Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരന്റെ നെഞ്ചിൽ കുത്ത് ആവേശമായത് കെ.എസ്.യുവിന്! ഉറങ്ങിക്കിടന്ന കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന ഊർജ്ജിതമായി പ്രക്ഷോഭ പരിപാടികളിലേക്ക് കടന്നു; സെക്രട്ടറിയേറ്റിലെ മതിൽ ചാടിക്കടന്ന ശിൽപ്പയുടെ സമരവും ക്ലിഫ് ഹൗസിലെ ഗേറ്റിലെ സമരവും സുരക്ഷാ വീഴ്‌ച്ച ആയതോടെ മുഖ്യമന്ത്രിക്കും ചൊടിച്ചു; പിണറായി വിജയനും മന്ത്രിമാർക്കും പൊലീസ് സുരക്ഷ വർദ്ധിപ്പിക്കേണ്ടി വന്നതു തന്നെ സമരത്തിന്റെ നേട്ടമെന്ന് വിലയിരുത്തിൽ കെ.എസ്.യുക്കാർ

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരന്റെ നെഞ്ചിൽ കുത്ത് ആവേശമായത് കെ.എസ്.യുവിന്! ഉറങ്ങിക്കിടന്ന കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന ഊർജ്ജിതമായി പ്രക്ഷോഭ പരിപാടികളിലേക്ക് കടന്നു; സെക്രട്ടറിയേറ്റിലെ മതിൽ ചാടിക്കടന്ന ശിൽപ്പയുടെ സമരവും ക്ലിഫ് ഹൗസിലെ ഗേറ്റിലെ സമരവും സുരക്ഷാ വീഴ്‌ച്ച ആയതോടെ മുഖ്യമന്ത്രിക്കും ചൊടിച്ചു; പിണറായി വിജയനും മന്ത്രിമാർക്കും പൊലീസ് സുരക്ഷ വർദ്ധിപ്പിക്കേണ്ടി വന്നതു തന്നെ സമരത്തിന്റെ നേട്ടമെന്ന് വിലയിരുത്തിൽ കെ.എസ്.യുക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ തമ്മിലടിയും നെഞ്ചിൽ കുത്തും നേട്ടമായി മാറിയത് കോൺഗ്രസിന്റെ ഉറങ്ങിക്കിടന്ന വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിനാണ്. ഈ സംഭവത്തോടെ പ്രതിപക്ഷ വിദ്യാർത്ഥി പ്രസ്താനം എന്ന നിയിൽ തെരുവിൽ ഇറങ്ങിയ കെഎസ് യുക്കാർ തലസ്ഥാനത്ത് ശരിക്കും പൊലീസിന് പണി നൽകി. സംഭവത്തിൽ എസ്എഫ്‌ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കാനും യൂണിവേഴ്സ്റ്റി കോളേജിൽ വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ടും പിഎസ് സി ക്രമക്കേട് വിഷയം ഉന്നയിച്ചു കൊണ്ടുമാണ് കെഎസ് യു അധ്യക്ഷൻ പി അഭിജിത്തിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തുന്നത്. സമരം തുടങ്ങിയതിന് ശേഷം തലസ്ഥാനത്തെ കോൺഗ്രസുകാരെ ആവേശത്തിലാക്കുന്ന വിധത്തിലാണ് കാര്യങ്ങൾ നീങ്ങിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തക ശിൽപ്പ മതിലുചാടി കടന്നതോടെ പ്രവർത്തകർ ആവേശമായി. സംഭവം മാധ്യമങ്ങളിലെല്ലാം വാർത്തയാകുകയും ചെയ്തു. പതിവിന് വിപരീതമായി കെഎസ് യുവിന് വേണ്ടി കൂടുതൽ പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്നത് പെൺകുട്ടികളായിരുന്നു. ഇതെല്ലാം, കോൺഗ്രസ് വിദ്യാർത്ഥി പ്രസ്താവനത്തിൽ പതിവില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഇത് നേട്ടമായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. അതേസമയം അതീവ സുരക്ഷാ മേഖലയിൽ സമരവുമായി കെ.എസ്.യു കടന്നുകയറുന്നത് കണ്ടെത്തുന്നതിൽ ഇന്റലിജൻസ് വിഭാഗത്തിനു വീഴ്ച വന്നതായും അതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തിയതായുമാണ് റിപ്പോർട്ടുകളും പുറത്തുവന്നു. ഇത് തങ്ങളുടെ വിജയമായാണ് കെഎസ് യുക്കാർ കരുതുന്നത്.

സമരങ്ങൾ കണ്ടെത്തുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിനു വീഴ്ച പറ്റിയതിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്നതിനു പിന്നാലെ ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെ സമരക്കാരെത്തിയതിലും മുഖ്യമന്ത്രി ഇന്റലിജൻസ് ഉന്നതരെ അതൃപ്തിയറിയിച്ചുകഴിഞ്ഞു. കെ.എസ്.യുവിന്റെ പ്രവർത്തക മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തിയപ്പോൾ പിടിച്ചുമാറ്റാനോ തടയാനോ ഒരു വനിതാ പൊലീസ് പോലും അവിടെയുണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗം നടക്കുന്ന ദിവസമാണ് സംഭവമുണ്ടായത് എന്നതും ഗൗരവകരമാണ്.

ആവശ്യത്തിനു വനിതാ പൊലീസിനെ വിന്യസിക്കാത്തതിലും മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു. അതേസമയം സമരം ചാനലുകൾ കൃത്യമായി അറിഞ്ഞിരുന്നു. സമരം ലൈവ് പോവുകയും അതേസമയം രഹസ്യാന്വേഷണ വിഭാഗത്തിന് അതറിയാതെ പോവുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അതൃപ്തിയുണ്ടായതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞതായാണ് വിവരം. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പി.എസ്.സി ആസ്ഥാനത്തും സർവകലാശാലയ്ക്കു മുകളിലും കെ.ടി ജലീലിന്റെ ഓഫീസിനു മുന്നിലും സമരക്കാർ കടന്നുകയറിയിരുന്നു. കേരളാ സർവകലാശാല വൈസ് ചാൻസലറെ അതീവ സുരക്ഷാ മേഖലയായ രാജ്ഭവനു മുന്നിൽപ്പോലും കെ.എസ്.യുക്കാർ തടഞ്ഞിരുന്നു. എന്നാൽ സമരങ്ങളുടെ സാധ്യതകളെപ്പറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് ഇന്റലിജൻസ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത്. ഒന്നും രണ്ടും പേർ കൂടിച്ചേർന്നു നടത്തുന്ന സമരങ്ങൾ കണ്ടെത്തുക ഒരു സംസ്ഥാനത്തും സാധ്യമല്ലെന്നും അവർ വിശദീകരിച്ചു.

അതേസമയം കെ.എസ്.യു നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാനോ കാര്യങ്ങൾ തിരക്കാനോ തയാറാകാത്ത നിഷേധാത്മക സമീപനമാണ് സർക്കാർ പുലർത്തുന്നത്. നീതിക്ക് വേണ്ടിയുള്ള കെ.എസ്.യു പോരാട്ടത്തെ പൊലീസിനെ ഉപയോഗിച്ച് അതിക്രൂരമായി അടിച്ചമർത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കെ.എസ്.യു തീരുമാനം. സമരക്കാർക്ക് ആവേശം പകരാനായി കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്താറുണ്ട്. കെ സുധാകരൻ എംപിയാണ് ഇന്ന് അഭിജിത്തിന്റെ നിരാഹാര പന്തലിൽ എത്തിയത്. രമ്യ ഹരിദാസും ഡീൻ കുര്യാക്കോസുമെല്ലാം സമരക്കാർക്ക് പിന്തുണയുമായി എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP