Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ജംബോ പട്ടികയെങ്കിൽ പ്രസിഡന്റാകാൻ ഇല്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി സ്വയം പെട്ടു! സ്ഥാനമോഹികൾ വിട്ടുവീഴ്‌ച്ച ഇല്ലാതെ ഗ്രൂപ്പു കളിച്ചപ്പോൾ കെപിസിസിക്ക് അതിജംബോ പട്ടിക; വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കൂട്ടി സവമായ നീക്കം; പി.സി. വിഷ്ണുനാഥും വി.ഡി. സതീശനും വർക്കിങ് പ്രസിഡന്റുമാരായേക്കും; മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ സിപി മുഹമ്മദും എത്തിയേക്കും; വർക്കിങ് പ്രസിഡന്റാക്കിയില്ലെങ്കിൽ യുഡിഎഫ് കൺവീനർ സ്ഥാനം വേണമെന്ന് പറഞ്ഞ് കെ വി തോമസ്; ഭാരവാഹികളുടെ എണ്ണം 75ൽ എത്തിയേക്കും

ജംബോ പട്ടികയെങ്കിൽ പ്രസിഡന്റാകാൻ ഇല്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി സ്വയം പെട്ടു! സ്ഥാനമോഹികൾ വിട്ടുവീഴ്‌ച്ച ഇല്ലാതെ ഗ്രൂപ്പു കളിച്ചപ്പോൾ കെപിസിസിക്ക് അതിജംബോ പട്ടിക; വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കൂട്ടി സവമായ നീക്കം; പി.സി. വിഷ്ണുനാഥും വി.ഡി. സതീശനും വർക്കിങ് പ്രസിഡന്റുമാരായേക്കും; മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ സിപി മുഹമ്മദും എത്തിയേക്കും; വർക്കിങ് പ്രസിഡന്റാക്കിയില്ലെങ്കിൽ യുഡിഎഫ് കൺവീനർ സ്ഥാനം വേണമെന്ന് പറഞ്ഞ് കെ വി തോമസ്; ഭാരവാഹികളുടെ എണ്ണം 75ൽ എത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെപിസിസിയിലെ ജംബോ പട്ടിക ചുരുക്കാൻ വേണ്ടി ഡൽഹിക്ക് നേതാക്കൾ വണ്ടി കയറിയപ്പോൾ ലഭിച്ചത് അതിജംബോ പട്ടിക. നിരവധി ഭാരവാഹികളുടെ പ്രസിഡന്റായിരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളിക്കും ഒടുവിൽ ഗ്രൂപ്പു മാനേജർമാരുടെ സമ്മർദ്ദത്തിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്ത അവസ്ഥയിലായി. ഇപ്പോൾ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കൂട്ടി കെപിസിസി പട്ടിക പുനഃസംഘടിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഒത്തുതീർപ്പു ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം ആറാക്കി ഉയർത്താനാണ് ധാരണയുള്ളത്.

ഡൽഹിയിലുള്ള കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചർച്ച തുടരുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട കെ.വി. തോമസിനെ വർക്കിങ് പ്രസിഡന്റാക്കാമെന്ന വാഗ്ദാനമുണ്ട്. എന്നാൽ, എ.ഐ.സി.സി. പദവിയോ യു.ഡി.എഫ്. കൺവീനർ സ്ഥാനമോ വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യമെന്നറിയുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തോമസ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. പദവി ഈ ചർച്ചയിൽ ധാരണയാവാനാണു സാധ്യത. വർക്കിങ് പ്രസിഡന്റ് ആകാനില്ലെങ്കിൽ യുഡിഎഫ് കൺവീനർ സ്ഥാനം തനിക്കു വേണെന്ന നിലപാടിലാണ് കെ വി തോമസ്.

നിലവിൽ വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവർ തുടരുമെന്നറിയുന്നു. പുറമെ, പി.സി. വിഷ്ണുനാഥ്, വി.ഡി. സതീശൻ എന്നിവരെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകൾ നിർദ്ദേശിച്ചു. വർക്കിങ് പ്രസിഡന്റായിരുന്ന എം.ഐ. ഷാനവാസ് മരിച്ചതിനെത്തുടർന്നുള്ള ഒഴിവിൽ സി.പി. മുഹമ്മദിന്റെ പേരും പറഞ്ഞു കേൾക്കുന്നു. പൗരത്വനിയമത്തിനെതിരായ സമരം ശക്തമായി മുന്നോട്ടുപോവുന്നതിനാൽ സംഘടനയിൽ മുസ്ലിം സമുദായത്തിന് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലാ അധ്യക്ഷനായി മറ്റൊരാളെ കണ്ടെത്താനാകാത്തതും തദ്ദേശതിരഞ്ഞെടുപ്പ് വരുന്നതുമൊക്കെ കണക്കിലെടുത്ത് ടി. സിദ്ദിഖിനെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. ഈ സാഹചര്യത്തിൽ സി.പി. മുഹമ്മദിനു നറുക്കു വീണേക്കും.

ഹൈക്കമാൻഡ് നോമിനിയായിട്ടാണ് കെ.വി. തോമസിന് വർക്കിങ് പ്രസിഡന്റ് സ്ഥാനം. ഇക്കാര്യം വേണുഗോപാൽ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. എ.ഐ.സി.സി. യിൽ നിലവിൽ നാലു മലയാളികൾ ഉള്ളതിനാൽ അഞ്ചാമതൊരാളെ കൊണ്ടുവരുന്നതിൽ ഹൈക്കമാൻഡിനു യോജിപ്പില്ല. നിലവിൽ വാഗ്ദാനം ചെയ്യപ്പെട്ട പദവി സ്വീകരിക്കണോയെന്ന് സോണിയയുമായുള്ള ചർച്ചയ്ക്കുശേഷമേ കെ.വി. തോമസ് തീരുമാനിക്കൂ. അദ്ദേഹം ആവശ്യപ്പെട്ടപോലെ യു.ഡി.എഫ്. കൺവീനർ സ്ഥാനം നൽകാൻ സോണിയ സമ്മതിച്ചാൽ സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങളിലും വലിയ മാറ്റമുണ്ടായേക്കും.

ശൂരനാട് രാജശേഖരൻ, വി എസ്. ശിവകുമാർ ,എ.പി. അനിൽകുമാർ, തമ്പാനൂർ രവി എന്നിവർ വൈസ് പ്രസിഡന്റ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്ത് മുൻ ഡിസിസി പ്രസിഡന്റുമാരായ എ.എ. ഷുക്കൂർ, ടോമി കല്ലാനി, റോയി കെ. പൗലോസ് എന്നിവരെ ഉൾപ്പെടുത്തി. സെക്രട്ടറിമാരായിരുന്ന കെ. പ്രവീൺകുമാർ, ജെയ്‌സൺ ജോസഫ്, പഴകുളം മധു എന്നിവർക്ക് ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകിയെന്നാണു സൂചന.

സെക്രട്ടറിമാരായി അറുപതുപേരുടേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 50 പേരുടേയും പട്ടികയാണു ഗ്രൂപ്പ് നേതൃത്വങ്ങൾ നൽകിയത്. ഇതിനു പുറമെ എംപിമാരുടെ നോമിനികളും ഉൾപ്പെടും. ഒരാൾക്ക് ഒരു പദവിയിലും ജംബോ പട്ടിക പാടില്ലെന്നുമുള്ള നിലപാടുകളിൽ അവസാനനിമിഷം വരെ മുല്ലപ്പള്ളി ഉറച്ചുനിന്നെങ്കിലും ഗ്രൂപ്പ് സമ്മർദം കാരണം ഫലം കണ്ടില്ല. തർക്കം തുടർന്നാൽ പട്ടിക ഇനിയും വൈകുമെന്നതും മുല്ലപ്പള്ളി വഴങ്ങാൻ കാരണമായി.

ഭാരവാഹികളുടെ എണ്ണം 75 ആയി നിജപ്പെടുത്താനാണ് ശ്രമം. ഭാരവാഹികളുടെ എണ്ണം 70-ലേക്കു ചുരുക്കാനുള്ള അവസാനവട്ടചർച്ചകളിലാണിപ്പോൾ നേതാക്കൾ. വർക്കിങ് പ്രസിഡന്റ്, ഉപാധ്യക്ഷൻ, ജനറൽ സെക്രട്ടറി എന്നീ പ്രധാന ഭാരവാഹികളുടെ എണ്ണം നാല്പത്തഞ്ചും 30 സെക്രട്ടറിമാരെയും നിയോഗിക്കാനാണ് നീക്കം. ജംബോപട്ടിക പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം നടപ്പാക്കാനുമായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP