Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിസിസി പ്രസിഡന്റുമാരുടെ റാങ്കിങിൽ ഷിയാസ് മുന്നിൽ തന്നെ; എറണാകുളം കോൺഗ്രസിനെ കണ്ടുപഠിക്കാൻ ഡിസിസികൾക്ക് കെപിസിസിയുടെ നിർദ്ദേശം; പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടണം; പൊതു വിഷയങ്ങളിൽ ഗ്രൂപ്പ് മറന്ന് കൈകോർക്കണമെന്നും സുധാകരാജ്ഞ

ഡിസിസി പ്രസിഡന്റുമാരുടെ റാങ്കിങിൽ ഷിയാസ് മുന്നിൽ തന്നെ; എറണാകുളം കോൺഗ്രസിനെ കണ്ടുപഠിക്കാൻ ഡിസിസികൾക്ക് കെപിസിസിയുടെ നിർദ്ദേശം; പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടണം; പൊതു വിഷയങ്ങളിൽ ഗ്രൂപ്പ് മറന്ന് കൈകോർക്കണമെന്നും സുധാകരാജ്ഞ

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ അകത്തളങ്ങളിൽ ഇപ്പോൾ ചർച്ച എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ്. ഇന്ധനവില വർദ്ധനവിനെതിരായ സമരത്തിലൂടെ കിക്ക്ഓഫ് ചെയ്ത് ജോജു വിഷയത്തിലൂടെ പന്ത് സ്വന്തം കോർട്ടിലെത്തിച്ച എറണാകുളത്തെ കോൺഗ്രസ് ആലുവ മോഫിയാ കേസിൽ കളംനിറഞ്ഞ് കളിച്ചപ്പോൾ പ്രതിരോധത്തിലായത് സംസ്ഥാന സർക്കാരും പൊലീസ് വകുപ്പുമാണ്. ജോജു വിഷയത്തിൽ മിശ്രപ്രതികരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായതെങ്കിൽ മോഫിയാ കേസിലെ കോൺഗ്രസ് സമരത്തെ വിമർശിക്കാൻ ശ്രമിച്ചവരാണ് സമൂഹത്തിൽ ഒറ്റപ്പെട്ടുപോയത്.

കെപിസിസി നിർദ്ദേശിക്കുന്ന പരിപാടികൾ മാത്രം നടത്തി ചടങ്ങിനായുള്ള രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിക്കണമെന്നും എറണാകുളം മാതൃകയിൽ സ്വന്തം പരിപാടികൾ നടത്തി അതാത് ജില്ലകളിൽ സ്വാധീനം വർദ്ധിപ്പിക്കണമെന്നും ഇപ്പോൾ കെപിസിസി പ്രസിഡന്റ് എല്ലാ ഡിസിസികൾക്കും നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പ് ഭേദമന്യേ എല്ലാ നേതാക്കളും ഒന്നിച്ച് നിന്നതാണ് ജോജു വിഷയത്തിലും ഇപ്പോൾ ആലുവ സമരത്തിലും പാർട്ടിക്ക് മൈലേജുണ്ടാക്കിയതെന്ന് നേതൃത്വം തിരിച്ചറിയുന്നു. ജനപ്രതിനിധികൾ സ്റ്റേഷന് മുന്നിൽ സമരമിരുന്നപ്പോൾ അവർക്കൊപ്പം ഇരുന്ന് മാധ്യമങ്ങളിൽ മുഖം കാണിച്ച് സമരത്തിന്റെ ക്രഡിറ്റെടുക്കാൻ പോകാതെ മുഴുവൻ സമയവും തെരുവിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരെ എത്തിച്ച് സമരം വിജയിപ്പിച്ചത് മുഹമ്മദ് ഷിയാസെന്ന ഡിസിസി പ്രസിഡന്റിന്റെ കഴിവാണ്.

ഒരേ സമയം ബെന്നി ബെഹ്നാനും അൻവർ സാദത്തും റോജി ജോണും അടക്കമുള്ള ജനപ്രതിനിധികൾ സ്റ്റേഷന് മുന്നിലും ഡിസിസിയുടെ നേതൃത്വത്തിൽ തെരുവിലും പോരാടിയാണ് ആലുവയിലെ സമരം വിജയിപ്പിച്ചത്. നേതാക്കളുടെയും പ്രവർത്തകരുടെയും വൈകാരിക ഒരുമ അവിടെ നേട്ടമായി. എന്നാൽ ഒരുമാസം മുമ്പ് അനുപമയ്ക്ക് വേണ്ടി തെരുവിൽ പോരാടിയ യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നാല് ദിവസം ജയിലിലടച്ചപ്പോൾ അതിനെതിരെ ഒരു പ്രതിഷേധമാർച്ച് സംഘടിപ്പിക്കാൻ പോലും തിരുവനന്തപുരത്തെ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് പരാതിയുണ്ട്.

അവിടെയാണ് ജോജു വിഷയത്തിൽ കീഴടങ്ങാൻ വന്നപ്പോഴും ജാമ്യം കിട്ടിയപ്പോഴും ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി പ്രകടനം നയിച്ച എറണാകുളം ഡിസിസി വേറിട്ടുനിൽക്കുന്നത്. ഇത്തരം കാര്യങ്ങളിൽ തിരുവനന്തപുരം അടക്കമുള്ള ഡിസിസികൾ എറണാകുളത്തെ മാതൃകയാക്കണമെന്നാണ് കെ. സുധാകരന്റെ നിർദ്ദേശം.

ആലുവാ മോഡലിൽ എല്ലാ ജില്ലകളിലും പ്രാദേശികപ്രശ്നങ്ങളിൽ ഡിസിസി ഇടപെടണമെന്ന നിർദ്ദേശവും കെപിസിസി നൽകിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാർക്കായി എഐസിസി തയ്യാറാക്കുന്ന റാങ്കിങ് പട്ടികയിൽ ഇപ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുഹമ്മദ് ഷിയാസാണ്. പ്രാദേശികമായി ചെറിയ പരിപാടികൾ സംഘടിപ്പിച്ച് പല പാർട്ടികളിൽ നിന്നും ആയിരക്കണക്കിനുപേരെ കോൺഗ്രസിലെത്തിക്കുന്ന മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയാണ് ഷിയാസിന് പിന്നിൽ. എന്നാൽ മറ്റാരും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന പരാതി കെപിസിസിക്കുണ്ട്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളെന്ന് അറിയപ്പെടുന്ന കോട്ടയത്തും പത്തനംതിട്ടയിലും പോലും വേണ്ട പ്രവർത്തനങ്ങൾ നടക്കുന്നില്ല.

വിഭാഗീയതയും ഗ്രൂപ്പ് പ്രശ്നങ്ങളുമാണ് പലയിടത്തും കോൺഗ്രസിന് തലവേദനയാകുന്നത്. മറ്റൊരാളെ മുന്നിൽ നിർത്തി പോരാടിയാൽ അവർ വളരുമോ എന്ന ആശങ്കയും പരസ്പരം പാലം വലിക്കുന്നതിന് കാരണമാകുന്നു. എന്നാൽ പരസ്പരം പാലം വലിച്ചാൽ ആരും പുഴ കടക്കില്ലെന്നും തമ്മിൽ തല്ലുന്ന എല്ലാവരും നടുക്കടലിൽ വീണുപോകുമെന്നുമുള്ള തിരിച്ചറിവിന്റെ ഭാഗമായാണ് എറണാകുളത്ത് എല്ലാ നേതാക്കളും ഒന്നിച്ചുനിൽക്കാൻ തയ്യാറാകുന്നത്. എന്നാൽ മറ്റ് ജില്ലകളിലെ കോൺഗ്രസ് നേതാക്കൾക്ക് ഈ തിരിച്ചറിവ് എന്നുണ്ടാകുമെന്നാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP