Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ പുകഞ്ഞ കൊള്ളി പുറത്ത്; തളിപറമ്പിലെ വിമത നേതാവ് കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കി; ആരോപിച്ചത് ഗുരുതര അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും; പാർട്ടി പയറ്റിയത് മുരളീധരനെ ഒറ്റപ്പെടുത്തുന്നതും ഒപ്പമുള്ളവരെ അടുപ്പിക്കുന്നതും ആയ തന്ത്രം; വിമതരുടെ മുന്നിൽ മുട്ടുമടക്കില്ല

ഒടുവിൽ പുകഞ്ഞ കൊള്ളി പുറത്ത്; തളിപറമ്പിലെ വിമത നേതാവ് കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കി; ആരോപിച്ചത് ഗുരുതര അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും; പാർട്ടി പയറ്റിയത് മുരളീധരനെ ഒറ്റപ്പെടുത്തുന്നതും ഒപ്പമുള്ളവരെ അടുപ്പിക്കുന്നതും ആയ തന്ത്രം; വിമതരുടെ മുന്നിൽ മുട്ടുമടക്കില്ല

അനീഷ് കുമാർ

തളിപ്പറമ്പ്:സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയതിനാലാണ് നടപടിയെന്നും സിപിഎം ജില്ലാ നേതൃത്വം വാർത്താകുറിപ്പിൽ അറിയിച്ചു. പാർട്ടി അച്ചടക്കം ലംഘിച്ചവർക്കെതിരെ സിപിഎം ഡിസംബറിൽ എരിപുരത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുൻപായി നടപടി സ്വീകരിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ജില്ലാ സമ്മേളനത്തിന് ശേഷം വിവിധ ഘടകങ്ങളിൽ പാർട്ടി അച്ചടക്ക ലംഘനം നടത്തിയവരെ കണ്ടെത്തി കർശന നടപടിയെടുക്കുന്നതിന്റെ തുടർച്ചയായിട്ടാണ് കോമത്ത് മുരളീധരനെതിരെയുള്ള പാർട്ടി നടപടി വിലയിരുത്തപ്പെടുന്നത്.

തളിപ്പറമ്പ് നോർത്ത്, കണ്ണുർ സിറ്റി എന്നിവടങ്ങളിൽ ലോക്കൽ സമ്മേളനങ്ങളിലാണ് പാർട്ടി അച്ചടക്കം ലംഘിച്ചുകൊണ്ടു ഒരു വിഭാഗം രംഗത്തു വന്നത്. തളിപ്പറമ്പ് നോർത്തിൽ മുൻ നഗരസഭാ പ്രതിപക്ഷ നേതാവ് കോമത്ത് മുരളിധരന്റെ നേതൃത്വത്തിലാണ് ഒൻപതോളം പേർ കലാപക്കൊടിയുയർത്തിയത്. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ നിന്ന് വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ കോമത്ത് മുരളീധരനെതിരെ അതിശക്തമായ നടപടി സ്വീകരിക്കണമെന്ന് രണ്ടാഴ്‌ച്ച മുൻപ് നടന്ന തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിൽ ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സമ്മേളനത്തിനിടെ തന്നെ അതിശക്തമായ നടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്.

സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനം കഴിഞ്ഞതോടെ കോമത്ത് മുരളിധരനെ ഒറ്റപ്പെടുത്തുകയും അദ്ദേഹത്തോടൊപ്പമുള്ളവരെ അടുപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് സിപിഎം സ്വീകരിച്ചത്. കോമത്ത് മുരളീധരൻ അനുകൂലികളെ നേരിട്ടുകണ്ട് പാർട്ടിയോട് അടുപ്പിക്കാനുള്ള നീക്കത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. അതിനാൽ കോമത്തിനെ പെട്ടെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി നിലവിലെ സ്ഥിതി വഷളാക്കുന്നതിലേക്ക് പോകാതിരിക്കാനാണ് പാർട്ടി തീരുമാനിച്ചത്.

കോമത്ത് മുരളീധരനെ അനുകൂലിച്ച് മാന്ധംകുണ്ടിലെ ഭൂരിപക്ഷം പാർട്ടി അണികളും രംഗത്ത് വരികയും രണ്ടു ബ്രാഞ്ച് സെക്രട്ടറിമാർ രാജിവയ്ക്കുകയും ചെയ്തിരുന്നു. പാർട്ടിക്കെതിരേ പരസ്യമായി പോസ്റ്റർ പതിക്കുകയും ശക്തിപ്രകടനം നടത്തുകയും ചെയ്ത ശക്തികൾ ഒറ്റപ്പെടുകയല്ലാതെ അവർക്ക് മുന്നിൽ പാർട്ടി മുട്ടുമടക്കില്ലെന്നും പ്രശ്നങ്ങളിൽ പാർട്ടി സന്ധി ചെയ്യില്ലെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഏരിയാ സമ്മേളനത്തിൽ തുറന്നടിച്ചിരുന്നു.

എന്നാൽ കോമത്തിനൊപ്പമുള്ള പ്രവർത്തകരെ അടർത്തിയെടുക്കാനുള്ള നീക്കത്തിനാണ് ഏരിയാ നേതാക്കൾ മുൻതൂക്കം നൽകിയത്. അതിന് പ്രവർത്തകരെ നേരിൽക്കണ്ട് ഒറ്റതിരിഞ്ഞുള്ള കൂടിക്കാഴ്‌ച്ച  നടത്തിയിരുന്നു. മാന്ധംകുണ്ടിലെ പ്രവർത്തകർക്ക് പ്രധാനമായും എതിർപ്പ് ഉണ്ടായത് നോർത്ത് ലോക്കൽ സെക്രട്ടറിയായി പുല്ലായ്ക്കൊടി ചന്ദ്രനെ തെരഞ്ഞെടുത്തതാണ്.

പുല്ലായ്ക്കൊടി ചന്ദ്രനെ പുതുതായി ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതോടെ ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി മാറ്റാർക്കെങ്കിലും ചുമതല നൽകി എതിർപ്പിന്റെ ശക്തി കുറയ്ക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും പാർട്ടി ജില്ലാ നേതൃത്വം തള്ളി കളയുകയായിരുന്നു. അതിനാൽ തന്നെ പെട്ടെന്ന് കോമത്ത് മുരളീധരനെതിരെ നടപടി എടുത്ത് പ്രശ്നങ്ങൾ സങ്കീർണമാക്കാതെ അണികളെ കൂടെ ചേർക്കാനുള്ള നീക്കമാണ് സിപിഎം സ്വീകരിച്ചത്..ഈ പരീക്ഷണം എത്രകണ്ട് വിജയിക്കുമെന്നത് വരുംനാളിൽ വ്യക്തമാകുമെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP