Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രതിരോധ മുഖം; സമവായങ്ങൾക്ക് വഴങ്ങാത്ത, തിരിച്ചടിക്കുന്ന നേതാവ്; പടനായകനായി സുധാകരൻ എത്തുന്നത് അണികളുടെ മനസറിഞ്ഞ്; പാർട്ടിയെ സെമി കേഡർ രൂപത്തിൽ അണിയിച്ചൊരുക്കുക പ്രധാന ദൗത്യമാകും; കെഎസ് ബ്രിഗേഡ് ഇനി കോൺഗ്രസ് ബ്രിഗേഡാകും

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രതിരോധ മുഖം; സമവായങ്ങൾക്ക് വഴങ്ങാത്ത, തിരിച്ചടിക്കുന്ന നേതാവ്; പടനായകനായി സുധാകരൻ എത്തുന്നത് അണികളുടെ മനസറിഞ്ഞ്; പാർട്ടിയെ സെമി കേഡർ രൂപത്തിൽ അണിയിച്ചൊരുക്കുക പ്രധാന ദൗത്യമാകും; കെഎസ് ബ്രിഗേഡ് ഇനി കോൺഗ്രസ് ബ്രിഗേഡാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കുതിപ്പിനിടെ കോൺഗ്രസ് പലപ്പോഴും കിതച്ചപ്പോൾ അണികൾ ആഗ്രഹിച്ചിരുന്നു കെപിസിസിയുടെ തലപ്പത്ത് കെ സുധാകരൻ എന്ന കണ്ണൂരിലെ കരുത്തൻ ഉണ്ടായിരുന്നെങ്കിൽ എന്ന്. മറ്റ് മുന്നണികളിൽ നിന്നുള്ള കടന്നാക്രമണങ്ങൾ പ്രതിരോധിക്കാൻ കഴിയാതെ, എതിരാളികളുടെ പാളയത്തിലേക്ക് പടനയിക്കാൻ കഴിയാതെ മുടന്തിയപ്പോൾ അണികൾക്ക് ആവശ്യം കെ സുധാകരനെപ്പോലെ ഒരു നേതാവിനെയായിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റത്തിനായി അണികളുടെ ശബ്ദം ഉയർന്നെങ്കിലും നേതൃത്വം അത് ചെവിക്കൊണ്ടിരുന്നില്ല, അല്ലെങ്കിൽ കേട്ടില്ലെന്ന് നടിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ പാർട്ടിയുടെ തിരിച്ചുവരവിനായി നേതൃത്വം ആ ചുമതല സുധാകരനെ ഏൽപ്പിച്ചു നൽകുകയാണ്. ഒരു സെമി കേഡർ സംവിധാനം ഒരുക്കി പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് കെ സുധാകരന്റെ മുന്നിലുള്ള വെല്ലുവിളി. പ്രവർത്തന ശൈലി അടിമുടി മാറ്റി സംഘടനാ മെക്കാനിസം സമഗ്രമായി അഴിച്ചുപണിയുകയെന്ന ദൗത്യം നിർവ്വഹിക്കാൻ സുധാകരന് കഴിയുമെന്ന വിശ്വാസമാണ് ഹൈക്കമാൻഡിന്റെ തീരുമാനത്തിന് പിന്നിൽ.

അക്രമരാഷ്ട്രീയത്തിനെതിരെ കണ്ണൂരിലെ കോൺഗ്രസിന്റെ പ്രതിരോധ മുഖമായിരുന്നു സുധാകരൻ. പ്രസംഗങ്ങളിൽ സുധാകരന്റെ നാവ് ചാട്ടുളി പോലെ എതിരാളികളെ കടന്നാക്രമിക്കും, അതുകേട്ട് അണികൾ ആവേശഭരിതരാകും. പ്രവർത്തകർക്കിടയിൽ, അവർക്കുവേണ്ടി ജീവിക്കുന്നൊരു നേതാവ്- അതാണ് സുധാകരനെ അണികളുടെ പ്രിയപ്പെട്ട നേതാവാക്കുന്നതും. ഇതൊക്കെ കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ പ്രസ്ഥാനത്തിനെ കൈപിടിച്ചുയർത്താൻ കെ. സുധാകരൻ വേണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടത്. ഒരു തവണ മന്ത്രിയായത് ഒഴിച്ചാൽ കണ്ണൂരിനപ്പുറം വളരാൻ കെ. സുധാകരന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടി വൈകിയാണെങ്കിലും നൽകിയ അംഗീകാരമായി കെപിസിസി പ്രസിഡന്റ് സ്ഥാനം.

കെ.സുധാകരൻ നയിക്കുന്നതുകൊണ്ടാണ് ഇടതുകോട്ടയായ കണ്ണൂരിൽ കോൺഗ്രസിന് പിടിച്ചു നിൽക്കാൻ കഴിയുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ കരുതുന്നത്. പ്രവർത്തകരോട് അത്രയും ചേർന്നു നിൽക്കുന്ന നേതാവ്, സമവായങ്ങൾക്ക് വഴങ്ങാത്ത എതിർക്കുന്നവരെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന നേതാവ്. പാർട്ടി ഏറ്റവും വെല്ലവിളി നേരിടുന്ന കാലത്ത് ഉശിരുള്ളൊരു നേതാവ് സംസ്ഥാനത്തെ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുക എന്നത് അനിവാര്യതയായിരുന്നു. ഗ്രൂപ്പ് വടംവലിക്കും എതിർപ്പുകൾക്കും അപ്പുറം ഹൈക്കമാന്റ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലെന്നപോലെ കെ.പി.സി അധ്യക്ഷന്റെ കാര്യത്തിലും പ്രവർത്തകരുടെ മനസറിഞ്ഞു, അവരുടെ വികാരങ്ങൾക്ക് ചെവികൊടുത്തു.

അണികൾക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കുന്നുവെന്ന സവിശേഷതയാണു കെ സുധാകരന്റെ എല്ലാ കാലത്തെയും കരുത്ത്. സ്വന്തം വാക്കുകൾ കാരണം വിവാദം ഉണ്ടായാലും നിലപാടിൽ വെള്ളംചേർക്കാതെ ഉറച്ചുനിൽക്കുമെന്നതും കണ്ണൂരിൽ നിന്നുള്ള ഈ കോൺഗ്രസ് നേതാവിന്റെ പ്രത്യേകതയാണ്. സുധാകരൻ കണ്ണൂരിലുള്ള ദിവസം പാറക്കണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നൂറുകണക്കിനു പേരാണ് എത്തുക. തന്റെ വീട്ടിലെത്തുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ മനസിലാക്കി ഇടപെടുന്നതു കൊണ്ടു തന്നെയാണു കണ്ണൂരിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ സുധാകരൻ മത്സരിക്കണമെന്ന് പ്രവർത്തകർ പാർട്ടി നേതൃത്വത്തോട് ഒരുപോലെ ആവശ്യം ഉന്നയിക്കുന്നത്.

കണ്ണൂർ ജില്ലയിലെ എടക്കാട് താലൂക്കിലെ നടാൽ എന്ന ഗ്രാമത്തിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11-നാണ് കെ. സുധാകരന്റെ ജനനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുധാകരൻ 1967-1970 കാലഘട്ടത്തിൽ കെ.എസ്.യുവിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു.

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.ഒ) സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു. 1978-ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാ പാർട്ടിയിൽ ചേർന്നു. 1978 മുതൽ 1981 വരെ ജനതാ പാർട്ടിയുടെ യൂത്ത് വിങ്ങായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. എന്നാൽ, 1984ൽ കോൺഗ്രസിൽ തിരിച്ചെത്തി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ 1991ൽ ഡിസിസി പ്രസിഡന്റ് സ്ഥാനം. കെപിസിസി നിർവാഹക സമിതിയംഗം, ജനറൽ സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ പദവികൾ വഹിച്ചശേഷം 2018 സെപ്റ്റംബറിലാണു കെപിസിസി വർക്കിങ് പ്രസിഡന്റായത്.

സംഘടനാ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റ് സ്ഥാനം പിടിക്കുകയും, സിപിഎമ്മിൽനിന്നു പുറത്തുപോന്ന എം വിരാഘവനൊപ്പം തോളോടു തോൾ നിൽക്കുകയും ചെയ്തതോടെയാണു കണ്ണൂരിൽ സുധാകരൻ കരുത്തനായത്. സിപിഎം നേതാവ് ഇ.പി.ജയരാജനെതിരെയുള്ള വധശ്രമം, നാൽപാടി വാസു വധം എന്നിങ്ങനെ കേസുകളിൽ കുടുങ്ങിയതോടെ കണ്ണൂരിൽ സിപിഎമ്മിന്റെ മുഖ്യശത്രുവായി. സിപിഎമ്മിന് അതേ നാണയത്തിൽ സുധാകരനും മറുപടി കൊടുത്തതോടെ കണ്ണൂരിൽ ഏറെക്കാലം കലുഷിതമായിരുന്നു കോൺഗ്രസ്-സിപിഎം രാഷ്ട്രീയം. കേരളത്തിൽ കോൺഗ്രസ് 'എ'യും 'ഐ'യുമായി നിൽക്കുമ്പോൾ കണ്ണൂരിൽ ഗ്രൂപ്പുകൾക്കു മീതെ അവസാന വാക്കാണു സുധാകരൻ. പിന്നിൽ അണി നിരന്നവർ സുധാകര ഗ്രൂപ്പായി.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ആദ്യമായി പരസ്യ നിലപാടെടുത്ത കോൺഗ്രസ് നേതാവ് കെ.സുധാകരനാണ്. സുധാകരന്റെ നിലപാട് പിന്നീടു പാർട്ടിക്ക് ഏറ്റെടുത്ത് സമരം ചെയ്യേണ്ടിവന്നു. വിവാദങ്ങൾക്കൊപ്പമാണു രാഷ്ട്രീയ യാത്ര. അനുയായിയെ അറസ്റ്റ് ചെയ്ത എസ്‌ഐയെ സ്റ്റേഷനിൽ കയറി വിരട്ടിയും, ഇഷ്ടപ്പെടാത്ത കോടതിവിധിയെ കടുത്ത ഭാഷയിൽ വിമർശിച്ചും സുധാകരൻ വിവാദങ്ങളിൽ ചാടി. മുഖ്യമന്ത്രി പിണറായി വിജയനെ 'ചെത്തുകാരന്റെ മകൻ' എന്നു വിളിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു വിവാദമുണ്ടാക്കി.

നാലുതവണ സംസ്ഥാന നിയമസഭയിലും ഒരുതവണ ലോക്‌സഭയിലും അംഗമായിട്ടുണ്ട് സുധാകരൻ. നിയമസഭയിൽ മൂന്നുതവണ കണ്ണൂരിനെയും ഒരുതവണ എടക്കാടിനെയും പ്രതിനിധീകരിച്ചു. കെ.കെ രാഗേഷിനെ പരാജയപ്പെടുത്തിയാണു 2009ൽ സുധാകരൻ ലോക്‌സഭയിൽ എത്തിയത്. എ.കെ ആന്റണി മന്ത്രിസഭയിൽ വനംകായിക വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി 10 തിരഞ്ഞെടുപ്പു മത്സരങ്ങൾ. നിയമസഭയിലേക്ക് ഏഴു മത്സരങ്ങളിൽ മൂന്നു ജയം. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ വനം, കായികവകുപ്പ് മന്ത്രി. 2009ൽ എംഎൽഎയായിരിക്കേയാണു ലോക്‌സഭയിലേക്ക് ആദ്യ മത്സരം. അന്നു ജയിച്ചെങ്കിലും 2014ൽ തോൽവി. സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കാനായിരുന്നു താൽപര്യമെങ്കിലും ഹൈക്കമാൻഡിന്റെ നിർബന്ധത്തിനു വഴങ്ങി 2019ൽ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ മൂന്നാം മത്സരം. 94,559 വോട്ടിനാണു ജയിച്ചത്.

1991ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിലെ ഒ.ഭരതനെ തോൽപിച്ചാണു കെ സുധാകരൻ ആദ്യമായി സംസ്ഥാന നിയമസഭയിൽ എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തോറ്റ സുധാകരനെ നിയമപോരാട്ടങ്ങൾക്കൊടുവിലാണു വിജയിയായി പ്രഖ്യാപിച്ചത്. ആദ്യം ഫലം വന്നപ്പോൾ സുധാകരനായിരുന്നു തോൽവി. 219 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഭരതനെ വിജയിയായി പ്രഖ്യാപിച്ചു. ഭരതന് 54965 വോട്ടും സുധാകരന് 54746 വോട്ടും ലഭിച്ചു. മണ്ഡലത്തിൽ ഒന്നിലധികം വോട്ടുള്ളവർ കള്ളവോട്ടുചെയ്തതിനെ തുടർന്നാണു താൻ പരാജയപ്പെട്ടതെന്നും ഈ വോട്ട് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് സുധാകരൻ തെളിവുസഹിതം ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ 1992ൽ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്.

1996ലെ അടുത്ത തെരഞ്ഞെടുപ്പിൽ സുധാകരൻ കോൺഗ്രസിന്റെ ഉറച്ചകോട്ടയായ കണ്ണൂരിലേക്കു മാറി. അന്നു കോൺഗ്രസിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതിനെ തുടർന്നു എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മുന്മന്ത്രി എൻ രാമകൃഷ്ണനെ 7862 വോട്ടിനാണു സുധാകരൻ തോൽപിച്ചത്. 2001ൽ ഐ.എൻ.എല്ലിലെ കാസിം ഇരിക്കൂറിനെ 19133 വോട്ടിനു പരാജയപ്പെടുത്തി. 2006ൽ 8613 വോട്ടിനു സിപിഎമ്മിലെ കെ.പി സഹദേവനെ തറപറ്റിച്ചു. 2009ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.കെ രാഗേഷിനെ 43151 വോട്ടിനു തോൽപിച്ചാണു സുധാകരൻ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറ്റിങ് എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപിച്ച് എ.പി അബ്ദുല്ലക്കുട്ടിയിലൂടെ സിപിഎം പിടിച്ചെടുത്ത സീറ്റ് അടുത്ത തെരഞ്ഞെടുപ്പിലും അവർ നിലനിർത്തി.

സിപിഎം വിട്ട് അബ്ദുല്ലക്കുട്ടി കോൺഗ്രസിൽ എത്തിയപ്പോഴാണു സുധാകരൻ ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചത്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുധാകരനു 6566 വോട്ടിനു പി.കെ ശ്രീമതിയോട് അടിയറവു പറയേണ്ടി വന്നു. 2009ൽ സുധാകരൻ രാജിവച്ച ഒഴിവിൽ അബ്ദുല്ലക്കുട്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായി കണ്ണൂരിൽ നിന്നു നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽ എത്തിച്ചതും എംഎൽഎയാക്കിയതും സുധാകരന്റെ തന്ത്രങ്ങളായിരുന്നു. സുധാകരനെ വീണ്ടും കണ്ണൂരിൽ മത്സരിപ്പിക്കാൻ മുറവിളി ഉയരുന്നതും കാലത്തിന്റെ ചരിത്രം. ജില്ലയിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെയാണു സുധാകരൻ ഡി.സി.സി പ്രസിഡന്റായത്. 2001ൽ മന്ത്രിസ്ഥാനം ലഭിക്കുന്നതു വരെ ആസ്ഥാനത്തു തുടർന്നു.

എൻ രാമകൃഷ്ണനു ശേഷം സുധാകരൻ ഡി.സി.സി പ്രസിഡന്റായതോടെ അണികളും ഉഷാറായി. ബദൽരേഖ വിവാദത്തിൽ നിന്നു സിപിഎമ്മിൽ നിന്നു പുറത്തായ എം.വി രാഘവനെ യു.ഡി.എഫ് പാളയത്തിൽ എത്തിക്കാൻ കരുക്കൾ നീക്കിയതും സുധാകരനായിരുന്നു. സിപിഎം നേതാവ് ഇ.പി ജയരാജനു ട്രെയിൻ യാത്രയ്ക്കിടെ ആന്ധ്രയിലെ ഓങ്കോളിൽ വെടിയേറ്റ സംഭവത്തിലും ഡി.സി.സി പ്രചാരണ ജാഥയ്ക്കിടെ സിപിഎം പ്രവർത്തകർ വാഹനം തടഞ്ഞതിനെ തുടർന്ന് അംഗരക്ഷകന്റെ വെടിയേറ്റ് മട്ടന്നൂർ ഇടവേലിക്കലിലെ സിപിഎം പ്രവർത്തകൻ നാൽപാടി വാസു കൊല്ലപ്പെട്ട കേസിലും സുധാകരൻ പ്രതിയായി.

പിന്നീടു നിയമപോരാട്ടങ്ങൾക്കൊടുവിൽ രണ്ടുകേസുകളിലും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. പരിയാരം മെഡിക്കൽകോളജ് വൈസ് ചെയർമാൻ, കെപിസിസി ജനറൽ സെക്രട്ടറി, പാർലിമെന്റിലെ നിരവധി സമിതികളിൽ അംഗത്വം എന്നീ പദവികൾ അലങ്കരിച്ച സുധാകരൻ കെപിസിസി വർക്കിംങ് പ്രസിഡന്റ് സ്ഥാനത്തും മികച്ച പ്രവർത്തനം നടത്തി.

ഖദറും ധരിച്ച് ഒരു ഗുണവുമില്ലാതെ നടക്കുന്നവരെ മാറ്റി മുഴുവൻ സമയ പ്രവർത്തകരെ ഉയർത്തിക്കൊണ്ടുവന്ന് ബൂത്തുതലം മുതൽ പ്രവർത്തനം ഊർജ്ജിതമാക്കാനാകും കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുത്താൽ ചെയ്യുക. പുതിയ രാഷ്ട്രീയ പ്രവർത്തന ശൈലിക്കു രൂപം നൽകിയാൽ മാത്രമേ സ്വന്തം തട്ടകമായ കണ്ണൂരിലടക്കം കോൺഗ്രസിനെ ശക്തമായി മുന്നോട്ടുനയിക്കാൻ കഴിയൂ എന്ന തിരിച്ചറിവിലാണ് സുധാകരൻ വീണ്ടും അങ്കം തുടങ്ങുന്നത്.

സെമി കേഡർ നിലയിലെങ്കിലും പാർട്ടിയെ എത്തിക്കാനാണ് ശ്രമം. കേഡർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിപിഐഎമ്മും ആർഎസ്എസും കണ്ണൂരിലടക്കം ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ അണികളെ കൂടുതൽ കരുത്തരും ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റിയത് സുധാകരനാണ്. ഈ മോഡൽ ഇനി കെപിസിസിയിലും വരും സൈബർ ലോകത്തും കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നാണ് സുധാകരന്റെ വാദം. കെഎസ് ബ്രിഗേഡ് എന്ന പേരിൽ സുധാകരനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ഇപ്പോൾ സൈബർ ലോകത്തുണ്ട്. ഇവർ കോൺഗ്രസ് ബ്രിഗേഡായി മാറും.

സിപിഎം വിരുദ്ധതയാണു കെ.സുധാകരന്റെ രാഷ്ട്രീയം. സിപിഎം വിരുദ്ധതയുടെ ഉപോൽപന്നമാണു സുധാകരൻ എന്ന രാഷ്ട്രീയ നേതാവ് എന്നും പറയാം. അതു പക്ഷേ കണ്ണൂരിലും, ഒരു പരിധിവരെ മലബാറിലും ചെലവാകുമെങ്കിലും സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷനായി എത്തുമ്പോൾ സിപിഎം വിരുദ്ധതകൊണ്ടു മാത്രം പിടിച്ചുനിൽക്കാനാകില്ല. തുടർച്ചയായി 10 വർഷം പ്രതിപക്ഷത്ത് എന്ന ഗതികേടിൽ, ബിജെപി പാളയത്തിലേക്കൊഴുകാൻ നിൽക്കുന്ന അണികളെ പിടിച്ചുനിർത്താനുള്ള പുതിയ തന്ത്രങ്ങളും വേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP