Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജലീലിനെ ജയിലിൽ അടച്ചാൽ സ്വർണ്ണ കടത്തിൽ എല്ലാവരും പെടുമെന്ന ഭയം ശക്തം; 'ആസാദ് കാശ്മീരിനെ' പിണക്കി തവനൂരിലെ എംഎൽഎ രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് പ്രതിസന്ധി വരും; സ്വതന്ത്ര നിയമസഭാ അംഗം എന്തു പറഞ്ഞാലും സിപിഎം മിണ്ടില്ല; മാധ്യമത്തിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ അതേ നയത്തിൽ മുഖ്യമന്ത്രി; പിണറായി മൗനം തുടരും

ജലീലിനെ ജയിലിൽ അടച്ചാൽ സ്വർണ്ണ കടത്തിൽ എല്ലാവരും പെടുമെന്ന ഭയം ശക്തം; 'ആസാദ് കാശ്മീരിനെ' പിണക്കി തവനൂരിലെ എംഎൽഎ രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് പ്രതിസന്ധി വരും; സ്വതന്ത്ര നിയമസഭാ അംഗം എന്തു പറഞ്ഞാലും സിപിഎം മിണ്ടില്ല; മാധ്യമത്തിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ അതേ നയത്തിൽ മുഖ്യമന്ത്രി; പിണറായി മൗനം തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യുഎഇ സർക്കാരിന് കെടി ജലീൽ കത്ത് നൽകിയത് പിണറായി വിജയന്റെ ആദ്യ മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോഴാണ്. ഇത് പുറത്തു വന്നപ്പോൾ രണ്ടാം മന്ത്രിസഭയിൽ ജലീൽ ഇല്ല. എന്നിട്ടും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പിണറായി വിജയന് ഉത്തരം ഉണ്ടായില്ല. കത്തെഴുത്തിനെ അപലപിച്ചു. ചോദിച്ചിട്ട് പറയാമെന്ന് മറുപടിയും നൽകി. എന്നാൽ പിന്നീട് ചോദിച്ചതും പറഞ്ഞതുമൊന്നും ജനങ്ങൾ അറിഞ്ഞില്ല. ഇതിന് ശേഷമാണ് കെ.ടി. ജലീലിന്റെ 'ആസാദി കശ്മീർ' പരാമർശം. ഇവിടേയും ജലീലിനെ മുഖ്യമന്ത്രി തള്ളി പറയില്ല.

പരാമർശത്തിൽ ത്തിൽ കടുത്ത വിയോജിപ്പ് പുലർത്തുമ്പോഴും ജലീലിനെ പരസ്യമായി തള്ളിപ്പറയാതെ സിപിഎം. ഔദ്യോഗിക നേതൃത്വം. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടില്ല. ഇതാണ് കോൺഗ്രസും ബിജെപി.യും രാഷ്ട്രീയ ആയുധമാക്കുന്നത്. പലകാര്യങ്ങളിലും ചാടിയിറങ്ങി പോരുനടത്തുന്ന സ്വയംപ്രഖ്യാപിത രാഷ്ട്രീയപ്പോരാളിയാണ് ജലീൽ. സ്വതന്ത്രപരിവേഷം നൽകി ഇതിനോട് പലപ്പോഴും സിപിഎം. കണ്ണടച്ചിട്ടുണ്ട്. ഇവിടേയും അത് തുടരും. കാരണം സ്വർണ്ണ കടത്ത് കേസ് കത്തി നിൽക്കുമ്പോൾ ജലീലിനെ സിപിഎമ്മും മുഖ്യമന്ത്രിയും ഭയക്കുന്നുണ്ട്.

ആസാദ് കാശ്മീർ പരാമർശത്തിൽ രാജ്യദ്രോഹത്തിന് കേരളത്തിൽ കേസെടുക്കണമെന്ന ആവശ്യം ചർച്ചകളിലുണ്ട്. എന്നാൽ പൊലീസ് ഈ വിഷയത്തിൽ കേസെടുത്താലും ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തില്ല. ജലീലിനെ പിണക്കി മുമ്പോട്ട് പോകാൻ പിണറായി സർക്കാരിന് കഴിയില്ല. മാധ്യമം പത്രവുമായി ബന്ധപ്പെട്ട് യുഎഇ സർക്കാരിന് കത്തെഴുതിയ വസ്തുത പുറത്തു വന്നതിന് ശേഷം സിപിഎമ്മും ജലീലും അകലത്തിലാണ്. സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സജീവ ഇടപെടൽ നടത്തുമ്പോൾ ജലിലീനെ പിണക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യില്ല.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഎമ്മിന് തലവേദനയായത് സ്വപ്നാ സുരേഷിന്റെ വെളിപ്പടുത്തലാണ്. ഈ ആരോപണങ്ങളിൽ എല്ലാം കെടി ജലീലും ഉൾപ്പെടുന്നു. പലതും ജലീലിന് അറിയാമെന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തിൽ സർക്കാർ ജലീലിനെ പിണക്കിയാൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞാൽ അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കും. അതുകൊണ്ട് തന്നെ കാശ്മീർ വിവാദ വിഷയത്തിൽ കരുതലോടെ നീങ്ങും. മുമ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനാ വിവാദത്തിൽ കുടുങ്ങിയപ്പോൾ ചെറിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതേ നിലപാട് ഈ വിഷയത്തിലും എടുക്കും. ജലീലിനെ ജയിലിലേക്ക് കൊണ്ടു പോകുന്ന തരത്തിൽ വകുപ്പുകളൊന്നും പൊലീസ് ചുമത്തില്ല.

തവനൂരിലെ എംഎൽഎയാണ് ജലീൽ. മലപ്പുറത്തെ ഇടതു പക്ഷത്തിന്റെ പ്രധാന മുഖം. കടുത്ത വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഇത്തവണത്തെ ജയം. ജലീൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം സജീവമാണ്. ഇതിന് ജലീൽ തയ്യാറായാൽ പോലും സിപിഎം സമ്മതിക്കില്ല. മലപ്പുറത്ത് സിറ്റിങ് സീറ്റിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ അത് ജയിക്കേണ്ടത് അനിവാര്യതയാണ്. ജയം ഉറപ്പില്ലാത്തതു കൊണ്ടു തന്നെ ജലീലിനെ എംഎൽഎയായി തുടരാനും സിപിഎം അനുവദിക്കും. എന്നാൽ ഇടതു പക്ഷത്തെ വെട്ടിലാക്കാൻ ജലീൽ സ്വയം രാജിവയ്ക്കുമെന്ന അഭ്യൂഭവും ശക്തമാണ്. വിവാദത്തിൽ ജലീൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

പാർട്ടി ജലീലിനൊപ്പമില്ലെന്ന് മുതിർന്ന സിപിഎം. നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. കശ്മീരിനെയും ഇന്ത്യയെയുംകുറിച്ച് പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഇ.പി. ജയരാജനും മന്ത്രി എം വി ഗോവിന്ദനും വിശദീകരിച്ചതാണ്. ജലീലിന്റെ നിലപാടല്ല പാർട്ടിയുടേതെന്ന് പരോക്ഷമായെങ്കിലും ബോധ്യപ്പെടുത്താനാണ് ഈ നേതാക്കൾ ശ്രമിച്ചത്. പക്ഷേ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയേറ്റും ഔദ്യോഗികമായി ഒന്നും പറയില്ല.

ലോകായുക്തയ്ക്കും ജസ്റ്റിസ് സിറിയക് ജോസഫിനുമെതിരേ ജലീൽ പോരിനിറങ്ങിയപ്പോഴും സിപിഎം മിണ്ടിയില്ല. എന്നാൽ, എ.ആർ. നഗർ സഹകരണബാങ്കിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം എത്തിക്കാനും മാധ്യമം ദിനപത്രത്തിന് നിരോധനം കൊണ്ടുവരാൻ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി. അതിന് കാരണം പാർട്ടി പ്രതിക്കൂട്ടിലായതു കൊണ്ട് മാത്രമാണ്. തിരുത്തിയിട്ടും തീരാത്തവിധം 'ആസാദി കശ്മീർ' പരാമർശം മാറുന്നുവെന്നതാണ് സിപിഎമ്മിനുണ്ടാക്കുന്ന തലവേദന. മാധ്യമം പത്രത്തിലെ കത്തെഴുത്തിനേക്കാൾ വലിയ വീഴ്ച.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ പരാമർശം നാട്ടിൽ കലാപത്തിന് വഴിയൊരുക്കുന്നതാണെന്നു കണ്ടെത്തിയാണ് കെ.ടി. ജലീൽ പൊലീസിൽ പരാതിനൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ജലീൽ ഉയർത്തിയ അതേവാദം, മറ്റൊരുരീതിയിൽ ജലീലിനെതിരേ ഇപ്പോൾ ബിജെപി. കശ്മീർഘടകം ഉയർത്തിയെന്നതാണ് ശ്രദ്ധേയം. ജലീലിന്റെ 'ആസാദി കശ്മീർ' പരാമർശം കശ്മീർ ജനതയിൽ വിഭാഗീയത സൃഷ്ടിക്കുന്നതാണെന്ന വാദമാണ് ബിജെപി. ഉന്നയിക്കുന്നത്.

കേന്ദ്രഭരണപ്രദേശമാണ് കശ്മീർ. കശ്മീരിൽനിന്നാണ് ജലീൽ കശ്മീരിനെക്കുറിച്ച് രാജ്യവിരുദ്ധമായ പ്രസ്താവന നടത്തിയത്. അതിനാൽ, ബിജെപി. കശ്മീർഘടകം ജലീലിനെതിരേ നിന്നാൽ, അവിടെ അദ്ദേഹത്തിനെതിരേ കാശ്മീരിൽ കേസെടുക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനുപുറമേയാണ് ഡൽഹി പൊലീസ് കേസെടുത്തത്. നിയമസഭാ സമിതിയുടെ പരിപാടികൾ അവസാനിക്കുന്നതിനുമുമ്പ് ഡൽഹിയിൽനിന്ന് അദ്ദേഹം മടങ്ങിയത് അറസ്റ്റ് ഭയത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP