Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഡാമേജ് കൺട്രോളിനായി' ഉമ്മൻ ചാണ്ടി നേരിട്ട് കളത്തിൽ; കോട്ടയത്ത് കൂടുതൽ സജീവമാകും; ആദ്യ പടിയെന്ന നിലയിൽ ഇന്ന് ചേർന്ന ഡിസിസി യോഗത്തിൽ നേരിട്ടെത്തി; ഒഴിവുവന്ന സീറ്റുകളെല്ലാം തങ്ങൾക്ക് അവകാശപ്പെട്ടതെന്ന പി ജെ ജോസഫിന്റെ വാദത്തിന്റെ മുനയൊടിച്ചു തുടക്കം; തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന് ഉമ്മൻ ചാണ്ടിയോട് ഡിസിസി; കോട്ടയത്ത് ഉയരുന്നത് കൂട്ടഅടിയുടെ കാഹളമോ?

'ഡാമേജ് കൺട്രോളിനായി' ഉമ്മൻ ചാണ്ടി നേരിട്ട് കളത്തിൽ; കോട്ടയത്ത് കൂടുതൽ സജീവമാകും; ആദ്യ പടിയെന്ന നിലയിൽ ഇന്ന് ചേർന്ന ഡിസിസി യോഗത്തിൽ നേരിട്ടെത്തി; ഒഴിവുവന്ന സീറ്റുകളെല്ലാം തങ്ങൾക്ക് അവകാശപ്പെട്ടതെന്ന പി ജെ ജോസഫിന്റെ വാദത്തിന്റെ മുനയൊടിച്ചു തുടക്കം; തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന് ഉമ്മൻ ചാണ്ടിയോട് ഡിസിസി; കോട്ടയത്ത് ഉയരുന്നത് കൂട്ടഅടിയുടെ കാഹളമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജോസ് കെ മാണി പോയതോടെ കോട്ടയത്ത് യുഡിഎഫ് ക്ലീനായി എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞു നടക്കുന്നത്. എന്നാൽ, രാഷ്ട്രീയം അറിയുന്ന ഉമ്മൻ ചാണ്ടിയെ പോലുള്ളവർക്ക് ഗ്രൗണ്ട് റിയാലിറ്റി അറിയാം. കോട്ടയത്ത് കോൺഗ്രസിനോളം കരുത്തുള്ള ജോസ് കെ മാണി എൽഡിഎഫിലേക്ക് പോയതു നികത്താൻ പി ജെ ജോസഫിനെ കൊണ്ട് തനിച്ചു സാധിക്കില്ലെന്ന. അതുകൊണ്ട് തന്നെ കോട്ടയത്തിന് മുകളിൽ തന്റെ ദൃഷ്ടി കൂടുതൽ പതിപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. ജോസ് കെ മാണിക്കൊപ്പം പോയ അണികളെ തിരികെ എത്തിക്കുക എന്ന ദൗത്യമാണ് രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കുള്ളത്.

കോട്ടയത്തെ രാഷ്ട്രീയക്കളത്തിൽ പോരാടി വളർന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ട് തന്നെ 'ഡാമേജ് കൺട്രോളിനായി' അദ്ദേഹത്തെ തന്നെ നേരിട്ടിറക്കിയിരിക്കയാണ് നേതാക്കൾ. ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ ഇന്ന് മുതൽ തന്നെ തുടങ്ങി കഴിഞ്ഞു. അതിന്റെ ആദ്യ പടിയെന്ന നിലയിൽ പി ജെ ജോസഫിന്റെ അധിക മോഹങ്ങളെ നുള്ളുകയാണ് അദ്ദേഹം ചെയ്തത്. കോട്ടയം ഡിസിസി യോഗത്തിൽ ഇന്ന് ഉമ്മൻ ചാണ്ടിയും നേരിട്ടു പങ്കെടുത്തിരുന്നു. ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഡിസിസി നേതാക്കൾ മുന്നോട്ടു വെച്ചത് പി ജെ ജോസഫിനെ നിലയ്ക്കു നിർത്തണം എന്നു തന്നെയാണ്.

കേരള കോൺഗ്രസ് എം മുന്നണി മാറിയതോടെ, ഒഴിവുവന്ന സീറ്റുകളിൽ കോൺഗ്രസിന് കൂടുതൽ പ്രാതിനിധ്യം വേണമെന്നും കോട്ടയം ഡിസിസി ആവശ്യപ്പെട്ടു. ഈ സീറ്റുകളെല്ലാം തങ്ങൾക്ക് നൽകണമെന്ന് അവകാശപ്പെട്ട പിജെ ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മനസ്സറിഞ്ഞു തന്നെയാണ് നേതാക്കൾ ഈ വാക്കുകൾ മുന്നോട്ടു വെച്ചത് എന്ന് വ്യക്തമാണ്.

ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റും വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് ഡിസിസി. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ജില്ലയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നും നേതാക്കൾ പറഞ്ഞിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത ഉമ്മൻ ചാണ്ടിയോടാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ നാളെ കോൺഗ്രസ് നേതാക്കൾ പിജെ ജോസഫുമായി ഉഭയകക്ഷി ചർച്ച നടത്തും.

അതേസമയം കേരളാ കോൺഗ്രസ് സീറ്റുകളിൽ അവകാശവാദം ഉന്നയിക്കുന്നത് പി ജെ ജോസഫിനും അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇതോടെ കോട്ടയം ജില്ലയിൽ വീണ്ടും കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ അടിപൊടുക്കുമോ എന്ന സന്ദേഹമാണ് ഉയർന്നിരിക്കുന്നത്. ജോസ് കെ മാണിക്കൊപ്പം നിന്ന മിക്കവാറും നേതാക്കളെല്ലാം തന്നോടൊപ്പമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സീറ്റും വേണമെന്നാണ് ജോസഫിന്റെ നിലപാട്. ഇങ്ങനെ സീറ്റു കൊടുക്കാം എന്നു പറഞ്ഞു കൊണ്ടാണ് പല നേതാക്കളെയും ജോസഫ് കൂടെ നിർത്തിയത്. ഇതോടെ കോട്ടയത്ത് പ്രതിസന്ധിയുടെ ആഴം യുഡിഎഫിൽ കൂടുകയാണ്.

കോൺഗ്രസിനോട് ആലോചിക്കാതെയാണ് വിവധി കേരളാ കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന നേതാക്കളെ ജോസഫ് ചാക്കിട്ട് പിടിച്ചത്. ജോസ് കെ മാണിയെ ഒഴിവാക്കിയതോടെ പ്രശ്നങ്ങൾ കൂടിയെന്ന് വിലയിരുത്തി കോൺഗ്രസ് കരുതലോടെ നീങ്ങുകയാണ്. മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്ത് പ്രശ്ന പരിഹാരമാണ് ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയുടെ സീറ്റുകൾ കൂടി ജോസഫ് ചോദിച്ചതോടെ മുന്നണിയിൽ സീറ്റ് വിഭജനം തർക്കമായി മാറുമെന്ന വിലയിരുത്തൽ സജീവമാണ്.

ജോസ് കെ മാണിയെ പുകച്ചു ചാടിച്ചു സീറ്റുകൾ പിടിച്ചടുക്കാനുള്ള ഗൂഢാലോചനയിൽ നോട്ടമൊന്നുമില്ലാതാവാൻ സമ്മിതിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇക്കാര്യമാണ് ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഇന്ന് നേതാക്കൾ തുറന്നു പറഞ്ഞതും. ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് തുടങ്ങിയ നേതാക്കൾക്കെല്ലാം സീറ്റ് വേണം. അതും വിജയ സാധ്യതയുള്ള സീറ്റുകൾ. അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റും ഇത്തവണയും അവകാശപ്പെട്ടതാണെന്ന് പി.ജെ.ജോസഫ് പറയുന്നു.

മുൻപ് ജോസ് വിഭാഗം മത്സരിച്ച സീറ്റുകളും അവർ പുറത്തുപോയ സ്ഥിതിക്ക് ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും അതിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്നും ജോസഫ് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല. എന്നാൽ കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫിൽ ആവശ്യപ്പെട്ടു. ഇതാണ് പ്രതിസന്ധിക്ക് കാരണം. വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ചുമാറ്റത്തിനു തയാറാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

ജോസ് കെ.മാണിയെ നേതാക്കൾ ഏറെയും കൈവിട്ടു. കള്ളം പറയുന്ന റോഷി അഗസ്റ്റിൻ മാത്രമാണ് കൂടെയുള്ളതെന്നും പി.ജെ. ജോസഫ് ആരോപിച്ചു. വിജയസാധ്യത കണക്കിലെടുത്ത് പാലായിൽ മാണിയുടെ മകൾ സാലിയെയാണ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്നു പ്രഖ്യാപിച്ചത് ജോസാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നു. എന്നാൽ അങ്ങനെ ആവശ്യപ്പെടാത്തതുകൊണ്ടാണ് അനുവദിക്കാതിരുന്നതെന്നും ജോസഫ് പറഞ്ഞു. ഇങ്ങനെ വെറുതെ വിവാദങ്ങൾ ഉണ്ടാക്കുയാണ് പിജെ ജോസഫ്. ഇതോടെയാണ് കോൺഗ്രസിൽ അതൃപ്തി പുകയുന്നത്.

അതിനിടെ ജോസഫ് വിഭാഗത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സീറ്റ് ചർച്ചയിൽ ഉണ്ടാകില്ലെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ. കേരള കോൺഗ്രസ് മാണി വിഭാഗത്തിനു നൽകിയ അതേ പരിഗണന ജോസഫ് വിഭാഗത്തിനും നൽകുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞദിവസം ജോസഫുമായി ചർച്ച ചെയ്തിരുന്നു. നിയമസഭാ സീറ്റുകൾക്കായുള്ള പി.ജെ.ജോസഫിന്റെ അവകാശവാദത്തിൽ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി അതിശക്തമാണെങ്കിലും അത് മറച്ചു വച്ചായിരുന്നു ഹസന്റെ പ്രതികരണം. ഈ ഘട്ടത്തിൽ പൊട്ടിത്തെറികൾ ഉണ്ടാകാതിരിക്കാനാണ് അത്.

കേരളകോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ യുഡിഎഫിനുള്ള പരുക്ക് മാറ്റേണ്ട ഈ സമയത്ത് നിയമസഭാ സീറ്റുകളെക്കുറിച്ചു ചർച്ച സൃഷ്ടിച്ചത് അനവസരത്തിലായെന്ന വികാരമാണു കോൺഗ്രസിനുള്ളത്. ലീഗും ഇതേ വികാരത്തിലാണ്.കഴിഞ്ഞ യുഡിഎഫ് യോഗത്തിനുശേഷം കോൺഗ്രസ് നേതൃത്വം പി.ജെ.ജോസഫുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു മധ്യകേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രവർത്തനങ്ങളുമാണു വിലയിരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP