Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോടിയേരിയുടെ മൃതദേഹവുമായി എയർ ആംബുലൻസ് ചെന്നൈയിൽനിന്ന് പുറപ്പെട്ടു; ഭാര്യയും മകൻ ബിനീഷും ഒപ്പം; ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തും; നേതാക്കളും കണ്ണൂരിലേക്ക്; പ്രിയ സഖാവിനെ ഒരുനോക്കു കാണാൻ ആയിരങ്ങൾ

കോടിയേരിയുടെ മൃതദേഹവുമായി എയർ ആംബുലൻസ് ചെന്നൈയിൽനിന്ന് പുറപ്പെട്ടു; ഭാര്യയും മകൻ ബിനീഷും ഒപ്പം; ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തും; നേതാക്കളും കണ്ണൂരിലേക്ക്; പ്രിയ സഖാവിനെ ഒരുനോക്കു കാണാൻ ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയർആംബുലൻസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. ഉച്ചയോടെ കണ്ണൂരിലെത്തും. കോടിയേരിയുടെ ഭാര്യ വിനോദിനി മകൻ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് തലശ്ശേരിയിലെത്തും.

വിമാനത്താവളത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് തുറന്ന വാഹനത്തിൽ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. റെഡ് വോളണ്ടിയർമാരും നേതാക്കളും കണ്ണൂർ വിമാനത്താവളത്തിലെത്തി. പതിനാല് കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് ആദർമർപ്പിക്കാൻ വിലാപയാത്ര നിർത്തും. രാത്രി പത്ത് വരെ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.

തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ അവിടെ പൊതുദർശനം ഉണ്ടാകും. 11 മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ ആചരിക്കും.

കോടിയേരിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ നേതാക്കൾ കണ്ണൂരിലേക്കെത്തും. പ്രതിപക്ഷനേതാവ് ഉൾപ്പടെയുള്ളവരും കണ്ണൂരിലെത്തും. സംസ്‌ക്കാരം നാളെ വൈകിട്ട് പയ്യാമ്പലത്ത് മൂന്ന് മണിക്ക് നടക്കും.

ഇന്നലെ രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചാണ് കോടിയേരി അന്തരിച്ചത്. ദീർഘനാളായി അർബുദ ബാധിതനായിരുന്നു. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി. മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ചുതവണ തലശ്ശേരിയിൽ നിന്ന് എംഎൽഎയായി.

വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണൻ വിജയന്റെ തുടർച്ചയായി.

ഓണിയൻ സ്‌കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു. ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ ആയി. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്കെത്തി. 90 ൽ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറിയായി.അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി സഭക്ക് അകത്തും പുറത്തും പിന്നിൽ പോയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP