Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

സർക്കാരിനെ അട്ടിമറിക്കാൻ ഗവർണറെ ഉപയോഗിക്കുന്നു; ഭരണഘടനയുടെ 356-ാം വകുപ്പിന് സമാനം; ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടിരിക്കുന്നു; മോദി സർക്കാരിന്റെ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസ് നേതാക്കൾ മാറുന്നു; വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

സർക്കാരിനെ അട്ടിമറിക്കാൻ ഗവർണറെ ഉപയോഗിക്കുന്നു; ഭരണഘടനയുടെ 356-ാം വകുപ്പിന് സമാനം; ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടിരിക്കുന്നു; മോദി സർക്കാരിന്റെ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസ് നേതാക്കൾ മാറുന്നു; വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കിയ ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി സപിഎം രംഗത്തുണ്ട്. കെ കെ രാഗേഷിന്‌റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനമാണ് ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ സർക്കാറും ഗവർണറും തുറന്ന പോരിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്തുവന്നു.

ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പൊതു തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്ക് പരിശോധന നടത്താൻ അവസരം നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. ഫെഡറൽ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്.

സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഭരണഘടനയുടെ 356-ാം വകുപ്പ് സംസ്ഥാനങ്ങളുടെ മേൽ മുൻപ് പല തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാൻ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് വളഞ്ഞ വഴി നോക്കുന്നതെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയിലെ കോളമായ 'നേർവഴി'യിലൂടെയാണ് സിപിഐഎം നേതാവിന്റെ പ്രതികരണം.

'അസഹിഷ്ണുതയോടെ എൽഡിഎഫ് ഭരണത്തെ അട്ടിമറിക്കാനാണ് കേന്ദ്രഭരണകക്ഷിയും മോദി ഭരണവും പരിശ്രമിക്കുന്നത്. അതിന് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുന്നു. അതിന്റെ ഭാഗമാണ് ഓർഡിനൻസിൽ ഒപ്പിടില്ല എന്ന ഗവർണറുടെ ശാഠ്യം. ഇതിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്‌കർഷിക്കുന്നത്,' കോടിയേരി ചൂണ്ടിക്കാട്ടി.

'സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്. മോദി സർക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും പ്രതിപക്ഷത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരും. ഈ ജനകീയ കൂട്ടായ്മയിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കോ അവയിലെ അണികൾക്കോ പങ്കെടുക്കാം,' അവരുമായി ഈ വിഷയത്തിൽ കൈകോർക്കാൻ സിപിഐഎം തയ്യാറാണെന്നും കോടിയേരി വ്യക്തമാക്കി.

കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല, കൊലയാളി രാഷ്ട്രീയത്തെയും എൽഡിഎഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി ആർഎസ്എസും ബിജെപിയും ശരണം പ്രാപിച്ചിരിക്കുകയാണ്. അതിന് തെളിവാണ് പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ആർഎസ്എസ് ഗുണ്ടകൾ സംഘം ചേർന്ന് ക്രൂരമായി വകവരുത്തിയ സംഭവമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP