Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദങ്ങൾ സിപിഎമ്മിന്റെ സൃഷ്ടി; സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്ക് എതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനുള്ള തന്ത്രം; വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനം ലീഗ്; ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും; വിമർശനങ്ങൾക്ക് പരസ്യ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

വിവാദങ്ങൾ സിപിഎമ്മിന്റെ സൃഷ്ടി; സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്ക് എതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനുള്ള തന്ത്രം; വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനം ലീഗ്; ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും; വിമർശനങ്ങൾക്ക് പരസ്യ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വിമർശനങ്ങൾക്ക് പരസ്യപ്രതികരണവുമായി ലീഗ് വേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനമാണ് ലീഗ്. കഴിഞ്ഞ ദിവസങ്ങളിലെ വിവാദം സിപിഎം സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നു മുതിർന്ന നേതാവ് പറഞ്ഞു.

മുഈനലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേർന്ന ഉന്നതാധികാരസമിതി തള്ളിയിരുന്നു. രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരെ നടപടി പറ്റില്ലെന്ന് മറ്റുള്ളവർ നിലപാടെടുക്കുയായിരുന്നു. പിഎംഎ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചത്.

പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗമായ മുഈനലി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ച വിമർശനം ലീഗിൽ വൻ വിവാദമായി മാറുന്ന പശ്ചാത്തലത്തിൽ നിലപാട് കൈക്കൊള്ളാൻ വേണ്ടി ചേർന്ന ലീഗ് യോഗത്തിൽ കാര്യമായ നടപടികൾ ഉണ്ടായില്ല. വാർത്താസമ്മേളനത്തിൽ അതിക്രമിച്ചു കയറി തങ്ങളെ തെറിവിളിച്ച ലീഗ് പ്രവർത്തകൻ റാഫി പുതിയ കടവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. മുഈനലിക്കെതിരെ എന്തു നടപടി കൈക്കൊള്ളണം എന്ന കാര്യത്തിൽ തീരുമാനം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ തീരുമാനിക്കും. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, തങ്ങൾ കുടുംബത്തിന്റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ എന്ത് തീരുമാനം കൈക്കൊള്ളും എന്ന കാര്യത്തിൽ പിന്നീട് തീരുമാനം കൈക്കൊള്ളും. ഒറ്റയ്ക്ക് അഭിപ്രായം പറയുന്ന പാരമ്പര്യമല്ല പാണക്കാട് കുടുംബത്തിന്റേത്. മുഈനലിയുടെ പ്രവൃത്തി ചെയ്യാൻ പാടില്ലാത്തതായിരുന്നു. മുഈനലിയുടെ പ്രവൃത്തി തെറ്റായിരുന്നെന്ന് ഹൈദരലി ശിഹാബ് തങ്ങളെ ബോധ്യപ്പെടുത്തി അന്തിമ തീരുമാനം കൈക്കൊള്ളും.

'ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന ഒരു പാരമ്പര്യം അല്ല പാണക്കാട് കുടുംബത്തിനുള്ളത്. അത് ലീഗിന്റെ കാര്യങ്ങളായാലും പൊതുസമൂഹത്തെ സംബന്ധിക്കുന്ന മറ്റ് കാര്യങ്ങളായാലും. കൂട്ടായ ചർച്ചയിലൂടെ ഉള്ള തീരുമാനം കുടുംബത്തിലെ മുതിർന്ന ആളാണ് പറയുക. ഇവിടെ അത് ലംഘിക്കപ്പെട്ടു. അക്കാര്യം മുഈനലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിഷയം എന്തുതന്നെയായാലും അവിടെ ചെയ്തത് ശരിയോ തെറ്റോ എന്നാണ് കുടുംബം വിലയിരുത്തിയത്. അത് തെറ്റാണ് എന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. പത്രസമ്മേളനത്തിൽ അദ്ദേഹം ഉന്നയിച്ച ആരോപണ വിഷയങ്ങൾ ചർച്ച ചെയ്തില്ല.' സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

ചന്ദ്രികയെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ലീഗിന്റെ ഒരു നേതാവും കള്ളപ്പണം വെളുപ്പിച്ചിട്ടില്ല. ലീഗിൽ യാതൊരുവിധ വിഭാഗീയതയുമില്ല. ജനാധിപത്യപരമായ ചർച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആരോപണങ്ങൾ ഖണ്ഡിക്കാൻ മുസ്ലിം ലീഗ് ആസ്ഥാനത്ത് വ്യാഴാഴ്ച വിളിച്ച വാർത്തസമ്മേളനത്തിലാണ് മുഈനലി തങ്ങൾക്കെതിരെ പ്രവർത്തകൻ അസഭ്യം പറഞ്ഞത്. പാർട്ടിയുടെ നിയമപരമായ കാര്യങ്ങളുടെ ചുമതലയുള്ള അഡ്വ. മുഹമ്മദ് ഷായോടൊപ്പമാണ് ഹൈദരലി തങ്ങളുടെ മകൻ കൂടിയായ മുഈനലി തങ്ങൾ വാർത്തസമ്മേളനത്തിനെത്തിയത്. കണക്കുകൾ നിരത്തി മുഹമ്മദ് ഷാ പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് മുഈനലി തങ്ങൾ ഇടപെട്ടത്.

പാണക്കാട് കുടുംബം ശിഹാബ് തങ്ങളുടെ കാലം മുതൽതന്നെ പാർട്ടി സാമ്പത്തികകാര്യങ്ങളിൽ ഇടപെടാറില്ലെന്ന് മുഈനലി വ്യക്തമാക്കി. ചന്ദ്രികയുടെ പണമിടപാട് നടത്തിയത് ഫിനാൻസ് ഡയറക്ടറായ മുഹമ്മദ് ഷമീറാണ്. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യേണ്ട ഫണ്ട് വിശ്വസ്തനായ ഷമീറിനെ ഏൽപിച്ച കുഞ്ഞാലിക്കുട്ടി തന്നെയാണ് പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നും മുഈനലി തുറന്നടിച്ചു.

ഇതോടെയാണ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ സ്ഥിരം സാന്നിധ്യമായ റാഫി പുതിയകടവ് മുഈനലി തങ്ങൾക്കെതിരെ ഭീഷണി മുഴക്കി പാഞ്ഞടുത്തത്. 'കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാൻ നീ ആരാണെടോ' എന്ന് ചോദിച്ച റാഫി 'പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നും' ഭീഷണിമുഴക്കി. പിന്നീട് തെറിയഭിഷേകം നടത്തിയ ഇയാളെ ലീഗ് ഓഫിസിലുണ്ടായിരുന്ന മറ്റു പ്രവർത്തകർ പിടിച്ചു മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP