Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറിന്റെ പേരിൽ ആക്രമിക്കാൻ സുധീരൻ; ദേശീയ ഗെയിംസ് കുളമാകുമെന്ന ഭീതിയിൽ നേതാക്കൾ: ഇന്നത്തെ കെപിസിസി-സർക്കാർ ഏകോപന സമിതി ഉമ്മൻ ചാണ്ടിക്കു പരീക്ഷണ ദിനമാകും

ബാറിന്റെ പേരിൽ ആക്രമിക്കാൻ സുധീരൻ; ദേശീയ ഗെയിംസ് കുളമാകുമെന്ന ഭീതിയിൽ നേതാക്കൾ: ഇന്നത്തെ കെപിസിസി-സർക്കാർ ഏകോപന സമിതി ഉമ്മൻ ചാണ്ടിക്കു പരീക്ഷണ ദിനമാകും

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകൾ ബിയർ-വൈൻ പാർലറുകളായി മാറിയ സാഹചര്യത്തിൽ മദ്യനയത്തിലെ തിരുത്തലുകൾ സംബന്ധിച്ച് സർക്കാർ-കെപിസിസി ഏകോപന സമിതി ഇന്നു ചർച്ച നടത്തും. തർക്കങ്ങളെല്ലാം തീർന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുമ്പോഴും അങ്ങനെയല്ലെന്നു വ്യക്തമാക്കിയാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മുന്നോട്ടു പോകുന്നത്.

ദേശീയ ഗെയിംസിലെ സംഘാടക പിഴവിനെയും അഴിമതി ആരോപണങ്ങളെയും കുറിച്ചും ഇന്നത്തെ യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പേരിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഗെയിംസിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരീക്ഷണ ദിനം തന്നെയാകും ഇന്നത്തെ ദിവസം.

മദ്യനയത്തിൽ ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലുള്ള ബലപരീക്ഷണത്തിനാണ് യോഗം വേദിയാകുകയെന്ന രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ ഇതിനകം ഉയർന്നുകഴിഞ്ഞു. ഇതിനിടെയാണ് ഗെയിംസ് അഴിമതി കൂടി ചർച്ചയാകുന്നത്.

തന്നോട് ആഭിമുഖ്യമുള്ള നാലുപേരെക്കൂടി നാമനിർദ്ദേശം ചെയ്തശേഷമാണ് സുധീരൻ യോഗത്തിനെത്തുന്നത്. രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ, എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ് എന്നിവരെയാണ് സുധീരൻ സമിതിയിൽ ഉൾപ്പെടുത്തിയത്. സുധീരനോട് ആത്മബന്ധമുണ്ടെങ്കിലും സർക്കാരിനെ തകിടം മറിക്കുന്ന നിലപാട് അവർ സ്വീകരിക്കില്ലെന്നാണ് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങൾ കരുതുന്നത്. മദ്യനയത്തിലെ തിരുത്തലുകളെല്ലാം സർക്കാർ പ്രയോഗത്തിൽ വരുത്തിയ സ്ഥിതിക്ക് ഇനി പുനഃപരിശോധിക്കാനാകില്ല.

കഴിഞ്ഞ ഓഗസ്റ്റ് 13നാണ് ഏകോപന സമിതി ഇതിനു മുമ്പ് യോഗം ചേർന്നത്. പൂട്ടിയ 418 ബാറുകളിൽ ഒന്നും തുറക്കരുതെന്ന കടുത്ത നിലപാട് അന്ന് സുധീരൻ സ്വീകരിച്ചപ്പോൾ, സമിതിയിലെ മറ്റ് പതിനൊന്ന് പേരും വിട്ടുവീഴ്ച വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അന്ന് തീരുമാനമാകാതെ സമിതി പിരിഞ്ഞതിനെത്തുടർന്നാണ് വിഷയം ഓഗസ്റ്റ് 21 ലെ യുഡിഎഫ് യോഗത്തിലെത്തിയത്. തുറന്നിരുന്ന ബാറുകൾ കൂടി അടച്ചു പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എല്ലാവരെയും ഞെട്ടിച്ചതും അപ്പോഴാണ്.

ബാറുകൾക്ക് പകരം ബിയർ വൈൻ പാർലറുകൾ തുറക്കേണ്ടതില്ലെന്ന് യു.ഡി.എഫ് തീരുമാനിച്ചതായി പറഞ്ഞ് വി എം സുധീരൻ പുതിയ തർക്കം തുടങ്ങിയെങ്കിലും, സെപ്റ്റംബർ 11ന് ചേർന്ന യു.ഡി.എഫ് യോഗം സുധീരന്റെ വാദം തള്ളി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ യു.ഡി.എഫ് യോഗം മന്ത്രിസഭയെ ചുമതലപ്പെടുത്തുകയും, പുതിയ ബിയർ വൈൻ പാർലറുകൾ തുറക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തത് അതിന്റെ തുടർച്ചയാണ്.

നിലവിലുള്ള ചട്ടം മറികടന്നാണ് ബിയർ വൈൻ പാർലറുകൾ അനുവദിച്ചതെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വാങ്ങിയിട്ടില്ലെന്നും സുധീരനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. പക്ഷേ, നേരത്തേ നൽകിയ ലൈസൻസിന്റെ തുടർച്ചയാണിതെന്നാണ് സർക്കാർ വാദം. പുതിയ മദ്യശാലകൾക്ക് അനുമതി നൽകരുതെന്ന് സുധീരൻ നേരത്തേ കോൺഗ്രസ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ആ ആയുധം ഉപയോഗിച്ച് സർക്കാരിന്റെ നടപടി തടയാനാകും സുധീരന്റെ ശ്രമം.

ദേശീയ ഗെയിംസിനോടനുബന്ധിച്ച് വ്യാപകമായി ഉയർന്ന അഴിമതി ആരോപണങ്ങളും സമിതി പരിശോധിക്കും. മലയാള മനോരമയ്ക്ക് റൺ കേരള റൺ നടത്തിപ്പിന് പത്തുകോടി രൂപ നൽകിയതിനെക്കുറിച്ചും സമിതി പരിശോധിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP