Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഴുപ്പലക്കൽ നിർത്തൂ; സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും; ദയവായി എന്നെ സ്‌നേഹിക്കുന്നവർ എന്റെ പേര് ഇതിൽ വലിച്ചിഴയ്ക്കല്ലേയെന്ന് പഴകുളം മധു; പോസ്റ്റിട്ടെങ്കിലും ചെന്നിത്തല മനസ്സിൽ കാണുന്നത് വിശ്വസ്തനായ കെപിസിസി സെക്രട്ടറിയുടെ പേര് തന്നെ; മോഹൻരാജിന് വേണ്ടി ചരട് വലിച്ച് ഉമ്മൻ ചാണ്ടി; നിർണ്ണായകമാകുക അടൂർ പ്രകാശിന്റെ മനസ്സ് തന്നെ; കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് സീറ്റിനായി കോൺഗ്രസിൽ പോര് രൂക്ഷം; കൊല്ലത്ത് തോറ്റ ബാലഗോപാലിനെ ഇറക്കുന്നതിനെ കുറിച്ചാലോചിച്ച് സിപിഎമ്മും

വിഴുപ്പലക്കൽ നിർത്തൂ; സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും; ദയവായി എന്നെ സ്‌നേഹിക്കുന്നവർ എന്റെ പേര് ഇതിൽ വലിച്ചിഴയ്ക്കല്ലേയെന്ന് പഴകുളം മധു; പോസ്റ്റിട്ടെങ്കിലും ചെന്നിത്തല മനസ്സിൽ കാണുന്നത് വിശ്വസ്തനായ കെപിസിസി സെക്രട്ടറിയുടെ പേര് തന്നെ; മോഹൻരാജിന് വേണ്ടി ചരട് വലിച്ച് ഉമ്മൻ ചാണ്ടി; നിർണ്ണായകമാകുക അടൂർ പ്രകാശിന്റെ മനസ്സ് തന്നെ; കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് സീറ്റിനായി കോൺഗ്രസിൽ പോര് രൂക്ഷം; കൊല്ലത്ത് തോറ്റ ബാലഗോപാലിനെ ഇറക്കുന്നതിനെ കുറിച്ചാലോചിച്ച് സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അടൂർ പ്രകാശ് ആറ്റിങ്ങലിൽ ജയിച്ച് എംപിയായതോടെ കോന്നി സീറ്റിനെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷം. അടൂർ പ്രകാശിനെ ഐ ഗ്രൂപ്പിന്റെ ലേബലിലാണ് ചെന്നിത്തല പക്ഷം കാണുന്നത്. എന്നാൽ അടൂർ പ്രകാശിന് കുറച്ചു നാളായി ഗ്രൂപ്പു കളികളിൽ സജീവമല്ല. അതുകൊണ്ട് തന്നെ അടൂർ പ്രാകാശിനെ ഐ ഗ്രൂപ്പുകാരനായി കാണാനാകില്ലെന്നാണ് എ ഗ്രൂപ്പിന്റെ പക്ഷം. അവർ പി മോഹൻരാജിനെയാണ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. ചെന്നിത്തലയുടെ മനസ്സിലുള്ളത് ഐ ഗ്രൂപ്പിലെ പത്തനംതിട്ടയിലെ പ്രധാനിയായ പഴകുളം മധുവും. എൻ എസ് എസ് വോട്ടുകൾ അടൂരിൽ നിർണ്ണായകമാണ്. അതുകൊണ്ട് പഴകുളം മധുവാണ് മികച്ച സ്ഥാനാർത്ഥിയെന്നും ചെന്നിത്തല വിഭാഗം പറയുന്നു.

കോന്നി ഉപതെരെഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോർജ്ജ് മത്സരത്തിന് ഇല്ലന്ന് അറിയിച്ചതിന് തുടർന്ന് മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി .മോഹൻരാജിനെ മത്സരിപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ താൽപ്പര്യം. ജില്ലയിലെ ഏ കെ ആന്റണിയുടെ വിശ്വസ്തനും ഉമ്മൻ ചാണ്ടിയുമായും പി ജെ കുര്യനുമായി നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നേതാവാണ് പി മോഹൻരാജ്. അതിനിടെ ആറന്മുള മുൻ എംഎൽഎ ശിവദാസൻ നായർക്കും കോന്നി സീറ്റിൽ കണ്ണുണ്ട്. ഇത് എ ഗ്രൂപ്പിൽ ഭിന്നതയ്ക്ക് കാരണമാകും. എന്നാൽ ചെന്നിത്തല പഴകുളം മധുവിന്റെ പേര് മാത്രമേ വയ്ക്കുന്നുള്ളൂ.

അതിനിടെ ഇതു സംബന്ധിച്ച ചർച്ചകൾ സജീവമായതോടെ നിർണ്ണായക നിലപാടുമായി പഴകുളം മധു രംഗത്തെത്തുകയും ചെയ്തു. വിഴുപ്പലക്കൽ നിർത്തൂ. സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും. ദയവായി എന്നെസ്‌നേഹിക്കുന്നവർ എന്റെ പേര് ഇതിൽവലിച്ചിഴയ്ക്കല്ലേ എന്നായിരുന്നു പഴകുളം മധുവിന്റെ നിലപാട്. ഫെയ്‌സ് ബുക്കിൽ രണ്ട് ദിവസം മുമ്പ് മധു ഇട്ട പോസ്റ്റ് കോൺഗ്രസിലെ തമ്മിൽ ത്ല്ലിന്റെ നേർ ചിത്രമാണ് നൽകുന്നത്. മധുവിന്റെ നിലപാട് അഭിന്ദനാർഹമാണെന്നാണ് ഐ ഗ്രൂപ്പ് ചർച്ചകളിൽ അഭിപ്രായപ്പെടുന്നത്. ഇതിനോട് എ ഗ്രൂപ്പ് പ്രതികരിക്കുന്നുമില്ല. എന്തു വന്നാലും കോന്നിയിൽ എ ഗ്രൂപ്പ് മത്സരിക്കണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ മനസ്സിലുമുള്ളത്.

ഇടതുപക്ഷവും കോന്നിയിലേക്ക് സ്ഥാനാർത്ഥിയെ തേടുന്നുണ്ട്. ഇടത് പക്ഷം കരുത്തരായവരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു . കൊല്ലത്തുനിന്നും പരാജയപ്പെട്ട കോന്നി നിയോജകമണ്ഡലത്തിൽ തന്നെയുള്ള കലഞ്ഞൂർ സ്വദേശിയായ കെ എൻ ബാലഗോപാലിനെ സ്ഥാനാർത്ഥിയാക്കാനും സാധ്യതയുണ്ട്. നേരത്തെ കോന്നിയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറായിരുന്നു ഇവിടെ എംഎൽഎ ആയിരുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മിനും ഈ മേഖലയിൽ സ്വാധീനമുണ്ട്. എന്നാൽ അടൂർ പ്രകാശ് എത്തിയതോടെ എല്ലാം മാറിമറിഞ്ഞു.

അടൂർ പ്രകാശിന് അല്പമെങ്കിലും വെല്ലുവിളി ഉയർത്തിയ ഏക സ്ഥാനാർത്ഥി, ചിറ്റാർ സ്വദേശിയും, മുൻ റാന്നി ബ്‌ളോക് പഞ്ചായത്തു പ്രസിഡണ്ടുമായ എം എസ് രാജേന്ദ്രനാണ്. കോന്നി മണ്ഡലത്തിലെ മലയോര പ്രദേശമായ സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് തുടങ്ങിയ മേഖലകളിൽ എം എസ് രാജേന്ദ്രൻ സർവ്വ സമ്മതനാണ് . 2011 ൽ രാജേന്ദ്രൻ നേടിയത് 57950 വോട്ടുകളാണ്. ഇത് 44.22% വരും, അന്ന് അടൂർ പ്രകാശ് 65724 വോട്ടുകൾ നേടി, ഇത് ആകെ പോൾ ചെയ്തതിന്റെ 50.15% ആയിരുന്നു, എന്നാൽ 2016 കേരളമാകെ എൽ ഡി എഫിനനുകൂലമായി തരംഗമുണ്ടായപ്പോഴും കോന്നിയിൽ അവർക്കു കാലിടറി.

അടൂർ പ്രകാശിന് തന്റെ വോട്ടിങ് ശതമാനത്തിൽ വളർച്ച ഉണ്ടായി. 72800 വോട്ടുകൾ നേടിയ അദ്ദേഹം പോൾ ചെയ്ത വോട്ടിന്റെ 50.81% നേടി സ്ഥിരത കാട്ടി, എന്നാൽ എൽ ഡി എഫിന് വൻ വോട്ടു ചോർച്ച ഉണ്ടായി. അന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി ആർ സനൽ കുമാർ പിടിച്ചത് 52052 വോട്ടുകൾ മാത്രം. വെറും 36.33% വോട്ടുകളെ സനൽ കുമാറിന് പിടിക്കാനായുള്ളൂ. അതെസമയം ബിജെപി വലിയ വോട്ടു വളർച്ച നേടുകയും ചെയ്തു. ഈ സാഹചര്യമെല്ലാം വിലയിരുത്തിയാണ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP