Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇണങ്ങിയിരുന്നപ്പോൾ എൻഎസ്എസിനെ പ്രീണിപ്പിക്കാൻ മത്സരബുദ്ധി കാട്ടിയിരുന്ന പിണറായി സർക്കാരിന് പിണങ്ങിയപ്പോൾ കണ്ടഭാവമേയില്ല; സുകുമാരൻ നായരെ ചൊടിപ്പിച്ചത് മുന്നോക്ക സമുദായങ്ങളിൽ പെട്ട ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാത്തതും മുന്നോക്ക കമ്മീഷനിൽ പിന്നോക്കക്കാരനായ മെമ്പർ സെക്രട്ടറിയെ നിയമിച്ചതും; സ്‌കോളർഷിപ്പ് വിഷയത്തിൽ ഒന്നുംമിണ്ടാത്ത ബാലകൃഷ്ണപിള്ളയോടും രോഷം; അമർഷം പ്രകടിപ്പിച്ച് തുടരെ വാർത്താക്കുറിപ്പുകൾ

ഇണങ്ങിയിരുന്നപ്പോൾ എൻഎസ്എസിനെ പ്രീണിപ്പിക്കാൻ മത്സരബുദ്ധി കാട്ടിയിരുന്ന പിണറായി സർക്കാരിന് പിണങ്ങിയപ്പോൾ കണ്ടഭാവമേയില്ല; സുകുമാരൻ നായരെ ചൊടിപ്പിച്ചത് മുന്നോക്ക സമുദായങ്ങളിൽ പെട്ട ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാത്തതും മുന്നോക്ക കമ്മീഷനിൽ പിന്നോക്കക്കാരനായ മെമ്പർ സെക്രട്ടറിയെ നിയമിച്ചതും; സ്‌കോളർഷിപ്പ് വിഷയത്തിൽ ഒന്നുംമിണ്ടാത്ത ബാലകൃഷ്ണപിള്ളയോടും രോഷം; അമർഷം പ്രകടിപ്പിച്ച് തുടരെ വാർത്താക്കുറിപ്പുകൾ

എം മനോജ് കുമാർ

തിരുവനന്തപുരം: എൻഎസ്എസ് വീണ്ടും ഇടതു സർക്കാരുമായി ഇടയുന്നു. മുന്നോക്ക സമുദായ കോർപറേഷൻ, മുന്നോക്ക സമുദായവുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹരിഹരൻനായർ കമ്മീഷൻ എന്നീ വിഷയങ്ങളിലാണ് എൻഎസ്എസ് കടുത്ത അതൃപ്തിയിൽ തുടരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ 19 നും 20 നും സുകുമാരൻ നായർ രണ്ടു വാർത്താക്കുറിപ്പുകളാണ് ഇടതു സർക്കാരിനെതിരെ ഇറക്കിയത്. സുകുമാരൻ നായരുടെ ഫോട്ടോ വെച്ചുള്ള രണ്ടു വാർത്താക്കുറിപ്പുകളും ആഞ്ഞടിക്കുന്നത് ഇടത് സർക്കാരിനെതിരെ തന്നെ. എൻഎസ്എസിന്റെ ശക്തമായ പ്രതികരണം വന്നിട്ടും സർക്കാർ അനങ്ങാതിരിക്കുന്നത് എൻഎസ്എസിനെതിരെയുള്ള കടുത്ത സർക്കാർ നിലപാടിന്റെ സൂചനയുമാകുന്നു.

എൻഎസ്എസിനു ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത രണ്ടു സംഭവങ്ങളിലാണ് എൻഎസ്എസ് ഇടയുന്നത്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് ഇക്കുറി നൽകിയില്ല. ബജറ്റിൽ 17 കോടി രൂപ നീക്കിവച്ചിരിക്കുന്ന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കാതിരുന്നത്. പ്രളയക്കെടുതി കാരണം 20 ശതമാനം വെട്ടിക്കുറച്ചാണ് തുക നൽകിയത്. തുക കുറഞ്ഞതിനാൽ സ്‌കോളർഷിപ്പ് നൽകുന്നതിൽ നിന്നും ഹൈസ്‌കൂൾ കുട്ടികളെ ഒഴിവാക്കിയിരുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥികളെ ഒഴിവാക്കി പട്ടിക ക്ഷണിച്ച മുന്നോക്ക സമുദായ കോർപറേഷൻ നടപടികളാണ് എൻഎസ്എസിന്റെ എതിർപ്പ് ക്ഷണിച്ചു വരുത്തിയത്. മാർച്ച് 31 നു തന്നെ ഈ സ്‌കോളർഷിപ്പ് തുക വിദ്യാർത്ഥികൾക്ക് നൽകാനുള്ള സത്വര നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നാണ് വാർത്താക്കുറിപ്പിൽ സുകുമാരൻ നായർ ആവശ്യപ്പെട്ടത്.

ഹൈസ്‌കൂൾ വിദ്യാർത്ഥികളെ ഒഴിവാക്കി പട്ടിക ക്ഷണിച്ചത് മുന്നോക്കസമുദായ കോർപറേഷൻ ആണെന്നത് സുകുമാരൻ നായരെ പ്രകോപിപ്പിക്കുകയും ചെയ്തു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ രണ്ടു തട്ടിൽ നിൽക്കുകയാണ് സുകുമാരൻ നായരും എൻഎസ്എസും. അതുകൊണ്ട് തന്നെ സ്‌കോളർഷിപ്പ് നിഷേധം വന്നപ്പോൾ ഉടൻ തന്നെ സുകുമാരൻ നായർ രംഗത്തു വരുകയായിരുന്നു. ശബരിമല പ്രശ്‌നത്തിൽ തന്നെയാണ് ഇടതു സർക്കാരും സുകുമാരൻ നായരും അകലുകയും ചെയ്യുന്നത്. സ്‌കോളർഷിപ്പ് പ്രശ്‌നത്തിൽ 19 നു പത്രക്കുറിപ്പ് ഇറക്കിയപ്പോൾ 20 നു സുകുമാരൻ നായർ വീണ്ടും പത്രക്കുറിപ്പ് ഇറക്കി. അതും ഫോട്ടോ വെച്ചുള്ള പത്രക്കുറിപ്പ് തന്നെയായിരുന്നു.

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നോക്ക വിഭാഗങ്ങൾക്കുള്ള ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷനിലെ മെമ്പർ സെക്രട്ടറി അന്യമതസ്ഥനും പിന്നോക്ക വിഭാഗക്കാരനുമായത് സുകുമാരൻ നായരെ ചൊടിപ്പിച്ചു. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്ക വിഭാഗക്കാർക്കുള്ള കമ്മീഷനിൽ മെമ്പർ സെക്രട്ടറി തന്നെ പിന്നോക്ക വിഭാഗക്കാരനായത് ഗൗരവമുള്ള കാര്യമായാണ് എൻഎസ്എസ് കണ്ടത്. സംസ്ഥാന സർക്കാർ ഇതിന്റെ നിജസ്ഥിതി മനസിലാക്കി തീരുമാനം പുനഃപരിശോധിക്കണം- എൻഎസ്എസ് ആവശ്യപ്പെട്ടു. പക്ഷെ രണ്ടു കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അനങ്ങിയില്ല. എൻഎസ്എസിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്നതിൽ മത്സര ബുദ്ധി പുലർത്തിയിരുന്ന സർക്കാരായിരുന്നു മുൻപ് ഇടത് സർക്കാർ. ഇതേ ഇടത് സർക്കാർ തന്നെയാണ് നിരന്തരമായി എൻഎസ്എസിന്റെ ആവശ്യങ്ങളെ പടിക്ക് പുറത്ത് നിർത്തുകയും ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ച് അപമാനിക്കുകയും ചെയ്യുന്നത്. മുന്നോക്ക വിഭാഗങ്ങൾക്കായുള്ള സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ തന്നെ പറയുന്നത് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള കമ്മീഷനിൽ ഉള്ളവർ മുന്നോക്ക സമുദായങ്ങളെക്കുറിച്ച് അവഗാഹം ഉള്ളവരും ഇതേ സമുദായത്തിൽപ്പെട്ടവരുമായിരിക്കണം എന്നാണ്. വിജ്ഞാപനം തന്നെ നോക്കുകുത്തിയാക്കിയാണ് കമ്മീഷനിലെ മെമ്പർ സെക്രട്ടറിയുടെ നിയമനം സർക്കാർ നടത്തിയിരിക്കുന്നത്. വിജ്ഞാപനം തന്നെ ഇങ്ങിനെയായിരിക്കെയാണ് സർക്കാർ തീരുമാനത്തിൽ ഔചിത്യം സുകുമാരൻ നായർ ചോദ്യം ചെയ്യുന്നത്. .

സുകുമാരൻ നായരെ വ്യക്തിപരമായ അലോസരപെടുത്തുകയും ചെയ്യുന്ന ഒരു കാര്യം മുന്നോക്ക വിഭാഗ കോർപറേഷൻ ചെയർമാൻ ആയി എൻഎസ്എസ് ബാനറിൽ തന്നെ നിയമിക്കപ്പെട്ട ആർ.ബാലകൃഷ്ണപിള്ളയുടെ നിലപാടുകളാണ്. പ്രളയത്തിന്റെ പേരിൽ ഹൈസ്‌കൂൾ തലം വരെയുള്ള മുന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നിഷേധിക്കപ്പെട്ടപ്പോൾ ചെയർമാനായ പിള്ള ഒരക്ഷരം പോലും ശബ്ദിക്കാതെ പിള്ള അതിനും മുകളിലെ വിദ്യാർത്ഥികൾക്കായി അപേക്ഷ ക്ഷണിക്കുകയായിരുന്നു. കമ്പനി ആക്ട് പ്രകാരം കേരള സർക്കാർ രൂപവത്ക്കരിച്ച മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് എഴുപത് വയസ് കഴിഞ്ഞാൽ തുടരാൻ സാധിക്കില്ല. പക്ഷെ ഇപ്പോൾ 85ആം വയസിൽ എത്തിനിൽക്കുമ്പോഴും മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് ആർ.ബാലകൃഷ്ണപിള്ള തുടരുകയാണ്.

കമ്പനി നിയമപ്രകാരം ആദ്യം ഡയറക്ടർമാരെ നിയമിക്കുകയും പിന്നീട് ഡയറക്ടർമാരിലൊരാളെ ചെയർമാനാക്കുകയുമാണ് ചെയ്യുന്നത്. ചെയർമാൻ എന്ന രീതിയിലും ഡയറക്ടർ എന്ന രീതിയിലും അയോഗ്യനായി കഴിഞ്ഞിട്ടും ഇപ്പോഴും പിള്ള ചെയർമാൻ സ്ഥാനത്ത് തുടരുക തന്നെയാണ്. ഇത് സർക്കാരിന് അറിയാം. ഇത്തരം പ്രശ്‌നങ്ങൾ മുന്നിൽ ഉള്ളതിനാൽ സ്‌കോളർഷിപ്പ് പ്രശ്‌നം വന്നപ്പോൾ പിള്ള അനങ്ങിയില്ല. മുന്നോക്ക വിഭാഗക്കാർക്ക് വേണ്ടി നിലപാട് എടുത്തതുമില്ല.

പ്രധാനമായി സ്‌കോളർഷിപ്പുകൾ ഉപയോഗിക്കുന്നത് മുന്നോക്ക വിഭാഗങ്ങളിലെ ഹൈസ്‌കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കാണ്. അവരാണ് സ്‌കോളർഷിപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ എന്ന നിലയിൽ സമുദായത്തിന് എതിരായാണ് പിള്ളയുടെ നിലപാടുകൾ എന്ന് ആരോപണവും ഉയരുന്നുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്‌കോളർഷിപ്പ് പ്രശ്‌നത്തിൽ സത്വരമായി ഇടപെടേണ്ടതിനു പകരം പിള്ള തന്ത്രപൂർവം പിൻവലിഞ്ഞത്. സ്‌കോളർഷിപ്പ് പ്രശ്‌നത്തിൽ പിള്ളയോടുള്ള അമർഷം എൻഎസ്എസിന്റെ പത്രക്കുറിപ്പിൽ വ്യക്തവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP