Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടി പറയുന്ന മൂന്ന് പേർക്ക് എങ്കിലും സ്ഥാനം കിട്ടും; ചെന്നിത്തലയുടെ നോമിനികൾ രണ്ടു പേരും; ശിവദാസൻ നായരുടെ പേരിനെ ചൊല്ലി എ ഗ്രൂപ്പിൽ എതിർപ്പ് ശക്തം; വൈസ് പ്രസിഡന്റുമാരാക്കാൻ പരിഗണിക്കുന്നവരിൽ പ്രധാനി പാലക്കാട്ടെ ഗോപിനാഥ് തന്നെ; കെപിസിസി പുനഃസംഘടനയിൽ നിർണ്ണായകം 'ഡൽഹി' തന്നെ

ഉമ്മൻ ചാണ്ടി പറയുന്ന മൂന്ന് പേർക്ക് എങ്കിലും സ്ഥാനം കിട്ടും; ചെന്നിത്തലയുടെ നോമിനികൾ രണ്ടു പേരും; ശിവദാസൻ നായരുടെ പേരിനെ ചൊല്ലി എ ഗ്രൂപ്പിൽ എതിർപ്പ് ശക്തം; വൈസ് പ്രസിഡന്റുമാരാക്കാൻ പരിഗണിക്കുന്നവരിൽ പ്രധാനി പാലക്കാട്ടെ ഗോപിനാഥ് തന്നെ; കെപിസിസി പുനഃസംഘടനയിൽ നിർണ്ണായകം 'ഡൽഹി' തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ ഭാരവാഹികളുടെ എണ്ണം കൂട്ടണമെന്ന സമ്മർദ്ദം ഹൈക്കമാണ്ടിൽ സജീവമാക്കാൻ ഗ്രൂപ്പ് മാനേജർമാരുടെ ശ്രമം. എണ്ണം കൂടിയാൽ അത് കെപിസിസി അധ്യക്ഷൻ സുധാകരന് തിരിച്ചടിയാകുമെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ. കരുതലോടെ ഹൈക്കമാണ്ടിന് മുന്നിൽ ഈ വിഷയം എത്തിക്കാനാണ് നീക്കം. അർഹതപ്പെട്ടവർക്ക് എല്ലാം സ്ഥാനം കിട്ടുന്നുവെന്ന് ഉറപ്പിക്കാനാണ് ഇത്. അതിനിടെ സ്ഥാനമൊഴിഞ്ഞ ഡിസിസി അധ്യക്ഷന്മാരെ ഭാരവാഹികൾ ആക്കില്ലെന്ന നിലപാടിലാണ് സുധാകരൻ. രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും കൂടെ നിർത്തിയുള്ള തീരുമാനമാണ് സുധാകരൻ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ രണ്ട് നേതാക്കൾ പറയുന്നതിൽ പ്രധാനികളെ അവരെ ഇഷ്ടം നോക്കി ഭാരവാഹികളാക്കും.

ഐ ഗ്രൂപ്പ് വിഘടിച്ച് നിൽക്കുകയാണ്. ചെന്നിത്തലയും വിഡി സതീശനും സുധാകരനും പിന്നെ കെസി വേണുഗോപാലും. അതുകൊണ്ട് തന്നെ പുനഃസംഘടനയിലും ഐ ഗ്രൂപ്പിലുള്ളവർക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടാകും. കെസിക്കും സുധാകരനും ഒപ്പം നിൽക്കുന്നവർക്ക് കൂടുതൽ മുൻഗണന കിട്ടും. പാലക്കാട്ട് എവി ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കണമെന്ന അഭിപ്രായമാണ് സുധാകരനുള്ളത്. ഇത് അംഗീകരിക്കാനാണ് സാധ്യത. ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ആൾക്കും വൈസ് പ്രസിഡന്റാകാൻ കഴിഞ്ഞേക്കും. കെസിക്കും ഒരാളെ വയ്ക്കാനാകും. അങ്ങനെ വരുമ്പോൾ ഐ ഗ്രൂപ്പിൽ നിന്ന് രണ്ടു പേർക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാണ്. ഇതിനിടെ പത്തനംതിട്ടയിലെ ശിവദാസൻ നായർക്ക് വേണ്ടി ഉമ്മൻ ചാണ്ടി സജീവ ഇടപെടൽ നടത്തുന്നുവെന്ന പരാതിയും എ ഗ്രൂപ്പിൽ ഉയർന്നിട്ടുണ്ട്.

ഡിസിസി പുനഃസംഘടനയിൽ ശിവദാസൻ നായർ പൊട്ടിത്തെറിച്ചിരുന്നു. ഇതിനെ തുടർന്ന് സസ്‌പെന്റ് ചെയ്തു. മാപ്പിന് സമാനമായ വിശദീകരണം നൽകി ശിവദാസൻ നായർ പാർട്ടിയിൽ തിരിച്ചെത്തി. അങ്ങനെ ഒരാളെ ഭാരവാഹിയാക്കുന്നത് ശരിയാണോ എന്ന വികാരം കോൺഗ്രസിൽ സജീവമാണ്. എംഎൽഎയായി മത്സരിച്ചിട്ടും ശിവദാസൻ നായർ തോറ്റു. നിരവധി പദവികളും വഹിച്ചു. ഈ സാഹചര്യത്തിൽ ശിവദാസൻ നായരെ അംഗീകരിക്കില്ലെന്ന നിലപാട് എ ഗ്രൂപ്പിലും ഉണ്ട്. ശിവദാസൻ നായർക്ക് പുറമേ ആര്യാടൻ ഷൗക്കത്തും അബ്ദുൾ മുത്തലിബ്, വർക്കല കഹാർ, സോണി സെബാസ്റ്റ്യൻ എന്നിവരും എ ഗ്രൂപ്പിന്റെ പട്ടികയിൽ ഭാരവാഹിയാകാൻ സാധ്യതയുള്ളവരാണ്.

വി എസ് ശിവകുമാർ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവരുടെ പേരുകൾ ചെന്നിത്തലയും മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. ആലപ്പുഴയിലെ ഷുക്കൂറും ചെന്നിത്തല പക്ഷത്തെ പ്രമുഖനാണ്. അജയ് തറയിൽ, ഡി സുഗതൻ എന്നിവർക്ക് വേണ്ടിയാണ് കെ സുധാകരൻ നിലയുറപ്പിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരെ തഴയുമ്പോൾ സതീശൻ പാച്ചേനിക്കും ബിന്ദു കൃഷ്ണയും അടക്കമുള്ളവർക്ക് കെപിസിസി എക്‌സിക്യൂട്ടീവിലേക്ക് ചുരുങ്ങേണ്ടി വരും. പത്മജാ വേണുഗോപാലും ഷാനിമോൾ ഉസ്മാനും ഭാരവാഹിയാകാൻ സാധ്യത ഏറെയാണ്. സുധാകരന്റെ മുൻതൂക്കം കുറയ്ക്കുന്ന തരത്തിലെ പുനഃസംഘടനയാണ് മറ്റ് ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നത്. ഡൽഹി ചർച്ചകളാകും നിർണ്ണായകം എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കെ സി വേണുഗോപാലിന്റെ സ്വാധീനം പുനഃസംഘടനയിലും ഉണ്ടാകും.

തെരഞ്ഞെടുപ്പിൽ പാലം വലിച്ച നേതാക്കളെ കെപിസിസി, പുനഃസംഘടനയിൽ വെട്ടിനിരത്താൻ നേതൃതലത്തിൽ ധാരണയായി. തോറ്റ സ്ഥാനാർത്ഥികളുടെ ആരോപണത്തിന് ഇരയായവരെയും കെപിസിസി മേഖലാ സമിതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയവരെയും ഒഴിവാക്കും. കെപിസിസിയുടെ അഞ്ച് മേഖലാസമിതി നൽകിയ റിപ്പോർട്ടിൽ പേര് ഉൾപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണ്. 51 അംഗ കെപിസിസി നിർവാഹകസമിതി രൂപീകരിക്കാനാണ് നേരത്തെ ധാരണയായത്. പ്രസിഡന്റിനും മൂന്ന് വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ മൂന്ന് വൈസ് പ്രസിഡന്റുമാർ, 16 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ എന്നിങ്ങനെ 24 പേരാകും ഭാരവാഹികൾ. അവശേഷിക്കുന്നവർ എക്‌സിക്യൂട്ടീവ് അംഗങ്ങളും.

ഇപ്പോൾ സ്ഥാനമൊഴിഞ്ഞവരടക്കമുള്ള ചില മുൻ ഡി.സി.സി പ്രസിഡന്റുമാരെയും വിവിധ മാനദണ്ഡങ്ങൾ പ്രകാരം ഒഴിവാക്കപ്പെടുന്ന മുതിർന്നവരെയും സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തിയേക്കും. പി.സി.ചാക്കോയുടേതടക്കം ഒഴിവുകൾ നികത്തിയും ചിലരെ പുതുതായി ഉൾപ്പെടുത്തിയും രാഷ്ട്രീയകാര്യ സമിതിയും പുനഃസംഘടിപ്പിക്കും.ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായടക്കം അടുത്ത ദിവസങ്ങളിൽ ചർച്ചയാരംഭിക്കും. മാനദണ്ഡങ്ങൾ നേരത്തേ നിശ്ചയിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനി പേരുകൾ വച്ചുള്ള ചർച്ചയിലേക്ക് കടക്കാനാണ് തീരുമാനം. ഇരുനേതാക്കളോടും പേരുകൾ നൽകാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് വർഷം ഭാരവാഹികളായിരുന്നവരെ ഒഴിവാക്കണമെന്ന മാനദണ്ഡം നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. പുനഃസംഘടനയിൽ ഗ്രൂപ്പല്ല, മെരിറ്റാകും മാനദണ്ഡമെന്നാണ് നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കെതിരെ, പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന പി.എസ്. പ്രശാന്ത് പരാതി ഉന്നയിച്ചിരുന്നെങ്കിലും തെളിവുകളില്ലാത്തതിനാൽ തെക്കൻ മേഖലാ സമിതി അത് ശരിവച്ചില്ല. പാലോട് രവി നെടുമങ്ങാട്ട് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിലടക്കം സജീവ പങ്കാളിയായിരുന്നു എന്നാണ് സമിതി കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP