Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചില മാന്യ സ്ത്രീകൾ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയാണ്; മാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവർ നിരാശരാകേണ്ടി വരും; മുസ്ലിംലീഗിലെ വനിതാ സ്ഥാനാർത്ഥികളുടെ കാര്യം ഇക്കുറിയും തഥൈവയെന്ന് സൂചിപ്പിച്ചു കെപിഎ മജീദ്

ചില മാന്യ സ്ത്രീകൾ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയാണ്; മാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവർ നിരാശരാകേണ്ടി വരും; മുസ്ലിംലീഗിലെ വനിതാ സ്ഥാനാർത്ഥികളുടെ കാര്യം ഇക്കുറിയും തഥൈവയെന്ന് സൂചിപ്പിച്ചു കെപിഎ മജീദ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുസ്ലിംലീഗിൽ നിന്നും ഇക്കുറി വനിതാ സ്ഥാനാർ്ഥി ഉണ്ടാകുമെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. മുസ്‌ലിം ലീഗിലെ വനിതാ സ്ഥാനാർത്ഥിയെന്ന രീതിയിൽ പ്രചാരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായാണ് മജീദ് രംഗത്തുവന്നത്. ചില മാന്യ സ്ത്രീകൾ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയാണ്. മാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവർ നിരാശരാകേണ്ടി വരുമെന്നും മജീദ് കണ്ണൂരിൽ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകളെ മത്സരിപ്പിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലന്ന് ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയ വഴി നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ലന്നും ജനറൽ സെക്രട്ടറി കെ.പി എ മജീദ് പറഞ്ഞു.

'നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. അതിന് മുമ്പായി പല അഭ്യൂഹങ്ങളും പടരുന്നുണ്ട്. ചില മാന്യ സ്ത്രീകൾ അവരുടെ പേരു തന്നെ കൊടുത്ത് അവർ സ്ഥാനാർത്ഥിയാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്. ഞാൻ ആധികാരികമായി നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. മുസ്ലിംലീഗ് പാർട്ടി ഏതെങ്കിലും ഒരു മണ്ഡലത്തിൽ വനിതകളെ നിർത്തുന്നതുമായി ബന്ധപ്പെട്ട് ഔപചാരികമായോ അനൗപചാരികമായോ ഉള്ള ഒരു ചർച്ചയും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവർക്കെല്ലാം നിരാശരാകേണ്ടി വരും. വനിതകൾക്ക് അംഗീകാരം കൊടുക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ ആ തീരുമാനം വരും. എല്ലാവർക്കും അർഹമായ അംഗീകാരം കൊടുക്കും' - കെപിഎ മജീദ് പറഞ്ഞു.

അതേസമയം പാർട്ടിയുടെ തീരുമാനം എന്തായാലും പൂർണമായി അംഗീകരിക്കുമെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും വ്യക്തമാക്കി. ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇത്തവണ വനിതാ പ്രതിനിത്യം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വനിതാ സ്ഥാനാർത്ഥികളെ ഉയർത്തി കാട്ടി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളെയും നേതൃത്വം പൂർണമായി തള്ളിക്കളയുന്നു.

ഖമറുന്നിസ അൻവറിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് ഇതുവരെ വനിതകളെ മത്സരരംഗത്ത് ഇറക്കിയിട്ടില്ല.അതുകൊണ്ട് തന്നെ ഇത്തവണ വനിതകൾക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് വനിതാലീഗിന്റെ പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ കടുംപിടുത്തത്തിനില്ലെന്നും ഇവർ പറയുന്നു. ഇതിനിടെ ചേലക്കര മണ്ഡലത്തിൽ ദളിത് ലീഗ് നേതാവ് ജയന്തി രാജനെ മത്സരിപ്പിക്കണമെന്ന ആവശ്യം ചില കോണുകളിൽനിന്ന് ഉയർന്നു വന്നിട്ടുണ്ട്. ഈ മാസം 25 ന് ചേരുന്ന ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

മത-സാമുദായിക സംഘടനകളുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വനിതകളുടെ സ്ഥാനാർത്ഥിത്വം നിഷേധിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ 51% വനിതാ സംവരണം യാഥാർത്ഥ്യമായി പത്ത് വർഷം പിന്നിടുമ്പോൾ പഴയ വിയോജിപ്പുകൾ കുറഞ്ഞിട്ടുണ്ട്. മുസ്ലിംലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ 1996-ലാണ് മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്.

കോഴിക്കോട്- 2 ൽ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സിപിഎമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകൾക്ക് തോറ്റു. യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ചർച്ചയാവുന്ന ഈ തിരഞ്ഞെടുപ്പിൽ കാലത്തിന്റെ മാറ്റം മനസിലാക്കി തീരുമാനം എടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP