Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുതെറ്റിനേയും പ്രോത്സാഹിപ്പിക്കില്ല; ബിനീഷ് കോടിയേരി സിപിഎം നേതാവല്ലെന്നും എ വിജയരാഘവൻ; ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ വിഷയമല്ലെന്നും ഇടതുമുന്നണി കൺവീനർ

മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുതെറ്റിനേയും പ്രോത്സാഹിപ്പിക്കില്ല; ബിനീഷ് കോടിയേരി സിപിഎം നേതാവല്ലെന്നും എ വിജയരാഘവൻ; ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ വിഷയമല്ലെന്നും ഇടതുമുന്നണി കൺവീനർ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന്റെ ധാർമിക ഉത്തരവാദിത്തം സിപിഎമ്മിന് ഇല്ലെന്നും എ വിജയരാഘവൻ പ്രതികരിച്ചു. ബിനീഷ് സിപിഎം നേതാവല്ല. മകൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനെന്ന നിലയിൽ കോടിയേരിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കേണ്ടെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ വിഷയമല്ല. പ്രതിപക്ഷം രാഷ്ട്രീയ താത്‌പര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുതെറ്റിനേയും പ്രോത്സാഹിപ്പിക്കില്ല. അന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി നീങ്ങുകയാണെങ്കിൽ അതിനെക്കുറിച്ച് അപ്പോൾ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇക്കാര്യത്തിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന് മകൻ തന്നെ ശിക്ഷ അനുഭവിക്കും. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നേരത്തെ വ്യക്തമാക്കിയതാണെന്നും എൽഡിഎഫ് കൺവീനർ ആവർത്തിച്ചു.

മകന്റെ തെറ്റായ ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം അച്ഛനിൽ കെട്ടിവെക്കുന്ന നീതി ബോധം പ്രതിപക്ഷം ബോധപൂർവം ഉണ്ടാക്കുന്ന രാഷ്ട്രീയമാണ്. അതംഗീകരിക്കാൻ കഴിയില്ല. ബിനീഷ് കോടിയേരി സിപിഎമ്മിന്റെ നേതാവല്ല. കോടിയേരി ബാലകൃഷ്ണനാണ് സെക്രട്ടറി. ബിനീഷിന് ഒരു പിശക് പറ്റിയാൽ തങ്ങളുടെ പിശകല്ല. കോടിയേരിക്ക് പിശക് വന്നാൽ തങ്ങളുടെ പിശകാണെന്നും വിജയരാഘവൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കരന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായ സിപിഎമ്മിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ ബെം​ഗളുരു സ്വർണക്കടത്ത് കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 21നാണ് ബിനീഷ് കോടിയേരിയുടെ ഉറ്റസുഹൃത്തായ അനൂപ് മുഹമ്മദും സംഘവും ബെംഗളൂരുവിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായത്. പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി അനിഘ എന്നിവർക്കൊപ്പമാണ് കൊച്ചി വൈറ്റില സ്വദേശി അനൂപ് മുഹമ്മദ് ബെംഗളൂരുവിൽ എൻ.സി.ബിയുടെ പിടിയിലാകുന്നത്. കണ്ണികൾ ഓരോന്നും ചികഞ്ഞെടുത്ത അന്വേഷണം സ്വർണക്കടത്തിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കും നീങ്ങിയതോടെ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുകയായിരുന്നു. ഒടുവിലിതാ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയതിരിക്കുകയാണ്.

ഇതുപോലൊരു പ്രതിസന്ധി സിപിഎം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റ്. ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ കോടതി വിട്ടതിന് പിന്നാലെ ബെംഗദളൂരുവിൽ നിന്നും വാർത്ത എത്തുന്നു. ബിനീഷ് കോടിയേരി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ ബെംഗളൂരുവിൽ അറസ്റ്റിലായിരിക്കുന്നു.

ഒരു പാർട്ടിയെ സംബന്ധിച്ച് ഏറ്റവും പരിതാപകരമായ അവസ്ഥയാണ് ഇതെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞത് ശ്രദ്ധേയം. ഒന്നിലധികം ആളുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് സംഘവുമായി ഇടപെടുകയായിരുന്നുവെന്നും സതീശൻ ആരോപിക്കുമ്പോൾ സിപിഎമ്മിന് കൃത്യമായ മറുപടിയില്ല. ആകെയുള്ള രക്ഷാമാർഗ്ഗം, കോടിയേരി നേരത്തെ ബിനീഷിന്റെ കേസും പാർട്ടിയും തമ്മിൽ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം എടുത്തിരുന്നു എന്നതാണ്. എന്നാൽ, ഇത് പാർട്ടി അണികൾക്ക് പോലും ദഹിക്കുന്ന കാര്യമല്ല എന്നതാണ് സത്യം. അവരോട് കാര്യങ്ങൾ വിശദീകരിക്കുക വിഷമകരമാകും.

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിനെ സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാന സെക്രട്ടറിയായ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടേയെന്നും യെച്ചൂരി പറഞ്ഞു. എന്നാൽ, ബിനീഷിന്റെ അറസ്റ്റ് സിപിഎമ്മിനെ സംബന്ധിച്ച് ധാർമ്മിക പ്രശ്നമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വിനാശകരമായ കാര്യങ്ങളിൽ ഇടപെടുന്നത് ന്യായീകരിക്കാനാകില്ല. ഇത്രയും കാലം ഭരണത്തിൽ വരുമ്പോൾ ബിനീഷിന് എതിരായ കേസുകൾ സൗകര്യപൂർവ്വം ഒതുക്കുകയായിരുന്നു. സി പി എം പോലുള്ള തൊഴിലാളി വർഗ പാർട്ടിയിൽ ഇതൊക്കെ നടക്കുന്നതിന് കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരേ ഉയർന്ന ആരോപണങ്ങൾ യുഡിഎഫ് ഭരണത്തിൽ വരുമ്പോൾ ഒതുക്കുകയായിരുന്നു പതിവ്. ഇപ്പോൾ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് എത്തിയതോടെയാണ് ഹവാല, മയക്കുമരുന്ന് ഇടപാടുകളിൽ അറസ്റ്റുണ്ടായതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

അറസ്റ്റ് ബിനീഷിൽ ഒതുങ്ങില്ലെന്ന് രാഷ്ട്രീയ എതിരാളികൾ പറയുമ്പോൾ ചാനൽ ചർച്ചകളിൽ പോലും ഇനി ന്യായീകരിക്കാൻ സിപിഎമ്മിന് വിയർക്കേണ്ടിവരും. അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘവുമായാണ് ബിനീഷിന്റെ ബന്ധമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ള രാമചന്ദ്രൻ ആരോപിച്ചത്. ബിനീഷിന് സിപിഎമ്മുമായി ബന്ധമില്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബിജെപി ഇടപെട്ടില്ലെങ്കിൽ മയക്ക് മരുന്ന് കേസ് അന്വേഷണം സിപിഎം നേതാക്കളിലേക്കെത്തും. സ്വർണ്ണ കള്ളകടത്ത് കേസിൽ ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനിലേക്കും അന്വേഷണം എത്തണം. ഇദ്ദേഹത്തിന്റെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP