Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിനെ നയിക്കാൻ വീണ്ടും കോടിയേരി; സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; തീരുമാനം ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ; ആരോഗ്യപരമായ കാരണം പറഞ്ഞ് അവധിയെടുത്ത കോടിയേരി മടങ്ങി എത്തുന്നത് ഒരു വർഷത്തിന് ശേഷം; സംസ്ഥാന സമ്മേളനത്തോടെ കൂടുതൽ കരുത്തു നേടാൻ കോടിയേരി

സിപിഎമ്മിനെ നയിക്കാൻ വീണ്ടും കോടിയേരി; സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; തീരുമാനം ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ; ആരോഗ്യപരമായ കാരണം പറഞ്ഞ് അവധിയെടുത്ത കോടിയേരി മടങ്ങി എത്തുന്നത് ഒരു വർഷത്തിന് ശേഷം; സംസ്ഥാന സമ്മേളനത്തോടെ കൂടുതൽ കരുത്തു നേടാൻ കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ഒരു വർഷം മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ആ സ്ഥാനത്തേക്കു മടങ്ങിയെത്തി. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറയേറ്റ് യോഗം തീരുമാനിച്ചു. ഇതോടെ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയെടുത്ത കോടിയേരി വീണ്ടും നേതൃത്വത്തിലേക്ക് എത്തുകയാണ്.

2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഈ ഒഴിഞ്ഞുനിൽക്കൽ. പകരം ചുമതല നൽകിയത് എൽഡിഎഫ് കൺവീനർ എ.വിജയരാഘവനായിരുന്നു. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി.

ഇപ്പോൾ സിപിഎ സംസ്ഥാന സമ്മേളനങ്ങളിലേക്ക് പാർട്ടി കടക്കവേയാണ് കോടിയേരി വീണ്ടും സെക്രട്ടറി പദവിയിൽ എത്തുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ സ്ഥിരം സെക്രട്ടറി എന്ന നിലയിൽ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയിൽ അഭിപ്രായമുയരുകയും ചെയ്തിരുന്നു.

നേരത്തെ ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തതോടെയാണ് മാറി നിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി അവധി അപേക്ഷ നൽകുകയായിരുന്നു. പാർട്ടി അംഗീകരിച്ചു. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ അനുവദിക്കുകയായിരുന്നെന്നു പാർട്ടി വിശദീകരിക്കുകയായിരുന്നു. രോഗം കണക്കിലെടുത്ത് സ്വയം എടുത്ത തീരുമാനമാണെന്നും, ബിനീഷിന്റെ അറസ്റ്റുമായി ബന്ധമില്ലെന്നും കോടിയേരിയും നയം വ്യക്തമാക്കിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്ന പതിവില്ലാത്തതിനാൽ ഇത് പാർട്ടിയിലും രാഷ്ട്രീയ എതിരാളികൾക്കിടയിലും ചർച്ചയായി. നേതൃത്വത്തിനിടയിലെ അഭിപ്രായ ഭിന്നതയാണോ കാരണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ നടന്നപ്പോൾ, മകന്റെ അറസ്റ്റ് രാജിക്കിടയാക്കിയെന്നായിരുന്നു എതിരാളികളുടെ പ്രചാരണം.

മകന്റെ പേരിൽ ഉയർന്ന വിവാദങ്ങളുടെ പേരിൽ കോടിയേരി ഒഴിയേണ്ടതില്ലെന്നു സിപിഎം സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ തീരുമാനമെടുത്തശേഷം 'ബിനീഷ് കോടിയേരിക്കെതിരായ കേസ് അയാളുടെയും കുടുംബത്തിന്റെയും പ്രശ്‌നമാണെന്നും വ്യക്തിയും പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉണ്ടായാൽ പാർട്ടി താൽപര്യമാണ് ഉയർത്തി പിടിക്കേണ്ടത്' എന്നുമായിരുന്നു കോടിയേരിയുടെ പ്രതികരിച്ചത്.

കോടിയേരി ഒഴിയേണ്ടെന്നു കമ്മിറ്റികൾ തീരുമാനിച്ച് ദിവസങ്ങൾക്കുള്ളിൽ പാർട്ടിയിൽ എന്തു നടന്നു എന്നതിനെച്ചൊല്ലിയായിരുന്നു പിന്നീട് ചർച്ചകൾ. സർക്കാരിനെതിരെ പലവിധ ആരോപണങ്ങൾ ഉയരുന്നതിനിടെ ഉണ്ടായ ബിനീഷിന്റെ അറസ്റ്റാണ് സ്ഥാനമൊഴിയലിനു പിന്നില്ലെന്നു കരുതുന്നവരേറെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിനീഷ് വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്നതും പാർട്ടി പരിഗണിച്ചിരിക്കാം.

ബിനീഷിന്റെ വീട്ടിലെ റെയ്ഡിനെ മുഖ്യമന്ത്രിയോ പാർട്ടിയോ വിമർശിക്കാത്തത് കോടിയേരിയെ അലട്ടിയിരുന്നതായി കരുതുന്നവർ പാർട്ടിയിലുണ്ട്. സ്വർണക്കടത്തു സംഭവത്തിനുശേഷം നേതൃനിരയിലുണ്ടായ പിണക്കങ്ങളും പാർട്ടി സമവാക്യങ്ങളെ തെറ്റിച്ചു. കോടിയേരി അവധി ആവശ്യപ്പെട്ടപ്പോൾ 2019ൽ യുഎസിൽപോയപ്പോൾ അവധി എടുക്കാത്തതിനാൽ ഇപ്പോഴും വേണ്ടെന്ന അഭിപ്രായം ഉയർന്നു. ഡോക്ടർമാർ തുടർചികിൽസ നിർദ്ദേശിച്ചതായി സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ച കോടിയേരി, പകരം സെക്രട്ടറി വേണമെന്നും ആവശ്യപ്പെട്ടു. കോടിയേരി തന്നെയാണ് എ.വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവർ പിന്തുണച്ചു. ഒടുവിൽ ഒരു വർഷമാകുമ്പോൾ അതേ സെക്രട്ടേറിയറ്റ് യോഗത്തിന്റെ അംഗീകാരത്തോടെ കോടിയേരി സ്ഥാനത്തേക്കു തിരികെ എത്തിയത്.

2015ൽ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018ൽ തൃശൂരിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 16ാം വയസിലാണ് പാർട്ടി അംഗമാകുന്നത്. ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചശേഷം ജില്ലാ സെക്രട്ടറിയായി 6 വർഷം പ്രവർത്തിച്ചു. പിന്നീടു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്തിയശേഷമാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP