Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ടാൻസാനിയയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തത് സെക്രട്ടറിയേറ്റ് തീരുമാനം ലംഘിച്ച്; അച്ചടക്ക ലംഘനത്തിന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തി; സിപിഎമ്മിനെ ഗൗരിയമ്മ തള്ളിപ്പറഞ്ഞത് അഴിമതിയിൽ നിന്ന് രക്ഷപ്പെടാനോ? ലോറൻസ് വെളിപ്പെടുത്തിയ ആ പാർട്ടി രഹസ്യം വീണ്ടും ചർച്ചകളിൽ

ടാൻസാനിയയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തത് സെക്രട്ടറിയേറ്റ് തീരുമാനം ലംഘിച്ച്; അച്ചടക്ക ലംഘനത്തിന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തി; സിപിഎമ്മിനെ ഗൗരിയമ്മ തള്ളിപ്പറഞ്ഞത് അഴിമതിയിൽ നിന്ന് രക്ഷപ്പെടാനോ? ലോറൻസ് വെളിപ്പെടുത്തിയ ആ പാർട്ടി രഹസ്യം വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെ ആർ ഗൗരിയമ്മയെ എന്തുകൊണ്ട് സിപിഎം പുറത്താക്കി? കേരം തിങ്ങും കേരള നാടിനെ ഭരിക്കാൻ അനുവദിക്കാത്തതിന്റെ വാശിയിൽ ഗൗരിയമ്മ പുറത്തു പോയതാണോ? എന്താണ് സംഭവിച്ചത്. അത് വിശദീകരിക്കുകയാണ് എംഎം ലോറൻസ്. ഗൗരിയമ്മയെ പുറത്താക്കുമ്പോൾ സിപിഎം സെക്രട്ടറിയേറ്റ് അംഗമായിരുന്നു ലോറൻസ്. ഗൗരിയമ്മയ്ക്ക് തെറ്റു പറ്റിയതാണ് ആ പുറത്താകലിന് കാരണമെന്ന് ലോറൻസ് ഫെയ്‌സ് ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.

2019 ജൂലൈ 26നാണ് ഈ കുറിപ്പ് ലോറൻസ് എഴുതുന്നത്. ഇന്നലെ ഗൗരിയമ്മ അന്തരിച്ചു. പാർട്ടി സഖാവിന് കൊടുക്കേണ്ട എല്ലാ അംഗീകാരവും സിപിഎം നൽകുകയും ചെയ്തു. ഇതിനിടെയിലും ഗൗരിയമ്മയുടെ പുറത്താക്കലിന് പിന്നിൽ സിപിഎമ്മിലെ താൽപ്പര്യമാണെന്ന തരത്തിൽ വാദങ്ങൾ സജീവമായി. ഈ സാഹചര്യത്തിലാണ് ലോറൻസിന്റെ പഴയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.

എംഎം ലോറൻസിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

സ. കെ ആർ ഗൗരിയമ്മ
-----------------------------------

1950' ഫെബ്രുവരി മാസത്തിൽ നടന്ന ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് ഞാൻ എറണാകുളം ടൗണും ചുറ്റുപാടുള്ള പ്രദേശത്തെ (മണ്ഡലം കമ്മിറ്റി/ഇപ്പോഴത്തെ ഏരിയ കമ്മിറ്റി സംവിധാനം പോലെ) സെക്രട്ടറി ആയിരുന്നു. ഞാൻ ജയിലിൽ ആയിരുന്ന കാലഘട്ടത്തിൽ സെക്രട്ടറി ആയിരുന്നത് വൈലോപ്പിള്ളി രാമൻകുട്ടിയായിരുന്നു. ശേഷം 1952 ൽ ഞാൻ ജയിൽ മോചിതനായപ്പോൾ വീണ്ടും സെക്രട്ടറി ആയി. 'എനിക്കിതുകൊണ്ടുനടക്കാൻ കഴിയില്ല. താൻ തന്നെ സെക്രട്ടറി ആകണം..' എന്നാണ് അദ്ദേഹം ഒഴിവാകുന്നതിന് മുൻപ് എന്നോട് പറഞ്ഞത്. ഓഫീസിന്റെ വാടക കൊടുക്കാൻ പോലും കഴിവില്ലാത്ത അവസ്ഥയിൽ ആയിരുന്നു പാർട്ടി.

സെക്രട്ടറി സ്ഥാനം വീണ്ടും ഏറ്റെടുത്ത ശേഷം എല്ലാ ദിവസവും വൈകുന്നേരം പ്രാകുളം ഭാസിയുടെ (ഭാസിയെ കുറിച്ചു ഞാൻ നേരത്തെ എഴുതിയിരുന്നു) ഉടമസ്ഥതയിലുള്ള 'സീ വ്യൂ' ഹോട്ടലിൽ ഞാൻ പോകുമായിരുന്നു. അന്ന് കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരായ പട്ടം തണുപിള്ള, ജോർജ് ചടയം മുറി, മത്തായി മാഞ്ഞൂരാൻ, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ അവിടെ പലപ്പോഴും വരുമായിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ ചർച്ചകളും അവിടെ നടക്കാറുണ്ട്. ടി വി തോമസ്, ഗൗരിയമ്മ തുടങ്ങിവരും അന്നവിടെ എത്തുമായിരുന്നു. ഒരു ദിവസം സീ വ്യൂവിൽ വെച്ച് ഗൗരിയമ്മ എന്നെ കണ്ടമാത്രയിൽ, 'എടൊ ഭാസി!, ഇയാൾ ഏതാണ്? ഇയാളെ എല്ലാ ദിവസവും ഇവിടെ കാണാമല്ലോ!' എന്ന് പ്രാകുളം ഭാസിയോടു എനിക്ക് നേരെ ചൂണ്ടികൊണ്ട് ചോദിച്ചു.

'അല്ലാ, ഇയാളെ ഗൗരിയമ്മയ്ക്ക് അറിയില്ലേ..? ഇയാളാണ് ഇടപ്പള്ളി കേസിൽ പ്രതിയായ സഖാവ് എം എം ലോറൻസ്..' പ്രാകുളം ഭാസി പറഞ്ഞു.
'ങാഹ്..! ഇയാള് ജയിലിൽ കിടക്കുമ്പോൾ ഞാനും ടിവിയും സുഗതൻ സാറും കൂടി മുളവുകാട് ഉള്ള ഇയാളുടെ വീട്ടിൽ പോയിരുന്നു. ഇയാളുടെ അമ്മ ആ സമയത്തു വലിയ കരച്ചിൽ ആയിരുന്നു.. അതുകൊണ്ട് അടുക്കളയിൽ പോയി എല്ലാവർക്കും ചായ ഉണ്ടാക്കി കൊടുത്തത് ഞാനായിരുന്നു.' ഗൗരിയമ്മ പറഞ്ഞു. ടി വി തോമസും എന്നെ നോക്കി.

ഗൗരിയമ്മയും ടി വി തോമസും തമ്മിൽ ഉള്ള ബന്ധം എനിക്ക് വളരെ ഇഷ്ടമായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിലും ജാതിയിലും പെട്ടവർ അന്യോന്യം വിവാഹം ബന്ധത്തിൽ ഏർപെടണം എന്ന് പലരെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. ജാതി മത വ്യത്യസങ്ങൾ ഇല്ലാതെയാക്കാൻ അതുപകരിക്കും എന്ന ധാരണയാണ് എനിക്കുണ്ടായത്. പിന്നീട്, ഗൗരിയമ്മ പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നിരുന്നില്ലെങ്കിലും ഒരുയർന്ന നേതാവായി പൊതുവെ ജനങ്ങൾക്കിടയിൽ അംഗീകാരം നേടിയിരുന്നു. പാർട്ടിയുടെ ഉയർന്ന ഘടകത്തിൽ പ്രവർത്തിക്കുന്നവരെക്കാൾ പ്രാധാന്യം അവർക്ക് പലരും നൽകിയിരുന്നു. മുനിസിപ്പൽ തൊഴിലാളികളുടെ ഓഫിസ് എറണാകുളത്തു പണികഴിപ്പിച്ച ശേഷം അതിന്റെ ഉദ്ഘാടനകർമ്മം നടത്താൻ (1969) യുണിയൻ പ്രസിഡന്റ് ആയിരുന്ന ഞാൻ ക്ഷണിച്ചത് അന്ന് റവന്യൂ-നിയമ വകുപ്പ് മന്ത്രി ആയിരുന്ന ഗൗരിയമ്മയെയാണ്.

തൃശ്ശൂരിൽ നടന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ വച്ചാണ് സ.വി. എസ്. അച്യുതാനന്ദൻ ആദ്യമായി സംസ്ഥാന സെക്രട്ടറി ആകുന്നത്. നായനാർ ഒഴിഞ്ഞതിനെ തുടർന്ന് വി എസ് ന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞത് ഞാൻ ആയിരുന്നു. സമ്മേളനത്തിന് ശേഷം പുതിയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി ആരൊക്കെ വേണം എന്ന് സംസ്ഥാന സെക്രട്ടറി അച്യുതാനന്ദൻ നിർദ്ദേശം വെച്ചു. ഞാനും സ. സുശീല ഗോപാലനും, സ. ഒ. ജെ. ജോസഫും സെക്രട്ടറിയേറ്റിൽ നേരത്തെ ഉള്ളതാണ്. ഞങ്ങൾ അന്ന് പാർലിമെന്റ് മെമ്പർമാരും ആണ്. സ്വാഭാവികമായും എന്നെയും സ. സുശീല ഗോപാലനെയും, സ. ഒ. ജെ. ജോസഫിനെയും സെക്രട്ടറിയേറ്റിൽ ഉള്‌പെടുത്തേണ്ടതുമാണ്. എന്നാൽ ഞങ്ങളെ മൂന്ന് പേരെയും ഒഴിവാക്കികൊണ്ടുള്ള ഒരു നിർദ്ദേശമാണ് പുതിയ സെക്രട്ടറിയായ സ.വി എസ് മുന്നോട്ടു വെച്ചത്. അതനുസരിച്ച് പുതിയ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. സമ്മേളനത്തിന് ശേഷം തൃശ്ശൂരിൽ നിന്ന് പോകാൻ നേരം ഗൗരിയമ്മ എന്നെയും കൂടെ വിളിച്ചു. ഗൗരിയമ്മയ്ക്ക് അന്നൊരു പുതിയ ഫിയറ്റ് കാർ ഉണ്ട്.

'..തന്നെ ഒഴിവാക്കിയത് ഒട്ടും ശരിയായില്ല. സെക്രട്ടറിയേറ്റ് മെമ്പർ എന്ന നിലയ്ക്ക് മറ്റാരേക്കാളും നന്നായി പ്രവർത്തിക്കുന്ന ആളാണ് താൻ. അങ്ങനെയുള്ള തന്നെ ഒഴിവാക്കിയത് ഒട്ടും ന്യായമല്ല..' കാറിൽ വെച്ച് ഗൗരിയമ്മ എന്നോട് പറഞ്ഞു. 'അതു സാരമില്ല. സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്താതിരുന്നതിൽ എനിക് വിഷമം ഒന്നും ഇല്ല. എനിക് നിരാശയുമില്ല.. ഞാൻ പഴയ പോലെ തന്നെ പ്രവർത്തനം നടത്തും' എന്ന് ഞാൻ പറഞ്ഞു. ചാത്തനാടേക്ക് പോകുന്ന ഗൗരിയമ്മ എറണാകുളത്തു എന്റെ വീട്ടിൽ കയറി എന്റെ ഭാര്യയുമായി സംസാരിച്ച്, കുറെ നേരം വിശ്രമിച്ചതിനും ശേഷമാണ് യാത്ര തുടർന്നത്.

ഞാൻ പിറ്റേ ദിവസം പാർലമെന്റ് യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോകുകയും ചെയ്തു. അതിനിടെ, മുൻപ് തന്നെ സെക്രട്ടറിയേറ്റ് മെമ്പർ ആയിരുന്നു എൻ എസ് (സ. എൻ ശ്രീധരൻ ) എന്നെ ഫോണിൽ ബന്ധപ്പെട്ടു. 'അതൊന്നും സാരമാക്കണ്ടട്ടോ.. അതിനൊക്കെ പരിഹാരം ഉണ്ടാകും.' എന്നദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിൽ എടുക്കാഞ്ഞതിൽ എനിക് പ്രയാസം ഉണ്ടാകും എന്ന് കരുതിയാണ് എൻ എസ് അപ്രകാരം പറഞ്ഞത്. ഗൗരിയമ്മയോട് പറഞ്ഞത് തന്നെ ഞാൻ അദ്ദേഹത്തിനോടും മറുപടിയായി പറഞ്ഞു.

ഞാൻ ഡൽഹിയിൽ എത്തിയ ശേഷം പുതിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന വിവരം അറിഞ്ഞു. ആ യോഗത്തിൽ വെച്ച് സുശീലയേയും എന്നെയും സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. സ. ഒ. ജെയെ മാത്രം ഉൾപ്പെടുത്തിയില്ല. പാർലിമെന്റ് മെമ്പർമാരായ ഞങ്ങൾക്ക് സെക്രട്ടറിയേറ്റ് മെമ്പർമാർ എന്ന നിലയിൽ പ്രവർത്തിക്കാൻ സമയം കിട്ടുന്നില്ല എന്നായിരുന്നു ഞങ്ങളെ മൂന്ന് പേരെയും ഒഴിവാക്കുന്ന സമയത്ത് പറഞ്ഞ കാരണം. എന്നാൽ ആ കാരണം ഒ ജെ യുടെ കാര്യത്തിൽ മാത്രം ബാധകമായി.! യഥാർത്ഥത്തിൽ സ. ഒ ജെ യെ ഒഴിവാക്കാൻ നടത്തിയ തന്ത്രമായിരുന്നു അത്.!

ഗൗരിയമ്മ സംസ്ഥാന കമ്മിറ്റിയംഗം ആയിരുന്നു. പിന്നീട് ആലപ്പുഴയിൽ വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലും ഗൗരിയമ്മ സംസ്ഥാന കമ്മിറ്റിയംഗമായി തുടർന്നു വന്നു. സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് എടുക്കുന്ന നിലപാടിൽ ഉറച്ചു നിന്ന് പ്രചാരണം നടത്താൻ എല്ലാ അംഗങ്ങൾക്കും ബാധ്യതയുണ്ട്. എന്നാൽ അതിൽ നിന്ന് പലപ്പോഴും വ്യതിചലിക്കുന്ന നിലപാടുകളാണ് ഗൗരിയമ്മ സ്വീകരിച്ചിരുന്നത്. അതേക്കുറിച്ച് പാർട്ടിയിൽ പലപ്പോഴും വിമർശനം ഉണ്ടായിട്ടുമുണ്ട്. കമ്മിറ്റിയുടെ തീരുമാനത്തിൽ നിന്ന് വ്യതിചലിച്ച് ഗൗരിയമ്മ വ്യക്തിപരമായ അഭിപ്രായങ്ങൾ പുറത്തു പറയുന്നതിൽ നിന്ന് ഒരു നിയന്ത്രണം ഏർപ്പെടുത്താൻ സെക്രട്ടറിയേറ്റിൽ അവരെ ഉൾപ്പെടുത്തുന്നത് സഹായകമാകുമെന്ന് എനിക് തോന്നി. ഈ അഭിപ്രായം ഞാൻ സ. ടി കെ രാമകൃഷ്ണനോട് പറഞ്ഞു. ടി കെ അതിനോട് യോജിച്ചില്ല. 'അങ്ങനെയൊന്നും ഗൗരിയമ്മ നേരയാകാൻ പോകുന്നില്ല' എന്നൊരു പ്രതികരണമാണ് ടി കെയിൽ നിന്ന് ഉണ്ടായത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ഉത്തരവാദിത്വത്തോട് കൂടി അഭിപ്രായങ്ങൾ പറയുന്ന വിധത്തിൽ ഒരു നിയന്ത്രണം കൊണ്ടുവരുന്നതിന് അത് സഹായിക്കും എന്ന കാര്യം ഞാൻ ടി കെ യോട് പറഞ്ഞു.

ശേഷം, സ.ഇ.എം.എസ് നോടും ഞാൻ ഈക്കാര്യം സംസാരിച്ചു. ഇ.എം.എസിനും സ. ടി കെയുടെ അഭിപ്രായം തന്നെയാണ് ഉണ്ടായിരുന്നത്. 'എന്നാൽ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം, എന്നിട്ടും ശരിയാകുന്നില്ലെന്ന് വന്നാൽ ഒഴിവാക്കമല്ലോ' എന്ന് പറഞ്ഞപ്പോൾ ഇ.എം.എസ്സും സമ്മതിച്ചു. അങ്ങനെ ഗൗരിയമ്മയെ കൂടി സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. സെക്രട്ടറിയേറ്റ്‌ലേക്ക് എടുക്കുന്നതിന് ഞാൻ മുൻകൈയെടുത്തുവെന്ന് ഗൗരിയമ്മ എങ്ങനെയോ അറിഞ്ഞു. ഗൗരിയമ്മയ്ക്കുണ്ടായ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി എന്നെ അത്താഴം കഴിക്കുന്നതിന് അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാൻ ചെല്ലാം എന്ന് ഏറ്റു. ഞാൻ രവിയെ (സ.കെ എൻ രവീന്ദ്രനാഥ്) കൂടെ കൂട്ടാൻ തീരുമാനിച്ചു. രവിയുമായി അവിടെ എത്തിയപ്പോൾ ഗൗരിയമ്മ ഞങ്ങൾക്കു വേണ്ടി വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു.
അത്രെയേറെ അടുപ്പം ഉണ്ടായിരുന്ന സഖാവ് ഗൗരിയമ്മ പിന്നീട് എന്നോട് വലിയ വിരോധത്തിലായി.!

കാഷ്യൂ കോർപ്പറേഷന് നിരവധി ടൺ തോട്ടണ്ടി ആവശ്യമാണ്. അത് ലഭ്യമായെങ്കിൽ മാത്രമേ തൊഴിലാളികൾക്ക് തൊഴിൽ കൊടുക്കാൻ ആകുമായിരുന്നുള്ളൂ. നാട്ടിലെ വിളവ് കൊണ്ട് മാത്രം മതിയാകില്ല. അതുകൊണ്ട് വിദേശത്ത് നിന്ന്, പ്രധാനമായും ടാന്‌സാനിയയിൽ നിന്ന്, വൻതോതിൽ തോട്ടണ്ടി ഇറക്കുമതി ചെയ്യാറുണ്ട്. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ അന്ന് സ.പത്മലോചനൻ ആയിരുന്നു. ഒരു ദിവസം പത്മലോചനൻ എന്നെ ഫോണിൽ വിളിച്ചു. 'നല്ല വിളവ് ഇത്തവണ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള തോട്ടണ്ടി ഇവിടുന്ന് തന്നെ സംഭരിക്കാൻ കഴിയും. ടാന്‌സാനിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാൾ വളരെ ലാഭകരവുമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള കത്തും പത്മലോചനൻ കൊടുത്തയച്ചു. പിറ്റേ ദിവസം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടന്നപ്പോൾ കത്ത് കാണിച്ചുകൊണ്ട് ഞാൻ ഇക്കാര്യം അവതരിപ്പിച്ചു. ഞാൻ അത് ഉന്നയിച്ചത് വ്യവസായ മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവുമായ ഗൗരിയമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവർ ദേഷ്യപ്പെട്ടു. 'തനിക്കു എവിടെന്ന് കിട്ടി ഇത് ?..' ഗൗരിയമ്മ ചോദിച്ചു.

'അതിരിക്കട്ടെ, ടാന്‌സാനിയയിൽ നിന്ന് raw cashew nut ഇറക്കുമതി ചെയ്യാൻ തീരുമാനം എടുത്തിട്ടുണ്ടോ?' എന്ന് ഞാൻ ചോദിച്ചു. സെക്രട്ടറിയേറ്റിൽ അത് ഗൗരവമായ ചർച്ചയായി. തുടർന്ന് ഗൗരിയമ്മയുടെ എതിർപ്പ് അവഗണിച്ച്, ഇറക്കുമതി ഇപ്പോൾ പാടില്ല എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എടുത്തു. എന്നാൽ പാർട്ടിയുടെ അകത്തു നടക്കുന്ന ഇത്തരം ചർച്ചകളും വിവരങ്ങളും പുറത്തു വർത്തയാകുമായിരുന്നില്ല. ഈ വിഷയവും അതിനാൽ പുറത്തു വന്നില്ല. എന്നാൽ കോടിക്കണക്കിന് രൂപ വിലവരുന്ന തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ തന്നെ മന്ത്രി ഗൗരിയമ്മ തീരുമാനം എടുത്തു. ഇറക്കുമതി നടത്തുകയും ചെയ്തു.! തുടർന്ന് പാർട്ടി നടപടി എടുത്തു. ശേഷം ഗൗരിയമ്മ തുടരെ പാർട്ടി അച്ചടക്കം ലംഘിക്കാൻ തുടങ്ങി. തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഗൗരിയമ്മയെ ഉൾപ്പെടുത്തി.

ഇതിനിടെയ്ക്ക് ഇടതുമുന്നണി സർക്കാർ മാറി, കരുണാകരൻ മുഖ്യമന്ത്രിയായി യു ഡി എഫ് നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നു. പാർട്ടിയിൽ നിന്ന് പുറത്ത് പോയി മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു പ്രവർത്തിക്കുന്ന എം. വി. രാഘവനും ആ സർക്കാരിൽ മന്ത്രിയായി. പാർട്ടിയിൽ നിന്ന് ഗൗരിയമ്മയെ അകറ്റാൻ രാഘവൻ തന്ത്രം ഉപയോഗിച്ചു. ആലപ്പുഴയിൽ പ്രത്യേക വികസന സമിതി രൂപീകരിക്കാൻ യു ഡി എഫ് സർക്കാർ തീരുമാനിച്ചു. മന്ത്രി എം വി രാഘവൻ തന്നെയാണ് ആ നിർദ്ദേശം മുന്നോട്ടു വെച്ചത്. എല്ലാ ജില്ലകളിലും ജില്ലാ വികസന സമിതി ഉണ്ട് (DDC). ആലപ്പുഴ ജില്ല മറ്റ് പല ജില്ലകളെയും അപേക്ഷിച്ച് പിന്നോക്കമാണ്. ആ പിന്നോക്ക അവസ്ഥ തരണം ചെയ്യാൻ ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി ഒരു പ്രത്യേക വികസന സമിതി രൂപീകരിക്കണം. 'ആലപ്പുഴയെ കുറിച്ച് മറ്റാരേക്കാളും കൂടുതൽ ഗൗരിയമ്മയ്ക്ക് അറിവുണ്ട്', ആ കാരണം കൊണ്ട് അതിന്റെ ചെയർപേഴ്‌സനായി ഗൗരിയമ്മയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു!. എന്നാൽ ആയത് സ്വീകരിക്കാൻ പാടില്ല എന്ന് പാർട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഗൗരിയമ്മയോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനോട് സംസ്ഥാന കമ്മിറ്റിയും യോജിച്ചു.

ഗൗരിയമ്മ വെട്ടിലായി.! അത് സ്വീകരിച്ചാൽ പാർട്ടിയുടെ നടപടിക്ക് അവർ വിധേയമാകും. സ്വീകരിക്കാതിരുന്നാൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നം യു ഡി എഫ് സർക്കാർ അന്വേഷണത്തിന് വിധേയമാക്കും!. ആ സന്നിഗ്ദ്ധവസ്ഥയിൽ തനിക്ക് ദോഷം വരാതിരിക്കാൻ ആലപ്പുഴ ജില്ലാ വികസന സമിതിയുടെ ചെയർപേഴ്സൺ സ്ഥാനം ഗൗരിയമ്മ ഏറ്റെടുത്തു.
ഇക്കഴിഞ്ഞതുൾപ്പടെ പല വിഷയങ്ങളിലും പാർട്ടി തീരുമാനം ഗൗരിയമ്മ ലംഘിക്കുകയുണ്ടായിട്ടുണ്ട്. ഇതിന്റെ എല്ലാം ഫലമായിട്ടാണ് പാർട്ടി വിട്ട് ഗൗരിയമ്മ ചെയർപേഴ്സൺ ആയി മറ്റൊരു പാർട്ടി (ജെ എസ് എസ്) രൂപീകരിച്ചത്.

രാഷ്ട്രീയ നിലപാട് കൊണ്ടും അവ നടപ്പാക്കാനുള്ള തന്റേടം കൊണ്ടും ആദ്യ മന്ത്രി സഭയിലെ അംഗം എന്ന നിലയിലും ജനങ്ങളുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവായിരുന്നു ഗൗരിയമ്മ. സ. സി. എച്. കണാരൻ, സ.സി. അച്യുതമേനോൻ എന്നിവരുടെ കഴിവും അറിവും ഗൗരിയമ്മയെ നിയമങ്ങൾ തയ്യാറാകുന്ന കാര്യത്തിൽ വളരെയേറെ സഹായിച്ചിരുന്നു. മദ്രാസ് അസംബ്‌ളിയിൽ അംഗമായിരുന്ന കാലത്ത് തന്നെ ഭൂപ്രശ്‌നവും കാർഷിക പ്രശ്നവും സംബന്ധിച്ച് അവഗാഹം ഉണ്ടായിരുന്ന നേതാവാണ് സ. ഇ.എം.എസ്. ഈ വിഷയം ആഴത്തിൽ അറിവുണ്ടായിരുന്ന നേതാവായിരുന്നു സ. ഇ.എം.എസ്. അങ്ങനെയുള്ള ഇ.എം.എസ് മുഖ്യമന്ത്രിയായ ആദ്യത്തെ മന്ത്രിസഭയിൽ കാർഷിക വകുപ്പ് മന്ത്രി ആയിരുന്നു ഗൗരിയമ്മ.

1987 ൽ ഗൗരിയമ്മ വീണ്ടും മന്ത്രിയായി തീർന്നു. സ. വി. വിശ്വനാഥ മേനോനെ വ്യവസായ വകുപ്പ് മന്ത്രി ആക്കണമെന്ന അഭിപ്രായം ഉണ്ടായിരുന്നു. ആ നിർദ്ദേശം ഞാൻ സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചു. എന്നാൽ മന്ത്രിമാരുടെ വകുപ്പ് വീതിക്കുന്ന ആ ഘട്ടത്തിൽ ഗൗരിയമ്മ ആവശ്യപ്പെട്ടതും വ്യവസായ വകുപ്പാണ്. 'വ്യവസായ വകുപ്പ് തന്നെ എനിക്ക് ലഭിക്കണം. അല്ലെങ്കിൽ ഞാൻ മന്ത്രിസഭയിലേക്കില്ല.!' ഗൗരിയമ്മ ശഠിച്ചു. ആ ശാഠ്യത്തിന് അവസാനം പാർട്ടി വഴങ്ങി. സ .വിശ്വനാഥ മേനോനെ ധനവകുപ്പ് മന്ത്രിയുമാക്കി. ഗൗരിയമ്മ ധനമന്ത്രി ആയാൽ നന്നായിരിക്കും എന്നൊരു അഭിപ്രായവും ഉണ്ടായിരുന്നു. ഫയൽ പഠിക്കുന്ന കാര്യത്തിൽ നല്ല കഴിവ് പ്രകടിപ്പിക്കുമായിരുന്നു അവർ. നിർബന്ധ പൂർവ്വം വ്യവസായ വകുപ്പ് മന്ത്രിയായ ആയ ശേഷം ഉണ്ടായ സംഭവമാണ് നേരത്തെ ചുരുക്കമായി പ്രതിപാദിച്ചത്.

പാർട്ടി അച്ചടക്കം പാലിക്കാൻ തയ്യാറാകാതെ തന്നിഷ്ടം നടപ്പിലാക്കുകയും അതിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം തന്റെ ശത്രുവായും ഗൗരിയമ്മ കണക്കാക്കാൻ തുടങ്ങി. അതൊരു അപ്രമാദിത്വമായി വളർന്ന് വന്നു. അതിന്റെയെല്ലാം ഫലമായിട്ടാണ് ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഗൗരിയമ്മയെ പുറത്താക്കിയത്തിന്റെ കാരണങ്ങൾ വിശദീകരിച്ചു കൊണ്ട് സ. ഇ.എം.എസ് ലേഖനം എഴുതി.
പിന്നീട് ഭാഷാപോഷണിയിലും ജനശക്തി എന്ന വരികയിലും ഗൗരിയമ്മയുടെ ഒരു അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ ലേഖകൻ എന്നെക്കുറിച്ചു ചോദിച്ച ചോദ്യത്തിന് ഗൗരിയമ്മ പറഞ്ഞ മറുപടിയിൽ അവർ എനിക്കെതിരെ ആരോപണം ഉന്നയിച്ചു.

ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലം വാങ്ങിയത് എറണാകുളത്തു വെച്ചു നടന്ന ആറാം പാർട്ടി കോണ്‌ഗ്രെസിന് വേണ്ടി (1968) പിരിച്ച പണത്തിന്റെ ഒരു ഭാഗം കൊണ്ടാണ് എന്ന ഗുരുതരമായ ഒരു ആരോപണം ഗൗരിയമ്മ ഉന്നയിക്കുകയുണ്ടായി. യഥാർത്ഥത്തിൽ ഞാൻ ആ സ്ഥലം വാങ്ങിയത് 1962ൽ ആണ്. ഈ ആരോപണം വന്ന ലേഖനവുമായി എന്റെ മകനും അഭിഭാഷകനുമായ സജീവൻ എന്റെ അടുത്തു വന്നു. ഞാൻ അത് വായിച്ചതിന് ശേഷം അതവഗണിക്കാൻ ആണ് സജീവനോട് പറഞ്ഞത്.

'അത് അങ്ങനെ അവഗണിക്കാൻ കഴിയില്ല. ഞങ്ങൾ താമസിക്കുന്ന സ്ഥലം ഉണ്ടാക്കിയത് പാർട്ടിയുടെ പണം ഉപയോഗിച്ച് ആണ് എന്നാണ് ആരോപണം കൊണ്ട് സ്ഥാപിക്കുന്നത്. അതുകൊണ്ട് ഞങ്ങൾക്കും ഇത് ബാധകമാണ്. കേസ് കൊടുക്കണം.' നിർബന്ധ പൂർവ്വം സജീവൻ പറഞ്ഞു. കേസ് കൊടുത്തു. കോടതി നടപടി ക്രമം തുടരുന്നതിനിടെ ഗൗരിയമ്മ തെറ്റ് സമ്മതിച്ചു ( പ്രസ്താവനയുടെ കോപ്പി: https://www.facebook.com/106958159636411/posts/250204878645071/?substory_index=0 ). എന്നാൽ അത് പ്രസിദ്ധീകരിച്ച മനോരമയ്ക്ക് എതിരെയുള്ള കേസ് ഇന്നും തുടരുന്നു.

ഗൗരിയമ്മയോട് സ്‌നേഹവും ബഹുമാനവുമാണ് എന്നും ഞാൻ പുലർത്തി പോന്നിട്ടുള്ളത്. വ്യക്തിപരമായ ഒരു വൈരാഗ്യവും എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ പാർട്ടി സ്വീകരിച്ച നിലപാട് തികച്ചും ശരിയായിരുന്നു. അത് വേണ്ടവിധത്തിൽ മനസ്സിലാക്കാതെകണ്ട്, ഗൗരിയമ്മയ്ക്ക് എതിരായി ഞാൻ ഒരു നിലപാട് സ്വീകരിച്ചു എന്നാണ് ചിലയാളുകൾ അക്കാലത്ത് വ്യഖ്യാനിച്ചത്. പാർട്ടിയെ ധിക്കരിച്ചു കൊണ്ട് അവർ സ്വീകരിച്ച നിലപാടിന് എതിരായി പാർട്ടിയുടെ നിലപാട് ഉയർത്തി പിടിക്കുക മാത്രമാണ് ഞാൻ ചെയ്തത്. വ്യക്തിപരമായി ഇത്തരം വിഷയങ്ങളെ കാണാതെ, ഞാൻ എന്നും സ്വീകരിച്ചു പോന്നിട്ടുള്ള നിലപാട് അത് തന്നെയാണ്. ഇന്നും ഞാൻ തുടരുന്നത് ആ നിലപാട് തന്നെയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP