Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാരണം കണ്ടെത്താനാവാത്ത വോട്ടു ചോർച്ച കൂടി ആയതോടെ ഇന്ന് തുടങ്ങുന്ന കെപിസിസി ക്യാമ്പ് സംഭവ ബഹുലമാകും; ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവാകാൻ വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിച്ചെന്ന ആരോപണം ഉയർത്തി ആക്രമിക്കാൻ തയ്യാറായി തോറ്റ സ്ഥാനാർത്ഥികൾ: കോൺഗ്രസിൽ കടുത്ത അനിശ്ചിതാവസ്ഥ തുടരുന്നു

കാരണം കണ്ടെത്താനാവാത്ത വോട്ടു ചോർച്ച കൂടി ആയതോടെ ഇന്ന് തുടങ്ങുന്ന കെപിസിസി ക്യാമ്പ് സംഭവ ബഹുലമാകും; ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവാകാൻ വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിച്ചെന്ന ആരോപണം ഉയർത്തി ആക്രമിക്കാൻ തയ്യാറായി തോറ്റ സ്ഥാനാർത്ഥികൾ: കോൺഗ്രസിൽ കടുത്ത അനിശ്ചിതാവസ്ഥ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സ്പീക്കർ തിരഞ്ഞെടുപ്പിലെ വോട്ടുചോർച്ച കൂടിയായപ്പോൾ യുഡിഎഫ് ക്യാമ്പിൽ കടുത്ത അവിശ്വാസം ഉടലെടുത്തിരിക്കയാണ്. ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിൽ എതിർപ്പുള്ളവരാണ് വോട്ട് മറിക്കലിന് പിന്നിലെന്ന അടക്കം പറച്ചിൽ ഇതിനോടകം കോൺഗ്രസിൽ ശക്തമായിട്ടുണ്ട്. ഈ ചർച്ച ചൂടുപിടിക്കുന്നതിനിടെ ഇന്ന് നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിൽ ചേരുന്ന കെപിസിസി നേതൃ ക്യാമ്പും സംഭവബഹുലമാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്യുക എന്നത് തന്നെയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് എങ്ങനെ തിരിച്ചു കയറാം എന്ന ചർച്ചകളും ക്യാമ്പിൽ നടക്കും. ഇതോടെ ഗ്രൂപ്പു തിരിഞ്ഞുള്ള വാഗ്വാദങ്ങൾക്കും ക്യാമ്പ് വേദിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മുൻപു ചേർന്ന നിർവാഹക സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണു വിശദമായ ചർച്ചയ്ക്കായി രണ്ടു ദിവസം തങ്ങിയുള്ള വിലയിരുത്തൽ യോഗം. 105 നിർവാഹക സമിതി അംഗങ്ങളും 87 കോൺഗ്രസ് സ്ഥാനാർത്ഥികളും പങ്കെടുക്കും. രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നതിന് വേണ്ടി ഐ ഗ്രൂപ്പ് പാലം വലിച്ചു എന്ന ആരോപണം ഉയർത്തിവിടാനാണ് എ ഗ്രൂപ്പ് കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. പരാജയത്തിന്റെ മുഖ്യ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറിയതു പോലെ കെപിസിസി നേതൃത്വവും മാറണമെന്ന ആവശ്യം ചർച്ചകളിൽ ഉയർന്നേക്കും. ഈ ആവശ്യം എ ഗ്രൂപ്പ് ഉന്നയിക്കുമ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയ ഐ ഗ്രൂപ്പ് മൗനം പാലിക്കാനും സാധ്യതയുണ്ട്. അന്വേഷണത്തിനു കമ്മിഷനെ നിയോഗിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.

കടുത്ത വിമർശനങ്ങളും തുറന്നടികളും ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ വിവരങ്ങൾ പുറത്തു പോകാതിരിക്കാനായി ആരും മൊബൈൽ ഫോൺ കയ്യിൽ കരുതരുതെന്നു കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ രേഖാമൂലം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാംപിനെത്തുന്നവർ രണ്ടു ദിവസവും പുറത്തു പോകാതെ ഇൻസ്റ്റിറ്റ്യൂട്ടിൽ തങ്ങുകയും വേണം. കെപിസിസിയിൽ നിന്നു നെയ്യാർഡാമിലേക്കും തിരികെയും വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടു ചോർച്ചയും പ്രധാന ചർച്ചാവിഷയകമാകും. സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് മറിഞ്ഞതിൽ കെപിസിസിക്ക് കടുത്ത അമർഷമുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞിരുന്നു. ജനപ്രതിനിധികൾ ഉത്തരവാദിത്തം കാട്ടണമായിരുന്നുവെന്നും സുധീരൻ പറഞ്ഞു. എന്നാൽ, സംഭവം വിവാദമായതോടെ സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് മറിഞ്ഞുവെന്ന ആക്ഷേപം മറികടക്കാൻ പുതിയ അവകാശവാദവുമായി യുഡിഎഫ് രംഗത്തെത്തി.

വോട്ട് എണ്ണം കുറയാൻ കാരണം വോട്ട് എണ്ണിത്തിട്ടപ്പെടുത്തിയതിലെ പിഴവാകാമെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. രണ്ട് ബാലറ്റ് പെട്ടികളിൽ നിന്നും ബാലറ്റ് പേപ്പർ രണ്ട് ട്രേകളിലേക്ക് മാറ്റിയപ്പോൾ വി.പി.സജീന്ദ്രന് ലഭിച്ച ഒരുവോട്ട് ശ്രീരാമകൃഷ്ണന്റെ വോട്ടുകൾക്ക് ഒപ്പം വച്ചതാകാമെന്ന് അവർ പറയുന്നു. എന്നാൽ മുന്നണിയുടെ പോളിങ് ഏജന്റായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധയിൽ ഇക്കാര്യം വന്നില്ല. ഉടൻ ആവശ്യപ്പെടാത്തതിനാൽ റീകൗണ്ടിങ്ങിനും സാധ്യതയില്ല. മനഃപൂർവ്വം വോട്ട് ചോർന്നതാണെന്ന് കരുതുന്നില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, യുഡിഫ് തകരുന്നതിന്റെ ആദ്യലക്ഷണമാണ് വോട്ട് ചോർച്ചയെന്നായിരുന്നു ഇരുമുന്നണികൾക്കും വോട്ടുചെയ്യാതിരുന്ന പി.സി.ജോർജിന്റെ പ്രതികരണം.

വിജയസാധ്യതയോന്നുമില്ലെങ്കിലും യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി വി.പി.സജീന്ദ്രന് പ്രതിപക്ഷത്തെ 47 വോട്ടുകളും കിട്ടുമെന്ന ഉറപ്പുണ്ടായിരുന്നു. പക്ഷെ വോട്ടെണ്ണിയപ്പോൾ 46 മാത്രം. ഒരു വോട്ട് കുറഞ്ഞിരിക്കുന്നു എന്ന് മാത്രമല്ല അത് ഇടത് പക്ഷത്തേക്ക് പോയി എന്നും ഉറപ്പായി. വിപ്പ് നൽകിയതാണ്, വോട്ട് ചെയ്യേണ്ട രീതിയും പഠിപ്പിച്ചതാണ്. എങ്കിലും പുതിയ അംഗങ്ങൾക്കാർക്കെങ്കിലും സംഭവിച്ചപിഴവാകാം എന്ന പരസ്യ പ്രതികരണമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയത്. എന്തായാലും വോട്ട് ചോർന്നത് പരിശോധിക്കാതെ വഴിയില്ല.

വരും ദിവസങ്ങളിൽ ഈ വോട്ട് ചോർച്ചയെ കുറിച്ച് യുഡിഎഫിന് ഏറെ വിശദീകരിക്കേണ്ടിവരും. പക്ഷെ വോട്ട് അധികം ലഭിച്ച ഇടത് പക്ഷത്തിനും ഇടതിന് വോട്ടുചെയ്ത ബിജെപിക്കും കൂടി പലതും വിശദീകരിക്കേണ്ടി വരുമല്ലോ എന്ന ആശ്വാസം മാത്രമാണ് യുഡിഎഫിനുള്ളത്. തിരഞ്ഞെടുപ്പിൽ അംഗങ്ങൾ ആർക്കു വോട്ടു ചെയ്‌തെന്നു കണ്ടെത്താൻ മാർഗമില്ല. വോട്ടു ചെയ്യാനായി നൽകുന്ന ബാലറ്റ് പേപ്പറിൽ ക്രമനമ്പറോ മറ്റു തിരിച്ചറിയൽ അടയാളങ്ങളോ ഇല്ലാത്തതാണു കാരണം. വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാനാണു സ്പീക്കർക്ക് ഇരുവശവും താൽക്കാലിക ബൂത്ത് സ്ഥാപിച്ചു വോട്ടെടുപ്പു നടത്തുന്നതും.

സ്പീക്കർ സ്ഥാനത്തേക്കു മൽസരിക്കുന്നവർ ആരൊക്കെയെന്നു വ്യക്തമായിക്കഴിഞ്ഞാൽ, 140 സഭാംഗങ്ങൾക്കുമായി ബാലറ്റ് പേപ്പർ അച്ചടിക്കും. ഒരു വശത്തു സ്ഥാനാർത്ഥികളുടെ പേരും മറുവശത്തു നിയമസഭയുടെ സീലും സെക്രട്ടറിയുടെ ഒപ്പുമുണ്ടാകും. അംഗങ്ങളുടെ ആകെ എണ്ണത്തിൽ അധികമായി ഒരു ബാലറ്റ് പോലും സഭയിൽ എത്തിക്കാറില്ല.

ഇന്നലെ, ഇരുവശങ്ങളിലായി രണ്ടു ജീവനക്കാർ വീതം നിന്നു വോട്ടു ചെയ്യാനെത്തിയ എംഎൽഎമാർക്കു ബാലറ്റ് പേപ്പർ കൈമാറുകയായിരുന്നു. ഒടുവിൽ ഒരു ബാലറ്റ് ബാക്കി വന്നു. അത് പ്രോടെം സ്പീക്കർ എസ്.ശർമയുടേതായിരുന്നു. ഭരണപക്ഷത്തിനു വൻ ഭൂരിപക്ഷമുള്ളതിനാൽ അദ്ദേഹം വോട്ടു ചെയ്യാൻ തയാറായില്ല. വോട്ടെടുപ്പു പൂർത്തിയായി ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ബാലറ്റ് പേപ്പർ സീൽ ചെയ്തു നിയമസഭാ സെക്രട്ടറി അതീവ സുരക്ഷിതമായി സൂക്ഷിക്കുകയാണു ചെയ്യുക.

സ്പീക്കർക്കുപോലും ഇവ പരിശോധിക്കാൻ അധികാരമില്ല. ഒരു മാസത്തിനിടെ തിരഞ്ഞെടുപ്പു സംബന്ധിച്ചു കേസു വന്നാൽ ഇവ പരിശോധനയ്ക്കു വിധേയമാക്കും. ഒരു മാസം കഴിഞ്ഞാൽ ഇവ എപ്പോൾ വേണമെങ്കിലും സെക്രട്ടറിക്കു നശിപ്പിക്കാം. കത്തിച്ചുകളയുന്നതാണു കീഴ്‌വഴക്കം. അതേസമയം, രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പു രഹസ്യമാണെങ്കിൽക്കൂടി അംഗങ്ങൾ ആർക്കാണു വോട്ടു ചെയ്തതെന്നു കണ്ടെത്താനാകും.

എംഎൽഎമാർ കൈപ്പറ്റുന്ന ബാലറ്റ് പേപ്പറിൽ ക്രമനമ്പർ ഉണ്ടെന്നതാണു കാരണം. ഇതേ നമ്പർ കൗണ്ടർ ഫോയിലിലും ഉണ്ടാകും. വോട്ടെടുപ്പു കഴിഞ്ഞു സീൽ ചെയ്യുന്ന ഈ ബാലറ്റ് പേപ്പർ ആരും പരിശോധിക്കരുതെന്നാണു വയ്‌പെങ്കിലും നിയമവിരുദ്ധമായി ബാലറ്റിന്റെ ഉള്ളടക്കം ചോർത്തിയ ചരിത്രമുണ്ട്. ഇടതുമുന്നണിയിലായിരിക്കെ 2003ൽ കോവൂർ കുഞ്ഞുമോൻ യുഡിഎഫ് രാജ്യസഭാ സ്ഥാനാർത്ഥി വയലാർ രവിക്കു വോട്ടു ചെയ്തതിന്റെ രേഖ ഈയിടെ പുറത്തുവന്നിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.ചന്ദ്രൻപിള്ളയും യുഡിഎഫ് സ്ഥാനാർത്ഥികളായി തെന്നല ബാലകൃഷ്ണപിള്ളയും വയലാർ രവിയും, കെ.കരുണാകരന്റെ സ്ഥാനാർത്ഥി കോടോത്തു ഗോവിന്ദൻ നായരുമാണു മൽസര രംഗത്തുണ്ടായിരുന്നത്. ചന്ദ്രൻപിള്ളയും തെന്നലയും വയലാർ രവിയും ജയിച്ചു. എൽഡിഎഫിന്റെ ഒരു വോട്ട് യുഡിഎഫിനു ചോർന്നുകിട്ടി. തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറും അതിന്റെ കൗണ്ടർഫോയിലും ഒത്തുനോക്കിയാണു കോവൂർ കുഞ്ഞുമോൻ വയലാർ രവിക്കു വോട്ടു ചെയ്‌തെന്നു കണ്ടെത്തിയത്.

അതേസമയം സ്പീക്കർ തിരഞ്ഞെടുപ്പിൽ, നഷ്ടപ്പെട്ട ഒരു വോട്ടിന്റെ പേരിൽ പ്രതിപക്ഷം വെട്ടിലായെങ്കിലും വിവാദം അധികം ഉയർത്തിക്കൊണ്ടുപോകാൻ ഭരണപക്ഷത്തിനും താൽപ്പര്യമില്ല. ഒ രാജഗോപാൽ ഭരണപക്ഷത്തിന് അനുകൂലമായി വോട്ടു ചെയ്തതു കൊണ്ടാണ് ഇക്കാര്യത്തിൽ സിപിഐ(എം) ആക്രമണത്തിന് മുതിരാത്തത്. നിയമസഭയിലെ ആദ്യ ബിജെപി അംഗത്തിന്റെ ആദ്യ വോട്ട് സിപിഐ(എം) സ്ഥാനാർത്ഥിക്കു നൽകിയതിൽ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും അസംതൃപ്തിയിലാണ്.

എങ്കിലും വോട്ടിന്റെ കാര്യത്തിൽ പാർട്ടി മുൻകൂട്ടി തീരുമാനമെടുത്തു നിർദ്ദേശം നൽകാത്തതിനാൽ തൽക്കാലം രാജഗോപാലിന്റെ നിലപാടിനെ അവർ എതിർക്കുന്നില്ല. വെറും രണ്ടു േപരുകൾ മാത്രമുള്ള ബാലറ്റിൽ തെറ്റൊഴിവാക്കി അനായാസം വോട്ടു ചെയ്യാമെന്നിരിക്കെ പ്രതിപക്ഷത്തു നിന്ന് ഒരു വോട്ട് ഭരണപക്ഷത്തിനു ലഭിച്ചതിന്റെ അങ്കലാപ്പിലാണ് യുഡിഎഫ് നേതൃത്വം.

140 അംഗ സഭയിൽ 91 അംഗങ്ങളുടെ വൻ പിന്തുണ ഭരണകക്ഷിക്കുള്ളതിനാൽ പ്രൊടെം സ്പീക്കറായ എസ്.ശർമ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. ബാക്കി 139 അംഗങ്ങളാണു വോട്ടു രേഖപ്പെടുത്തിയത്. അതേസമയം രാജഗോപാലിന്റെ വോട്ട് കിട്ടിയതിൽ സന്തോഷവും നന്ദിയുമുണ്ടെന്നു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീരാമകൃഷ്ണനും പ്രതികരിച്ചു. ചോദിക്കാതെ കിട്ടിയ വോട്ട് ബിജെപിയിൽ നിന്നായതിനാൽ ഭരണപക്ഷത്തിനു ഫലത്തിൽ നേരിയ ക്ഷീണമായി. വരും നാളുകളിൽ സിപിഎമ്മിനും ബിജെപിക്കും എതിരെ പ്രതിപക്ഷത്തിന് ഉയർത്താൻ കഴിയുന്ന ആരോപണമായി ഇതു നിലനിൽക്കുകയും ചെയ്യും. എങ്കിൽ തന്നെയും കൂട്ടത്തിൽ നിന്നു ചതിച്ചത് ആരെന്ന ചോദ്യമാണ് കോൺഗ്രസിനെ പ്രധാനമായും അലട്ടുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ അരങ്ങേറ്റമായിരുന്നു സ്പീക്കർ തിരഞ്ഞെടുപ്പ്. ഇത് പാളിയതിലെ അതൃപ്തിയാണ് പൊതുവിൽ ഉരുത്തിരിയുന്നത്. കെപിസിസി യോഗത്തിൽ ഇക്കാര്യങ്ങൾ അടക്കം വിഴുപ്പലക്കലിന് വഴിയൊരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP