Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ലീഗിന്റെ ഊരയിൽ കെട്ടിപ്പൊക്കിയ കടലാസ് പാർട്ടിയല്ല കാന്തപുരത്തിന്റേത്; ലീഗ്-കാന്തപുരം വിടവിലേക്കു എണ്ണ ഒഴിച്ച പി കെ കുഞ്ഞാലിക്കുട്ടിക്കു കാന്തപുരം വിഭാഗത്തിന്റെ മറുപടി; സിപിഎമ്മിൽ പ്രതീക്ഷ; വളരെ സൂക്ഷിച്ച് ഇടപെടുന്ന കുഞ്ഞാലിക്കുട്ടിയെ കാന്തപുരത്തിന് എതിരാക്കിയ ബുദ്ധികേന്ദ്രം ആര്?

ലീഗിന്റെ ഊരയിൽ കെട്ടിപ്പൊക്കിയ കടലാസ് പാർട്ടിയല്ല കാന്തപുരത്തിന്റേത്; ലീഗ്-കാന്തപുരം വിടവിലേക്കു എണ്ണ ഒഴിച്ച പി കെ കുഞ്ഞാലിക്കുട്ടിക്കു കാന്തപുരം വിഭാഗത്തിന്റെ മറുപടി; സിപിഎമ്മിൽ പ്രതീക്ഷ; വളരെ സൂക്ഷിച്ച് ഇടപെടുന്ന കുഞ്ഞാലിക്കുട്ടിയെ കാന്തപുരത്തിന് എതിരാക്കിയ ബുദ്ധികേന്ദ്രം ആര്?

കെ സി റിയാസ്

കോഴിക്കോട്: കോണി സുന്നിയും അരിവാൾ സുന്നിയും പോർവിളിയുമായി വീണ്ടും തെരുവിലേക്ക് ഇറങ്ങുമോ? കോഴിക്കോട്ട് സമാപിച്ച മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തോടെയാണ് മുസ്‌ലിം ലീഗും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗവും ഒരു നീണ്ട ഇടവേളക്കു ശേഷം വീണ്ടും വെടിനിർത്തൽ ലംഘിച്ച് പരസ്യമായ കലഹത്തിനു കോപ്പ് കൂട്ടുന്നത്.

1989-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഇ കെ അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗവും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ മറ്റൊരു വിഭാഗവുമായി രണ്ടായി പ്രവർത്തിച്ചുവരികയാണ്. സമസ്തയിലുണ്ടായ പിളർപ്പ് നാട്ടിലും മറുനാട്ടിലും ഗൾഫിലുമെല്ലാം സംഘടനാപരമായ ഭിന്നതയ്ക്ക് ആക്കം കൂട്ടി. ആരോപണ പ്രത്യാരോപണങ്ങളും ഖണ്ഡന പരമ്പരകളും അടിപിടി കൊലക്കേസുകളിൽ വരെ കാര്യങ്ങളെത്തിച്ചു. ഒരേ കുടുംബങ്ങളിൽ പോലും ഇത് വിള്ളലുണ്ടാക്കി. പള്ളി- മദ്രസകൾ പിടിച്ചടക്കലും ചേരിതിരിഞ്ഞ് മുക്കിനുമുക്കിന് ഇവ സ്ഥാപിക്കാൻ മത്സരങ്ങളും അരങ്ങേറി.

ഇതിൽ ഇ കെ വിഭാഗത്തെ മുസ്‌ലിം ലീഗും കാന്തപുരം വിഭാഗത്തെ സി പി എമ്മും രാഷ്ട്രീയ ആയുധമാക്കി സംരക്ഷണ കവചവും തീർത്തു. ഇരുവിഭാഗങ്ങളും ഒരു വലിയ അളവു വരെ തങ്ങളുടെ ഗ്രൂപ്പ് താൽപര്യ സംരക്ഷണത്തിന്റെ പ്രത്യുപകാരമെന്നോണം വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കരുചേർക്കപ്പെടുകയുമുണ്ടായി. ഇത് പ്രത്യേകിച്ച് മലബാറിൽ കോണി സുന്നികളും അരിവാൾ സുന്നികളുമായി അറിയപ്പെട്ടു. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി പോർവിളികളിലും ശീതസമരങ്ങളിലും കുറേക്കൂടി മാന്യതയും പക്വതയും പ്രകടമായിരുന്നു.

സുന്നി ഐക്യം യാഥാർത്ഥ്യമായില്ലെങ്കിലും പ്രാദേശികതലം തൊട്ട് സംസ്ഥാന തലത്തിൽ വരെ പരസ്യമായ വിഴുപ്പലക്കലിൽ പ്രകടവും മാതൃകാപരവുമായ മാറ്റങ്ങളുണ്ടായി. പൊതുവിഷയങ്ങളിൽ യോജിപ്പിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി സമന്വയത്തിന്റെയും സമവായത്തിന്റെയും അന്തരീക്ഷവും ഉടലെടുത്തു.
കാന്തപുരം സുന്നി മർക്കസ് സമ്മേളനം അടക്കമുള്ള വേദികളിലേക്ക് മുസ്‌ലിംലീഗ് നേതാക്കളെ ക്ഷണിക്കാനും അത് സ്വീകരിക്കാനും ഇരുനേതൃത്വവും തയ്യാറായി. ലീഗ് നേതാക്കളുടെ ഇത്തരം സാന്നിധ്യങ്ങളെ ഇ കെ വിഭാഗം സുന്നികളിലെ ഒറ്റപ്പെട്ട ചില തീവ്ര സംഘടനാ ചിന്താഗതിക്കാർ തടയിടാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ആ കെണിയിൽ വീഴാതിരിക്കാനും എല്ലാ വിഭാഗം സംഘടനകളുടെയും ജനങ്ങളുടെയും വികാരങ്ങളെ മാനിക്കാനും ലീഗ് നേതൃത്വം പരമാവധി ജാഗ്രത പുലർത്തി.

എന്നാൽ പ്രവാചകന്റെ പേരിലുള്ള വ്യാജകേശ വിവാദത്തിൽ കാന്തപുരം വിഭാഗത്തിനെതിരെ സമസ്ത ഇ കെ വിഭാഗം ഉൾപ്പെടെയുള്ള വിവിധ മുസ്‌ലിം സംഘടനകൾ പരസ്യമായി രംഗത്തുവന്നു. പ്രശ്‌നത്തിൽ കാന്തപുരം വിഭാഗത്തിന് അനുകൂലമായുള്ള യു ഡി എഫ് സർക്കാറിന്റെ സത്യവാങ്മൂലം സമസ്ത ഇ കെ വിഭാഗത്തെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് ഇത് തിരുത്താൻ ഇവർ മുസ്‌ലിം ലീഗിൽ സമ്മർദ്ദം ശക്തമാക്കി. അതിന് ഫലമുണ്ടായതോടെ കാന്തപുരം വിഭാഗവുമായുള്ള ലീഗ് ബന്ധത്തിൽ അത് കൂടുതൽ വിള്ളലുണ്ടാക്കി. വ്യാജ തിരുകേശത്തിന്റെ പേരിൽ പള്ളി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമുദായത്തിലെ മറ്റു സംഘടനകളും കാന്തപുരത്തിനെതിരെ തിരിഞ്ഞു. ഇതോടെ നീക്കങ്ങളെല്ലാം പരമ രഹസ്യമാക്കാൻ കാന്തപുരം വിഭാഗം നിർബന്ധിതരായി.

അതിനിടെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പരസ്യമായി ആഹ്വാനം ചെയ്ത മണ്ണാർക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ വൻ തിരിച്ചടിയും കാന്തപുരം വിഭാഗം ചോദിച്ചുവാങ്ങി. ഇത് സോഷ്യൽ മീഡിയയിലും പൊതുപ്രഭാഷണ വേദികളിലുമെല്ലാം ഇപ്പോഴും ആയുധമാക്കുന്നതിനിടെയാണ് ഏകീകൃത സിവിൽ കോഡിനെതിരെ മുസ്‌ലിംലീഗ് നേതൃത്വം ഈയിടെ കോഴിക്കോട്ട് വിവിധ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിന്നതോടെ ചർച്ചകൾ വീണ്ടും കൊഴുത്തു. തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നു കാന്തപുരവും ക്ഷണിച്ചുവെന്ന് ലീഗും വ്യക്തമാക്കിയതോടെ അത് അവിടംകൊണ്ട് അവസാനിക്കുമെന്നു കരുതിയവർക്കു തെറ്റി.

എന്നാൽ കഴിഞ്ഞദിവസം ആ വിടവിലേക്കാണ് മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ അമ്പുകളുണ്ടായത്. ആ ശരം കാന്തപുരം വിഭാഗത്തെ ശരിക്കും പ്രകോപിപ്പിക്കുന്നതാണ്. ആ നോവിന് മറുപടി പറയാനുള്ള മാസ്സിലാണിപ്പോൾ കാന്തപുരം വിഭാഗം. എന്നാൽ കാരന്തൂർ സുന്നി മർക്കസ് സമ്മേളനം അടക്കമുള്ള എ പി വിഭാഗത്തിന്റെ പരിപാടികളിലെ ക്ഷണം സ്വീകരിച്ച് അവരുമായുള്ള അകലം കുറച്ചുകൊണ്ടുവരാനുള്ള ലീഗ് ശ്രമത്തിന് പാര പണിയാറുള്ള ഇ കെ സമസ്തയിലെ ഒരു വിഭാഗം തീവ്ര സംഘടനാ ചിന്താഗതിക്കാരുടെ പാളയത്തിനാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തോടെ കൂടുതൽ ഹരമായിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരാളിൽ നിന്ന് ഇതുണ്ടായത് കാന്തപുരം വിഭാഗത്തെ മാത്രമല്ല, കാന്തപുരത്തിന്റെ ആത്മീയ കച്ചവടങ്ങളുമായി വിയോജിപ്പുള്ള മറ്റു മുസ്‌ലിം സംഘടനാ നേതാക്കളെയും പ്രവർത്തകരെയുമെല്ലാം സ്തബ്ധരാക്കിയിട്ടുണ്ട്.

കാന്തപുരം വിഭാഗത്തിന് കണക്കറ്റ പരിഹാസമാണ് കോഴിക്കോട് കടപ്പുറത്തെ യൂത്ത് ലീഗ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ കുഞ്ഞാലിക്കുട്ടിയിൽ നിന്നുണ്ടായത്. ജനം മോദി പരിഷ്‌കാരത്തിന് എതിരാണെന്നു പറഞ്ഞായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തിന്റെ തുടക്കം. 'ആ മോദി പരിഷ്‌കാരത്തിന് എതിരെയുള്ള വലിയ സിഗ്‌നേച്ചറാണ് യൂത്ത് ലീഗ് സമ്മേളനം. ഏകീകൃത സിവിൽ കോഡിനെതിരെയുള്ള മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയും. എന്നാൽ, ആ കൂട്ടായ്മയിലേക്കു എല്ലാ സംഘടനകളും വന്നു; ഒരു കൂട്ടർ മാത്രം വന്നില്ല. അത് പണ്ടും വന്നില്ല. അതേ, അവർ പണ്ടും വന്നില്ല. കയറിട്ട് പിടിച്ചുകൊണ്ടുവരാൻ പറ്റ്‌വോ? പറയാനല്ലേ പറ്റൂ... കല്യാണത്തിന് അല്ലേ അങ്ങനെ പോയി ക്ഷണിക്കുക. മജിദ് ക്ഷണിച്ചില്ലെന്നാ അവര് പറയ്ണത്. എല്ലാരിം ക്ഷണിച്ചത് പോലെ അവരിം ക്ഷണിച്ചിട്ടുണ്ട്. കല്യാണത്തിനല്ല, രാജ്യം അപകടത്തിൽപെടുന്ന വിഷയം ചർച്ച ചെയ്യാനാണ് ക്ഷണിച്ചത്. രാജ്യം അപകടപ്പെടും എന്നു കാണുമ്പം ഫോൺ ചെയ്തു വിവരം പറഞ്ഞാൽ പോരേ? അപ്പോൾ തന്നെ ഒരുമിച്ച് കൂടണ്ടേ?...അപ്പോൾ കാര്യം അതൊന്നുമല്ല. അത് അസുഖം വേറെയാണ്. തലയുള്ളിടത്തോളം ജലദോഷം മാറൂല എന്നു പറയാറില്ലേ? അതുപോലെ അത് പെട്ടെന്നൊന്നും മാറൂല എന്നു പറഞ്ഞായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കളിയാക്കൽ.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പല നിറമാണ് (കാന്തപുരം വിഭാഗത്തിന്) ഇവർക്ക്. എങ്കിലും വേറൊരു ഗുണമുണ്ടായിട്ടുണ്ട്. എന്തായാലും ലീഗിനെ വെല്ലുവിളിക്കൽ അത്ര എളുപ്പമല്ലെന്ന് മണ്ണാർക്കാട്ട് എൻ ഷംസുദ്ദീന്റെയും കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയുടെയും ജയമെങ്കിലും ഇവരെ ബോധ്യപ്പെടുത്തിയിരിക്കുന്നു. എല്ലാവർക്കും നേരെ ഈ വിഭാഗം വെല്ലുവിളിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോവാറുണ്ടെന്നും കുഞ്ഞാലിക്കുട്ടി കാന്തപുരത്തിന്റെ പേര് പറയാതെ പരിഹസിച്ചു. തീവ്രവാദവും ഫാസിസവും കേരളത്തിൽ വേവില്ല. സമുദായത്തിനിടയിൽ പടക്കം പൊട്ടിച്ച് നടക്കുന്നവർ സംഘ്പരിവാരിന്റെ വളർച്ചക്ക് ആക്കം കൂട്ടുകയാണ്. മലപ്പുറത്തെ സ്‌ഫോടനവും അതിന്റെ ഭാഗമാണ്. നിസ്സാരമായ കാര്യങ്ങൾ കൊണ്ട് മലപ്പുറത്തെ വർഗീയക്കളമാക്കാമെന്ന് ആരും കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമുദായ സംഘടനാ പ്രശ്‌നങ്ങളിലും യു ഡി എഫിനകത്തും പുറത്തുമുള്ള സങ്കീർണ്ണ വിഷയങ്ങളിലും കക്ഷിരാഷ്ട്രീയത്തിനപ്പുറം, വളരെ പക്വവും മാന്യവുമായ നിലപാടുതറ സ്വീകരിക്കാറുള്ള കുഞ്ഞാലിക്കുട്ടിയുടെ തുറന്നു പറച്ചിൽ വളരെ അപ്രതീക്ഷിതവും അത്ഭുതകരവുമായാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇത് എ പി വിഭാഗത്തിൽ ശക്തമായ പ്രതിഷേധത്തിനും ഇ കെ വിഭാഗത്തിൽ അതിരറ്റ ആത്മവിശ്വാസവും ആഹ്ലാദവും പകർന്നിട്ടുണ്ടെന്നാണ് വിവരം.

സോഷ്യൽ മീഡിയയിൽ മിസ്റ്റർ കുഞ്ഞാലിക്കുട്ടി, എന്നു വിളിച്ച് കാന്തപുരത്തിന്റെ അനുയായികൾ ലീഗിനും ഇ കെ വിഭാഗത്തിനുമെതിരെ രംഗത്തുവന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെയും ഹൈദരലി തങ്ങളുടെയും യുവ ശിഷ്യന്മാർ കാന്തപുരത്തെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്തപ്പോൾ സമുദായം ആ മഹാ പണ്ഡിതനെ നെഞ്ചേറ്റുകയായിരുന്നുവെന്നാണ് അവരുടെ പക്ഷം. തെരഞ്ഞെടുപ്പുകാലത്ത് കാന്തപുരത്തിന് സൂക്കേടാണെന്ന് താങ്കൾ(കുഞ്ഞാലിക്കുട്ടി) പ്രസംഗിച്ചതായി കേട്ടു. ഡസനോളം സുന്നി പ്രവർത്തകരെ അരുംകൊല ചെയ്യുകയും, പ്രതികളെ ഉപ്പും ചോറും നല്കി സംരക്ഷിക്കുകയും ചെയ്തപ്പോൾ, വീണ്ടും നിങ്ങൾ കാന്തപുരത്തിന്റെ പിന്തുണ പ്രതീക്ഷിച്ചിരുന്നുവല്ലേ? ഭരണത്തിന്റെ ശീതളഛായയിൽ സർവ സന്നാഹങ്ങളും ഉപയോഗിച്ച് സുന്നി സ്ഥാപനങ്ങൾ സഹയാത്രികർക്ക് തീറെഴുതാൻ ഒത്താശ ചെയ്തപ്പോൾ അത് കാന്തപുരത്തിന്റെ അനുയായികൾ മറക്കണമായിരുന്നുവല്ലേ? വഖഫ്, ഹജ്ജ് കമ്മിറ്റികൾ ആശ്രിതവൽസലർക്ക് പതിച്ചു നല്കിയപ്പോൾ നിങ്ങൾക്ക് കാന്തപുരത്തെ ഓർമ്മയുണ്ടായിരുന്നില്ല അല്ലേ? കാന്തപുരത്തിന്റെ കേരള യാത്ര സമ്പൂർണമായി ലീഗ് ബഹിഷ്‌കരിച്ചപോൾ അവിടെ സമുദായ ഐക്യം ഒരു ഘടകമായിരുന്നില്ല അല്ലേ? കശ്മീർ തീവ്രവാദികൾ മർകസിലേക്ക് വരുന്നു എന്ന് പറഞ്ഞ് അനാഥ മക്കളുടെ മുഖത്ത് കരിതേക്കുമ്പോൾ താങ്കൾക്ക് ഐക്യരോഗം ഉണ്ടായിരുന്നില്ല അല്ലേ? കാന്തപുരം ഉസ്താദിന്റെ നോളേജ് സിറ്റിക്കെതിരെ കേസ് കൊടുത്ത് സ്തംഭനാവസ്ഥ ഉണ്ടാക്കിയപ്പോഴും താങ്കൾ അറിഞ്ഞുകാണില്ല അല്ലേ? കാസർക്കോട്ടെയും മറ്റും ജനവിധിയുടെ പശ്ചാത്തലത്തിൽ സംഘപരിവാറിന് നേട്ടമുണ്ടായപ്പോൾ ബിജെപിക്കാരനെന്നു പറഞ്ഞ് പാർട്ടി ജനറൽസെക്രട്ടറി ഒരു പണ്ഡിതനെതിരെ ചന്ദ്രികയിൽ ലേഖനം എഴുതിയപ്പോൾ താങ്കൾ ഊറി ചിരിക്കുകയായിരുന്നുവല്ലേ? നിങ്ങളോർക്കുക! ഈ പ്രസ്ഥാനം ലീഗിന്റെ ഊരയിൽ കെട്ടിപ്പൊക്കിയ കടലാസ് പാർട്ടിയല്ല. മറിച്ച് ഇന്ത്യയിലുടനീളം അടിത്തറയുള്ള, പാവങ്ങൾക്കായി സർവതും ത്യജിക്കാൻ തയ്യാറുള്ള, ശരീഅത്തിനായി ജീവത്യാഗത്തിനൊരുക്കമുള്ള മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന, അവശ ജനവിഭാഗത്തിന്റെ അത്താണിയായ, ആയിരക്കണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന, രാഷ്ട്ര പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന മഹാപ്രസ്ഥാന കൂട്ടായ്മയാണെന്നു കാന്തപുരം വിഭാഗം വിശദീകരിക്കുന്നു. അതിനെ അധികാരത്തിന്റെ ഹുങ്കിൽ മൂക്കിൽ വലിക്കാൻ കഴിയാത്ത ലീഗിന് ഇപ്പോൾ അതീവ ദുർബലാവസ്ഥയിൽ അതിന് കഴിയുമെന്ന് ധരിക്കുന്നത് വെറും വ്യാമോഹം മാത്രമാണ്. ഭരണം പോയാൽ ഉണ്ടാകുന്ന ഒരു ബിരിയാണി കൂട്ടായ്മ അല്ല സുന്നികൾക്ക് ശരീഅത്തെന്നും ഇവർ കുഞ്ഞാലിക്കുട്ടിയെയും ഇ കെ വിഭാഗത്തെയും ഓർമിപ്പിക്കുന്നു.

എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും മുടിപ്പള്ളി വിഷയത്തിലും മറ്റും കാലിടറിയ കാന്തപുരം വിഭാഗത്തോടുള്ള ലീഗിന്റെ അനുനയ സമീപനം, കുഞ്ഞാലിക്കുട്ടിയെക്കൊണ്ട് കാലം തിരുത്തി പറയിപ്പിച്ചതാണെന്നാണ് സമസ്ത ഇ കെ വിഭാഗത്തിലെ തീവ്ര സംഘടനാ പക്ഷപാതിത്വമുള്ളവർ ആഹ്ലാദിക്കുന്നത്. കാന്തപുരത്തിന്റെ തട്ടിപ്പുകളും വെട്ടിപ്പുകളും കാഞ്ഞ ബുദ്ധിയും വൈകിയെങ്കിലും കുഞ്ഞാലിക്കുട്ടിയും തുറന്നു സമ്മതിച്ചുവല്ലോ എന്നാണവരുടെ ആശ്വാസം. ഇത് ദീർഘനാളായി സമസ്തയിലും ലീഗിലും തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളുടെ വിജയമാണെന്നും ഇവർ വാദിക്കുന്നു.

യു ഡി എഫ് അധികാരത്തിലിരുന്നപ്പോൾ കാന്തപുരത്തിന്റെ നോളേജ് സിറ്റിയുമായി ബന്ധപ്പെട്ടും തിരുകേശമെന്ന പേരിൽ വ്യാജ മുടിക്ക് കോടതിയിൽ സർക്കാർ സത്യവാങ്ങ്മൂലം നൽകിയപ്പോഴും ലീഗിന് കാര്യങ്ങൾ ബോധ്യമാവാൻ സമയമെടുത്തു. ഇത് സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിൽ ഏറെ അപസ്വരങ്ങളുണ്ടാക്കിയെങ്കിലും അത് തങ്ങൾ പ്രതീക്ഷിച്ച രീതിയിൽ തന്നെ മുന്നോട്ടു നീക്കാനായെന്നും പറയുന്നു. വിവാഹപ്രായ വിഷയത്തിലും മറ്റും മുസ്‌ലിം യൂത്ത് ലീഗിലെ ചില യുവതുർക്കികൾ സ്വീകരിച്ച ആർജവമുള്ള നിലപാടും ഇവരിൽ ലീഗിനെതിരെ നീരസം വളർത്തി. ഇതെല്ലാം കൂട്ടിക്കെട്ടിയായിരുന്നു ലീഗിനൊപ്പം ഒട്ടിനിൽക്കുമ്പോഴും സമസ്തയുടെ ഒരു വിഭാഗത്തിന്റെ പ്രചണ്ഡമായ പ്രചാരണം.

എന്നാൽ, സമുദായ ഐക്യമെന്ന പൊതു പ്‌ളാറ്റ്‌ഫോമിന് വിഘാതമാകേണ്ടെന്നു കരുതി വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുവച്ച് കാന്തപുരം വിഭാഗത്തിനെതിരെ പരസ്യമായ നിലപാട് പ്രഖ്യാപിക്കാതെയും പ്രകോപനങ്ങളുണ്ടാക്കാതെയും ലീഗ് കാത്തിരുന്നു. എന്നാൽ മണ്ണാർക്കാട് മണ്ഡലത്തിൽ സുന്നിസത്തിന്റെ പേരു പറഞ്ഞ് കാന്തപുരം മുസ്‌ലിയാർ ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പരസ്യമായി രംഗപ്രവേശം ചെയ്തു. അവർ സംഘടനാ മെഷിനറി ഒന്നടങ്കം ചലിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു മാത്രമല്ല, വൻ തിരിച്ചടിയും അപമാനവും ചോദിച്ചു വാങ്ങി. കുറ്റ്യാടി, അഴീക്കോട് പോലുള്ള പല മണ്ഡലങ്ങളിലും കാന്തപുരം അണികൾ ലീഗ് സ്ഥാനാർത്ഥികളെ തറപറ്റിക്കാൻ അസ്ത്രങ്ങൾ സർവ്വതും പുറത്തെടുത്തെങ്കിലും എല്ലാം ചീറ്റി. ഇത്തരമൊരു സാഹചര്യവും ഏകീകൃത സിവിൽ കോഡിനെതിരെയുള്ള മുസ്‌ലിം സംഘടനകളുടെ പൊതു കൂട്ടായ്മയോട് മുഖം തിരിച്ചതുമാണ് പുതിയ കലഹത്തിന്റെ മർമ്മമെന്നും പറയുന്നു.

എന്നാൽ, അധികാരത്തിന്റെ ആല്യസത്തിൽ അരുതായ്മകൾ ചെയ്തപ്പോൾ, അരുതേ എന്ന് പറഞ്ഞവരെയെല്ലാം പാർട്ടിവിരുദ്ധരും യാഥാസ്ഥിതികരുമായി ചിത്രീകരിക്കുന്ന യൂത്ത് ലീഗ് മുതൽ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ ഹരിത വരെയുള്ളവരെ നേരെ നടത്താനുള്ള തിരിച്ചറിവാകണം കുഞ്ഞാലിക്കുട്ടിയുടെ കുമ്പസാരമെന്നാണ് ഇ കെ വിഭാഗത്തിലെ ഒരു വിഭാഗം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP