Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിയുടെ കേരള മിഷനെ വെട്ടാൻ കെവി തോമസ്; കെപിസിസി അധ്യക്ഷനു വേണ്ടിയുള്ള ഗ്രൂപ്പ് വടംവലികൾ വെറുതെയാകും; വിശ്വസ്തനെ തന്നെ നേതൃസ്ഥാനത്ത് നിയോഗിക്കാനൊരുങ്ങി ഹൈക്കമാണ്ട്; പ്രൊഫസർക്ക് നിർണ്ണായകമായത് ക്രൈസ്തവ സഭകളിലുള്ള സ്വാധീനം; അവസാന നിമിഷവും പ്രതീക്ഷ കൈവിടാതെ ചരട് വലികളുമായി കെസിയും പിസിയും

മോദിയുടെ കേരള മിഷനെ വെട്ടാൻ കെവി തോമസ്; കെപിസിസി അധ്യക്ഷനു വേണ്ടിയുള്ള ഗ്രൂപ്പ് വടംവലികൾ വെറുതെയാകും; വിശ്വസ്തനെ തന്നെ നേതൃസ്ഥാനത്ത് നിയോഗിക്കാനൊരുങ്ങി ഹൈക്കമാണ്ട്; പ്രൊഫസർക്ക് നിർണ്ണായകമായത് ക്രൈസ്തവ സഭകളിലുള്ള സ്വാധീനം; അവസാന നിമിഷവും പ്രതീക്ഷ കൈവിടാതെ ചരട് വലികളുമായി കെസിയും പിസിയും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കെപിസിസിയെ നയിക്കാൻ കെ വി തോമസ് എത്തും. സോണിയാ ഗാന്ധിയുടെ മനസ്സ് അനുകൂലമാക്കിയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെവി തോമസ് എത്തുക. പ്രതിക്ഷ നേതാവായി രമേശ് ചെന്നിത്തലയുള്ള സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം ക്രൈസ്തവർക്ക് നൽകാനാണ് ധാരണ. കോൺഗ്രസിൽ നിന്ന് ക്രൈസ്തവ സമൂഹത്തെ അടർത്തിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം കൂടി തിരിച്ചറിഞ്ഞാണ് കെവി തോമസിനെ പാർട്ടിയുടെ ചുമതല ഏൽപ്പിക്കുന്നത്. ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുള്ള പിസി ചാക്കോയും കെപിസിസി അധ്യക്ഷനാകാൻ ചരട് വലികൾ അവസാനഘട്ടത്തിലും സജീവമാക്കുന്നുണ്ട്. എന്നാൽ പൊതു സമ്മതനെന്ന നിലയിൽ കെവി തോമസിനെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ക്രൈസ്തവ സഭകളുമായി കെവി തോമസിന് നല്ല അടുപ്പമുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഈ ബന്ധം ഊട്ടിയുറപ്പിക്കണമെന്ന വിലയിരുത്തലാണ് ഹൈക്കമാണ്ടിനുള്ളത്. കേരളത്തിൽ ക്രൈസ്തവരെ മോദി നോട്ടമിടുന്നുണ്ട്. കേരളത്തിലെ പ്രമുഖ നേതാക്കളെ എല്ലാം ബിജെപി അധ്യക്ഷൻ അമിത് ഷാ ബന്ധപ്പെടുന്നുമുണ്ട്. ചില മെത്രാന്മാരുമായും അടുപ്പം ബിജെപി ഉണ്ടാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ക്രൈസ്തവ സഭകളെ കോൺഗ്രസിനൊപ്പം ഉറപ്പിച്ചു നിർത്താൻ കെവി തോമസിന്റെ വ്യക്തി മികവിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഈ ഫോർമുലയെ എകെ ആന്റണിയും പിന്തുണയ്ക്കുന്നതായാണ് സൂചന. പിടി തോമസിനായാണ് ആന്റണി നിലപാട് എടുത്തത്. എന്നാൽ സോണിയാ ഗാന്ധിയുടെ മനസ്സ് അറിഞ്ഞ് കെവി തോമസിനെ ആന്റണിയും പിന്തുണയ്ക്കുകയാണ്.

സോണിയാഗാന്ധിയുമായി ഏറെ വ്യക്തിബന്ധം പുലർത്തിയ നേതാവാണ് കെവി തോമസ്. എംഎൽഎയായിരിക്കുമ്പോൾ കെവി തോമസ് എംപിയായതും പിന്നീട് ഭഷ്യമന്ത്രിയാക്കിയതും. ഇതൊന്നും കേരളത്തിലെ നേതാക്കൾ മുൻകൂട്ടി അറിഞ്ഞിരുന്നു കൂടിയില്ല. ഇതേ ഓപ്പറേഷനാണ് കെവി തോമസിനെ കെപിസിസി അധ്യക്ഷ പദവിയിലുമെത്തിക്കുന്നത്. മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനോടും രാഹുൽ ഗാന്ധിക്ക് താൽപ്പര്യമുണ്ട്. എന്നാൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനാൽ മറ്റൊരു നായർ സമൂദായ അംഗത്തെ കെപിസിസിയുടെ തലപ്പത്ത് നിയോഗിക്കേണ്ടെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. പിസി ചാക്കോയേയും പരിഗണിച്ചു. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പിലെ തോൽവിയാണ് ചാക്കോയ്ക്ക് വിനയായത്. ഡൽഹിയിൽ പാർട്ടിയുടെ ചുമതല ചാക്കോയ്ക്കായിരുന്നു. ഈ തോൽവിയോടെ ചാക്കോയ്ക്ക് കോൺഗ്രസിലുള്ള പ്രാധാന്യം കുറഞ്ഞു.

പിടി തോമസിന് വേണ്ടിയാണ് എകെ ആന്റണി ആദ്യാവസാനം നിലപാട് എടുത്തത്. എന്നാൽ എ-ഐ ഗ്രൂപ്പുകൾ പിടി തോമസിനെ ഒന്നിച്ചെതിർത്തു. വി എം സുധീരന്റെ സ്വഭാവ സവിശേഷതയുള്ള പിടി തോമസിനെ കെപിസിസി അധ്യക്ഷനാക്കിയാൽ അത് സംഘടനയെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന നിലപാട് രണ്ട് കൂട്ടരും എടുത്തു. ഉമ്മൻ ചാണ്ടിക്ക് കെവി തോമസിനെ പിന്തുണയ്ക്കാനായിരുന്നു കൂടുതൽ താൽപ്പര്യം. കെ സുധാകരനും കെ മുരളീധരനും വിഡി സതീശനും സ്ഥാനത്തിനായി പരിഗണിച്ചെങ്കിലും ഇവർക്ക് ആർക്ക് വേണ്ടിയും ഉറച്ച നിലപാട് രമേശ് ചെന്നിത്തല എടുത്തില്ല. സംഘടനാ തെരഞ്ഞെടുപ്പിന്റെ സാധ്യതയാണ് തേടിയത്. എംഎം ഹസൻ വേണമെങ്കിൽ താൽകാലിക പ്രസിഡന്റായി തുടരട്ടേയെന്നും നിലപാടെടുത്തു. എന്നാൽ കെപിസിസിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് മുഴുവൻ സമയ പ്രസിഡന്റ് വേണമെന്ന നിലപാടിൽ ഹൈക്കമാണ്ട് ഉറച്ചു നിന്നു. അങ്ങനെയാണ് കെവി തോമസിലേക്ക് കാര്യങ്ങളെത്തിയത്. ഇപ്പോഴും കെ സി വേണുഗോപാലും പിസി ചാക്കോയും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവരും കെപിസിസി അധ്യക്ഷനാകാൻ ചരടുവലികൾ നടത്തുന്നുണ്ട്.

ബെന്നി ബെഹന്നാനെ കെപിസിസി അധ്യക്ഷനാക്കണമെന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യം. എന്നാൽ ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാമെന്നും ബെന്നിയുടെ പേരിനോട് യോജിപ്പില്ലെന്നുമായിരുന്നു ഹൈക്കമാണ്ടിന്റെ പ്രതികരണം. എ ഗ്രൂപ്പിന്റേതായി ബെന്നിയുടെ പേര് മാത്രമാണ് പരിഗണിച്ചത്. കെ മുളീധരനോടും ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാണ്ടിന് ക്രിസ്ത്യൻ മുഖത്തോടാണ് താൽപ്പര്യമെന്ന് അറിഞ്ഞതോടെ കെവി തോമസിനെ അനുകൂലിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായി. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തനായി കെപിസിസി അധ്യക്ഷനായി കെവി തോമസിന് മാറാനാകുമെന്നാണ് ഹൈക്കമാണ്ടിന്റെ പ്രതീക്ഷ.

കെപിസിസി പ്രസിഡന്റിനെ മുമ്പ് നിയമിച്ചിരുന്നത് സംസ്ഥാന ഘടകകത്തിലെ ഗ്രൂപ്പ് നേതാക്കൾ നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ വി എം സുധീരന്റെ നിയമനത്തോടെ അത് ഹൈക്കമാൻഡിന്റെ നേരിട്ടുള്ള തീരുമാനമായി മാറി. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയതിനെ തുടർന്ന് എ, ഐ ഗ്രൂപ്പുകൾ ചേർന്ന് ജി കാർത്തികേയന്റെ പേരാണ് ഹൈക്കമാൻഡിന് സമർപ്പിച്ചത്. എന്നാൽ ഇരുകൂട്ടരേയും ഞെട്ടിച്ച് വി എം സുധീരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിക്കുകയായിരുന്നു. ഇത്തവണ ഇരുകൂട്ടർക്കും യോജിച്ച പേര് സമർപ്പിക്കാനുമായില്ല. ഈ സാഹചര്യത്തിലാണ് ജാതി സമവാക്യങ്ങൾ കൂടി അനുകൂലമാക്കി പുതിയ പ്രസിഡന്റിനെ നിയമിക്കാൻ ഹൈക്കമാണ്ട് ഒരുങ്ങുന്നത്.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലും ഹൈക്കമാൻഡ് ശക്തമായി ഇടപെട്ടതും കെപി സിസി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. പ്രമുഖ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പല വിശ്വസ്തരേയും പുറന്തള്ളിയാണ് ചില സ്ഥലങ്ങളിൽ ഹൈക്കമാൻഡ് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചത്. കോൺഗ്രസിൽ പതിവില്ലാത്ത ഇത്തരം നിയമനങ്ങൾക്കെതിരെ മാസങ്ങളോളം ശക്തമായ പ്രതിഷേധമാണ് ഉമ്മൻ ചാണ്ടി ഉയർത്തിയത്. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പിന് ആയതിനാൽ കെ പി സി സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് ലഭിക്കുമെന്ന വിശ്വാസത്തിലാണ് നേതാക്കൾ. ഐ ഗ്രൂപ്പും ഇത് ഏകദേശം അംഗീകരിച്ചിരുന്നു. എന്നാൽ ബെന്നി ബെഹന്നാന് അപ്പുറം ഒരു പേര് മുന്നോട്ട് വയ്ക്കാൻ എ ഗ്രൂപ്പ് ശ്രമിച്ചില്ല. ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടി എ ഗ്രൂപ്പ് നടത്തിയ നീക്കത്തെ ഉമ്മൻ ചാണ്ടി തന്നെ പൊളിക്കുകയും ചെയ്തു.

ഇരുഗ്രൂപ്പുകളും സംയുക്തമായി ഉമ്മൻ ചാണ്ടിയുടെ പേര് മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം ഹൈക്കമാൻഡിനെ നേരിൽകണ്ട് താൽപ്പര്യമില്ലായ്മ അറിയിക്കുകയായിരുന്നു. കെ സി ജോസഫ്, തമ്പാനൂർ രവി, എം എം ഹസൻ, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾക്കായിരിക്കും എ ഗ്രൂപ്പ് മുൻഗണന നൽകിയത്. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ശക്തമായ നിലപാടിലാണ് എ ഗ്രൂപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എ, ഐ ഗ്രൂപ്പുകളെ കൂടാതെ വി എം സുധീരന്റെ അഭിപ്രായം കൂടി ഹൈക്കമാണ്ട് പരിഗണിച്ചിരുന്നു. പിടി തോമസിനും കെ വി തോമസിനും അനുകൂലമായിരുന്നു സുധീരന്റെ നിലപാട്. പി പി തങ്കച്ചന് ആരോഗ്യ പ്രശ്‌നം ഉള്ളതിനാൽ പുതിയ യുഡിഎഫ് കൺവീനറേയും കണ്ടെത്തേണ്ടിവരും. ഈ പദവിയിലേക്ക് നായർ നേതാവ് എത്തുമെന്നും സൂചനയുണ്ട്.

ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തും. ഉമ്മൻ ചാണ്ടി, വി എം. സുധീരൻ, താൽക്കാലിക അധ്യക്ഷൻ എം.എം. ഹസൻ തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞദിവസങ്ങളിൽ രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 26ന് ഹസനും ഡി.സി.സി പ്രസിഡന്റുമാർക്കുമൊപ്പം എത്താൻ ചെന്നിത്തലയോടു നിർദേശിച്ചിരുന്നുവെങ്കിലും മൂന്നാർവിവാദത്തെത്തുടർന്നുള്ള സഭാസമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടതുകൊണ്ട് അദ്ദേഹം പോയില്ല. പകരം മറ്റൊരുദിവസം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിൽ കെവി തോമസിന്റെ കാര്യമാകും രാഹുൽ ചർച്ചയാക്കുക.

അതിനിടെ. ഇപ്പോൾ നടക്കുന്നത് സംസ്ഥാന കോൺഗ്രസിലുള്ള അഴിച്ചുപണി മാത്രമല്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഈ തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തും. അപ്പോൾ തനിക്കൊപ്പം നിൽക്കുന്ന ആളുകളെ സംസ്ഥാനങ്ങളുടെ ചുമതലയിൽ നിർത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP