Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിലെ കോൺഗ്രസിൽ കീറാമുട്ടിയായി വർക്കിങ് പ്രസിഡന്റ് പദവി; പാർട്ടിയുടെ വലിപ്പം പറഞ്ഞും ഡൽഹിയിലെ ബന്ധം പറഞ്ഞും സ്ഥാനങ്ങൾ ഉറപ്പിക്കാൻ ചിലർ ശ്രമിക്കുമ്പോൾ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണം എന്ന ആവശ്യവുമായി മറ്റ് ചിലർ; കൂട്ടലുകളും കുറയ്ക്കലുകളും ഗ്രൂപ്പുകൾക്ക് ക്ഷീണമാകുമെന്ന ചിന്തയിൽ വേറെ ചിലരും; സോണിയാ ഗാന്ധി വരെ നേരിട്ട് ഇടപെട്ടിട്ടും തീരുമാനമാകാതെ കെപിസിസി പുനഃസംഘടന; ഒടുവിൽ എല്ലാം ഹൈക്കമാന്റിന്റെ ഇഷ്ടം എന്ന് പറഞ്ഞ് മടക്കവണ്ടി കയറി നേതാക്കളും

കേരളത്തിലെ കോൺഗ്രസിൽ കീറാമുട്ടിയായി വർക്കിങ് പ്രസിഡന്റ് പദവി; പാർട്ടിയുടെ വലിപ്പം പറഞ്ഞും ഡൽഹിയിലെ ബന്ധം പറഞ്ഞും സ്ഥാനങ്ങൾ ഉറപ്പിക്കാൻ ചിലർ ശ്രമിക്കുമ്പോൾ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണം എന്ന ആവശ്യവുമായി മറ്റ് ചിലർ; കൂട്ടലുകളും കുറയ്ക്കലുകളും ഗ്രൂപ്പുകൾക്ക് ക്ഷീണമാകുമെന്ന ചിന്തയിൽ വേറെ ചിലരും; സോണിയാ ഗാന്ധി വരെ നേരിട്ട് ഇടപെട്ടിട്ടും തീരുമാനമാകാതെ കെപിസിസി പുനഃസംഘടന; ഒടുവിൽ എല്ലാം ഹൈക്കമാന്റിന്റെ ഇഷ്ടം എന്ന് പറഞ്ഞ് മടക്കവണ്ടി കയറി നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ തർക്കം തുടരുന്നു. സംസ്ഥാന നേതാക്കൾ അന്തിമ പട്ടിക ഹൈക്കമാൻഡിന് നൽകി എങ്കിലും അത് പൂർണമായും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ആദ്യം സമർപ്പിച്ച ജംബോ പട്ടിക ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാട് സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചതോടെയാണ് കോൺഗ്രസ് നേതാക്കൾ പട്ടികയിൽ ചെറിയ മാറ്റങ്ങൾ വരുത്തി സമർപ്പിച്ചത്. വർക്കിംങ് പ്രസിഡന്റ് പദവി ഒഴിവാക്കിയുള്ള ഒരു പട്ടികയും വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെ ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചുള്ള മറ്റൊരു പട്ടികയുമാണ് നിലവിൽസമർപ്പിച്ചിട്ടുള്ളത്.

കെപിസിസി ഭാരവാഹി പട്ടിക രണ്ടു ഘട്ടമായി പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. വർക്കിങ് പ്രസിഡന്റുമാരുടെ കാര്യം ഹൈക്കമാന്റ് തീരുമാനിക്കും. ഇക്കാര്യത്തിൽ അന്തിമ പട്ടിക ഹൈക്കമാന്റിനു നൽകിയെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.ഒരാൾക്ക് ഒരു പദവി എന്ന തത്വത്തിൽ ഉറച്ചു നിൽക്കുകയാണ്. ജനപ്രതിനിധികൾ കഴിവുള്ളവരാണ്. അവരുടെ സമയമാണു പ്രശ്‌നം. മുഴുവൻ സമയ പ്രവർത്തകരെയാണ് കെപിസിസിക്ക് ആവശ്യം. ഇക്കാര്യം ഹൈക്കമാന്റിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്റ് വെട്ടിച്ചുരുക്കിയ അന്തിമ പട്ടികയിൽ 45 പേരാണ് ഉള്ളതെന്നാണ് വിവരം. വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കിയാണ് പുതിയ പട്ടിക. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനുള്ള പരോക്ഷ പിന്തുണ കൂടിയാണ് ഹൈക്കമാന്റ് നടപടി. പത്ത് വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടികയെന്നാണ് വിവരം, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ട്. ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം തള്ളിയാണ് ജംബോ പട്ടിക ധാരണയായത്. ആറ് വർക്കിങ് പ്രസിഡന്റുമാരും 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും ട്രഷററും അടങ്ങുന്നതായിരുന്നു കേരള നേതൃത്വം സമർപ്പിച്ച പട്ടിക.

ഭാരവാഹി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് മുതിർന്ന നേതാക്കൾ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വി.ഡി. സതീശനും വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ടായിരുന്ന ടി.എൻ. പ്രതാപൻ, എ.പി. അനിൽ കുമാർ എന്നിവരാണു ഭാരവാഹിപട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിനെ സമീപിച്ചത്. ഇപ്പോഴത്തെ പട്ടിക കോൺഗ്രസ് പാർട്ടിക്കു പൊതുമധ്യത്തിൽ അവമതിപ്പുണ്ടാക്കുമെന്നായിരുന്നു മൂന്നു നേതാക്കളുടെയും നിലപാട്. അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കി നേതാക്കൾ കേരളത്തിലേക്കു മടങ്ങിയിട്ടുണ്ട്.

പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്നും പ്രവർത്തന മികവ് പരിഗണിച്ചില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തി. ഗ്രൂപ്പ് നോക്കി പട്ടികയിൽ ആളുകളെ തിരുകികയറ്റിയെന്ന് ചൂണ്ടിക്കാണിച്ച് നേതാക്കൾ ഹൈക്കമാൻഡിന് പരാതി നൽകിട്ടുണ്ട്. ഹൈക്കമാൻഡ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഒന്നും പരിഗണിച്ചില്ലെന്നാണ് വിലയിരുത്തൽ. വനിതാ പ്രാതിനിധ്യം നന്നേ കുറവാണ്. ചെറിയ സംസ്ഥാനമായ കേരളത്തിൽ പോലും പട്ടിക ജംബോയിലെത്തിയത് രാഹുൽ ഗാന്ധിക്കും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പ് അനുസരിച്ച് അംഗങ്ങളെ തിരുകിക്കയറ്റിയെന്ന് കാട്ടി നേതാക്കൾ ഹൈക്കമാൻഡിന് കത്തയക്കും ചെയ്തു. ഒരാൾക്ക് ഒരു പദവി എന്നത് ഒഴിവാക്കിയതിലും തന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതിലുമുള്ള കടുത്ത അതൃപ്തി ഹൈകമാൻഡിനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു.

നിലവിൽ ജനപ്രതിനിധികളായവരെ പാർട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. തങ്ങളെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് വിഡി സതീശൻ,ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ എഐസിസിക്ക് കത്ത് നൽകിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടാൽ വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്ന് കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി. ഗ്രൂപ്പ് നേതാക്കളല്ല വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതെന്നും പാർട്ടി വലുതാകുന്നതുകൊണ്ടാണ് ഭാരവാഹി പട്ടികയും വലുതാകുന്നതെന്നും കൊടിക്കുന്നിൽ തിരുവനന്തപുരത്ത് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരം ടി സിദ്ദിഖിനെ വർക്കിങ് പ്രസിഡന്റാക്കി. കെ വി തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, വി ഡി സതീശൻ, പി സി വിഷ്ണുനാഥ് എന്നിവരും വർക്കിങ് പ്രസിഡന്റുമാരായി പട്ടികയിലുണ്ടായിരുന്നത്. ശൂരനാട് രാജശേഖരൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ, സി പി മുഹമ്മദ്, എ പി അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, കെ പി ധനപാലൻ, തമ്പാനൂർ രവി, മോഹൻ ശങ്കർ, എഴുകോൺ നാരായണൻ, ഒ അബ്ദുറഹ്മാൻകുട്ടി, കെ സി റോസക്കുട്ടി, ടി എൻ പ്രതാപൻ എന്നിവരുമായിരുന്നു വൈസ് പ്രസിഡന്റുമാരായി പട്ടികയിലുള്ളത്.

ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പുകൾ നൽകിയ പട്ടികയിലെ പേരുകൾ വെട്ടാൻ അദ്ദേഹം ദിവസങ്ങളോളം ഡൽഹിയിൽ തങ്ങി. തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വാർത്തകൾ വന്നു. 115 പേരുള്ള പട്ടികയിലെ എണ്ണം 75 ആയി കുറയ്ക്കാൻ നീക്കമുണ്ടായി. എന്നാൽ, രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അവരുടെ നിലപാടിൽ ഉറച്ചുനിന്നതോടെ ഭാരവാഹികളുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP