Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട് ഏറ്റെടുത്ത് ഘടകകക്ഷിയെ വെറുപ്പിക്കേണ്ടെന്ന് സിപിഎം; പിണറായി ശ്രമിക്കുന്നത് അനുകൂല സാഹചര്യങ്ങളെ കൃത്യമായി ഉപയോഗിച്ച് ഇടത് തരംഗം എന്ന പ്രതീതി സൃഷ്ടിക്കാൻ; പണ്ടേ കണ്ണുവെച്ച കുട്ടനാട് ഇക്കുറിയും എൻസിപിക്ക് തന്നെ നൽകുന്നത് ഭരണത്തുടർച്ച എന്ന വലിയ ലക്ഷ്യത്തിനായുള്ള ചെറിയ നഷ്ടപ്പെടൽ; ഇടത് മുന്നണിക്ക് വേണ്ടി ഇക്കുറി പോരാട്ടത്തിനിറങ്ങുക തോമസ് കെ തോമസും

തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട് ഏറ്റെടുത്ത് ഘടകകക്ഷിയെ വെറുപ്പിക്കേണ്ടെന്ന് സിപിഎം; പിണറായി ശ്രമിക്കുന്നത് അനുകൂല സാഹചര്യങ്ങളെ കൃത്യമായി ഉപയോഗിച്ച് ഇടത് തരംഗം എന്ന പ്രതീതി സൃഷ്ടിക്കാൻ; പണ്ടേ കണ്ണുവെച്ച കുട്ടനാട് ഇക്കുറിയും എൻസിപിക്ക് തന്നെ നൽകുന്നത് ഭരണത്തുടർച്ച എന്ന വലിയ ലക്ഷ്യത്തിനായുള്ള ചെറിയ നഷ്ടപ്പെടൽ; ഇടത് മുന്നണിക്ക് വേണ്ടി ഇക്കുറി പോരാട്ടത്തിനിറങ്ങുക തോമസ് കെ തോമസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിലവിലെ അനുകൂല സാഹചര്യം ഘടകകക്ഷികളെ പിണക്കി ഇല്ലാതെയാക്കേണ്ടതില്ലെന്ന് ഇടത് മുന്നണി. കുട്ടനാട് സീറ്റ് നിലനിർത്തുക എന്നതാണ് പ്രാഥമികമികമായ ലക്ഷ്യം എന്നാണ് സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ഇടത് മുന്നണി യോഗത്തിൽ എടുത്ത നിലപാട്. ഇതോടെ കുട്ടനാട് സീറ്റ് എൻസിപി തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് മുന്നണി എത്തുകയായിരുന്നു.

സിറ്റിങ് എംഎൽഎ ആയിരുന്ന തോമസ് ചാണ്ടി മരിച്ചതിനെ തുടർന്നാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എൻസിപിയിൽ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന ഇടത് മുന്നണി യോഗം വിലയിരുത്തി. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകാനാണ് സാധ്യതയെന്നാണ് വിവരം. അന്തിമ തീരുമാനം ഇക്കാര്യത്തിൽ എടുക്കേണ്ടത് എൻസിപിയാണ്. തിങ്കളാഴ്ച ചേരുന്ന എൻസിപി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയാം.

നിലവിൽ ഉപതെരഞ്ഞെടുപ്പുകളിൽ നേടിയ വിജയവും പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ ലഭിച്ച ന്യൂനപക്ഷ പിന്തുണയും അടക്കം ഇടത് മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് കുട്ടനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ ഉള്ളതെന്ന് യോഗം വിലയിരുത്തി. എന്നാൽ, ഏതെങ്കിലും ഒരു പാർട്ടിയെ പിണക്കി സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്ന നി്‌ലപാടാണ് സിപിഎം സ്വീകരിച്ചത്. പാലായിൽ എൻസിപി സ്ഥാനാർത്ഥി മാണി സി കാപ്പൻ വിജയിച്ചത് പോലെ കുട്ടനാട്ടിലും എൻസിപി തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തുമെന്നാണ് മുന്നണി പൊതുവെ വിലയിരുത്തിയത്.

കഴിഞ്ഞ തവണ തന്നെ കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്നായിരുന്നു സിപിഎം നിലപാട്. കുട്ടനാട്ടിൽനിന്ന് 2006 മുതൽ രണ്ടു തവണ തുടർച്ചയായി എംഎൽഎയായിരുന്ന തോമസ് ചാണ്ടിക്ക് മൂന്നാം തവണ സീറ്റ് നൽകേണ്ടെന്ന നിലപാടായിരുന്നു ജില്ലയിലെ സിപിഎം നേതൃത്വത്തിന്. കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന് ജില്ലാക്കമ്മിറ്റി പ്രമേയവും പാസ്സാക്കി. എംഎൽഎ ഏറിയ സമയവും ഗൾഫിലാണെന്നും മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു ആക്ഷേപം. ഇത് സിപിഎമ്മിനെ ദുർബ്ബലമാക്കുന്നുവെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രയാസം.
ഇതറിഞ്ഞ് കുവൈത്തിൽനിന്ന് നാട്ടിലെത്തിയ തോമസ് ചാണ്ടി പ്രഖ്യാപിച്ചു- ഇത്തവണയും ഞാൻ നില്ക്കും ജയിക്കും മന്ത്രിയുമാകും. വകുപ്പും പറഞ്ഞു- ജലവിഭവം. പറഞ്ഞതു പോലെ എല്ലാം നടന്നു, വകുപ്പ് ഒഴികെ. തോമസ് ചാണ്ടിയുടെ സ്വാധീനത്തിന്റെ ആഴം അതോടെ ജില്ലയിലെ സിപിഎമ്മുകാർക്ക് മനസ്സിലാകുകയായിരുന്നു. ആ സ്വാധീനം ഇക്കുറിയും വോട്ടായി മാറുമെന്ന് തന്നെയാണ് സിപിഎം നേതൃത്വം വിശ്വസിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാർത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേർന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം. 1965 മുതലുള്ള മണ്ഡല ചരിത്രമെടുത്താൽ കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കുത്തക മണ്ഡലമാണ് കുട്ടനാട് . ഇപ്പോൾ കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകുന്ന പാർട്ടിയിലുള്ള ഡോക്ടർ കെ.സി. ജോസഫ് അഞ്ചു തവണ വിജയിച്ചിട്ടുണ്ട്.

2006 ൽ കെ. കരുണാകരൻ നേതൃത്വം നൽകി ഉണ്ടാക്കിയ ഡി.ഐ.സി. വഴിയാണ് തോമസ് ചാണ്ടി മണ്ഡലം പിടിച്ചെടുക്കുന്നത്. കരുണാകരൻ കോൺഗ്രസിലേക്ക് പോയപ്പോൾ കൂടെ പോരാതെ തോമസ് ചാണ്ടി എൻ.സി.പിയിലേക്ക് പോയി. പിന്നീട് 20011ലും 20016ലും തോമസ് ചാണ്ടി തന്നെ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിനും വേരുള്ള ഈ മണ്ഡലത്തിൽ കോൺഗ്രസ്, മാണി ഗ്രൂപ്പ് കേരള കോൺഗ്രസുകാരുടെ കാലുവാരൽ പൊതുവിൽ നടക്കുന്ന മണ്ഡലമാണിത്. അതുവഴിയാണ് തോമസ് ചാണ്ടി ജയിച്ചിരുന്നത് എന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ്സിൽ നിന്നും ജേക്കബ് എബ്രഹാമായിരുന്നു തോമസ് ചാണ്ടിയുടെ എതിരാളി.

അതേസമയം, കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താനാണ് കെപിസിസി കരുക്കൾ നീക്കുന്നത്. ജോസഫ് വാഴയ്ക്കനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാനാണ് സാധ്യത. തർക്കമുണ്ടായാൽ പൊതുസമ്മതനെ നിർത്തും. കേരളാ കോൺഗ്രസിനെ അനുനയിപ്പിക്കാനും ധാരണയായി. കുട്ടനാടിന് പകരം കേരളാ കോൺഗ്രസിന് മൂവാറ്റുപുഴ നൽകിയേക്കും. എന്നാൽ ചർച്ചകളെക്കുറിച്ച് അറിയില്ലെന്നും തീരുമാനം പാർട്ടിയും മുന്നണിയും അറിയിക്കുമെന്നും ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു.

കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കേരളാ കോൺഗ്രസിലെ തമ്മിലടി വരാൻ പോകുന്ന കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും എന്ന വിലയിരുത്തലാണ് സീറ്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ജോസഫ് വാഴയ്ക്കന് സീറ്റ് നൽകണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ചങ്ങനാശേരി രൂപതയുടെ പിന്തുണ ലഭിക്കുമെന്നതിനാലാണ് ഈ ആവശ്യം രമേശ് ചെന്നിത്തല മുന്നോട്ട് വച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP