Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭരണത്തിനൊപ്പം പാർട്ടിയും കൈപ്പിടിയിലൊതുക്കിയ പിണറായിയുടെ മുന്നേറ്റത്തിൽ കോടിയേരിക്ക് തികഞ്ഞ അസംതൃപ്തി; ബന്ധു നിയമന വിഷയത്തിൽ വിമർശിക്കപ്പെട്ട ഇപിയേയും ഒപ്പം നിർത്താൻ ശ്രമം; പാർട്ടി സെക്രട്ടറിയുടെ പവർ കാണിക്കാൻ പിന്തുണ തേടി രംഗത്ത്; സിപിഐ(എം) ചരിത്രത്തിൽ ആദ്യമായി പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് ഉണ്ടാകുമോ?

ഭരണത്തിനൊപ്പം പാർട്ടിയും കൈപ്പിടിയിലൊതുക്കിയ പിണറായിയുടെ മുന്നേറ്റത്തിൽ കോടിയേരിക്ക് തികഞ്ഞ അസംതൃപ്തി; ബന്ധു നിയമന വിഷയത്തിൽ വിമർശിക്കപ്പെട്ട ഇപിയേയും ഒപ്പം നിർത്താൻ ശ്രമം; പാർട്ടി സെക്രട്ടറിയുടെ പവർ കാണിക്കാൻ പിന്തുണ തേടി രംഗത്ത്; സിപിഐ(എം) ചരിത്രത്തിൽ ആദ്യമായി പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് ഉണ്ടാകുമോ?

ബി രഘുരാജ്‌

തിരുവനന്തപുരം: സിപിഎമ്മിലെ പ്രധാന കസേര പാർട്ടി സെക്രട്ടറിയുടേതാണ്. മുഖ്യമന്ത്രിയെ പോലും എകെജി സെന്ററിൽ നിന്ന് തിരുത്തുന്നതായിരുന്നു കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ രീതി. ഇഎംഎസ് നമ്പൂതിരിപ്പാടും ഇകെ നയനാരും വി എസ് അച്യുതാനന്ദനും ഇത്തരം തിരുത്തലുകൾക്ക് വിധേയരായ മുഖ്യമന്ത്രിമാരായിരുന്നു. ഈ മുഖ്യമന്ത്രിമാരെ തിരുത്താൽ കെൽപ്പുള്ള സെക്രട്ടറിമാർ അന്ന് എകെജി സെന്റിറിലുണ്ടായിരുന്നു. ഈ പതിവ് തെറ്റിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ്. പാർട്ടിയിലും ഭരണത്തിലും ഒന്നാമൻ തന്നെയായി പിണറായി. സെക്രട്ടറിയുടെ കസേരയിൽ കോടിയേരി ബാലകൃഷ്ണന് അധികാരമില്ലാത്ത അവസ്ഥ. സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും എല്ലാവരും പിണറായിയ്‌ക്കൊപ്പമാണ്. ആരും പാർട്ടി സെക്രട്ടറിയുടെ വാക്കുകളെ വിലയ്‌ക്കെടുക്കുന്നില്ലെന്ന പരാതി സജീവമാകുന്ന കാലം. അതിനിടെയാണ് സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന ബന്ധുത്വ നിയമന വിവാദം എത്തുന്നത്. പാർട്ടി സെക്രട്ടറിയേറ്റ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നാൽ അന്ന് പിണറായി വിജയൻ യോഗത്തിലെത്തിയിരുന്നില്ല. പിണറായിക്ക് മുകളിലെത്താനുള്ള പാർട്ടി സെക്രട്ടറി കോടിയേരിയുടെ സമർത്ഥമായ നീക്കമായിരുന്നു അത്. എന്നാൽ പിണറായി അതിനെ തർത്ത് തരിപ്പണമാക്കിയെന്ന വിലയിരുത്തലുമുണ്ട്.

ഏതായാലും മുഖ്യമന്ത്രിയുടെ നീക്കങ്ങളെ ഏകപക്ഷീയമായി ഇനി പാർട്ടി സെക്രട്ടറി അംഗീകരിക്കില്ല. അതിനുള്ള കരുക്കളാണ് നീക്കുന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ കരുത്തനായി ഇത് സാധ്യമാക്കാനാണ് കോടിയേരിയുടെ നീക്കം. ഇതിന് കഴിയാവുന്നത്ര ആളുകളെ ഒപ്പം നിർത്തും. പാർട്ടിയാണ് വലുത്. ഭരണം രണ്ടാമതെന്ന തത്വം കൊണ്ടു വരാനാണ് നീക്കം. പാർട്ടി തീരുമാനങ്ങൾ നടപ്പാക്കുന്ന പിണറായി സർക്കാരിനെ അവതരിപ്പിക്കാനാണ് നീക്കം. പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും നിയമനങ്ങളിൽ കോടിയേരിക്കും ചില താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും അനുദിച്ചിരുന്നില്ല. ഇതിനിടെയാണ് ശ്രീമതി ടീച്ചറിന്റെ മകനും മറ്റ് ചില നേതാക്കളുടെ മക്കളും നിയമന വിവാദത്തിൽപെടുന്നത്. ഇതിൽ ശ്രീമതിയും ഇപിയും ആനത്തലവട്ടം ആനന്ദനും സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ഈ വിവാദത്തോടെ ഈ മൂവരും പിണറായിയുമായി അകലുമെന്നാണ് കോടിയേരിയുടെ കണക്ക് കൂട്ടൽ. ഇവരെ മൂവരേയും ഒപ്പം നിർത്തുക. സെക്രട്ടറിയേറ്റിൽ പിണറായിയോട് താൽപ്പര്യമില്ലാത്ത തോമസ് ഐസക്കിനേയും മറ്റും സഹകരിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ കരുനീക്കമാണ് കോടിയേരി ലക്ഷ്യമിടുന്നത്.

സിപിഎമ്മിന്റെ ചരിത്രത്തിൽ അധികാരം ഒറ്റ കേന്ദ്രത്തിലേക്ക് എത്തുന്നത് ആദ്യമായാണ്. ഇഎംഎസിന്റെ കാലത്ത് എകെജിയുണ്ടായിരുന്നു. നായനാർ മുഖ്യമന്ത്രിയായപ്പോൾ തിരുത്താൻ വി എസ്. അച്യുതാനന്ദന്റെ കാലത്ത് അതിശക്തനായി പിണറായി എന്ന പാർട്ടി സെക്രട്ടറിയും. എന്നാൽ കോടിയേരിയെ പിണറായി ഗ്രൂപ്പിലെ നേതാവായി മാത്രമേ ഇപ്പോഴും തിരിച്ചറിയപ്പെടുന്നുള്ളൂ. പാർട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ സംസ്ഥാന സെക്രട്ടറിയായിട്ടും കരുത്ത് പോരാ. പാർട്ടിയുടെ ഔദ്യോഗിക സംവിധാനമെല്ലാം ഇപ്പോഴും ചലിക്കുന്നത് പിണറായിയുടെ താൽപ്പര്യ പ്രകാരം. ഇത് ഇനി അനുവദിക്കാതിരിക്കാനാണ് കോടിയേരിയുടെ നീക്കം. തന്നെ അഴിമതിയുടെ പേരിൽ പ്രതിച്ഛായ നഷ്ടപ്പെടുത്തി തളച്ചിടാൻ പിണറായി ശ്രമിക്കുമോ എന്ന ഭയവും കോടിയേരിക്കുണ്ട്. ഇതിൽ നിന്ന് പുറത്തുവരാനും ഭാവിയിൽ മുഖ്യമന്ത്രി കസേര ലക്ഷ്യമിടാനും കരുതലോടെ കരുക്കൾ നീക്കാനാണ് തീരുമാനം.

കണ്ണൂർ രാഷ്ട്രീയത്തിലെ കരുത്തുമായണ് പിണറായിയും കോടിയേരിയും സംസ്ഥാന രാഷ്ട്രീയത്തിൽ നിറയുന്നത്. എന്നാൽ എന്നും പിണറായിക്ക് പിന്നിൽ മാത്രമായിരുന്നു കോടിയേരിയുടെ സ്ഥാനം. പിണറായിയുടെ അതി വിശ്വസ്തനായി ഇപി ജയരാജനും. ഈ സമവാക്യം തെറ്റുകയാണ്. ബന്ധുത്വനിയമന വിവാദത്തിൽ പിണറായിയുടെ സമീപനങ്ങൾ ജയരാജനെ അലോസരപ്പെടുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പിൽ തന്റെ ബന്ധുക്കളുണ്ടാകുമെന്ന ആദ്യ പ്രതികരണം മുഖ്യമന്ത്രി ഒപ്പമുണ്ടാകുമെന്ന വിലയിരുത്തലിൽ ജയരാജൻ നടത്തിയത്. എന്നാൽ മുഖ്യമന്ത്രി പൂർണ്ണമായും കൈവിട്ടു. രാജിവയ്‌ക്കേണ്ട അവസ്ഥയിലുമായി. എല്ലാം പാർട്ടിയിൽ തീരുമാനിച്ചെടുത്തതാണ്. എന്നിട്ടും താനും തന്റെ കുടുംബവും മോശക്കാരായി. എല്ലാകാലത്തും ബന്ധുക്കളെ പലരും നിയമിച്ചിട്ടുണ്ട്. ബോധപൂർവ്വം ഉണ്ടാക്കിയ വിവാദം തന്നെ ലക്ഷ്യം വച്ചാണെന്ന് ജയരാജൻ കരുതുന്നു. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുയുണ്ടായിരുന്നുവെന്ന തോന്നൽ ജയരാജന് ഉണ്ട. ഇത് ആളിക്കത്തിച്ച് കണ്ണൂരിലെ സിപിഐ(എം) രാഷ്ട്രീയത്തെ രണ്ട് ചേരിയിലാക്കാനാണ് കോടിയേരിയുടെ ശ്രമം.

കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, പിണറായി പറയുന്നത് മാത്രമേ കേൾക്കുന്നുള്ളു. അതിനാൽ സ്വന്തം ജില്ലയിൽ പാർട്ടി സെക്രട്ടറിക്ക് ഒരു വിലയുമില്ല. എം വി ജയരാജനും മുഖ്യമന്ത്രിയുടെ പക്ഷത്ത്. ഈ സാഹചര്യത്തിലാണ് ഇപിയെന്ന ജയരാജന്മാരിലെ ഒന്നാമനെ തന്നെ കോടിയേരി ലക്ഷ്യമിടുന്നത്. ഇതിലൂടെ സിപിഎമ്മിലെ നമ്പ്യാർ ലോബിയെ ഒന്നിപ്പിക്കുയെന്ന ലക്ഷ്യവുമുണ്ട്. ബന്ധുത്വ നിയമന വിവാദത്തോടെ പികെ ശ്രീമതിയും പിണറായിയുമായി അകന്നു. ഇപി ജയരാജന്റെ ഭാര്യാ സഹോദരിയായ ശ്രീമതിയും പുതിയ നീക്കത്തിൽ തനിക്കൊപ്പം നിൽക്കുമെന്ന് കോടിയേരി കരുതുന്നു. അങ്ങനെ സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പുതു തലം നൽകാനാണ് കോടിയേരിയുടെ നീക്കം. ഫലത്തിൽ വിഭാഗീയത ശക്തമാക്കാൻ പാർട്ടി സെക്രട്ടറി തന്നെ മുന്നിട്ടിറങ്ങുന്നുവെന്ന വിലയിരുത്തലാണ് പിണറായി പക്ഷത്തിനുള്ളത്. പാർട്ടിയെ കൈപ്പിടിയിലൊതുക്കി ഭരണത്തിൽ ഇടപെടാനുള്ള ഈ തന്ത്രത്തെ ചെറുക്കാൻ പിണറായി പക്ഷവും ശ്രമിക്കും. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മുഖ്യമന്ത്രി സ്ഥിരമായി പ്രഖ്യാപിച്ച് തന്റെ ജനകീയത ഉയർത്തുന്നതും ഇതിന് വേണ്ടികൂടിയാണ്.

പാർട്ടി സെക്രട്ടറി പറയുന്നതാണ് ഔദ്യോഗിക ഭാഷ്യം. അതുകൊണ്ട് തന്നെ എല്ലാ വിഭാഗിയ ചർച്ചയിലും സെക്രട്ടറിയുടേത് ഔദ്യോഗിക പക്ഷമാകുന്നു. മറുപക്ഷത്തിനെതിരെയാണ് വിഭാഗീയത ആരോപിക്കുന്നത്. എന്നാൽ നിലവിൽ പിണറായിയാണ് ഔദ്യോഗിക പക്ഷം കോടിയേരി മറുഭാഗത്തുമാകുന്നുവെന്നതാണ് യാഥർശ്ചികം. സിപിഎമ്മിൽ പിണറായി മുഖ്യമന്ത്രിയായതോടെ ചില ആശയക്കുഴപ്പങ്ങളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടവരെല്ലാം അതൃപ്തിയിൽ. ഇതിന് കാരണം പിണറായി ആണെന്ന് വരുത്തി തീർത്ത് അസംതൃപ്തരെയെല്ലാം ഒത്തു കൂട്ടിയൊരു പുതിയ ഗ്രൂപ്പാണ് പാർട്ടി സെക്രട്ടറിയുടെ ലക്ഷ്യം. അടുത്ത പാർട്ടി സമ്മേളനത്തിന് മുമ്പ് സംഘടനാ സംവിധാനം തന്റെ കൈയിൽ ആയില്ലെങ്കിൽ പാർട്ടി സെക്രട്ടറിയായി പുതിയ ആളിനെ പിണറായി നിയോഗിക്കുമെന്ന ആശങ്ക കോടിയേരിക്കുണ്ട്. ഇത് മറികടക്കാനാണ് പുതിയ കൂട്ടുകെട്ടും ബന്ധങ്ങളും കോടിയേരി ആഗ്രഹിക്കുന്നത്. ഇതിനുള്ള സുവർണ്ണാവസരമായി ബന്ധുത്വ നിയമന വിവാദത്തെ കോടിയേരി കാണുകയാണ്.

ഈ നീക്കങ്ങൾക്ക് വി എസ് അച്യുതാനന്ദന്റെ പിന്തുണ ഉറപ്പാക്കാനും നീക്കമുണ്ട്. കേന്ദ്ര കമ്മറ്റികളിലെ ചർച്ചകളിൽ വിഎസിനെതിരെ കോടിയേരി നിലപാട് ഇനിയെടുക്കില്ല. വിഎസിനേയും സെക്രട്ടറിയേറ്റിലെത്തിച്ച് പാർട്ടിയിൽ പിണറായിക്ക് മറുപടി നൽകാനാണ് കോടിയേരിയുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP