്പീൽ നൽകിയതും കോൺഗ്രസുകാരായിരുന്നു. അന്ന് തുടങ്ങിയ കള്ളക്കളിയാണ് കോൺഗ്രസ് ഇപ്പോഴും തുടരുന്നത്. അതിന് എതിരെ ഏറ്റവും ഉറക്കെ ശബ്ദിച്ചൊരു നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠ്.

89ൽ തർക്ക സ്ഥലത്ത് പൂജ നടത്താൻ അനുവാദം നൽകിയതും സൗകര്യം ഒരുക്കിയതും രാജീവ് ഗന്ധിയായിരുന്നു. ആർഎസ്എസും രാജീവ് ഗാന്ധിയും തമ്മിലുള്ള രഹസ്യധാരണയുടെ പിൻബലത്തിലായിരുന്നു അത്. രാമക്ഷേത്ര നിർമ്മാണത്തിന് ഞങ്ങൾ അനുവദിക്കുമെന്നും അതിന് പകരമായി 89ലെ ഇലക്ഷനിൽ തങ്ങൾക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു ആ ധാരണ. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് കോൺഗ്രസ് ആ ധാരണയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. അപ്പോഴേക്കും ബിജെപിയുടെ വളർച്ച രാജ്യത്ത് തുടങ്ങിയിരുന്നു. പിന്നീടാണ് അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടത്തുന്നത്.

ഒരു കോൺഗ്രസ് സർ്ക്കാറുകളും അതിനെ തടയാൻ തയ്യാറായില്ല. അവസാനം ലാലുപ്രസാദ് യാദവാണ് ബിഹാറിൽ രഥയാത്ര തടയുന്നത്. ഇത്രയും സൗകര്യങ്ങൾ ആർഎസ്എസിന്റെ വളർച്ചക്കു വേണ്ടി രാജ്യത്ത് ചെയ്തുകൊടുത്തവരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ പാർട്ടിയിൽ നിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കാനില്ല. വർഗ്ഗീയതയുടെ കാര്യത്തിൽ ആരാണ് മുന്തിയത് എന്ന മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ബാബരി മസ്ജിദ് വിഷയത്തിൽ ഇക്കാലമത്രയും കോൺഗ്രസ് എടുത്ത നിലപാട് അവർക്ക് തന്നെ നഷ്ടക്കച്ചവടമായിരുന്നു. മതേതരവാദികളും ന്യൂനപക്ഷങ്ങളുമെല്ലാം കോൺഗ്രസിൽ നിന്ന് അകലാൻ അവരുടെ ഈ നിലപാടുകൾ കാരണമായിട്ടുണ്ട്. ഈ പാഠങ്ങളൊന്നും ഇതുവരെയും ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ശേഷിക്കുന്ന തുരുത്തുകൾ പോലും കോൺഗ്രസിന് ഈ നിലപാടുകൾ കൊണ്ട് നഷ്ടമാകും. അതേ സമയം ഹിന്ദുത്വ ശക്തികൾ രാജ്യത്ത് വളർന്ന് വലുതാകുകയും ചെയ്യും. അതിന് വളമിടുന്ന നിലപാടാണ് കോൺഗ്രസ് എടുക്കുന്നത്.

ആർജ്ജവമുണ്ടെങ്കിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് പുറത്ത് വരണം

ഇത്രയധികം കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനകളിറക്കിയിട്ടും അതിനെതിരെ പരസ്യമായി പ്രതികരിക്കാൻ മുസ്ലിം ലീഗിന്റെ ഒരാളും ഇതുവരെ തയ്യാറായില്ല എന്നത് ആ പാർട്ടിയുടെ രാഷ്ട്രീയ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. കമൽനാഥിനെ പോലെ പ്രദേശിക കോൺഗ്രസ് നേതാക്കൾ മാത്രമല്ല ഗാന്ധികുടുംബത്തിൽ നിന്ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറികൂടിയായ പ്രിയങ്ക ഗാന്ധിവരെ ഇപ്പോൾ രാമക്ഷേത്ര നിർമ്മാണത്തിന് ആശംസകൾ അർപ്പിച്ചിരിക്കുകയാണ്. ഇനിയും മുസ്ലിം ലീഗ് എന്തിനാണ് കാത്തിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ആർജ്ജവമുണ്ടെങ്കിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ തള്ളിപ്പറയാനും തിരുത്താനും തയ്യാറാകണം. അത് മുസ്ലിം ലീഗിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഇതിലും വലിയ വെള്ളിയാഴ്ചയും വലിയപെരുന്നാളും ഒരുമിച്ച് വന്നിട്ടും അധികാരത്തിന് വേണ്ടി കടിച്ച് തൂങ്ങിയവരാണ് മുസ്ലിം ലീഗിന്റെ ഇപ്പോഴുള്ള നേതൃത്വം. ബാബരി മസ്ജിദ് തകർത്ത സമയത്ത് പിവി നരസിംഹറാവു രാജിവെക്കണമെന്ന് ആർജ്ജവത്തോടെ നിലപാടെടുത്ത സുലൈമാൻ സേഠിനെ പുറത്താക്കിയവരാണ് മുസ്ലിം ലീഗ് നേതൃത്വം. അതോടു കൂടി മുസ്ലിം ലീഗിന്റെ വിശ്വാസ്യത പൂർണ്ണമായും തകർന്നതാണ്. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും മുസ്ലിംലീഗുള്ളത്. അത് കാപട്യത്തിന്റെ നിലപാടാണ്. നാളെ നടക്കുന്ന യോഗം വെറും പ്രഹസനമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്.

സമസ്ത ഇത്തരം തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കില്ല

സമസ്ത ഏതായാലും മുസ്ലിം ലീഗിന്റെ പിന്തുണയോടെയുള്ള കോൺഗ്രസിന്റെ ഈ തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കില്ല. കാരണം ജിഫ്രിതങ്ങളുടെ കീഴിലുള്ള സമസ്തയുടെ നേതൃത്വം വ്യക്തമായ രാഷ്ട്രീയ ധാരണയുള്ളവരാണ്. അത് ന്യൂനപക്ഷ സംരക്ഷണത്തിന്റെ രാഷ്ട്രീയമാണ്. അതിൽ വെള്ളം ചേർക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് എടുക്കുന്നത്. അതിനെതിരെ സമസ്ത ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. മുസ്ലിം ലീഗിന്റെ ഈ കാപട്യത്തിന് കൂട്ടുനിൽക്കാൻ സമയസ്തയെ കിട്ടില്ല. അവർ പൂർണ്ണമായും മുസ്ലിം ലീഗിനെ തള്ളിപ്പറയും. അത് മാത്രമല്ല മുസ്ലിം ലീഗിലെ യുവാക്കളും ഈ കാപട്യത്തിനെതിരെ രംഗത്ത് വരും.

ഇക്കാലമത്രയും ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം ലീഗ് തുടർന്ന് പോന്നിട്ടുള്ള കാപട്യങ്ങളുടെ മറ്റൊരു അദ്ധ്യായം മാത്രമാകും നാളെ നടക്കുന്ന യോഗവും യോഗത്തിലെടുക്കുന്ന തീരുമാനവും. സേഠുസാഹിബിന്റെ അനുയായികളെന്ന നിലയിൽ ഐഎൻഎൽ ഈ വിഷയത്തിൽ പരമാവധി ക്യാംപയിനുകളുമായി മുന്നോട്ട് പോകും. കാരണം ബാബരി മസ്ജിദ് വിഷത്തിൽ ന്യൂനപക്ഷ സമുദായത്തിൽ വലിയൊരു ഉണർവ് ഉണ്ടായിട്ടുണ്ട്. ആ ഉണർവ് മുസ്ലിം ലീഗിന്റെ കാപട്യരാഷ്ട്രീയത്തെ തുറന്നു കാണിക്കാൻ ഞങ്ങൾ ഉപയോഗപ്പെടുത്തും. നാളെ സേവ് ഇന്ത്യ സേവ് സെക്യുലറിസം എന്ന പേരിൽ ഞങ്ങൾ ഓൺലൈൻ ക്യാംപയിൻ ആരംഭിക്കുമെന്നും ഐഎൻഎൽ സംസ്ഥാനജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP