Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെന്നിത്തലയും തരൂരിനെതിരെ; ഉമ്മൻ ചാണ്ടിയും കൈവിട്ടു; മോദിയെ ചെറുതായി തോണ്ടി പിടിച്ചു നിൽക്കാൻ തരൂരിന്റെ ശ്രമം; അച്ചടക്ക നടപടി കെപിസിസി നാളെ ചർച്ച ചെയ്യും

ചെന്നിത്തലയും തരൂരിനെതിരെ; ഉമ്മൻ ചാണ്ടിയും കൈവിട്ടു; മോദിയെ ചെറുതായി തോണ്ടി പിടിച്ചു നിൽക്കാൻ തരൂരിന്റെ ശ്രമം; അച്ചടക്ക നടപടി കെപിസിസി നാളെ ചർച്ച ചെയ്യും

തിരുവനന്തപുരം: ജാരന് അടുക്കള വാതിൽ തുറന്നുകൊടുക്കുന്ന പുര നിറഞ്ഞ വ്യക്തിയെ കെട്ടിച്ചയയ്ക്കുന്നതാണ് ഉചിതമെന്ന പാർട്ടി മുഖപത്രത്തിന്റെ ഉപദേശം കെപിസിസി. കാര്യമായി തന്നെ എടുത്തു. മോദി അനുകൂല പ്രസ്താവനകളിൽ ശശി തരൂരിനെതിരെയുള്ള അച്ചടക്ക നടപടിയെ കുറിച്ച് നാളെ കെപിസിസിയുടെ ഉന്നതതല യോഗം ചർച്ച ചെയ്യും. ഹൈക്കമാണ്ടിന്റെ മനസ്സ് കൂടി അറിഞ്ഞാകും തീരുമാനം. എന്തായാലും ശശി തരൂരിന് ശാസന ഉറപ്പെന്നാണ് സൂചന.

കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർ കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ ബുധനാഴ്ച രാവിലെ 8.15-നാണ് യോഗം ചേരുന്നത്. തരൂരിനെ കോൺഗ്രസ് വക്താവ് സ്ഥാനത്തു നിന്നും നീക്കാൻ ഹൈക്കമാണ്ടിനോട് കെപിസിസി ആവശ്യപ്പെട്ടേയ്ക്കുമെന്നും അറിയുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തരൂരിന്റെ മോദി അനുകൂല പ്രസ്താവനയെ പിന്തുണയ്ക്കാനില്ല. കടന്ന പ്രവർത്തിയാണ് തരൂർ ചെയ്യുന്നതെന്ന ചെന്നിത്തലയുടെ അഭിപ്രായമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയക്കുമുള്ളത്. തരൂരിനെതിരായ നടപടിയിൽ കെപിസിസി. നാളെ തീരുമാനമെടുക്കുമെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടെയിൽ വിവാദത്തിൽ നിന്ന് തലയൂരാൻ ശശി തരൂരും ശ്രമം തുടങ്ങി. തന്റെ നിലപാടുകൾ ഹൈക്കമാണ്ടിനെ അറിയിച്ച് രക്ഷപ്പെടാമെന്നാണ് തരൂരിന്റെ പ്രതീക്ഷ.

ഇതിന്റെ ഭാഗമായി മോദിയെ ഉപദേശിച്ച് നേരെയാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ട്വീറ്റും തരൂർ ഇട്ടു. ഭൗതിക ശുചിത്വം മാത്രംപോര, ആത്മീയ ശുചിത്വവും വേണം. മോദി ഗാന്ധിജിയുടെ പാത പിന്തുടരണമെന്നും തരൂർ ട്വിറ്ററിൽ വ്യക്തമാക്കി. വിദ്വേഷം, അസഹിഷ്ണുത, മതഭ്രാന്ത് എന്നിവയിൽ നിന്ന് രാജ്യം മുക്തമാവണം. ഇതിനായി മോദി പ്രവർത്തിക്കണമെന്നും തരൂർ ട്വീറ്റിലൂടെ പറയുന്നു. ശുചിത്വ ഇന്ത്യയെന്ന മോദിയുടെ പദ്ധതിയെ മാത്രമേ താൻ അംഗീകരിക്കുന്നുള്ളൂ എന്നാണ് തരൂർ വ്യക്തമാക്കുന്നുണ്ട്. ഹൈക്കമാണ്ടിനേയും ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.

 

കെപിസിസിയുടെ വികാരം കണക്കിലെടുത്താണ് തരൂരിന്റെ ഈ പോസ്റ്റ് എന്ന് വ്യക്തം. എന്നാൽ ഇതൊന്നും തരൂരിന്റെ രക്ഷയ്ക്ക് എത്തില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കൾക്കും ഉള്ളത്. കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ കടുത്ത നിലപാട് സ്വീകരിച്ചാൽ തരൂരിനെതിരെ കടുത്ത നടപടി എടുക്കേണ്ടി വരും. എന്നാൽ ഹൈക്കമാണ്ടുമായി അടുപ്പമുള്ള തരൂരിനെ അങ്ങനെ പൂർണ്ണമായും കൈവിടാനാകുമോ എന്ന സംശയവുമുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കമാണ്ടിന്റെ മനസ്സറിഞ്ഞ ശേഷമാകും നാളെ കെ.പി.സിസി യോഗം ചേരുക.

രമേശ് ചെന്നിത്തലയും രൂക്ഷമായ ഭാഷയിലാണ് തരൂരിനെ വിമർശിച്ചത്. മോദിയെ പ്രശംസിച്ചുള്ള തരൂരിന്റെ ട്വീറ്റുകൾ കോൺഗ്രസുകാരനു ചേർന്നതല്ല. ഇത് പാർട്ടിക്ക് സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുടെ നിലപാടുകളോട് യോജിച്ചു. സുധീരനുമായി ഇരുവരും അനൗപചാരിക ചർച്ചകളും നടത്തിയിട്ടുണ്ട്. വ്യക്തമായ ചിത്രം ഇവർക്കിടയിലുണ്ടെന്നാണ് സൂചന. എന്നാൽ ഹൈക്കമാണ്ടിന്റെ അനുമതിയോടെ മാത്രമേ ശശി തരൂർ വിഷയത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കൂ.

കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം തരൂരിനെ കടന്നാക്രമിച്ചതും ഈ സാഹചര്യത്തിലാണ്. ട്വിറ്റിൽ നരേന്ദ്ര മോദി ഫാനായ സൈബീരിയൻ കൊക്കായ വിദേശകാര്യ പണ്ഡിതനെന്നാണ് തരൂരിനെ വീക്ഷണം വിശേഷിപ്പിക്കുന്നത്. ജാരന് അടുക്കള വാതിൽ തുറന്നു കൊടുക്കുന്നതിലും അന്തസ്സ് ഉമ്മറവാതിലിലൂടെ ജാരനൊപ്പം പോകുന്നതാണെന്നും പുരയ്ക്ക് മീതെ ചാഞ്ഞാൽ പൊന്മരവും വെട്ടണമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തോടുള്ള വീക്ഷണത്തിന്റെ നിർദ്ദേശം.

കോൺഗ്രസിനുണ്ടായ വേനലും വറുതിയും കണ്ടു നിരാശരായ അവരെ ബിജെപി പക്ഷത്തെ സമൃദ്ധിയും ഭരണവും മോഹിപ്പിക്കുന്നുണ്ടാവാം. അനുകൂല കാലാവസ്ഥ തേടിയെത്തുന്ന ഇത്തരം സൈബീരിയൻ കൊക്കുകൾക്ക് ചില്ലയും കൂടും നൽകിയ കോൺഗ്രസ് പ്രവർത്തകരെയാണ് ഇവർ വഞ്ചിക്കുന്നത്. വിദേശ പാണ്ഡിത്യത്തിന്റെ അവസാനവാക്ക് തങ്ങളാണ് എന്ന് ധരിക്കുന്ന ഇവർ കോൺഗ്രസിലിരുന്ന് ബിജെപിയുടെ ക്യാംപസ് സെലക്ഷന് ശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണെന്നും വീക്ഷണം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP