Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹിളാ കോൺഗ്രസ് അധ്യക്ഷയായത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ത; ജോജു വിവാദത്തിൽ ഗ്രൂപ്പു മറന്ന് പ്രതിഷേധത്തിന് ഇറങ്ങിയതും തുണയായി; യൂത്ത് കോൺഗ്രസിലേക്ക് കോട്ടയത്തുകാരൻ എത്തുമോ? കണ്ണൂരിലെ അഭിമാന പോരാട്ടത്തിൽ ജയിച്ച സുധാകരൻ തന്ത്രങ്ങളുമായി വീണ്ടും; കെപിസിസിയിൽ പുനഃസംഘടന ഗ്രൂപ്പുകൾക്ക് അതീതമാകും

മഹിളാ കോൺഗ്രസ് അധ്യക്ഷയായത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ത; ജോജു വിവാദത്തിൽ ഗ്രൂപ്പു മറന്ന് പ്രതിഷേധത്തിന് ഇറങ്ങിയതും തുണയായി; യൂത്ത് കോൺഗ്രസിലേക്ക് കോട്ടയത്തുകാരൻ എത്തുമോ? കണ്ണൂരിലെ അഭിമാന പോരാട്ടത്തിൽ ജയിച്ച സുധാകരൻ തന്ത്രങ്ങളുമായി വീണ്ടും; കെപിസിസിയിൽ പുനഃസംഘടന ഗ്രൂപ്പുകൾക്ക് അതീതമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിലെ അഭിമാന പോരാട്ടം കഴിഞ്ഞു. ഇനി പുനഃസംഘടന. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ് കോൺഗ്രസിനും പ്രസിഡന്റ് കെ. സുധാകരനും അഭിമാനപ്പോരാട്ടമായതിനാൽ, അദ്ദേഹം കുറച്ചുദിവസമായി കണ്ണൂരിൽത്തന്നെ തങ്ങുകയായിരുന്നു. ഈ പോരാട്ടത്തിൽ മമ്പറം ദിവാകരനെ സുധാകരൻ വെട്ടി നിരത്തി. അതിന് ശേഷമാണ് പുനഃസംഘടനയ്ക്ക് ഇറങ്ങുന്നത്. എല്ലാ ജില്ലകളിലും പിടി മുറുക്കി കഴിഞ്ഞു സുധാകരൻ. അതുകൊണ്ട് തന്നെ ഗ്രൂപ്പുകളുടെ പട്ടിക പരിഗണിക്കാതെയാകും പുനഃസംഘടന. അവർ പട്ടിക നൽകിയിട്ടുമില്ല. ഈ സാഹചര്യത്തിൽ അതിവേഗം കാര്യങ്ങളുമായി മുമ്പോട്ട് പോകും.

മഹിളാ കോൺഗ്രസിന്റെ അധ്യക്ഷയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിൽ ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായ ജെബി മേത്തർ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ജോജു വിവാദത്തിൽ മുന്നിൽ നിന്ന് സമരം ചെയ്ത വ്യക്തികളിൽ ഒരാളാണ് ജെബി മേത്തർ. ഗ്രൂപ്പു മറന്ന് പ്രവർത്തിച്ചതു കൊണ്ടാണ് ഈ നിയമനം എന്ന് സുധാകരൻ പറയുന്നു. ലതികാ സുഭാഷ് പാർട്ടിയിൽ നിന്ന് രാജിവെച്ച ഒഴിവിലേക്കാണ് ജെബി മേത്തറുടെ നിയമനം. മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് പാർട്ടി വിട്ടത്. മാസങ്ങളായി മഹിളാ കോൺഗ്രസിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. യൂത്ത് കോൺഗ്രസിലേക്കും പുതിയ മുഖത്തെ സുധാകരൻ തേടുന്നുണ്ട്.

എ ഗ്രൂപ്പിനുപിന്നിൽ ഉറച്ചുനിൽക്കുന്ന ജെബി മേത്തറിനെ മഹിളാ കോൺഗ്രസ് അധ്യക്ഷയാക്കാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെ ജെബിയുമായി സതീശൻ സംസാരിച്ചു. ഇതിനുശേഷമാണ് സുധാകരനും സതീശനും ജെബിയെ അധ്യക്ഷയാക്കാൻ ശുപാർശചെയ്ത് ഹൈക്കമാൻഡിന് കത്തുനൽകിയത്. എ ഗ്രൂപ്പിനെ കൂടുതൽ അടുപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയും എ ഗ്രൂപ്പിന് തന്നെ നൽകിയേക്കും. ഉമ്മൻ ചാണ്ടിയുടെ എതിർപ്പ് കുറയ്ക്കാനാണ് ഈ നീക്കങ്ങൾ. അപ്പോഴും ചെന്നിത്തലയോട് കൂടുതൽ അനുഭാവം പുലർത്തുകയുമുണ്ട്. കോട്ടയത്തെ നിന്നൊരാൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്.

ഇപ്പോഴും കെപിസിസി പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടി ഇടഞ്ഞു നിൽ്ക്കുകയാണ്. മുതിർന്നനേതാക്കളുടെ എതിർപ്പ് ശക്തമാകുന്നതിനിടയിലും കോൺഗ്രസ് പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ കെപിസിസി.യുടെ തീരുമാനവും നിർണ്ണായകമാണ്. ഡി.സി.സി. ഭാരവാഹികളെ ജനുവരി ആദ്യം നിശ്ചയിക്കുന്നതിന്റെ ഭാഗമായി ജില്ലകളുടെ ചുമതലയുള്ള കെപിസിസി. ജനറൽ സെക്രട്ടറിമാരോട് ജില്ലാതല ചർച്ച പൂർത്തിയാക്കി പട്ടിക കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ വീതംവെപ്പായി സംഘടനാഭാരവാഹിത്വം മാറില്ല. എല്ലാവിഭാഗം നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയാണ് പട്ടിക തയ്യാറാക്കേണ്ടത്. അതിന് അപ്പുറം പരിഗണനകളൊന്നും ഉണ്ടാകില്ല.

സംഘടനാതിരഞ്ഞെടുപ്പ് തീരുമാനിച്ചതിനാൽ, പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉറച്ചുനിൽക്കുകയാണ്. ചർച്ചകളിൽ എ-ഐ ഗ്രൂപ്പുകൾ സഹകരിക്കുമോയെന്നതിൽ വ്യക്തതയുണ്ടായിട്ടില്ല. ഹൈക്കമാണ്ടിന്റെ പിന്തുണയുള്ളതു കൊണ്ട് തന്നെ ഈ എതിർപ്പിനെ സുധാകരൻ കാര്യമാക്കുന്നില്ല. ഇത് ഗ്രൂപ്പുകൾക്കും അറിയാം. പരസ്യ പ്രതികരണത്തിന് ആരു വന്നാലും അവർക്കെതിരെ നടപടിയെടുക്കാനാണ് സൂധാകരന്റെ തീരുമാനം. അവരെ പുനഃസംഘടനയ്ക്ക് പരിഗണിക്കുകയുമില്ല. ഐ ഗ്രൂപ്പിൽ പുതി ചേരി തിരിവുകൾ ദൃശ്യമാണ്. പലരും ചെന്നിത്തലയെ പൂർണ്ണമായും കൈവിട്ടു. അതുകൊണ്ട് തന്നെ സംഘടനാ തെരഞ്ഞെടുപ്പിലും സുധാകരന് മുൻതൂക്കമുണ്ടെന്നാണ് വിലയിരുത്തൽ.

പുനഃസംഘടനയിൽ കരുത്ത് കൂട്ടാനാണ് സുധാകരന്റെ നീക്കം. കെപിസിസി. സെക്രട്ടറിമാരെ ഇതുവരെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. മുതിർന്നനേതാക്കളുടെ എതിർപ്പും ഇതുവൈകാൻ കാരണമാണ്. കെപിസിസി. സെക്രട്ടറിമാരെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകണമെന്ന് മുതിർന്നനേതാക്കളായ ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും ആവശ്യപ്പെട്ടിരുന്നെങ്കിലും അതുനൽകിയിട്ടില്ല. പുതിയ സാഹചര്യത്തിൽ അവരോട് ആലോചിക്കാതെ സെക്രട്ടറിമാരെ നിശ്ചയിക്കും. സംഘടനാഭാരവാഹിത്വത്തിലേക്ക് വരുന്നവരെ ഗ്രൂപ്പിന് അതീതമാക്കി മാറ്റും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP