Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കത്തിന്റെ വിമർശനത്തിന് പിന്നാലെ ചോദ്യാവലിയുമായി പൊന്നാനി സമസ്ത കൂട്ടായ്മ; പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി കെ എസ് ഹംസയ്ക്ക് പിന്തുണയും; തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോൾ ലീഗ്-സമസ്ത പോര് രൂക്ഷമാകുന്നു

സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കത്തിന്റെ വിമർശനത്തിന് പിന്നാലെ ചോദ്യാവലിയുമായി പൊന്നാനി സമസ്ത കൂട്ടായ്മ; പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി കെ എസ് ഹംസയ്ക്ക് പിന്തുണയും; തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോൾ ലീഗ്-സമസ്ത പോര് രൂക്ഷമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: ഇനി മൂന്നുനാൾ കഴിഞ്ഞാൽ തിരഞ്ഞെടുപ്പാണ്. അതിനിടെ, മുസ്ലീ ലീഗ്-സമസ്ത ഭിന്നത കൊടുമ്പിരി കൊള്ളുകയാണ്. ലീഗിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം, ലീഗ് സെക്രട്ടറിയുടേത് വിവരക്കേടെന്ന് വരെ കടുപ്പിച്ചു പറഞ്ഞു. പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി കെ.എസ്. ഹംസ സമസ്തയുടെ സ്ഥാനാർത്ഥിയല്ലെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും സമസ്തയുടെ ഒരു വിഭാഗത്തിന്റെ പിന്തുണ ഹംസയ്ക്കുണ്ട്.  ഒന്നും കാര്യമാക്കേണ്ടെന്ന നിലപാടിൽ ലീഗ് പ്രശ്‌നം തണുപ്പിക്കാൻ നോക്കുമ്പോൾ, ലീഗ് നേതൃത്വത്തെ പരിഹസിക്കുന്ന ചോദ്യാവലിയുമായി സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തി.

പൊന്നാനി സമസ്ത കൂട്ടായ്മയെന്ന പേരിൽ ക്വിസ് മത്സരത്തിനുള്ള ചോദ്യാവലിയെന്ന രീതിയിലാണ് ഇടത് സ്ഥാനാർത്ഥി കെ.എസ്.ഹംസയെ പിന്തുണച്ചും ലീഗ് നേതൃത്വത്തെ ആക്ഷേപിച്ചുമുള്ള ചോദ്യാവലി. സമസ്ത ഉൾപ്പടെ ലീഗിന് വോട്ട് ചെയ്തിരുന്നവർ ഇത്തവണ മാറി ചിന്തിക്കുമെന്ന് കെ.എസ്.ഹംസ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

സമസ്ത-ലീഗ് ഭിന്നത രൂക്ഷമായിരിക്കെയാണ് വനിതാ ഓൺലൈൻ ക്വിസ് മത്സരത്തിനുള്ള ചോദ്യാവലി പുറത്തുവന്നത്. പൊന്നാനി സമസ്ത കൂട്ടായ്മയുടെ പേരിൽ തയ്യാറാക്കിയ ചോദ്യാവലിയാകെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരായ വിമർശനങ്ങളും പരിഹാസവുമാണ്. സമസ്ത മുഖപത്രമായ സുപ്രഭാതം കത്തിച്ച പാർട്ടിയുടെ പേരെന്ത്? സമസ്ത നേതൃത്വത്തിനെതിരെ പ്രസംഗിച്ച ലീഗ് നേതാവിന്റെ പേരെന്ത്? തുടങ്ങിയവയാണ് ചോദ്യങ്ങൾ.

പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ഹംസയ്ക്ക് അനുകൂലമായ ചോദ്യവും ഉൾപ്പെടുന്നു. മുസ്ലിം ലീഗ് നേതൃത്വം പല രൂപത്തിൽ ചോദ്യം ചെയ്യപ്പെടുമെന്നും സമസ്ത ഉൾപ്പടെയുള്ളവരുടെ വോട്ട് എൽഡിഎഫിനാന്നെന്നും ഹംസ പറഞ്ഞു. സമസ്തയുടെ മുഖ പത്രം ലീഗ് പ്രവർത്തകൻ കത്തിച്ചതിൽ സമൂഹ മാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നിരുന്നു. ഹീന പ്രവർത്തികൾ ചെയ്യുന്നവരെ കരുതിയിരിക്കണമെന്നായിരുന്നു സമസ്തയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രതികരണം.

ചോദ്യാവലിക്ക് പിന്നിൽ ഒരു വിഭാഗം സമസ്തയുടെ പിന്തുണയുണ്ടെന്ന് പറയുമ്പോൾ തന്നെ ഇക്കാര്യം പൂർണമായി സമസ്ത നേതൃത്വം നിഷേധിക്കുന്നുമുണ്ട്. എന്നാൽ ഇത്തരം പ്രകോപനങ്ങളിൽ വീഴരുതെന്നാണ്  ലീഗ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ലീഗ് സമസ്ത തർക്കം ഒരു യാഥാർഥ്യമാണെന്ന് ആവർത്തിക്കുകയാണ് ഉമർ ഫൈസി മുക്കം. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഈ വിമർശനങ്ങൾക്കും ഉയർന്നുവന്ന ചോദ്യവലിക്കുമെല്ലാം തൽക്കാലം മറുപടി നൽകേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വം കൈക്കൊണ്ട ധാരണ.

'സമസ്ത വിലക്കിയ പരിപാടികളിൽ മുസ്ലിം ലീഗ് നേതൃത്വം പങ്കെടുക്കുന്നു. ഇതര സംഘടനകളുടെ സമ്മേളനങ്ങളിൽ ആശയ പ്രചരണ പരിപാടികളിൽ മുസ്ലിം ലീഗ് നേതൃത്വം സഹകരിക്കുന്നു. ഇത് സമസ്തയ്ക്ക് വെറുപ്പുണ്ടാക്കുന്നു. സഹകരിച്ച് പ്രവർത്തിച്ചിരുന്ന രണ്ട് സംഘടനകളിൽ ഇന്ന് സഹകരണം നിലനിൽക്കുന്നില്ല. സിഐസി വിഷയത്തിൽ സമസ്തയുടെ തീരുമാനത്തിനെതിരായി മുസ്ലിം ലീഗ് നിലകൊണ്ടു. അനുകൂലമായി നിന്നില്ലെന്ന് മാത്രമല്ല എതിർ ചേരിയിൽ നിന്നു. മുസ്ലിം ലീഗിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ് ഇങ്ങനെ പെരുമാറുന്നത്. സമുദായം ഇത് തിരിച്ചറിയുന്നുണ്ട്. ഇത് ലീഗ് നേതൃത്വം തിരിച്ചറിയുന്നില്ലെങ്കിൽ സമസ്തയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.' ഉമ്മർ ഫൈസി മുക്കം സ്വകാര്യ ചാനലിനോട് പറഞ്ഞു.

ലീഗ് നേതൃത്വത്തിനെതിരെ സമസ്ത പരസ്യമായി രംഗത്ത് വന്നത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സീറ്റുകളിൽ ബാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP