Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുത്തലാഖ് ബില്ലിൽ കുരുങ്ങി വീണ്ടും മുസ്ലിംലീഗ്; ബില്ല് രാജ്യസഭയിൽ ചർച്ചചെയ്തപ്പോൾ ലീഗിന്റെ ഏക അംഗമായ പി.വി അബ്ദുൽ വഹാബ് സഭയിൽ ഹാജരാവാത്തതിനെതിരെ അണികളുടെ വ്യാപക പ്രതിഷേധം; വഹാബിന് ബിജെപി നേതാക്കളുമായി ബിസിനസ്സ് ബന്ധമെന്ന് ആരോപണം; ഡൽഹിയിലെ പേഴ്‌സണൽ സ്റ്റാഫ് തന്നെയാണ് ബിജെപിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപി എംപിയുടെയും കാര്യങ്ങൾ നോക്കുന്നതെന്നും വിമർശനം; കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മുത്തലാഖിൽ പണി വാങ്ങി വഹാബും

മുത്തലാഖ് ബില്ലിൽ കുരുങ്ങി വീണ്ടും മുസ്ലിംലീഗ്; ബില്ല് രാജ്യസഭയിൽ ചർച്ചചെയ്തപ്പോൾ ലീഗിന്റെ ഏക അംഗമായ പി.വി അബ്ദുൽ വഹാബ് സഭയിൽ ഹാജരാവാത്തതിനെതിരെ അണികളുടെ വ്യാപക പ്രതിഷേധം; വഹാബിന് ബിജെപി നേതാക്കളുമായി ബിസിനസ്സ് ബന്ധമെന്ന് ആരോപണം; ഡൽഹിയിലെ പേഴ്‌സണൽ സ്റ്റാഫ് തന്നെയാണ് ബിജെപിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപി എംപിയുടെയും കാര്യങ്ങൾ നോക്കുന്നതെന്നും വിമർശനം; കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മുത്തലാഖിൽ പണി വാങ്ങി വഹാബും

ജംഷാദ് മലപ്പുറം

മലപ്പുറം: മുത്തലാഖ് ബില്ലിൽ കുരുങ്ങി വീണ്ടും മുസ്ലിംലീഗ് നേതുത്വം. ബില്ല് രാജ്യസഭയിൽ ചർച്ചചെയ്തപ്പോൾ ലീഗിന്റെ ഏക അംഗവും മുസ്ലിംലീഗ് ദേശീയ ട്രഷററുമായ പി.വി അബ്ദുൽ വഹാബ് സഭയിൽ ഹാജരാവാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. നേരത്തെ ലോകസഭയിൽ കുഞ്ഞാലിക്കുട്ടിക്ക് ഹാജരാവാൻ കഴിയാതിരുന്നത് തന്നെ ഏറെ ചർച്ചയും വിവാദവുമുണ്ടായതിന് പിന്നാലെയാണ് വഹാബും ലീഗിന് തലവേദനയായത്.

അതേ സമയം വഹാബിന് ബിജെപി നേതാക്കളുമായുള്ള ബിസിനസ് ബന്ധങ്ങളെ കുറിച്ചും ലീഗിൽ പലവിധ ആരോപണങ്ങളുയർന്നിട്ടുണ്ട്. വഹാബിന്റെ ഡൽഹിയിലെ പേഴ്‌സണൽ സ്റ്റാഫ് തന്നെയാണ് ബിജെപിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപി എംപിയുടെയും കാര്യങ്ങൾ നോക്കുന്നതെന്ന ആരോപണവും മുസ്ലിം ലീഗ് പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചിട്ടുണ്ട്.

വിഷയത്തിൽ സമസ്ത ഉൾപ്പെടെയുള്ള മത സംഘടനകൾ നേതൃത്വത്തെ അതൃപ്തി അറിയിച്ചുകഴിഞ്ഞു. വഹാബിന്റെ ഇടപെടൽ മൂലം രാജ്യസഭയിലെ ബില്ല് പാസ്സാകാതിരിക്കില്ലെന്നും എന്നാൽ ലീഗിന്റെ പ്രതിനിധി അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേയും, അവർക്കുവോട്ടുചെയ്ത ജനതയുടേയും വികാരം സഭയിൽ അറിയിക്കണമായിരുന്നുവെന്നും, വിഷയത്തിൽ വഹാബ് അമ്പേ പരാജയമായിപ്പോയെന്നുംവരെ ലീഗ് പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ പോസറ്റുകളിട്ടു കഴിഞ്ഞു. വിഷയത്തെ ഏറെ വൈകാരികമായി കാണുന്ന സമസ്ത നേതൃത്വവും വിഷയത്തിൽ പരസ്യമായ നിലപാട് പറഞ്ഞില്ലെങ്കിലും നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞതായാണ് വിവരം.

രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസാക്കിയ ഇന്നലെ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കാൻ പേരുവിളിച്ച സമയത്താണ് വഹാബ് സഭയിൽ ഹാജരാവാതിരുന്നതാണ് വിവാദത്തിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിമുതൽ നാലുമണിക്കൂർ നേരമാണ് ചർച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാൽ, വൈകീട്ട് അഞ്ചുമണി കഴിഞ്ഞും ചർച്ച തുടർന്നെങ്കിലും വഹാബ് സഭയിലെത്തിയില്ല. കശ്മീരിൽനിന്നുള്ള നസീർ അഹമ്മദ് ലവായിയുടെ പ്രസംഗത്തിനുശേഷമായിരുന്നു വഹാബിന്റെ ഊഴം. അധ്യക്ഷന്റെ ഇരിപ്പിടത്തിലുണ്ടായിരുന്ന ഭൂബനേശ്വർ കലിത വഹാബിന്റെ പേര് വിളിച്ചെങ്കിലും അദ്ദേഹം തന്റെ ഇരിപ്പിടത്തിലില്ലെന്ന് മനസ്സിലാക്കിയ അധ്യക്ഷൻ മഹാരാഷ്ട്രയിൽനിന്നുള്ള മജീദ് മേമനെ പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. നസീർ അഹമ്മദും മജീദ് മേമനും ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. ചർച്ച അവസാനിപ്പിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് മറുപടി പറയുന്ന സമയത്ത് വഹാബ് വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അധ്യക്ഷൻ നൽകിയില്ല.

അതേസമയം, ബില്ലിനെതിരേ വോട്ടുചെയ്യുന്ന സമയത്ത് വഹാബ് സഭയിൽ ഹാജരായിരുന്നു. നേരത്തെ, ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ദിവസം വഹാബും കുഞ്ഞാലിക്കുട്ടിയും സഭയിൽ ഹാജരാവാതിരുന്നത് ലീഗിനെ വൻ പ്രതിരോധത്തിലാക്കിയിരുന്നു. കൂടാതെ ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പ് മുസ്ലിം ലീഗ് ബഹിഷ്‌കരിച്ചതും വിവാദമായി. നിയമം പാസാക്കിയ സമയത്ത് രാജ്യസഭയിൽ വഹാബ് നടത്തിയ പരാമർശവും ലീഗിന് തലവേദനയായിരുന്നു. ബില്ലിനെ താൻ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു വഹാബ് സഭയിൽ അന്നു പറഞ്ഞിരുന്നത്. വഹാബിന് ബിജെപി നേതാക്കളുമായുള്ള ബിസിനസ് ബന്ധങ്ങളെ കുറിച്ചും പലവിധ ആരോപണങ്ങളുയർന്നിരുന്നു. ഡൽഹിയിലെ മാധ്യമപ്രവർത്തകർക്കായി മുൻ എംപി കെ വി തോമസിന്റെ ഡൽഹിയിലെ വസതിയിൽവച്ച് മദ്യസൽക്കാരം നടത്തിയതും നേരത്തെ വിവാദമുണ്ടാക്കിയിരുന്നു.

നേരത്തെ ലോക്സഭയിൽ നടന്ന മുത്തലാഖ് ബിൽ ചർച്ചയിൽ മലപ്പുറം എംപിയും മുസ്ലിം ലീഗ് നേരത്തെ ലോക്സഭയിൽ നടന്ന മുത്തലാഖ് ബിൽ ചർച്ചയിൽ മലപ്പുറം എംപിയും മുസ്ലിം ലീഗ്
നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു. ചർച്ചയിൽ പങ്കെടുക്കാതെ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിനെ വിമർശിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിലാകെ പൊങ്കാലയായിരുന്നു അന്ന്. തുടർന്ന് വിഷയത്തിൽ പാണക്കാട് തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം തൃപ്തിയാണെന്ന് പറഞ്ഞാണ് നേതൃത്വം അവസാനം വിവാദം അവസാനിപ്പിച്ചത്. എന്നാൽ അതേ സമയം തന്നെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്‌ബുക്ക് പേജിലടക്കം നിരവധി പേരാണ് വിമർശനവും ട്രോളുമായി എത്തിയിരുന്നത്. മുത്തലാഖ് ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നത് മാസങ്ങൾക്ക് മുന്നേ തീരുമാനിച്ച കാര്യമാണ്. എന്നിട്ടും എംപി പങ്കെടുക്കാത്തത് ശരിയല്ലെന്നാണ് അണികളടക്കം വിമർശിച്ചിരുന്നത്. ലീഗ് നേതാക്കളുടെ ഇമയനങ്ങുന്നത് പോലും സെക്കന്റുകൾ വെച്ച് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന കാലത്ത് ശത്രുക്കൾക്ക് തല്ലാൻ പാകത്തിൽ നടുമ്പുറം കാണിച്ചു കൊടുത്ത് നാണക്കേട് ഇരന്നു വാങ്ങുന്നത് പരമ ബോറാണു സാഹിബേ എന്നാണ് ഒരു ലീഗ് പ്രവർത്തകൻ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റ് ചെയ്തിരുന്നത്.

മുത്തലാഖ് ബിൽ പാർലിമെന്റിൽ ചർച്ചചെയ്യുമ്പോഴും വോട്ടിനിടുമ്പോഴും മുസ്ലിം ലീഗ് എം പി കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ സാന്നിധ്യം അറിയിക്കാതെ വന്നത് വിമർശിക്കപ്പെടുമ്പോൾ അത് അന്ധമായ ലീഗ് വിരോധം കൊണ്ടാണെന്ന് പറഞ്ഞ് തടി തപ്പാൻ ഒരു ലിഗുകാരനും ആവില്ലെന്നും സോഷ്യൽ മീഡിയ ആരോപിച്ചിരുന്നു..ഇടി മുഹമ്മദ് ബഷീറിനെ പ്രശംസിക്കുകയും കുഞ്ഞാലിക്കുട്ടിയെ വിമർശിക്കുന്ന രീതിയിലായിരുന്നു ഈസമയങ്ങളിൽ കമന്റുകളെല്ലാം.ലോക്സഭയിൽ മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ പി കെ കുഞ്ഞാലിക്കുട്ടി എംപി പോയത് വ്യവസായി ഒരുക്കിയ വിരുന്നിനാണെന്നാണ് ആരോപണം ഉയർന്നിരുന്നത്. ബില്ലിന്മേലുള്ള ചർച്ച നടക്കുമ്പോൾ പാർട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് ആരോപണം വന്നങ്കെിലും കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങൾക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞത് മറ്റൊരു കാര്യമാണ്. ലീഗ് മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട് നിർണായകമായ യോഗത്തിൽപങ്കെടുക്കാനുള്ളതാണ് കാരണമായി കുഞ്ഞാലിക്കുട്ടി പറഞ്ഞത്,

നേരത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിയും വഹാബും വിട്ടുനിന്നിരുന്നു. അന്ന് വിമാനം വൈകിയെന്നായിരുന്നു ന്യായീകരണമായി പറഞ്ഞത്. എന്തായാലും കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുണ്ടായ അതേ വികാരം തന്നെയാണ് വഹാബിനെതിരേയും ഇപ്പോൾ പാർട്ടിക്കുള്ളിലും അണികൾക്കിടയിലും ഉണ്ടായിട്ടുള്ളത്. എല്ലാവരും അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ.

അതേ സമയം കഴിഞ്ഞ ജൂലൈ 25ന് ലോക്സഭയിൽ മുത്തലാഖ് ബില്ലിന്മേൽ നടന്ന ചർച്ചയിൽ കുഞ്ഞാലിക്കുട്ടി സംസാരിച്ചിരുന്നു. മുത്തലാഖ് ബില്ലിലെ ബിജെപിയുടെ രാഷ്ട്രീയ അജണ്ട രാജ്യത്തിന് വ്യക്തമായെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മുത്തലാഖ് ബില്ല് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വഭിാഗത്തിന് ഒരർത്ഥത്തിലും സ്വീകാര്യമല്ല, ബില്ല് വിവേചനപരമാണ്. മറ്റ് സമുദായങ്ങളോടൊന്നും സ്വീകരിക്കാത്ത വിവേചനപരമായ നിലപാടാണ് മുത്തലാഖ് ബില്ലിൽ മുസ്ലിം വിഭാഗത്തോട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സുപ്രീംകോടതി മുത്തലാഖ് നിയമവിരുദ്ധമാക്കി വിധിപ്രസ്താവിച്ചു എന്നത് ശരിയാണ്. പക്ഷെ എവിടെയാണ് സുപ്രീംകോടതി മുത്തലാഖ് വിഷയത്തിൽ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP