Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡിസിസി പുനഃസംഘടനയിൽ ഇടഞ്ഞ ഉമ്മൻ ചാണ്ടിയെ ആശ്വസിപ്പിക്കാൻ ലതികാ സുഭാഷിനെ മഹിളാ കോൺഗ്രസ് അധ്യക്ഷയാക്കും; അതുകൊണ്ടൊന്നും പോരെന്ന് എ ഗ്രൂപ്പ്; ഹൈക്കമാൻഡ് അവഗണന നേരിട്ട ഉമ്മൻ ചാണ്ടി ലക്ഷ്യം വെക്കുന്നത് സംഘടനാ തിരഞ്ഞെടുപ്പിനായി

ഡിസിസി പുനഃസംഘടനയിൽ ഇടഞ്ഞ ഉമ്മൻ ചാണ്ടിയെ ആശ്വസിപ്പിക്കാൻ ലതികാ സുഭാഷിനെ മഹിളാ കോൺഗ്രസ് അധ്യക്ഷയാക്കും; അതുകൊണ്ടൊന്നും പോരെന്ന് എ ഗ്രൂപ്പ്; ഹൈക്കമാൻഡ് അവഗണന നേരിട്ട ഉമ്മൻ ചാണ്ടി ലക്ഷ്യം വെക്കുന്നത് സംഘടനാ തിരഞ്ഞെടുപ്പിനായി

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്കുള്ള അതൃപ്തി നീക്കാൻ ലതികാ സുഭാഷിനെ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാക്കാൻ തീരുമാനിച്ചു. നിലവിലെ അധ്യക്ഷയായ ബിന്ദു കൃഷ്ണ കൊല്ലം ഡിസിസി അധ്യക്ഷയായി നിയമിതയായ ഒഴിവിലാണ് ലതികയെ ഈ പദവിയിലേക്ക് പരിഗണിക്കുന്നത്.

ഡിസിസി പുനഃസംഘടയിൽ കടുത്ത അവഗണന നേരിട്ടുവെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും അദ്ദേഹം നേതൃത്വം നല്കുന്ന എ-ഗ്രൂപ്പും. പുനഃസംഘടനയിൽ ഐ- ഗ്രൂപ്പിന് ഏഴു ജില്ലകൾ കിട്ടിയപ്പോൾ എ- ഗ്രൂപ്പിന് അഞ്ചു ജില്ലകൾ മാത്രമാണ് ലഭിച്ചത്. കോട്ടയം ഡിസിസി അധ്യക്ഷയായി പരിഗണനയിൽ ഉണ്ടായിരുന്ന ലതിക സുഭാഷിനും ഇടം ലഭിച്ചില്ല. ഇതേത്തുടർന്ന് ഉമ്മൻ ചാണ്ടി കടുത്ത പ്രതിഷേധ നിലപാടുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പുകാരിയായ ലതികയ്ക്ക് മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവി നല്കി അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.

പുനഃസംഘടനയിൽ എ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന ജില്ലകൾപോലും നഷ്ടപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു നടന്ന കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിൽനിന്ന് ഉമ്മൻ ചാണ്ടി വിട്ടുനിന്നു. ഉമ്മൻ ചാണ്ടിയുടെ സ്വന്തം ഗ്രൂപ്പുകാരനായ ജോഷി ഫിലിപ്പാണ് കോട്ടയം ഡിസിസി പ്രസിഡന്റായതെങ്കിലും ചടങ്ങിൽ കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ പങ്കെടുക്കുമെന്നതിൽ ഉമ്മൻ ചാണ്ടി പരിപാടി ഒഴിവാക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഉമ്മൻ ചാണ്ടിയുടെ സൗകര്യാർത്ഥമാണ് ചടങ്ങ് ഇന്നത്തേയ്ക്ക് മാറ്റിയിരുന്നതും.

കഴിഞ്ഞ ദിവസം യുഡിഎഫിന്റെ നേതൃത്വത്തിൽ നോട്ട് നിരോധനത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ യോഗത്തിലും ഉമ്മൻ ചാണ്ടി പങ്കെടുത്തില്ല. ഇതിനു പിന്നാലെ എ-ഗ്രൂപ്പ് പ്രതിനിധികൾ ഹൈക്കമാന്റ് പ്രഖ്യാപനത്തിലെ അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്നിക്കിനെ അറിയിക്കുകയും ചെയ്തിരുന്നു.

കേന്ദ്രനേതാക്കൾ ഇടപ്പെട്ട് ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന സൂചനയാണുള്ളത്. സുധീരനോടൊപ്പം തൽക്കാലം വേദി വേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഡിസിസി പ്രസിഡന്റ് സ്ഥാനാരോഹണ യോഗത്തിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കാത്തതിൽ വിവാദമൊന്നുമില്ലെന്ന് കോട്ടയത്തെ നേതാക്കൾ പറയുന്നുണ്ടെങ്കിലും പാർട്ടിയിലെ ആസന്നമായ കലാപത്തിന്റെ സൂചനയായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ അസാന്നിദ്ധ്യത്തെ വിലയിരുത്തുന്നത്.

ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടി പ്രവർത്തകർക്കിടയിൽ നിർണ്ണായക സ്വാധീനമുള്ള ഉമ്മൻ ചാണ്ടിയുടെ ഇനിയുള്ള നീക്കങ്ങൾ ഗ്രൂപ്പ് പോരിന് തുടക്കമാകുമോയെന്ന് ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും ശ്രദ്ധയോടെ നോക്കുകയാണ്. വീണ്ടും പുസംഘടന നടത്തി തങ്ങൾക്കു നഷ്ടപ്പെട്ട ജില്ലകൾക്കൂടി വീണ്ടെടുക്കാനുള്ള പദ്ധതികൾ ഉമ്മൻ ചാണ്ടിയിൽനിന്ന് ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഉമ്മൻ ചാണ്ടി കലാപത്തിന് മുതിർന്നാൽ എങ്ങനെ അത് പാർട്ടിയെ ബാധിക്കുമെന്ന് കാത്തിരിന്നു കാണേണ്ടി വരും.

സംസ്ഥാനത്ത് ജനസമ്മതിയുള്ള കോൺഗ്രസിന്റെ ചുരുക്കം വനിതാ നേതാക്കളിൽ ഒന്നാമതാണ് ലതികയുടെ സ്ഥാനം. അതിനാൽ തന്നെയാണ് ഇപ്പോൾ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇവരെ പരിഗണിക്കുന്നത്. ബിന്ദു കൃഷ്ണയുടെ കാലഘട്ടത്തിൽ മൃതാവസ്ഥയിലായ മഹിളാ കോൺഗ്രസിന് പുത്തനുണർവ്വ് നൽകാൻ ലതികയ്ക്ക് സാധിക്കുമോ എന്നതാണ് പാർട്ടി കാത്തിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയാണ് ലതികാ സുഭാഷ്. മാദ്ധ്യമ പ്രവർത്തകയായ ലതിക മംഗളത്തിന്റെ വനിതാ പ്രസിദ്ധീകരണമായ കന്യകയുടെ മുൻ സബ് എഡിറ്റർ ആയിരുന്നു. കന്യകയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ജില്ലാ പഞ്ചായത്തിൽ മത്സരിക്കുകയും അധ്യക്ഷയാകുകയും ചെയ്തത്. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദനെതിരെ മത്സരിക്കാൻ കോൺഗ്രസ് നിയോഗിച്ചത് ലതികയെ ആയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലതികയുടെ ഭർത്താവ് സുഭാഷ് വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP