Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ലതികയ്ക്ക് മറ്റെന്തെങ്കിലും പ്രധാന കാരണമുണ്ടാകും'; ലതിക സുഭാഷിന്റെ പ്രതിഷേധത്തെയും പരിഹസിച്ചു മുല്ലപ്പള്ളി; അമർഷത്തോടെ മഹിളാ കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയയും; കോൺഗ്രസിൽ പുരുഷാധിപത്യമെന്ന് വിമർശനം; ദേശീയ തലത്തിലും പ്രതിഷേധം വലിയ വാർത്ത

'സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ലതികയ്ക്ക് മറ്റെന്തെങ്കിലും പ്രധാന കാരണമുണ്ടാകും'; ലതിക സുഭാഷിന്റെ പ്രതിഷേധത്തെയും പരിഹസിച്ചു മുല്ലപ്പള്ളി; അമർഷത്തോടെ മഹിളാ കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയയും; കോൺഗ്രസിൽ പുരുഷാധിപത്യമെന്ന് വിമർശനം; ദേശീയ തലത്തിലും പ്രതിഷേധം വലിയ വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതിക സുഭാഷ് നടത്തിയ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തിന്റെ അലയൊലികൾ സോഷ്യൽ മീഡിയയിൽ സഹതാപ തരംഗമാകുന്നു. കോൺഗ്രസ് പ്രവർത്തകർ അല്ലാത്തവർ പോലും ലതിക സുഭാഷിനെ തഴഞ്ഞതിൽ വേദനയുണ്ടെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. ഒരു ജീവായുസ്സ് മുഴുവൻ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടും അവരോട് നീതികാട്ടിയില്ലെന്ന വികാരമാണ് പൊതുവേ ഉയർന്നത്.

അതേസമയം ലതികയുടെ പ്രതിഷേധത്തെയും അവഹേളിക്കും വിധത്തിൽ പെരുമാറിയ കോൺഗ്രസ് അധ്യക്ഷൻ വിവാദത്തിലും ചാടി. സ്ഥാനാർത്ഥിത്വം കിട്ടാത്തതുകൊണ്ട് ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ എന്നും അങ്ങനെ ഒരിക്കലും ചെയ്യില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലതിക അങ്ങനെ ചെയ്തതിനു പിന്നിൽ മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാരണം ഉണ്ടായിരിക്കാം. അല്ലാതെ അവർ തല മുണ്ഡനം ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ല. മുല്ലപ്പള്ളി പറഞ്ഞു.

ലതിക സുഭാഷുമായി കൃത്യമായി സംസാരിച്ചതാണ്. അവരോടു കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തതാണ്. ഏറ്റുമാനൂർ നിയോജക മണ്ഡലം കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് കൊടുക്കേണ്ടി വന്ന സാഹചര്യം അവർക്ക് എന്നെക്കാൾ നന്നായി അറിയാം. അതുകൊടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് അവർക്ക് ഒരു നിരാശാ ബോധം ഉണ്ടായത്. അല്ലാതെ അവരെ അവഗണിച്ചിട്ടില്ല. മുമ്പ്മത്സരിക്കാൻ അവർക്ക് അവസരം കൊടുത്തതാണ്. നാളെയും അവസരം കൊടുക്കുന്നതിൽ കോൺഗ്രസ് പുറകിലായിരിക്കില്ല. അദ്ദേഹം പറയുന്നു.
സ്ഥാനാർത്ഥി പട്ടികയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് ലതിക രാജിവച്ചത്.

എന്നാൽ തന്നെ ഒഴിവാക്കിയതിലല്ല, വനിതകളെ കോൺഗ്രസ് അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ലതിക വിശദീകരിച്ചു. ഇക്കാര്യത്തിൽ ഏറെ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലം താൻ ഏറെ ആഗ്രഹിച്ചതാണെന്നും തല മുണ്ഡനം ചെയ്തുകൊണ്ട് പ്രതിഷേധമറിയിക്കുമെന്നും അവർ അറിയിച്ചു.ഇതറിയിച്ചതിന് പിന്നാലെ തന്നെ കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വച്ച്, പൊട്ടിക്കരയുന്ന സഹപ്രവർത്തകരാൽ ചുറ്റപ്പെട്ട് ലതിക പൂർണമായും തന്റെ തല മുണ്ഡനം ചെയ്യുകയായിരുന്നു.

കേരളാ കോൺഗ്രസിന് ഏറ്റുമാനൂർ നൽകിയത് വേണമെങ്കിൽ തിരിച്ചെടുക്കാമായിരുന്നു എന്നും എന്നാൽ അങ്ങനെ ചെയ്യാതിരുന്നതിനാൽ താൻ വഞ്ചിക്കപ്പെട്ടു എന്ന തോന്നലുണ്ടായതിനാലാണ് ലതിക ഇങ്ങനെ തന്റെ പ്രതിഷേധമറിയിച്ചത്.ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും അക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ലതിക പറയുന്നു. താൻ വേറെ പാർട്ടിയിലേക്ക് പോകുകയില്ലെന്നും അവർ വ്യക്തമാക്കി. സ്ഥാനാർത്ഥി പട്ടികയിൽ താൻ ഉൾപ്പെടാത്തതിന്റെ ദുഃഖത്തിൽ പൊട്ടിക്കരഞ്ഞ മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയ്‌ക്കൊപ്പം പാർട്ടി പ്രവർത്തകരും വിതുമ്പുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. ലതികയെ കെട്ടിപിടിച്ചുകൊണ്ടാണ് പ്രവർത്തകരും കരഞ്ഞത്.

ലതികയുടെ തല മുണ്ഡല പ്രതിഷേധം ദേശീയ തലത്തിലും വലിയ വാർത്തയായിരുന്നു. ദേശീയ മാധ്യമങ്ങളിലും രാഹുൽ ഗാന്ധി എംപിയായ സംസ്ഥാനത്തു നിന്നുള്ള ഈ പ്രതിഷേധം ഇടംപിടിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP