Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

നായരായത് ഗണേശിനും ലത്തീൻ കത്തോലിക്കനായത് ആന്റണി രാജുവിനും തുണയായി; രണ്ടു പേരും മന്ത്രിസഭയിലെന്ന് സൂചന; പ്രൊഫ. ജയരാജ് ചീഫ് വിപ്പാകും; സിപിഎമ്മിന്റെയും സിപിഐയുടെയും അടക്കം വകുപ്പുകളിൽ അഴിച്ചു പണിയും; എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ച ഇങ്ങനെ

നായരായത് ഗണേശിനും ലത്തീൻ കത്തോലിക്കനായത് ആന്റണി രാജുവിനും തുണയായി; രണ്ടു പേരും മന്ത്രിസഭയിലെന്ന് സൂചന; പ്രൊഫ. ജയരാജ് ചീഫ് വിപ്പാകും; സിപിഎമ്മിന്റെയും സിപിഐയുടെയും അടക്കം വകുപ്പുകളിൽ അഴിച്ചു പണിയും; എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ച ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. ആരൊക്കെ മന്ത്രിമാർ ആകണം എന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ മുന്നണിയിൽ നടക്കുന്നത്. ഏകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ അടക്കമാണ് ചർച്ചകൾ നടക്കേണ്ടത്. ഘടകകക്ഷികളുമായി ഒരു റൗണ്ട് ചർച്ച പൂർത്തിയാക്കിയ സിപിഎം അന്തിമ തീരുമാനം എൽഡിഎഫ് യോഗത്തിലായിരിക്കും അറിയിക്കുക.

പരമാവധി 21 അംഗങ്ങളെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കുക. അത്രയും പേരെ ഉൾപ്പെടുത്തി കൊണ്ടാകും മന്ത്രിസഭയെന്നാണ് ലഭിക്കുന്ന വിവരം. മുന്നണിയിൽ ഉൾപ്പെട്ടതും സഹകരിക്കുന്നതുമായ ആറു കക്ഷികൾക്ക് ഒറ്റ എംഎ‍ൽഎ.മാർ മാത്രമുള്ളതിനാൽ ആദ്യപടിയായി കേരള കോൺഗ്രസ് ബി-യിൽനിന്ന് കെ.ബി. ഗണേശ്‌കുമാറിനെയും ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ആന്റണി രാജുവിനെയും മന്ത്രിമാരാക്കാനുള്ള തീരുമാനത്തിലേക്കാണ് മുന്നണിനേതൃത്വം നീങ്ങുന്നത്. നായർ വിഭാഗത്തിന്റെ പ്രതിനിധിയായി ഗണേശും ലത്തീൻ വിഭാഗത്തിന്റെ പ്രതിനിധിയായി ആന്റണി രാജുവും മന്ത്രിമാരായേക്കും. അതേസമയം ഇങ്ങനെ വരുമ്പോൾ ഐഎൻഎല്ലിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ് വരും.

അതേസമയം, ഇതിനൊരു പൊതുനയം രൂപപ്പെടുത്തിയേക്കും. മറ്റു ഘടകകക്ഷികൾക്ക് ഊഴംവെച്ച് മന്ത്രിപദം പങ്കിടണമോയെന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല. എല്ലാ ഘടകകക്ഷികളുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സിപിഎം. നേതൃത്വം സിപിഐ. നേതൃത്വത്തെയും അറിയിച്ചുപോരുന്നു. സിപിഎം.-12, സിപിഐ.- 4, കേരള കോൺഗ്രസ് (എം)-1, ജെ.ഡി.എസ്.-1, എൻ.സി.പി.-1 എന്നിങ്ങനെയാണ് ഏകാംഗ കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദ വിഹിതമെന്നാണു സൂചന.

സ്പീക്കർ സിപിഎം. അംഗം തന്നെയാകും. ഡെപ്യൂട്ടി സ്പീക്കർ സിപിഐ.ക്കു തന്നെയെന്നാണു സൂചന. കഴിഞ്ഞ സർക്കാരിന്റെ ഇടക്കാലത്ത് സിപിഎമ്മിന് 13-ാം മന്ത്രിയെ ലഭിച്ചപ്പോഴാണ് സിപിഐ.ക്ക് ചീഫ് വിപ്പ് നൽകിയത്. ഇപ്രാവശ്യം ചീഫ് വിപ്പ് കേരള കോൺഗ്രസിനായിരിക്കും. പ്രൊഫ. എ്ൻ ജയരാജാകു ചീഫ് വിപ്പ് സ്ഥാനം വഹിക്കുക. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി ചേരുന്ന എൽ.ഡി.എഫ്. യോഗത്തിനുമുമ്പ് ഘടകകക്ഷികളെ വീണ്ടും ബന്ധപ്പെടാമെന്നാണ് സിപിഎം. നേതൃത്വം അറിയിച്ചിരിക്കുന്നത്.

എൻ.എസ്.എസും എൽ.ഡി.എഫും തമ്മിൽ അകന്നുനിൽക്കുന്നതുകൂടി കണക്കിലെടുത്താണ് ഗണേശ്‌കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അച്ഛൻ ആർ ബാലകൃഷ്ണപിള്ളയുടെ പാതയിൽ ഗണേശ് കുമാറും എൻ.എസ്.എസ്. ഭാരവാഹിയായിരുന്നു. ഗണേശിനെ മന്ത്രിയാക്കുന്നത് എൻ.എസ്.എസിനുകൂടിയുള്ള സന്ദേശമായി കാണാമെന്നാണ് വിലയിരുത്തൽ. ആഴക്കടൽ മീൻപിടിത്ത കരാർ പ്രതിപക്ഷം വലിയ ആരോപണമായി ഉയർത്തിയെങ്കിലും ലത്തീൻ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാൻ കാരണമാകുന്നു. ഇതുവഴി ലത്തീൻ കത്തോലിക്കാ പ്രാതിനിധ്യവും ഉറപ്പാകും.

സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. അതിനുശേഷം രാജ്ഭവനിൽ പുതിയ മന്ത്രിമാർക്ക് ഗവർണറുടെ സത്കാരമുണ്ടാകും. സത്കാരത്തിനുള്ള വേദിയായി രാജ്ഭവനിൽ പന്തലിടാൻ തുടങ്ങി. മന്ത്രിമാരുടെ വകുപ്പുകളിലും ഇക്കുറി മാറ്റം വന്നേക്കും. സിപിഐക്ക് ചില വകുപ്പുകൾ വിട്ടു കൊടുക്കേണ്ടി വന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കേരള കോൺഗ്രസി(എം)ന് ഒരു മന്ത്രിസ്ഥാനമേ ഉറപ്പായിട്ടുള്ളൂ. പൊതുമരാമത്ത്, ജലവിഭവം, കൃഷി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കു താൽപര്യം. ഇതിൽ പൊതുമരാമത്ത് സിപിഎമ്മും കൃഷി സിപിഐയും കൈവശം വയ്ക്കുന്ന വകുപ്പുകളാണ്. ജലവിഭവം ജനതാദളിന്റെ (എസ്) പക്കലും.

സിപിഐയുടെ പക്കലുള്ള റവന്യു, കൃഷി, വനം, ഭക്ഷ്യം വകുപ്പുകളുടെ കാര്യത്തിൽ മാറ്റത്തിനു തയാറാണെന്ന സൂചന പാർട്ടി നൽകുന്നില്ല. കൂടെ കയ്യാളുന്ന ചെറിയ വകുപ്പുകളുടെ കാര്യത്തിൽ നീക്കുപോക്കിന് അവർ തയാറാകും. ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, വൈദ്യുതി, തദ്ദേശ ഭരണം, സഹകരണം, ടൂറിസം, പട്ടികജാതിപട്ടികവർഗം, സാംസ്‌കാരികം എന്നിവ തുടർന്നും സിപിഎം തന്നെ വയ്ക്കും.

മറ്റു വകുപ്പുകളുടെ കാര്യത്തിൽ ചെറിയ മാറ്റങ്ങൾക്കു സന്നദ്ധമാകും. കടന്നപ്പള്ളി ഒഴിവായാൽ അദ്ദേഹത്തിന്റെ പക്കലുള്ള തുറമുഖവും മ്യൂസിയവും പൊതു പൂളിലേക്കു വരും. മാറുന്ന മുൻഗണനകളുടെ അടിസ്ഥാനത്തിൽ പുതിയ വകുപ്പുകൾ സംബന്ധിച്ച വിദഗ്ധ നിർദേശങ്ങളും ഉന്നത നേതൃത്വത്തിനു മുന്നിലുണ്ട്.

അതേസമയം ഉഭയകക്ഷി ചർച്ചയുടെ ആദ്യഘട്ടം പൂർത്തിയായതോടെ വകുപ്പു വിഭജനത്തെയും പാർട്ടി മന്ത്രിമാരെയും കുറിച്ചു സിപിഎം ഉന്നത തലത്തിൽ ചർച്ച ആരംഭിച്ചു. എന്നാൽ കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെ ഇക്കാര്യത്തിൽ ഇരുട്ടിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർ നടത്തുന്ന പിബി തല ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശം 18നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വയ്ക്കും. ലോക്ഡൗൺ സാഹചര്യത്തിൽ വെള്ളിയാഴ്ചത്തെ പതിവു സെക്രട്ടേറിയറ്റ് യോഗം ഈയാഴ്ച ഇല്ല. മുഖ്യമന്ത്രി ഒഴിച്ചുള്ള നിലവിലെ എല്ലാ മന്ത്രിമാരും മാറണം, അതല്ല, വളരെക്കുറച്ചു പേർ മാത്രം തുടരണം എന്നീ അഭിപ്രായങ്ങളാണ് സിപിഎമ്മിനു മുന്നിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP