Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെപിസിസിയിലും ഡിസിസിയിലും സ്ഥാനം നോട്ടമിട്ട് എംഎൽഎമാരും എംപിമാരും; ഒരാൾക്ക് ഒരു പദവിയന്ന പഴയ നയത്തെ അപ്രസക്തമാക്കുക ഹൈക്കമാണ്ടിലെ സ്വാധീനം; മത്സരിക്കാൻ സീറ്റ് കിട്ടാത്തവർക്ക് പുനഃസംഘടന സമ്മാനിക്കുക നിരാശയോ? ചെന്നിത്തലയും ചാണ്ടിയും നിശബ്ദരാകുമ്പോൾ അനിശ്ചിതത്വത്തിൽ പദവിയൊന്നും ഇല്ലാത്തവർ

കെപിസിസിയിലും ഡിസിസിയിലും സ്ഥാനം നോട്ടമിട്ട് എംഎൽഎമാരും എംപിമാരും; ഒരാൾക്ക് ഒരു പദവിയന്ന പഴയ നയത്തെ അപ്രസക്തമാക്കുക ഹൈക്കമാണ്ടിലെ സ്വാധീനം; മത്സരിക്കാൻ സീറ്റ് കിട്ടാത്തവർക്ക് പുനഃസംഘടന സമ്മാനിക്കുക നിരാശയോ? ചെന്നിത്തലയും ചാണ്ടിയും നിശബ്ദരാകുമ്പോൾ അനിശ്ചിതത്വത്തിൽ പദവിയൊന്നും ഇല്ലാത്തവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ സുധാകരനാണ് കെപിസിസി അധ്യക്ഷൻ. ടി സിദ്ദീഖും പിടി തോമസും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാർ. ഇനി അഞ്ച് ജനറൽ സെക്രട്ടറിമാരും അഞ്ച് വൈസ് പ്രസിഡന്റുമാരും കൂടി മതിയെന്നതാണ് സുധാകരന്റെ നിലപാട്. ഇതിനൊപ്പം 14 ഡിസിസി അധ്യക്ഷന്മാരും. സുധാകരനും കൊടിക്കുന്നിലും എംപിമാരാണ്. സിദ്ദിഖും തോമസും എംഎൽഎമാരും. ഇതോടെ ഒരാൾക്ക് ഒരു പദവി എന്ന എന്ന പഴയ നയവും തെറ്റി. ഇതോടെ ഇനിയുള്ള പദവിയിലും ഹൈക്കമാണ്ടിൽ സ്വാധീനമുള്ള എംഎൽഎമാരും എംപിമാരും എത്തുമെന്ന പ്രചരണവും ശക്തമാണ്. ഇതിൽ തീർത്തും അതൃപ്തരാണ് കോൺഗ്രസിലെ യുവനേതാക്കൾ.

നിയമസഭാ തെരഞ്ഞെടുപ്പിൽ അവസരം ലഭിക്കാത്ത നിരവധി ഭാരവാഹികൾ കെപിസിസിയിലുണ്ട്. ഗ്രൂപ്പ് പരിഗണനയിലാണ് ഇവർക്ക് അവസരം നഷ്ടമായത്. പാർട്ടി പുനഃസംഘടനയിലും എംപിമാരും എംഎൽഎമാരും പിടിമുറുക്കിയാൽ ഇവർക്ക് സ്ഥാനങ്ങളെല്ലാം നഷ്ടമാകും. ഇതാണ് പരാതിക്കും പരിഭവത്തിനും കാരണം. 14 ജില്ലകളിലെ ഡിസിസി അധ്യക്ഷ സ്ഥാനവും എംഎൽഎമാർ നോട്ടമിടുന്നുവെന്നതാണ് വസ്തുത. ജനപ്രിയത ചർച്ചയാക്കി ഈ സ്ഥാനങ്ങൾ കൈക്കലാക്കാനാണ് നീക്കം. ഇവരിൽ പലർക്കും ഹൈക്കമാണ്ടിൽ വലിയ സ്വാധീനവുമുണ്ട്.

എംഎൽഎമാരുടേയും എംപിമാരുടേയും പിന്തുണയിലാണ് സുധാകരനും വിഡി സതീശനും സ്ഥാനങ്ങൾ കിട്ടിയത്. അതുകൊണ്ട് തന്നെ പിന്തുണച്ചവരെ പിണക്കാൻ അവർക്കും കഴിയില്ല. ഈ സാഹചര്യം മുതലെടുത്ത് കെപിസിസിയിൽ ഭാരവാഹിത്വം ഉറപ്പിക്കാനും ഡിസിസി അധ്യക്ഷന്മാരാകാനുമാണ് പല എംഎൽഎമാരുടേയും ശ്രമം. യുഡിഎഫ് കൺവീനറായി ഹൈക്കമാണ്ട് പരിഗണിക്കുന്നത് എംപിയായ കെ മുരളീധരനെയാണ്. ഈ സാഹചര്യത്തിൽ എംഎൽഎമാരും സമ്മർദ്ദം ശക്തമാക്കുന്നുണ്ടെന്നതാണ് വസ്തുത.

മുമ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു സ്ഥാനമാനങ്ങൾ വീതം വച്ചിരുന്നത്. അന്ന് ഗ്രൂപ്പിന് അനുവദിക്കുന്ന പോസ്റ്റുകളിൽ നേതാക്കൾ ചർച്ച ചെയ്ത് ആളുകളെ ശുപാർശ ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോൾ അതാത് ഗ്രൂപ്പുകളിൽ സ്ഥാനമില്ലാത്തവർക്ക് അവസരം നൽകി ഗ്രൂപ്പിന്റെ കെട്ടുറപ്പ് നഷ്ടമാകാതിരിക്കാൻ നേതാക്കൾ പ്രത്യേകം ശ്രമിക്കും. ഈ സംവിധാനത്തെ ചിന്നഭിന്നമാക്കി തീരുമാനങ്ങൾ കേഡർ പാർട്ടിയുടേതിന് സമാനമായി എടുക്കാനാണ് നീക്കം.

ഇതുണ്ടാകുമ്പോൾ പാർട്ടിയെ നയിക്കുന്നവരുടേതാകും തീരുമാനം. ഇതു കാരണം അർഹതപ്പെട്ട പലരും പുറത്തു നിൽക്കേണ്ടി വരുമെന്ന സാഹചര്യമുണ്ടാകും. കരുത്തുള്ള യുവ നേതാക്കൾ വളർന്നു വരാനുള്ള സാധ്യതയും അടയും. അതിനാൽ ഹൈക്കമാണ്ടിലെ സ്വാധീനത്തിന് അപ്പുറം നേതാക്കളുടെ മികവ് കെപിസിസി പുനഃസംഘടനയിൽ പരിഗണിക്കണമെന്നതാണ് ഉയരുന്ന ആവശ്യം. എന്നാൽ കെ സുധാകരനും കെസി വേണുഗോപാലും വിഡി സതീശനും ചേർന്നെടുക്കുന്ന തീരുമാനം അത്തരത്തിലുള്ളതാകുമോ എന്ന സംശയം നേതാക്കളിൽ സജീവമാണ്.

സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി ,ഡിസിസി പുനഃ സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്. നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. രാഹുൽഗാന്ധിയുമായി നേതാക്കൾ നടത്തിയ ചർച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP